താൾ:Dharmaraja.djvu/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കേട്ടുനിന്നവരിൽ ചിലർ ശാസ്ത്രികളോട് ഉടനെ ഇടഞ്ഞു. തിരുവനന്തപുരത്തു കേശവപിള്ള എന്നു വിളിക്കപ്പെട്ടുവന്ന കേശവൻ കുഞ്ഞ്, മൂന്നുനാലുദിവസമായി അണ്ണാവയ്യനെ അന്വേഷിച്ച് അങ്ങോട്ടും ഇങ്ങോട്ടും നടന്നിരുന്നു എന്നു ചില ബ്രാഹ്മണരും, പൂർവ്വരാത്രിയിലെ ചന്ദ്രികയിൽ ആ വഴിയെ അയാൾ പല പ്രാവശ്യം നടന്നിരുന്നു എന്ന് ചില നായന്മാരും അറിവുകൊടുത്തു. ഈ സംഗതികൾക്ക് അവരോടെല്ലാം കാര്യക്കാർ ഉടൻതന്നെ വായ്മൊഴി വാങ്ങി ഒപ്പിടുവിച്ചു. സാംബദീക്ഷിതർ മാത്രം മൊഴികൊടുപ്പാൻ തയ്യാറില്ലെന്നും, നാരായം ഉടനെ തന്റെപക്കൽ എത്തിക്കേണ്ടതെന്നും അല്ലെങ്കിൽ കാര്യക്കാരെ ‘തുലച്ചുപ്പോടു’മെന്നും ജളമ്മാരോടു വാദിപ്പാൻ തന്റെ നിത്യകർമ്മങ്ങൾ സമയം അനുവദിക്കുന്നില്ലെന്നും ശഠിച്ച്, അവിടുന്നു നടകൊണ്ടു. കേശവൻകുഞ്ഞിനെ പിടിച്ചു ഹാജരാക്കുന്നതിന് ഉടനെതന്നെ കാര്യക്കാർ ഭടന്മാരെ നിയോഗിക്കയും, ഉദ്യോഗസ്ഥന്മാർ എല്ലാം പിരിയുകയും ചെയ്തു. പ്രേതത്തെ ബ്രാഹ്മണർ എടുത്തു ദുഃഖവിവശയായി നിലവിളിക്കുന്ന ഭാര്യയോടും, മക്കളോടും ഒരുമിച്ച് അവിടെനിന്നും തിരിച്ചു. അവിടന്നു പിരിയുന്നതിനുമുമ്പ് കേശവപിള്ള കാര്യക്കാരെ വിളിച്ച് അന്നത്തെ അസ്തമയംവരെ ദ്ദർപ്പിതനടപടികൾ നിറുത്തിവയ്ക്കണമെന്നു പറഞ്ഞ്, സ്നാനം ചെയ്ത് ആശൗചപരിഹാരം വരുത്താൻ തിരിച്ചു.

ദീക്ഷിതരുടെ ശിഷ്യനായ ലളിതഹൃദയൻ നിസ്സാരജന്തുക്കളെപ്പോലും ഹിംസചെയ്യാത്ത ഭൂതദയാപരനായിരിക്കെ, ബ്രാഹ്മണനിഗ്രഹമാകുന്ന മഹാനികൃഷ്ടാപരാധത്തിന് അയാളെ ഉത്തരവാദിയാക്കുന്നതു കാലവിശേഷത്തിന്റെ ലക്ഷണമെന്നു ചിലർ വ്യഥിച്ചു. ചിലമ്പിനേത്തു കുടുംബത്തിലെ യുവകാരണവസ്ഥാനികനെ കൊലപാതകക്കാരനാക്കാൻ പുറപ്പെടുന്നത്, പാറക്കൂട്ടവും ചുഴികളും നക്രമകരാദിജന്തുക്കളും അടങ്ങയ അഗാധജലധിയെ ക്രീഡാതടാകമാക്കുന്നതുപോലെ ആപന്നിബിഡമായ ഒരു പ്രവൃത്തിയാണെന്നു ചില ബുദ്ധിമാന്മാരും, നന്തിയത്തുണ്ണിത്താനായ മാടമ്പിപ്രധാനന്റെ സന്താനത്തിന്മേൽ കുറ്റസ്ഥാപനംചെയ്‌വാൻ കാപ്പുകെട്ടിപ്പുറപ്പെടുന്നതു ദേശിംഗനാട്, ഇളയത്തുനാട് എന്നീ പ്രദേശങ്ങളിലെ ജനങ്ങളോടുള്ള ഒരു പോർക്കുവിളിതന്നെ എന്നു മറ്റു ചില ബുദ്ധിമാന്മാരും അഭിപ്രായപ്പെട്ടു. കേശവൻകുഞ്ഞിന്റെ ധനപുഷ്ടിത്വംകൊണ്ടു സമ്പാദിച്ചിട്ടുള്ള അന്തസ്സിനേയും കണ്ട് അസൂയാലുക്കളുമായി അയാളെ ദ്വേഷിച്ചിരുന്ന ഒരുവക കുടിലന്മാർ അയാൾ ഒരു വിടനായിരുന്നുവെന്നും, ദുർവൃത്തിയും ദൂർത്തും ചേർന്ന് അയാളെ അണ്ണാവയ്യന്റെ വലിയ കടപ്പാടിൽ കുടുക്കി എന്നും, അങ്ങനെയുള്ള അകപ്പാട് പുറത്തു വരാതിരിക്കാൻവേണ്ടി ബ്രാഹ്മണന്റെ നിഗ്രഹം സന്ദർഭസൗകര്യം നോക്കി തക്കത്തിനു നിവർത്തിച്ചതാണെന്നും ഉത്സാഹത്തോടെ പ്രസിദ്ധപ്പെടുത്തി. ദുഷ്പ്രവാദങ്ങളുടെ രുചി ദേവാമൃതത്തേയും അതിന്റെ പ്രചാരം വൈദ്യുതവേഗത്തേയും ജയിക്കുമെന്നുള്ളതു ലോകപ്രസിദ്ധവുമാണല്ലോ.

ഈ ദാരുണമായ നരഹത്യയെക്കുറിച്ച് അറിവുകിട്ടിയ ഉടനെതന്നെ ദളവാ ഗോപാലയ്യൻ സോമന്റെമീതെ നായർ ഉദ്യോഗസ്ഥന്മാരുടെ രീതി അനുസരിച്ച് വെള്ളക്കവണിയും തലയിൽ കത്രിപ്പൂട്ടുള്ള കെട്ടും ധരിച്ച് , സമയംകാത്ത്, തിരുമുമ്പിലെത്തി, കൈകെട്ടി വാ പൊത്തി നിന്ന്, വസ്തുതകളെല്ലാം ‘സ്വാമി’എന്ന പദത്തിന്റെ ധാരാളപ്രയോഗത്തോടുകൂടി അറിയിച്ചു. കാര്യക്കാരുടെ സംക്ഷിപ്തവിചാരണകളേയും പരിവാദകലോകത്താൽ ദ്രുതപ്രചരണം ചെയ്യപ്പെട്ട അപവാദത്തെയും ബലമായി ആസ്പദമാക്കി കേശവൻകുഞ്ഞുതന്നെ ഘാതകനെന്നു സ്ഥാപിച്ചും, അയാളെ ഉടനേതന്നെ ബന്ധനത്തിലാക്കി കൊലക്കുറ്റം ചുമത്തി ജീവഹാനിവരുത്താൻ വിധികൽപിക്കുന്നതിനുവേണ്ട വ്യവസ്ഥകൾ സുമാറായി ചെയ്തിരിക്കുന്നു എന്ന് ഉണർത്തിച്ചും, ആ സംഗതിയിലുള്ള തിരുവുള്ളത്തെ പ്രതീക്ഷിച്ചു ദളവാ നിന്നു. മഹാരാജാവിനാൽ അഭിജ്ഞാതമായിരുന്ന ചില സംഗതികളുടെ രഹസ്യഭേദനം ചെയ്‌വാൻ ഉചിതമായ സന്ദർഭം വന്നിട്ടില്ലെന്ന് അവിടത്തേക്കു തോന്നുകയാലും, വിശിഷ്യ ചില സംശയങ്ങൾ അധികൃതരുടെ ഊഹങ്ങൾക്കു അന്വേഷണഗതിക്കും വിരുദ്ധമായി അവിടുത്തെ വിശാലബുദ്ധിയിൽ അങ്കുരിച്ചതുകൊണ്ടും, മന്ത്രിമാരുടെ നടപടിയിൽ പ്രവേശിച്ച് ഒരു കല്പനകൊടുക്കുന്നതിന് അവിടുന്ന് ഉടനെ സന്നദ്ധനായില്ല. മഹാരാജാവിന്റെ മുഖം നിർവ്വികാരമായി കാണപ്പെടുകകൊണ്ട്, ആ സംഗതിയിൽ അവിടത്തെ അന്തർഗ്ഗതത്തെ ആ

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/79&oldid=158576" എന്ന താളിൽനിന്ന് ശേഖരിച്ചത്