Jump to content

താൾ:Dharmaraja.djvu/78

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രാജദ്രാഹവും ഈ കഠോരകൃത്യവും സംബന്ധിച്ചവയെന്നു കർണ്ണാകർണ്ണികയാ ജനങ്ങൾ ധരിക്കയാൽ കാഴ്ചക്കാരിൽ ആപൽപ്രിയന്മാരല്ലാത്ത ഭൂരിഭാഗവും മരിച്ച ഗുണവാനെ ശ്ലാഘിച്ചോ ആ ക്രിയയുടെ കഠോരതയെ നിന്ദിച്ചോ യാതൊരഭിപ്രായവും പറവാൻ ധൈര്യപ്പെടാതെ കാഴ്ച കണ്ടുകഴിഞ്ഞ വേഗത്തിൽ അവരവരുടെ വഴിക്കു പൊയ്ക്കൊണ്ടു. കേശവപിള്ളയുടെ സ്ഥിതിയോ—രാജപരിചാരകജനംതന്നെ മോതിരസംഗതിയിൽ കൃത്രിമക്കാരെന്ന് ഹരിപഞ്ചാനനന്റെ ഉപാസനശക്തികൊണ്ടു തെളിഞ്ഞിട്ടുണ്ട്. അതിന്റെ വിക്രയസംഗതിയെക്കുറിച്ചു ഗൗരവമായ അന്വേഷണംനടത്തേണ്ട അവശ്യമില്ലെന്നു ദളവാ മുതലായവരുടെ അഭിപ്രായത്തിനു വിരോധമായി താൻ ഉപദേശിച്ചിട്ടുമുണ്ട്. കൊട്ടാരത്തിൽനിന്നും ആ മോതിരം രണ്ടാമതു മോഷ്ടിക്കപ്പെട്ട സംഗതി പരസ്യമാക്കിക്കൂടെന്നു നിർബന്ധിച്ചതും താൻതന്നെ. ആ ഘാതകകർമ്മം തന്റെ വസതിയുടെ ഏകദേശം പുരോഭാഗത്തു വച്ചുതന്നെ നടത്തപ്പെട്ടുമിരിക്കുന്നു. മറ്റുള്ളവരും അറിഞ്ഞിട്ടുള്ള ഈ സംഗതികളേയും, പൂർവരാത്രിയിലും മറ്റും താൻ അണ്ണാവയ്യനോടു സംഘടിച്ചിട്ടുള്ളതിനേയും, സംശയഗ്രസ്തമായ സംഗതിയേയും ഒന്നായിച്ചേർത്തു ചിന്തിച്ചപ്പോൾ ആ കൊലപാതകം തന്നെ ഏതുവിധം ബാധിച്ചേക്കാമെന്നുള്ള സംശയം അയാളുടെ ബുദ്ധിയെ ക്രൂരതരമായി ക്ലേശിപ്പിച്ചു.

ക്ഷണനേരംകൊണ്ട് കാര്യക്കാർ, അധികാരി, ചേരുമാനക്കരൻ, മാസപ്പടി മുതലായവർ എത്തി, പ്രേതത്തെ പരിശോധിച്ച്, കണ്ട വിവരങ്ങൾക്ക ആണ്ടുമാസംതീയതി മുതൽ ഇപ്പടിക്കു കണ്ടെഴുതിയ ’എന്നവസാനിക്കുന്നതുവരെ ഏകവാചകത്തിൽ പന്ത്രണ്ടു നെടിയോലക്കീറു മുഴുവൻ ഇരുവശവും നിറഞ്ഞുള്ള ഒരു യാദാസ്തു തയ്യാറാക്കുകയും, നാരായം പണ്ടാരവകയ്ക്കു കണ്ടുകെട്ടുകയും, ശവശരീരം ഭാര്യാദികളെ ഏല്പിച്ചു രസീതു വാങ്ങുകയും, കൊലപാതകക്കാരൻ ആരെന്ന് അവിടെ കൂടിയിരുന്ന മഹാജനങ്ങളോടു ചോദ്യംചെയ്കയും ചെയ്തു. അവിടെ എത്തി കാഴ്ചകളെല്ലാം കണ്ടുകൊണ്ടു നിന്നിരുന്ന സാംബദീക്ഷിതർ മുന്നോട്ടു കടന്ന് നാരായത്തെ തൊടാതെ “അതിലെ, അന്ത വെള്ളിമകുടത്തിലെ; ചിന്നതാക‘കേ’കാരം കൊത്തിയിരുക്കോ?” എന്ന് എതിർചോദ്യംചെയ്തു. കാര്യക്കാർ നാരായത്തെ നോക്കി “ഉണ്ട്” എന്ന് എതിർചോദ്യം ചെയ്തു. കാര്യക്കാർ നാരായത്തെ നോക്കി “ഉണ്ട്” എന്നുത്തരം പറകയാൽ, “ആനാൽ, അത് നമ്മുടെ കേശവൻകുഞ്ഞുടേതാകും. കണ്ണാലും കാതാലും ബന്ധനംചെയ്യക്കൂടാത്. ശുദ്ധിചെയ്തു നമ്മിടം അനുപ്പിക്കവേണ്ടീയത്” എന്നു പരമസാധുവായ ദീക്ഷിതർ ബ്രഹ്മശ്രീഗൗരവത്തോടും സ്വപ്രാധാന്യസൂചകമായ ഗർവത്തോടും ആജ്ഞാപിച്ചു. കേശവപിള്ളയും കാര്യക്കാരും ഏതാനും ആളുകളും മുഖത്തോടുമുഖം നോക്കി. മേൽപ്രകാരമുള്ള ഉത്തരവുകൊടുത്ത ആൾ മഹാവിഢ്യാനാണെന്നു പരസ്യമായി പ്രസ്താവിക്കാൻ ഒരുങ്ങിയ അധികാരി സൂക്ഷിച്ചുനോക്കിയപ്പോൾ കണ്ടതു പണ്ഡിതവര്യനും, സർവാദരണീയനും, രാജപ്രത്യേകനുമായ ദീക്ഷിതരെ ആകയാൽ ആ ഉദ്യോഗസ്ഥന്റെ മുഖം മ്ലാനമായി. അധികാരിയെക്കാൾ കാര്യസ്ഥനായ കാര്യക്കാർ ദീക്ഷിതരുടെ സമീപത്തു ചെന്നു പ്രത്യേകവിനീതിയോടുകൂടി, അദ്ദേഹത്തിന്റെ സഹായത്താൽ അനുകൂലിപ്പാൻ ഉദ്ദേശിക്കുന്ന ശിഷ്യനെ അത് എങ്ങനെ ബാധിക്കുമെന്ന് ആലോചിപ്പാൻ ഗൂഢമായി അപേക്ഷിച്ചു. ലോകവ്യാപാരങ്ങളെക്കുറിച്ചു പരമപുരോഭാഗിയായ ദീക്ഷിതർക്ക് ആ സ്വകാര്യവാർത്ത രസിച്ചില്ല. അദ്ദേഹം തോൽക്കാൻ ഭാവവുമില്ല. “അവൻ തലയിലെ ബ്രഹ്മഹത്യാ ഏത്തറതൂക്ക് ഇന്ത്രനാലും മുടിയാത്. നമ്മ കേശവകുമാരൻ നന്തിയത്തുണ്ണിത്താൻ പ്രഭുവുടെ പുള്ളയാക്കും. തവിര ശെന്ത്രക്കാരപ്രഖ്യാതരുടെ ഭാഗിനേയനും. കാര്യക്കാറപ്പിള്ളയങ്കത്തെ അബദ്ധത്തെ ബോധിപ്പിച്ചാൽ നാം സമ്മതിക്കുമോ? ഹരിയോ ഹരി! ശ്രീവരാഹമൂർത്തിയെത്തന്നെ ഈ ഹിംസയ്ക്ക് ഇഴുക്കൂ. ഏതു രാജസന്നിധിയിലും – കേട്ടൊ സംസാരിപ്പാൻ സരസ്വതി ഇതൊ (നാവിനെ നീട്ടി) ഇതിനെ തന്നനുഗ്രഹിച്ചിട്ടുണ്ട് – ശപ്പന്മാര്!”

കാര്യക്കാർ: “സ്വാമികൾ ദേഷ്യപ്പെടണ്ട. വിസ്താരം തുടങ്ങുമ്പോൾ സ്വാമികൾക്കു പറവാനുള്ളതെല്ലാം ബോധിപ്പിക്കാം– ഇപ്പോൾ ക്ഷമിക്കണം. നടത്താഞ്ഞാൽ ഞങ്ങളുടെ തല പൊയ്പോകും.”

ദീക്ഷിതർ: (വേദഘോഷധ്വനിയിൽ) “സ്മൃത്യന്തരം ധർമ്മരാജ പ്രഭു ശെയ്‌വാരോടോ?”

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/78&oldid=158575" എന്ന താളിൽനിന്ന് ശേഖരിച്ചത്