താൾ:Dharmaraja.djvu/77

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യൊരു ജനതതി ആ മഹാഘോരസംഭവത്തെ ദർശിപ്പാൻ കൂടിനില്ക്കുന്നതായി കാണപ്പെട്ടു. ആ കാഴ്ചകാൺമാൻ ഓടുന്നവരിൽ ചിലർ കേശവപിള്ള രാജ്യകാര്യസംഹിതയാണെന്നുള്ള വിചാരത്തോടുകൂടി, “അതെന്തോന്നു പിള്ളേ?” എന്നു ചോദിച്ച് ഉത്തരം കിട്ടാതെ ധാവനത്തെത്തുടർന്നു. ഒരു മൂത്ത കിഴവി ഓടുന്നതിനിടയിൽ “രാച്യമേ മുടിയാൻ കാലം! പൂണൂലിട്ട കൂട്ടം പേയായാൽ അവിടം പിന്നെ കരിഞ്ചാമ്പല്” എന്നു പരിതപിച്ചു. ഇങ്ങനെയുള്ള ഓരോ ജൽപനങ്ങളെയും കേശവപിള്ള യഥോചിതം വ്യാഖ്യാനിച്ച് പൗരജനങ്ങൾക്കു രാജ്യയന്ത്രഗതിയിലുള്ള ആജ്ഞതയെക്കുറിച്ചു ക്ലേശിച്ചു. രാജ്യത്തിനു ദോഷസൂചകമായ നരഹത്യ, തന്റെ വാസസ്ഥലത്തിന് അത്ര സമീപത്തു സംഭവിച്ചിരിക്കുന്ന സന്ദർഭത്തിൽ രാജ്യഭൃത്യനായ താൻ ഉദാസീനനായി നിന്നുകളയുന്നത് എന്തെങ്കിലും സംശയം തന്റെനേർക്കു തിരിഞ്ഞാൽ തനിക്കു വിപരീതാനുമാനങ്ങളെ ഉൽപാദിപ്പിക്കുമെന്നു വിചാരിച്ച് കേശവപിള്ള ആൾക്കൂട്ടത്തിനിടയിൽ പ്രവേശിച്ചു. ആ ചെറുപ്രായത്തിലും അപ്പോഴത്തെ താഴ്ന്നതരം ഊദ്യാഗത്തിലും തന്നെ ജനസമ്മതി സമ്പാദിച്ചിരുന്ന കേശവപിള്ളയ്ക്ക് ആൾക്കൂട്ടം സ്വയമേയും ആദരത്തോടും വഴിമാറിക്കൊടുത്തു. ശവശരീരം കിടന്നിരുന്ന സ്ഥലത്ത് എത്തിയപ്പോൾ അയാൾ കണ്ടത് ആ ശരീരത്തെയല്ല, സ്വസ്വാമിയായ മഹാരാജാവിനും ജന്മഭൂമിയായ രാജ്യത്തിനും ആസന്നമായ അത്യാഹിതത്തെ മാത്രം ആയിരുന്നു. അയാൾക്ക് ആ സമയത്തുണ്ടായ അന്തരംഗഭ്രമണംകൊണ്ട്, അഗ്നിജ്വാലകൾതന്നെ അയാളുടെ നേത്രങ്ങൾക്കു ഗോചരമായി. ആ ജ്വാല ക്ഷണമാത്രംകൊണ്ടു ശമിച്ച്, സകലവും അന്ധകാരമയമായി. അയാളുടെ സഹനശക്തിയും മനഃസ്ഥൈര്യവും വിപാടനംചെയ്യപ്പെട്ട്, ജീവൻ പർവ്വതസമമായ ഭാരമെന്നു തോന്നി. അനന്യശരണനായി, അപരിചിതലോകതന്ത്രനായി ചരിക്കുന്നതിനിടയിൽ രാജപഥത്തിൽ വച്ചു തന്നെ സ്വീകരിച്ച് പ്രഭുവായ ഗുരുനാഥന്റെ അനുഭവങ്ങളെക്കുറിച്ച് അദ്ദേഹത്തിന്റെ മുഖഗളിതങ്ങളായ വൃത്താന്തങ്ങളെക്കേട്ട് അനേകപാഠങ്ങൾ താൻ ഗ്രഹിച്ചിരുന്നവയെ ഓർക്കുകയാൽ കേശവപിള്ള ലജ്ജിതനായി, രാജ്യഭരണനേതൃത്വമെന്നുള്ളത് മന്ത്രപാണ്ഡിത്യത്തിനു പുറമേ, ‘അശ്രാന്തയുദ്ധസന്നദ്ധത’ എന്നതിന്റെ പര്യായമാണെന്നും, അതിനു കോപ്പിടുന്നവൻ തന്റെ ബുദ്ധി മുതലായ സർവ്വേന്ദ്രിയങ്ങളേയും സദാ സുസ്ഥിരമായി നിലനിർത്തിബ്ഭരിക്കുന്നതിനു ശക്തനായും, അടൽക്കളത്തിൽ തന്റേയും ഇതരന്മാരുടേയും ചുടുചുടെ പ്രവഹിക്കുന്ന രക്തത്തെ രാജ്യക്ഷേമേത്തിനായി വിനിമയംചെയ്‌വാൻ തക്കവണ്ണം ധീരനായും ഇരിക്കേണ്ടതാണെന്നും, ആ ഗുരുനാഥനിൽനിന്ന് അനേകസംവത്സരം താൻ അഭ്യസിച്ച തത്വങ്ങളെ അപ്പോൾ അനുസ്മരിച്ച് അസ്തമിതമായ തന്റെ ആത്മദാർഢ്യത്തെ ഉജ്ജീവിപ്പിച്ചു.

വട്ടമിട്ടുനിൽക്കുന്ന ജനക്കൂട്ടത്തിൽനിന്ന് കേശവപിള്ള മുമ്പോട്ടു കടന്ന് മൃതശരീരത്തിന്റെ അടുത്തണഞ്ഞ് അതിനെ സൂക്ഷിച്ചുനോക്കി. ആ ശരീരത്തിന്റെ മാറത്ത് ഖലകോപത്തിനു പ്രവേശമാർഗ്ഗത്തെ നിർമ്മിക്കാൻ പ്രയോഗിക്കപ്പെട്ടപോലെ ഒരു വെള്ളികെട്ടിയ നാരായം തറച്ചുനില്ക്കുന്നതുകൂടാതെ ദയനീയമായ മുറവിളിക്കൂട്ടാനെന്നപോലെ പലെടത്തും വെട്ടും കുത്തും ഏറ്റ് വിദ്രുമാധരങ്ങളെ തുറന്നുകാണിക്കുന്ന മുറിവാകളേയും കാൺമാനുണ്ടായിരുന്നു. അണ്ണാവയ്യൻ അണിഞ്ഞിരുന്നതും രാജകുടുംബത്തിനുപോലും അസൂയയെ ഉണ്ടാക്കി വന്നതുമായ വലിയ ചുവപ്പുകല്ലുവച്ച കുണ്ഡലദ്വന്ദ്വം കർണ്ണങ്ങളിൽനിന്നു മാംസസമേതം അപചയിക്കപ്പെട്ടിരുന്നു. ഏകവസ്ത്രനായി ശയിക്കുന്ന മൃതശരീരൻ കാലധർമ്മാധീനനായിട്ട് പത്തുപന്ത്രണ്ടു നാഴിക കഴിഞ്ഞതുപോലെയും കാണപ്പെട്ടു. ശരീരം വഴിയരികത്തുള്ള കയ്യാലയോടു ചേർന്നു കിടക്കുന്നെങ്കിലും ഇടവഴിയുടെ മദ്ധ്യപ്രദേശത്തിലെ മണൽ തകർന്നും ശോണവർണ്ണമായും കാണപ്പെട്ടത് കലഹരംഗം ആ സ്ഥലമായിരുന്നു എന്നു തെളിയിച്ചു. ഘാതകന്മാരുടെ നിഷ്ഠൂരതയ്ക്കു ഭക്ഷ്യമായിത്തീർന്ന്, രക്തപങ്കിലനായി, ശിഥിലാംഗനായി ശയിക്കുന്നത് കഴക്കൂട്ടത്തുപിള്ളയുടെ അനന്തമുദ്രമോതിരം വിലയ്ക്കു വാങ്ങിയതിന്റെശേഷം അതിനെക്കുറിച്ച് അന്വേഷണം തുടങ്ങിയപ്പോൾ മറഞ്ഞുകളഞ്ഞ അണ്ണാവയ്യൻതന്നെ ആയിരുന്നു. ഈ സംഭവവും, ആ മോതിരത്തിന്റെ വിക്രയം മുതലായ സംഗതികൾ രാജ്യദ്രോഹസംബന്ധമായുണ്ടായവ എന്നു പരമോൽകൃഷ്ട സാക്ഷ്യമായി സ്ഥിരീകരിച്ചു. ആ

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/77&oldid=158574" എന്ന താളിൽനിന്ന് ശേഖരിച്ചത്