താൾ:Dharmaraja.djvu/70

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിമുക്തനായ ഒരു രാഷ്ട്രാധിപന്റെ സ്വച്ഛന്ദതയും ഗർവവും നടിച്ച് ആകപ്പാടെ ഹരിപഞ്ചാനനയോഗീശ്വരന്റെ ആഗമനം തങ്ങൾക്കു ദുഷ്കാലത്തെ ഉദിപ്പിച്ചു എന്നു മീനാക്ഷി തീർച്ചയാക്കി. മനസ്വിനിയായ വൃദ്ധയ്ക്ക് ബാലയായ മീനാക്ഷിയെക്കാൾ പൂർവചരിത്രജ്ഞാനം ഉണ്ടായിരുന്നതിനാൽ, കുപ്പശ്ശാരുടെ ഭാവഭേദത്തിന് ഹേതൂഭൂതമായ സംഗതിയെ വഴിയെ ഗ്രഹിച്ചുകൊള്ളാമെന്ന് അവർ അടങ്ങിപ്പാർത്തു. എങ്കിലും പൂർവസംഭവങ്ങളുടെ സ്മൃതിയാൽ പീഡിതമായ അവരുടെ ഹൃദയം കൂടക്കൂടെ വാടിയും തളർന്നും ഇരുന്നു.

‘അനർത്ഥം വരുമ്പോൾ കൂട്ടത്തോടെ’ എന്നുള്ള വിധിവാനരത്വം ഈ സാധുക്കളേയും പരിതപിപ്പിച്ചു. ഏകദേശം ഏഴുനാഴിക അസ്തമിപ്പാനുള്ളപ്പോൾ ജനസഞ്ചാരധ്വനികളുടെ ഇടയ്ക്ക് പടിവാതിലിൽ കേശവൻകുഞ്ഞിന്റെ ഹസ്താഡനപ്രാർത്ഥന ഉണ്ടാവുകയും കുപ്പശ്ശാർ കവാടമോചനത്താൽ ആ ഭക്തനെ അനുഗ്രഹിക്കുകയും ചെയ്തു. എന്നാൽ സാഹസപ്പെട്ടു കച്ചകെട്ടി പരിശീലിച്ചാലും ആ യുവാവിന്റെ മുഖത്തു പുറപ്പെടാത്ത കോപഭാവത്തോടുകൂടിയാണ് അപ്പോൾ കേശവൻകുഞ്ഞു മുറ്റത്തു പ്രവേശിച്ചത്. മറ്റുള്ള ചാഞ്ചല്യഹേതുക്കളെ എല്ലാം മറന്ന്, കുപ്പശ്ശാർ സർവാഭീഷ്ടദായകത്വം തനിക്കു സിദ്ധമെന്നുള്ള ഭാവത്തിൽ ആ യുവാവിന്റെ സമീപത്തണഞ്ഞു. ആ യുവാവ് അപ്പോൾ ആ സ്ഥലത്തു പ്രവേശിച്ചത് അല്പകാലത്തെ പ്രണയകലഹത്താൽ ജളനാകപ്പെട്ടതിന്റെശേഷം പരിത്യജിക്കപ്പെടുന്നതിനല്ല. തന്റെ അനുരാഗഭാജനമായ കന്യകയുടെ മാതാമഹിയും ഗർവ്വഗർഭയുമായ ഒരു വൃദ്ധയുടെ മാതൃനിർവിശേഷമെങ്കിലും, തിക്തരസാവസായിയായ, മധുരോക്തികളാൽ വഞ്ചിതനാവാനുമല്ല.മരണപര്യന്തമുള്ള സ്വാത്മസുഖത്തിനു നിദാനമായ ഒരു വിജയസിദ്ധിക്കായിട്ട് ധൃതഖഡ്ഗനായി പുറപ്പെട്ടിരിക്കയാണ്. ഭൂമി സമുദ്രത്തിലും രവിചന്ദ്രതാരങ്ങൾ പാതാളദേശത്തും, ചിലമ്പിനേത്തു ഭവനം അതിനോടു ചേർന്ന കൗബേരമായ ധനസഞ്ചയവും ആഹുതികുണ്ഡത്തിലും, താൻ പഠനംചെയ്തിട്ടുള്ള ഗ്രന്ഥാവലികൾ അതുകളുടെ കർത്താക്കളെപ്പോലെതന്നെ കാലതിരസ്കൃതിയിലും ആണുപോകട്ടെ. തൽക്കാലം തന്റെ ജീവിതധാരണം സ്വപ്രേമസർവസ്വമായ ആ മീനാക്ഷിയുടെ കുടുംബപരമാർത്ഥഗ്രഹണം ഒന്നിനുമാത്രമായിരുന്നു. വരുണാലയഭേദനാർത്ഥം പ്രയോഗിക്കപ്പെട്ട ദിവ്യാസ്ത്രത്തിന്റെ വേഗശക്തികളോടുകൂടി, സുന്ദരബ്രാഹ്മണൻ പകർന്ന് ധനഞ്ജയനായിത്തീർന്നിരിക്കുന്ന കേശവൻകുഞ്ഞ് മന്ത്രക്കൂടത്തു നാലുകെട്ടിനകത്തു പ്രവേശിച്ചു. കൊടുംകരൾകൊണ്ടകുലത്തിൽ ജനിച്ച ത്രിപുരസുന്ദരി വലിയകുഞ്ഞമ്മയും ആ സന്ദർഭത്തിൽ കേശവൻകുഞ്ഞിനെക്കണ്ട് ഞെട്ടി എഴുന്നേല്ക്കാൻ ഭാവിച്ചു. അയാളിൽ കാണപ്പെട്ട രൗദ്രാഗ്നിശിഖ, കന്ദർപ്പസൗന്ദര്യം പോലെ മീനാക്ഷിയുടെ മനസ്സിൽ പ്രസാദഹർഷങ്ങളെ ഉണ്ടാക്കി, അയാളുടെ പരിചയാരംഭംമുതൽക്കുള്ള പരിചരണങ്ങളും പ്രേമവാദങ്ങളും കൊണ്ട് സിദ്ധമാകാത്തതായ അവളുടെ വശീകരണത്തെ സാധിച്ചു.

അന്നു രാവിലത്തെ ദർശനത്തിൽ ശുണ്ഠികൊണ്ടു മുഖം വീർപ്പിച്ചു നിന്ന ആ ബാലിക, വൃദ്ധയുടെയും കുപ്പശ്ശാരുടെയും പരിഭ്രമത്തെ കൂട്ടാക്കാതെ, കേശവൻകുഞ്ഞിനാൽ പരിണീതയായ ഗൃഹിണിയുടെ നിലയിൽ പൂർവ്വകഥയെയും പ്രസ്താവനകളെയും മറന്ന് ആ യുവാവിനെ സ്വകുടുംബാംഗമാക്കി അയാളോട് ഇങ്ങനെ കുശലാന്വേഷണംചെയ്തു: “നമുക്ക് വേണ്ടവർക്കെല്ലാം ഒന്നുപോലെ ഇന്നു സുഖക്കേടുതന്നെ. (ബഹുവചനത്തിൽ ‘നമുക്ക്’ എന്നുണ്ടായ പ്രയോഗത്താൽ കേശവൻകുഞ്ഞ് കുറച്ച് ശീതളനായി) അമ്മാവനോട് ശണ്ഠ കൂടിക്കഴിഞ്ഞു എന്നു തോന്നുന്നു. എന്തായാലും ഇവിടേക്ക് ഒട്ടും ചേർച്ചയില്ലാത്ത ഈ സംഹാരരുദ്രന്റെ വേഷം അഴിച്ചുകളയണം. (ആ യുവാവിന്റെ നവകുണ്ഡലങ്ങളെ നോക്കി) നല്ല കടുക്കനിട്ടപ്പോൾ അതിനു വേണ്ട പ്രതാപം താനേ വന്നുപോയി!”

കുപ്പശ്ശാരും വൃദ്ധയും മീനാക്ഷിയുടെ വാഗ്വൈഭവത്തെ അനുമോദിച്ച്, ഈ സൽക്കാരത്തെ താങ്ങിപ്പറഞ്ഞു. മീനാക്ഷിയുടെ ഭാവപ്പകർച്ചയും സ്നേഹപൂർണ്ണമായ വാക്കുകളും കേശവൻകുഞ്ഞിനെ സന്തുഷ്ടനാക്കി എങ്കിലും, താൻ അവലംബിച്ച രൗദ്രരസത്തെ മനഃപൂർവ്വം തുടർന്നുകൊണ്ട്, മീനാക്ഷിയുടെ സൽക്കാരം കന്യാധർമ്മവിരുദ്ധമാണെന്ന് അർത്ഥമാക്കുന്ന ഒരു നോട്ടത്തിൽ അയാൾ അതിനെ അനാദരിച്ചുകളഞ്ഞു. എന്നാൽ വൃദ്ധ ആ യുവാവിന്റെ കരങ്ങളെ ഗ്രഹിച്ച് അയാളെ തന്റെ സമീപത്തിരുത്തി അയാളുടെ ഭാവഭേദനത്തിനു കാരണമെ

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/70&oldid=158568" എന്ന താളിൽനിന്ന് ശേഖരിച്ചത്