താൾ:Dharmaraja.djvu/67

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മീനാക്ഷി: “അമ്മാളുക്കുട്ടി പോരുണു! അമ്മാളൂചരിതം ആട്ടക്കഥ കെട്ടിയുണ്ടാക്കി ആ വെങ്കിടഭാഗവതരെ പഠിപ്പിച്ചതു മഹായോഗ്യതതന്നെ! അപകടക്കാരനെന്നു കൊടിയുംകെട്ടി നടക്കുന്ന ആളിന്റെ പുറകേ പോരുന്നതിന് വേറെതന്നെ ആളുണ്ടാക്കണം. അത്ര പൊട്ടിയല്ല ഞാൻ.”

കേശവൻകുഞ്ഞ്: “ആട്ടക്കഥയോ? വെങ്കിടഭാഗവതരോ? ഇതിഎന്തു പുതുക്കഥ?"

മീനാക്ഷി: “യേഹെ! കാര്യസ്ഥതനടിച്ചാൽ പോരാ. പ്രവൃത്തിയിൽ അതു കാണണം. നാം വലിയ പരിചയത്തിലാണെന്നും മറ്റും അയാൾക്കെങ്ങനെ മനസ്സിലായി?”

കേശവൻകുഞ്ഞ്: “ആ വിടുവായനെ ഞാൻ കണ്ടതോ കേട്ടതോ? നാം പരിചയമുണ്ടെന്നുതന്നെ അയാളെങ്ങനെ അറിഞ്ഞു?”

മീനാക്ഷി: “നല്ല വിദ്യ! ചോദ്യത്തിനു ചോദ്യം! അയാളിതാ, ഇപ്പോൾ ഇവിടുന്നു പോയതേയുള്ളു. വേണെങ്കിൽ തിരിയെ വരുത്താം. അവിടുത്തെ വലിയ ചങ്ങാതിയും പുലർപ്പനും കൊണ്ടാടനും ആണെന്നു നടിച്ച് ഇന്നലെ രാത്രി മുഴുവൻ ഇവിടെ ഇരട്ടച്ചെണ്ടകൊട്ടിഘോഷിക്കയായിരുന്നു.”

കേശവൻകുഞ്ഞ്: “തിരുവനന്തപുരത്ത്, ആകാശത്തുതന്നെ വിതച്ചാലും ആ വിത്തു വളർന്നു പടർന്ന്, വീടും കുടിയും ഇളക്കെ പൂത്തു ഫലിച്ചേക്കും. അതുകൊണ്ട് അവിടത്തെ താമസം വേണ്ടെന്നു വയ്ക്കാൻ തന്നെ തീർച്ചയാക്കി. ആ മാമനെന്ന പൊണ്ണബ്രാഹ്മണനുമായി എനിക്കെരു കൂട്ടുമില്ല, കെട്ടുമില്ല. അയാളെന്തോ ഇളക്കി; നിങ്ങൾ കേട്ടു രസിച്ചു.”

മീനാക്ഷി: “ഞങ്ങൾക്കു കുറ്റമായോ? അദ്ദേഹം പേരുവിളിച്ചു പറഞ്ഞ്, കണ്ടാലങ്ങനെ—കാര്യത്തിലിങ്ങനെ — എന്നെല്ലാം സ്തുതിച്ചു.”

കേശവൻകുഞ്ഞ്: “എനിക്കതൊന്നും കേൾക്കണ്ട. കളിപറയാതെ കാര്യമായി മറുപടിപറയൂ. കൂടിപ്പോരാൻ സമ്മതമുണ്ടോ?”

മീനാക്ഷി: “‘മന്നവാ ഹോമദ്രവ്യമിവിടെയുണ്ടായ് വരും’ എന്ന് ശകുന്തളയെപ്പോലെ ഞാനും മറുപടി പറഞ്ഞാൽ അവിടുത്തേക്കു സന്തോഷമായിരിക്കാം. എന്നാൽ അവിടുന്നു തന്ന പാഠത്തെ അനുസരിച്ച് ഞാനും പരമാർത്ഥത്തെത്തന്നെ പറയാം. ഞങ്ങൾ വിധികെട്ട വർഗ്ഗമാണ്. അതുകൊണ്ട്, അവിടത്തെ സൗഭാഗ്യത്തിൽ പങ്കുകൊള്ളാൻ ഞങ്ങൾക്കു സംഗതിവരുമോ? ഞങ്ങടെ സ്ഥിതി അങ്ങനെ ഉള്ളതാണ്. അവിടത്തേക്കു ചേരാൻ പാടുള്ളതേ അല്ല—”

ഇത്രയും പറഞ്ഞപ്പോൾ മീനാക്ഷിയുടെ മുഖം കഠിനമായി ചുവന്നും, നേത്രങ്ങളിൽ ചുടുചുടെയുള്ള ലവണജലം പെരുകിയും; ഹൃദയഗാംഭീര്യവും ആത്മസത്വവും ̧ക്ഷീണങ്ങളായും ചമഞ്ഞു. ഇങ്ങനെയുള്ള ഭാവപ്പകർച്ച കണ്ടപ്പോൾ, കേശവൻകുഞ്ഞിന്റെ സാക്ഷാലുള്ള പുരുഷത്വവും സഹനശക്തിയും സ്പഷ്ടമായി പ്രകാശിച്ചു. “വ്യസനിക്കരുത്! ഞാൻ രാവിലെ വന്നു വേണ്ടാസനം പുലമ്പിയതിനെ ക്ഷമിക്കണം. പക്ഷേ, ദൈവഗതി ആരു കണ്ടു, ആരറിഞ്ഞു? നമുക്കു തമ്മില്ല് ചേർച്ച പാടില്ലാത്തവിധം ദോഷം നിങ്ങടെ കുടുംബത്തിനുണ്ടായിരിക്കയില്ലെന്ന് എന്റെ ആത്മാവ് തീർച്ചയായി പറയുന്നു. പിന്നെന്താണു വേണ്ടത്? വലിയമ്മയുടെ സമ്മതം മാത്രം—”

“അതുതന്നേയാണ് വിഷമം കുഞ്ഞേ; നിന്റെ അമ്മാവൻ സമ്മതിച്ചാലും അച്ഛൻ സമ്മതിച്ചാലും, ലോകർക്ക് നിരന്നാലും കാര്യമായില്ല. നിന്നെ കിട്ടുന്നത് ഞങ്ങൾക്കു വലിയ ഭാഗ്യം തന്നെ. എങ്കിലും, നിനക്ക് ആപത്തുണ്ടാകുന്നത് ഞങ്ങൾ ആലോചിക്കണമല്ലോ. ഞങ്ങടെ വഴിക്ക് ഞങ്ങളെ വിട്ടേക്ക്. വിസ്തരിച്ചൊന്നും ചോദിക്കണ്ട!” എന്നു പ്രസംഗിച്ചുകൊണ്ട് നാലുകെട്ടിനകത്തു പ്രവേശിച്ച വൃദ്ധ, മീനാക്ഷിയുടെ അടുത്തുചെന്ന്, ആ ബാലികയുടെ മുഖത്തു സൂക്ഷിച്ചുനോക്കീട്ട് ഹാസ്യമായി ഇങ്ങനെ പറഞ്ഞു. “അല്ലാ! ഇങ്ങനെയും ഒരു കാലം വന്നോ? കഷ്ടം! കാലംതന്നെ ഭേദിച്ചുപോയി. കണ്ണുനീർ ചൊട്ടുന്ന കണ്ണ് ഇന്നാദ്യമായി നീ

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/67&oldid=158564" എന്ന താളിൽനിന്ന് ശേഖരിച്ചത്