താൾ:Dharmaraja.djvu/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ജനിച്ച കുലത്തിൽ കാണുകയാണ്. നിലത്തു വീഴുംമുമ്പെ തുടയ്ക്ക്. ഭൂമിയെക്കൊണ്ടുകൂടി വെറുപ്പിക്കാതെ.”

കേശവൻകുഞ്ഞ്: “വെറുക്കാനും നിരക്കാനും ഒന്നുമില്ലമ്മേ! അച്ഛന്റെ സമ്മതം ഞാൻ വരുത്തിക്കൊള്ളാം. എന്റമ്മയും അമ്മയെപ്പോലെതന്നെ അമ്മാളുക്കുട്ടിയെ തങ്കക്കൊടിയായി വളർത്തിക്കൊള്ളും. ഈ പ്രദേശം നമുക്കു കാണുകേ വേണ്ട. നിങ്ങൾ മൂന്നുപേരെക്കൂടി സുഖമായി പുലർത്താൻ ഞങ്ങൾക്കു വഴിയുണ്ട്”

വൃദ്ധ: (സ്വകുടുംബാഭിമാനഗർവത്തോടുകൂടി) “സ്വത്തിന്റെ കഥ ദൂരെക്കളഞ്ഞേക്ക്. ഞങ്ങൾക്കും വല്ല പൊട്ടും പൊടിയും അരിച്ചു പിറക്കാനുണ്ടാകും. വിഷമം ആ വഴിക്കല്ല. നിന്റെ അച്ഛൻ സമ്മതിച്ചാലും അമ്മാവൻ കേന്ദ്രിക്കും.”

കേശവൻകുഞ്ഞ്: “അമ്മാവന്റെ സ്വത്ത് ഞങ്ങക്കു വേണ്ടെന്നുവച്ചാലോ?”

വൃദ്ധ: “ഞാനും അമ്മാവനെപ്പോലെ തടസ്ഥം ചെയ്യും. ഉടയാമ്പിള്ളയുടെ അഭിപ്രായത്തെ അനുകൂലിക്കേ എനിക്കു നിവൃത്തിയുള്ളു.”

ഈ വാക്കുകൾ, വൃദ്ധ തന്റെ അമ്മാവന്റെ ശ്വശ്രുവാണന്നും, ആ കന്യക മാതുലപുത്രിയാണെന്നും, ആ ശുദ്ധമനസ്കൻ സംശയിച്ചിരുന്നതിനെ സ്ഥിരപ്പെടുത്തി. വൃദ്ധയുടെ വാക്കുകൾ പുറത്തുനിന്നിരുന്ന കുപ്പശ്ശാരുടെ ജീവനാളത്തെ പൊളിച്ചു. അയാൾ അകത്തു കടന്ന്, പല പൊടിപാടുകളും പെടുത്തി. കോപച്ചീറ്റത്തിനിടയിൽ നാസികാരന്ധ്രങ്ങളിൽക്കൂടി ചില രക്തത്തുള്ളികളെ നിലത്തു വീഴിക്കയും ചെയ്തു. തന്റെ ബുദ്ധികൗശലത്താൽ സാധിതപ്രായമായ ഈ വധൂവരന്മാരുടെ ഘടനയിൽനിന്നു സിദ്ധിക്കാൻപോകുന്ന ഗുണങ്ങളെ ശുദ്ധഗതിയാലും കുടുംബഗർവത്താലും തടയുന്ന തന്റെ സ്വാമിനിയുടെ നിർമ്മര്യാദത്തെ കുപ്പശ്ശാർ ഈവിധം ശാസിച്ചപ്പോൾ വൃദ്ധയ്ക്കു സംഗതി മനസ്സിലായി. സ്വകുടുംബഭക്തനായ ഭൃത്യനെ പ്രതിശാസിക്കുന്നതിനോ, അയാളോടു ശണ്ഠയുണ്ടാക്കുന്നതിനോ നിൽക്കാതെ അവർ പരിഭവത്തോടുകൂടി പുറത്തിറങ്ങി തന്റെ ജപസ്ഥലത്തേക്കു തിരിച്ചു. കുപ്പശ്ശാർ മീനാക്ഷിയുടെ ബാഷ്പങ്ങളെ തുടച്ച് തന്റെ ഇംഗിതാനുസരണമായി പ്രവർത്തിച്ചില്ലെങ്കിൽ ആ ബാലികയുടെ നാസാച്ഛേദനം ചെയ്യുമെന്ന് വിനോദഭീഷണി കാട്ടിക്കൊണ്ടും, ‘വിധിർവാ ഗതിർവാ’ വൃദ്ധയേയും ചന്ത്രക്കാറനേയും തോൽപിക്കുന്നതിനു തന്റെ കൈയിൽ ഒരു പരമശക്തിയുണ്ടെന്നുള്ള നാട്യത്തോടുകൂടിയും, കേശവൻകുഞ്ഞിനെ പിടികൂടി ആചമനാദിക്രിയകൾക്കായി കൊണ്ടുപോയി.

യോഗീശ്വരന്റെ എഴുന്നള്ളത്ത് ചിലമ്പിനേത്തു പടിക്കൽ എത്തുന്നതുവരെ മീനാക്ഷിയുടെ സഹവാസസൗഭാഗ്യത്തെ അനുഭവിച്ചുകൊണ്ട് വൃദ്ധയോടു സംഭാഷണം ചെയ്യുന്ന വ്യാജത്തിൽ കേശവൻകുഞ്ഞ് മന്ത്രക്കൂടത്തു താമസിച്ചു. ഘോഷയാത്ര ചിലമ്പിനേത്തടുത്തപ്പോൾ വൃദ്ധയും മീനാക്ഷിയും മന്ത്രക്കൂടത്തു പുറവാതിലിന്റെ പുരോഭാഗത്തു നിന്ന് അതിനെ ദർശിച്ചു. അപ്രതീക്ഷിതമായി യോഗീശ്വരൻ ആ സ്ഥലത്തുതന്നെ ചെന്ന് അവരേയും പൊടുന്നനവെ മറഞ്ഞുകളഞ്ഞ കേശവൻകുഞ്ഞിനേയും കണ്ട കഥകളെ പൂർവ്വാദ്ധ്യായത്തിൽ വർണ്ണിച്ചിട്ടുണ്ടല്ലൊ. യോഗീശ്വരന്റെ നേത്രമാർഗ്ഗത്തിൽ പതിച്ചതിന്റെശേഷം അവിടെ നിൽക്കാതെ ആ യുവാവ് ഒരു ഊടുവഴി തുടർന്ന് ചിലമ്പിനേത്തു വളപ്പിനകത്തു കടന്നു. വൃദ്ധയുടെ ബോധക്ഷയത്തിൽ, മീനാക്ഷിയും കുപ്പശ്ശാരും സഹായികളായി താങ്ങിയപ്പോൾ എങ്ങനെയോ അവർക്ക് ഉണർച്ചയുണ്ടായി. കരനാഥന്മാരുടെയും മറ്റും സഹായത്തോടുകൂടി നാലുകെട്ടിനകത്തു വൃദ്ധ പ്രവേശിപ്പിക്കപ്പെട്ടതിനിടയിൽ, ചന്ത്രക്കാറനും ഉമ്മിണിപ്പിള്ളയും അവനവന്റെ ഗൂഢമായ മത്സരവിചാരങ്ങൾകൊണ്ടു പുറത്തു നിന്നതേയുള്ളു. യോഗീശ്വരൻ ‘വാതൂലവേഗപ്രതിനീയമാനമാം കേതൂന്റെ ചീനാംശൂകമെന്നപോലവെ’ മനസ്സിനെ മന്ത്രക്കൂടത്തു ശേഷിപ്പിച്ചിട്ട്, ശരീരം മാത്രം മുമ്പോട്ടു ഗമിച്ചപോലെ അവിടെനിന്നും പിരിഞ്ഞു.

തന്നെ ബാധിച്ചതു കേവലം വാർദ്ധക്യക്ഷീണമായിരുന്നുവെന്ന് സഹായത്തിനായി വന്ന കരനാഥന്മാരോടും മറ്റും സമാധാനം പറഞ്ഞ് മനഃശക്തിയാൽ മദ്ധ്യവയസ്കയായ നമ്മുടെ

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/68&oldid=158565" എന്ന താളിൽനിന്ന് ശേഖരിച്ചത്