താൾ:Dharmaraja.djvu/71

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ന്തെന്നു ചോദിച്ചു. അതിനെ ധിക്കരിച്ച് വികടമറുപടി പറവാൻ വേണ്ട മനഃശക്തി അയാൾക്ക് അപ്പോൾ ശേഷിച്ചിരുന്നില്ല.

കേശവൻകുഞ്ഞ്: “ഞാൻ ഇതാ ഇപ്പോൾത്തന്നെ നന്തിയത്തേക്കു പോകുന്നു. ആകപ്പാടെ സ്ഥിതികളെല്ലാം കേട്ടതിൽ, ഒന്നു കൂടി ചോദിച്ചുകൊണ്ടു പോകണമെന്നു തീർച്ചയാക്കി. നിങ്ങൾക്കു സത്യമുണ്ടെങ്കിൽ —എന്നോടു സ്നേഹമോ മര്യാദയോ ഞാൻ ആവശ്യപ്പെടുന്നില്ല—നിങ്ങൾക്കു സത്യമെന്നൊന്നുണ്ടെങ്കിൽ, ആരെന്നും ഏതു ഭവനക്കാരെന്നും പറയണം. പറയുന്നില്ലെങ്കിൽ വിദ്യാഭ്യാസവും വേണ്ടാ, ചിലമ്പിനേത്തെ അനന്തരത്വവും വേണ്ടാ, അമ്മാളു—നിങ്ങളോട് —ഒരു സായൂജ്യവും വേണ്ടാ.”

വൃദ്ധയും കുപ്പശ്ശാരും പരുങ്ങലിലായി. കുപ്പശ്ശാർക്ക് പരമാർത്ഥത്തെ പറയുന്നതിന് വൃദ്ധയുടെ അനുമതി മാത്രമേ വേണ്ടിയിരുന്നുള്ളു. വൃദ്ധയ്ക്കോ, ചന്ത്രകാറന്റെ അനുമതികൂടാതെ തന്റെ വാസ്തവത്തെ അദ്ദേഹത്തിന്റെ അനന്തരവനെപ്പോലും ധരിപ്പിപ്പാൻ അപ്പോഴത്തെ സ്ഥിതികൾകൊണ്ടു ധൈര്യമുണ്ടായില്ല. എന്നാൽ ആ യുവാവിന്റെ മർക്കടമുഷ്ടി അയാളുടെ അച്ഛന്റെ സ്ഥിരപ്രതിജ്ഞയെ ഓർമ്മിപ്പിച്ചതിനാൽ, അയാളുടെ അപേക്ഷയെ പൊടുന്നനവേ നിഷേധിക്കുന്ന കാര്യത്തിൽ, കഴക്കൂട്ടത്തെ ത്രിപുരസുന്ദരി വലിയമ്മയ്ക്കും “ഒരു ശസ്ത്രാസ്ത്രങ്ങൾ വഴിയെ തോന്നീല”—അതിനാൽ അവർ ഇങ്ങനെയുള്ള സാമവചനങ്ങൾ പ്രയോഗിച്ചുതുടങ്ങി: “ഞങ്ങൾ സ്ത്രീകളെ, എന്റെ കുഞ്ഞിങ്ങനെ ഞെരുക്കുന്നല്ലോ. ഞങ്ങളുടെ സത്യം നിന്റെ അച്ഛനും അമ്മാവനും അറിയാം. അവരോടു ചോദിച്ച് കുഞ്ഞിന് അറിഞ്ഞുകൊള്ളരുതോ?”

കേശവൻകുഞ്ഞ്: “ഇങ്ങനെ ഒഴിയണ്ട. അമ്മാവന്റെ വഴിയൊന്നും എനിക്കു രൂപമില്ല. അച്ഛൻ കഴുത്തു പോയാലും പറകയുമില്ല. ഞാൻ നിങ്ങളെക്കുറിച്ചു പല എഴുത്തും അയച്ചു. നിങ്ങളുടെ കാര്യം സംബന്ധിച്ചുമാത്രം മറുപടികളിൽ ഒരക്ഷരവുമില്ല. മനസ്സാണെങ്കിൽ പറയണം.”

വൃദ്ധ: “ഈ സ്വാമികൾ പോയിക്കഴിയട്ടെ. ചന്ത്രക്കാറനോടു ചോദിച്ചുകൊണ്ട്, അയാളുടെ സമ്മതമില്ലെങ്കിലും പറയാം.” ചന്ത്രക്കാറന്റെ സമ്മതമുണ്ടാവുകയില്ലെന്നു നിശ്ചയമുണ്ടായിരുന്നതു കൊണ്ട്, മുറുകിയ ആയത്തിനു കടവടുക്കണമെന്നു കരുതി കേശവൻകുഞ്ഞ് ഇങ്ങനെ പരുഷം പറഞ്ഞു: “നിങ്ങൾ –ഞാൻ പറയാം യോഗ്യതകളെ—അമ്മാവൻ തന്ന മോതിരം വില്ക്കാൻ എന്നെ വിശ്വസിക്കാം. അതിൽനിന്നുണ്ടായ ബഹളം അറിവാൻ അമ്മാവൻ വേണ്ട— കണ്ട പരദേശികളുടെ കാൽക്കുകുമ്പിടാൻ ഇവൻ വേണം. നിങ്ങളെ കൈവിടാതെ സ്വകാര്യത്തെ രക്ഷിച്ചുകൊള്ളാൻ എനിക്കു സാമർത്ഥ്യമുണ്ട്. നിങ്ങൾ ഏതു കുടുംബമെന്ന് അറിയണമെങ്കിൽ, അവിടെ വെറ്റിലക്കെട്ടുവച്ചു തൊഴണം, ഇവിടെ പതികിടക്കണം, മൂന്നാമതൊരിടത്ത് മൂത്ത കൊഴവനാകണം! കുഞ്ഞുകളിപ്പിക്കാൻ നല്ലതരം കണ്ടു!” (ഇരുന്നിടത്തുനിന്ന് എഴുന്നേറ്റു നെഞ്ചത്തു കൈവച്ചുകൊണ്ട്) “ഇതാ ശ്രീപത്മനാഭനാണ, ഞങ്ങളുടെയും കുലദൈവമായ ചാമുണ്ഡേശ്വരിയാണ—”

വൃദ്ധ കടന്ന് ആ യുവാവിന്റെ സത്യത്തെത്തടഞ്ഞ്, സംഭ്രമം കൊണ്ടുഴന്ന് ഇങ്ങനെ പറഞ്ഞു: “എന്റെ കുഞ്ഞു നില്ക്ക്. എത്രയോ ശുദ്ധൻ നീ! പരമാർത്ഥി! അമ്മാവൻ തന്ന മോതിരമോ? അതിനെക്കാൾ ശ്രീരാമസ്വാമീടെ തിരുവാശി എന്നു പറ. ചന്ത്രക്കാറന്റെ കല്പതിരു തിന്നാൻ കാലം കഴക്കൂട്ടത്തുടയോർക്ക് ഇതുവരെ വന്നിട്ടില്ല അപ്പനെ–ഇനി വരാതെയും പോട്ടെ.”

വേണ്ടതറിഞ്ഞു. അന്നത്തെ സൂര്യാസ്തമനം ബഹുകോടി സൂര്യന്മാർ ഒന്നുചേർന്ന് ഉദയംചെയ്തപോലെ പ്രകാശമുള്ളതെന്നു കേശവൻകുഞ്ഞിനു തോന്നി. വൃദ്ധയ്ക്കു വയസ്സു പതിനാറും മീനാക്ഷിക്കു രണ്ടും മാത്രമേയുള്ളു എന്നും, കുപ്പശ്ശാർ തന്നോടു സമവയസ്കനും തുല്യസുഭഗനും ആണെന്നും മുല്ലബാണവിജയ’വൈജയന്തി’യായ ആ ദിനാന്തത്തിൽ ആ യുവാവിന് ആനന്ദപ്രമാദമുണ്ടായി.

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/71&oldid=158569" എന്ന താളിൽനിന്ന് ശേഖരിച്ചത്