Jump to content

താൾ:Dharmaraja.djvu/85

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യഥാഹിതം അദ്ദേഹത്തിനെ സന്തർപ്പണം ചെയ്തും, തനിക്കു യഥാക്രമം ഉപദിഷ്ടമായിട്ടുള്ള ഹനുമൽകവചാദിമന്ത്രങ്ങളെക്കൊണ്ട് ഗൃഹൈശ്വര്യസംരക്ഷണംചെയ്തും, ദൈവപ്രസാദത്താൽ സന്തതി ലാഭമുണ്ടാകുമ്പോൾ ബാലപരിചരണംകൂടിച്ചെയ്തും— ഇങ്ങനെയുള്ള ഗൃഹസ്ഥവസതിയുടെ ചാരിത്രമഹിമകൊണ്ട് സ്വകുലത്തിന്റെ കളങ്കം ആസകലം നീക്കിയും പാപരഹിതമായുള്ള കർമ്മസഞ്ചയസമ്പാദനം ചെയ്തും, ഭർത്തൃചരമത്തിൽ സതീവ്രതത്തെ അനുഷ്ഠിപ്പാൻ മീനാക്ഷി മനോരാജ്യവ്യവസ്ഥാപനങ്ങൾ ചെയ്തിരുന്നു. ആ ബാലികയെ ഹതവിധി പൊടുന്നനവേ വഞ്ചിച്ചപ്പോൾ, ആ പരമദുഖഃത്തിന്റെ കാരണം സ്വകുടുംബദുഷ്കൃതികൾതന്നെ എന്ന് അവൾ സങ്കൽപിച്ചു. രാജദ്രാഹാദിപാപങ്ങൾകൊണ്ട് ശൃംഖലിതമായുള്ള തന്റെ കുടുംബത്തോട്, തന്റേയും മാതാമഹിയുടേയും പൂർവ്വനിശ്ചയങ്ങൾക്കു വിരുദ്ധമായി കേശവകുഞ്ഞിന് സംഘടനം ഉണ്ടാക്കുമാറ് നടന്ന നിശ്ചയതാംബൂലക്രിയയുടെ പരിപൂർത്തിയോടുകൂടിത്തന്നെ അദ്ദേഹവും രാജകോപഗ്രസ്തനായിത്തീർന്നിരിക്കുന്നത് വിധിഗതിയുടെ ന്യായമായ പരിണാമമെന്നും ആ കന്യകയ്ക്കു തോന്നി. തന്റെ ഹൃദയത്തിൽ തിങ്ങിപ്പൊങ്ങുന്ന താപത്തെ അശ്രുവർഷംകൊണ്ടു തണുപ്പിക്കാൻ അവളുടെ അതിപ്രൗഢതസമ്മതിക്കായ്കയാൽ, സ്വാന്തഃക്ഷീണത്തെ ഗൗരവബുദ്ധ്യാ ഗോപനം ചെയ്തും ഇതിനിടയിൽ വാടിത്തളർന്നു തന്നിലധികം ഖിന്നയായി നിന്നിരുന്ന മാതാമഹിയെ ഹസ്തഗ്രഹണം ചെയ്തും നാലുകെട്ടിനകത്തു പ്രവേശിച്ചു.

ദണ്ഡകവനവാസിയായ കബന്ധനെപ്പോലെ ഹരിപഞ്ചാനന സന്നിധിയിലേക്കു ചന്ത്രക്കാറൻ പാഞ്ഞുപോകുന്നതിനിടയിൽ, അദ്ദേഹത്തിന്റെ മഹാസൗധമായുള്ള ചവുക്കയുടെ പ്രാന്തത്തിൽ നിന്നിരുന്ന വൃദ്ധസിദ്ധാദികൾ ആ ഗഭീരാക്ഷന്റെ അപ്പോഴത്തെ ആകാരമഹാരൂക്ഷതയെക്കണ്ട് ആശ്ചര്യപ്പെട്ടു. അഗ്നിമയമായ ഒരു ലോഹഗോളമെന്നപോലെ ഭൂഭ്രമണവേഗത്തിൽ അദ്ദേഹം ഹരിപഞ്ചാനനദൃഷ്ടിചക്രത്തിൽ പ്രവേശിച്ച് സ്തംഭനിലയെ കൈക്കൊണ്ടു. എന്തതിശയം! തന്റെ ബദ്ധശത്രുവും സ്വാഭീഷ്ടവിഘാതകനും ആയ കുപ്പശ്ശാർ യോഗികരപത്മങ്ങളാൽ സകരുണം തലോടപ്പെട്ടും, ആനന്ദ ബാഷ്പാർദ്രനേത്രങ്ങളോടുകൂടിയും, ബദ്ധപഞ്ചപുച്ഛനായും, ദ്രാവിഡ പ്രാകൃതമെന്നൊരു നവഭാഷയെ പ്രയോഗിച്ചും, പ്രാരബ്ധദുരിതദൂരീകരണപ്രാർത്ഥകനായി നിൽക്കുന്നു. മീനാക്ഷിയേയും, കഴക്കൂട്ടത്തെ വകനിധിയേയും ഇതാ യോഗീശ്വരഗൃദ്ധ്രൻ നഖഗ്രസ്തമാക്കിക്കൊണ്ട്, പക്ഷപുടങ്ങളെ വിടർത്തി അംബരദേശത്തോടുയരുന്നു എന്നു ചന്ത്രക്കാറൻ നിരൂപിച്ചു. യോഗീശ്വരഗുരുവിടനേയും കുപ്പയാശ്ശായ ശത്രുഖലനേയും തന്റെ ‘സർവം ഭക്ഷ്യാമി’ത്വത്തിന് അവകാശവലബ്ധിയിൽ പ്രാതലാക്കുന്നുണ്ടെന്നു ചന്ത്രക്കാറൻ നിശ്ചയിച്ചു. ആ ആഗ്നേയബൃഹൽപിണ്ഡത്തെക്കണ്ടപ്പോൾ യോഗീശ്വരനും കുപ്പശ്ശാരും ഒന്നുപോലെ സംഭ്രമിച്ചു. ഭാഗ്യവശാൽ അത്യാവശ്യം പരസ്പരം ഗ്രഹിപ്പാനുള്ളതു പറഞ്ഞുതീർന്നിരുന്നതിനാൽ യോഗീശ്വരൻ കുപ്പശ്ശാർക്ക് യഥാനിയമം പ്രസാദത്തെ നൽകി, അയാളെ യാത്രയാക്കി. ആ സന്ദർഭത്തിൽ തന്റെ സംബന്ധിയുടെ അവമാനവിപത്തിൽ സഹതാപിയായി അനുകരണംചെയ്യേണ്ടത് തന്റെ ധർമ്മമെന്നു വിചാരിച്ച്, മാളികമുകളിലുള്ള വാതൽപ്പടിയുടേയും അതിനടുത്തു കോപത്തീജ്വാല ചിന്നിക്കൊണ്ടു നിന്നിരുന്ന ചന്ത്രക്കാറന്റേയും ഇടയിൽക്കൂടി, തന്റെ ശരീരതന്തുവെ അകത്തു പ്രവേശിപ്പിക്കാൻ പരിതാപചിഹ്നമായി ദീർഘിപ്പിച്ചുള്ള മുഖാഗ്രത്തെ ഉമ്മിണിപ്പിള്ള കോർത്തു. തന്നെ ഞെരിച്ചുകൊണ്ട് അകത്തോട്ടു പ്രവേശിച്ച അവിവേകിയെ ചന്ത്രക്കാറന്റെ നേത്രകൂശ്മാണ്ഡാന്തങ്ങൾ ദർശനംചെയ്തപ്പോൾ ആ ഹതഭാഗ്യനായ വിദ്യുജ്ജിഹ്വന്റെ കണ്ഠത്തിനു ചന്ത്രക്കാദശകണ്ഠൻ പിടികൂടി പ്രയാണവിഷമംകൂടാതെ കോണിക്കുതാഴത്തുള്ള തളത്തിൽ കിരാതനാൽ ദണ്ഡിതനായ അർജ്ജുനനനെപ്പോലെ പതിപ്പിക്കപ്പെട്ടു. ആ ക്രിയചെയ്ത ചന്ത്രക്കാറനേയും അതുകണ്ടു രസിച്ചുനിന്ന യോഗീശ്വരനേയുംകൊണ്ട് കൈകടിപ്പിച്ചേക്കുന്നുണ്ടെന്ന് ഉമ്മിണിപ്പിള്ള ഘോരമായ ഒരു പ്രതിജ്ഞ ചെയ്തു. യോഗീശ്വരൻ ഈ സംഭവത്താൽ ചന്ത്രക്കാറനും ഉമ്മിണിപ്പിള്ളയും തമ്മിലുള്ള ശ്ലഥബന്ധത്തെ മനസ്സിലാക്കി. അതുകൊണ്ട്—തൽക്കാലം കഥ നടക്കട്ടെ.

അഭിമാനിയായ ചന്ത്രക്കാറൻ ധിക്കാരിയായ തന്റെ സംബന്ധിയെ ഈവിധം ശാസിച്ച

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/85&oldid=158583" എന്ന താളിൽനിന്ന് ശേഖരിച്ചത്