താൾ:Dharmaraja.djvu/69

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വൃദ്ധ അവരെ യാത്രയാക്കി. എന്നാൽ സ്വശയ്യയിൽ ശയിപ്പാൻതുടങ്ങിയ അവരുടെ നേത്രങ്ങൾ എന്തോ പരിഭ്രമാവേശസൂചകമായി ചലിച്ചുകൊണ്ടിരുന്നത് മീനാക്ഷിക്ക് ഏകാകിതിത്വത്തിന്റെ പൂർവചിഹ്നദർശനമായി തോന്നിയതിനാൽ, അത് ആ ബാലികയെ അതിയായി പരവശപ്പെടുത്തി. വൃദ്ധയ്ക്കും ദൗഹിത്രിക്കും സർവോപദേഷ്ടാവും സർവകാര്യനിർവാഹകനും ആയ കുപ്പശ്ശാർ ആ സന്ദർഭത്തിൽ, എന്താശ്ചര്യം! വൃദ്ധയുടെ ദുർഘടത്തെ കാണുന്നില്ല. മീനാക്ഷിയുടെ മുഖത്തു സ്പഷ്ടമായി പ്രകാശിക്കുന്ന അഗാധക്ളേശത്തേയും ധരിക്കുന്നില്ല. മന്ത്രക്കൂടത്തുപടിക്കൽനിന്നും ചിലമ്പിനേത്തേക്കു പോകുമ്പോൾ ഹരിപഞ്ചാനനൻ ഏതു സ്ഥിതിയിൽ ഇരുന്നുവോ, അതുപോലെ തന്നെ ഈയാളും സ്തബ്ധജീവനായിത്തീർന്നിരിക്കുന്നു. ആപദ്ഭയ ശൂന്യനായ ആ രാക്ഷസസ്വഭാവൻ ഭക്തിപുരസ്സരം സ്വയം വരിച്ചിട്ടുള്ള രക്ഷാവൃത്തിയിൽനിന്ന് അയാൾ നിവൃത്തനായതുപോലെ വർത്തിക്കുന്നു. ഈ സ്ഥിതികളെല്ലാം കണ്ട്, മീനാക്ഷി മതിമറന്ന് ഇങ്ങനെ വിലപിച്ചു: “അയ്യോ, മഹാപാപമേ! ഞങ്ങളെക്കൊണ്ടു വാലാട്ടിച്ചേക്കാമെന്ന് ഉമ്മിണിപ്പിള്ളമ്മാൻ പറഞ്ഞ വീരവാദത്തെ അക്ഷരം തെറ്റാതെ പറ്റിച്ചിരിക്കുന്നല്ലൊ! സ്വാമിയാര് ദ്രോഹിപ്പാൻ പല്ലക്കിൽനിന്നും ചാടിപ്പുറപ്പെട്ടല്ലൊ. ആ സന്യാസി, ആ പരമവഞ്ചകൻ നശി—”

ഹരിപഞ്ചാനനയോഗീശ്വരൻ ചാരിത്രകോപാഗ്നിയിൽ ദഹിച്ചുപോകുമാറുള്ള ഒരു ശാപവചനം മീനാക്ഷിയുടെ നാവിൽനിന്നു പുറപ്പെടുമെന്നു ഭയപ്പെട്ട് വൃദ്ധയും കുപ്പശ്ശാരും ഒരേമാത്രയിൽത്തന്നെ ഝടിതിയിൽ ശാപോപസംഹൃതിക്കായ്ക്കൊണ്ടു യത്നിച്ചു. വൃദ്ധയുടെ മനസിനെ ബാധിച്ചിരുന്ന ക്ഷീണത്തെ വംശപരമ്പരാസിദ്ധമായ പ്രാഗത്ഭ്യത്തോടുകൂടി അമർത്തിക്കൊണ്ട്, അവർ ദൗഹിത്രിയെ ഇങ്ങനെ ആശ്വസിപ്പിച്ചു: “കൊട്ടും വെടിയുംമറ്റും കേട്ട് എന്റെ പതിവായ ക്ഷീണം വന്നതാണു മകളേ! കുറച്ചു കഴിയുമ്പോൾ മാറും. നീ വ്യസനിക്കേണ്ട. എന്തോ ചില സ്വപ്നങ്ങൾ കണ്ടുപോയി. വയസ്സായല്ലോ. എളുപ്പത്തിൽ മനസ്സു കലിങ്ങിപ്പോണു. സന്യാസിയെ നീ ശപിക്കാതെ, അദ്ദേഹം ക്ഷുദ്രമൊന്നും ചെയ്തിട്ടില്ല. ഒരു വയസ്സിയെക്കണ്ട് ബഹുമാനിച്ചു—അത്രേയുള്ളു. ശീ! മറ്റൊന്നും വിചാരിക്കാതെ. അദ്ദേഹം അദ്ദേഹത്തിന്റെ വഴിക്കു പോയി. ഇങ്ങനെ വന്നും പോയും എന്തെല്ലാം കണ്ടു! അദ്ദേഹവുമായി നാമിനി ഇടയേണ്ട. “വൃദ്ധയുടെ സാന്ത്വനങ്ങൾ ഒടുവിലത്തെ ഭാഗത്തിൽ എത്തുന്നതുവരെ കുപ്പശ്ശാർ ആശ്വസിച്ചുനിന്നു. അവസാനത്തെ വാക്കുകൾ ഒരു ‘അറ’ ശങ്കയെ അയാളുടെ മനസ്സിൽ ഉല്പാദിപ്പിച്ച്, അയാളെ ക്രൂദ്ധനാക്കി. ആ കോപത്തിന്റെ കാരണത്തെക്കുറിച്ച് വൃദ്ധ ചോദ്യം തുടങ്ങിയപ്പോൾ, കുട്ടിക്കോന്തിശ്ശൻപോലും, കഴക്കൂട്ടത്തു കുടുംബത്തിലെ ഒരു ബാലികയുടെനേർക്കാകട്ടെ പ്രയോഗിപ്പാൻ മുതിർന്നിട്ടില്ലാത്ത ഗർവത്തോടും കുപ്പശ്ശാർ അവിടെനിന്നും നടന്നു കളഞ്ഞു. യോഗീശ്വരൻ വൃദ്ധയുടെയും കുപ്പശ്ശാരുടെയും മനസ്സുകളിൽ, അവർ എന്തു വ്യാജങ്ങൾ കഥിച്ചാലും നടിച്ചാലും, അതിരൂക്ഷമായ അസ്വാസ്ഥ്യത്തെ ഉണ്ടാക്കി എന്നുള്ളത് വൃദ്ധയുടെ ക്ഷീണവും കുപ്പശ്ശാരുടെ കോപവും പ്രത്യക്ഷീകരിച്ചു.

മന്ത്രക്കൂടത്തെ പാർപ്പുകാർ ചിലമ്പിനേത്തുനിന്നും പകർന്നുകൊണ്ടുവന്ന അന്നാദിവിഭവങ്ങൾ ഭക്ഷിച്ചിട്ട്, വൃദ്ധ നിദ്രാസ്വപ്നങ്ങളിലും മീനാക്ഷി മനോരാജ്യസ്വപ്നങ്ങളിലും ലയിച്ചു. കുപ്പശ്ശാർ നിയമവിരുദ്ധമായി ചിലമ്പിനേത്തു നടക്കുന്ന ആഘോഷങ്ങൾ കാണുന്നതിനായി പുറപ്പെട്ടു. ആ സഞ്ചാരത്തിനിടയിൽ യോഗീശ്വരഭൃത്യനായ കരിംകുരങ്ങനുമായി അയാൾ കൂട്ടിമുട്ടി. നാനാസ്ഥിതിഭേദങ്ങളുള്ള മനുഷ്യലോകത്തിൽ, സ്ഥാനജാത്യാദിവ്യത്യാസങ്ങൾകൂടാതെ തുല്യബലമായി പ്രചരിക്കുന്ന സ്നേഹബന്ധം നികൃഷ്ടമായ ദരിദ്രാവസ്ഥയിൽ ജീവിക്കുന്ന ജനങ്ങളുടെ ഇടയിലും എത്രത്തോളം ഉൽകൃഷ്ടത പ്രാപിക്കാമെന്നു നിർണ്ണയംചെയ്‌വാൻ, ഈ രണ്ടു കൃഷ്ണസത്വങ്ങളും ചേർന്ന് ഒരു വിജനസ്ഥലത്തുവെച്ചു നടന്ന കൂടിക്കാഴ്ച സൂക്ഷ്മതരമായ മാനദണ്ഡമായിരുന്നു. ഏകദേശം നാലഞ്ചുനാഴിക കഴിഞ്ഞു മടങ്ങിയപ്പോൾ കുപ്പശ്ശാര്, ഹരസൃഷ്ടനായ വീരഭദ്രനെപ്പോലെ അട്ടഹാസവുംകൊണ്ടു ഭൂകമ്പനംചെയ്‌വാൻ സന്നദ്ധനെന്നപോലെയാണു വന്നത്. സ്വപ്നസുഖത്തിൽനിന്നു വിരമിച്ച് വിശ്രമിച്ചുകൊണ്ടിരുന്ന വൃദ്ധയും മീനാക്ഷിയും കുപ്പശ്ശാരുടെ ഭാവഭേദത്തിന്റെ കാരണത്തെക്കുറിച്ചു ചോദിച്ചതിന് ഉത്തരമായി അയാൾ രാജ്യക്ളേശങ്ങളിൽനിന്നു പെട്ടെന്നു

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/69&oldid=158566" എന്ന താളിൽനിന്ന് ശേഖരിച്ചത്