താൾ:Dharmaraja.djvu/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അവസ്ഥാത്രയത്തിലും അദ്ദേഹം തന്റെ ദളവാപീഠത്തെ മനോഭ്യസനം ചെയ്തു. ഉദ്യോഗസ്ഥപ്രധാനന്മാർ അനുഷ്ഠിക്കുന്നതായി കണ്ടിട്ടുള്ള ഉദയസ്നാനാദിദിനചര്യാക്രമങ്ങളേയും വസ്ത്രധാരണസമ്പ്രദായങ്ങളേയും കൈക്കൊണ്ടുതുടങ്ങി. അരാജസങ്ങളായ 'അമ്മണാ'ദി ശബ്ദങ്ങളെ ഉപേക്ഷിച്ച്,രാജസഭാമാന്യമായുള്ള 'അനിയാ'ദി സംസ്കൃതസംബന്ധികളായ പദങ്ങളെ സ്വീകരിച്ച്, സംഭാഷണരീതിയേയും ഒന്നു നവീകരിച്ചു. അദ്ദേഹത്തിന്റെ പരിചിതവർഗ്ഗത്തിന് നിർഭരമായ ആശ്ചര്യത്തെ ഉണ്ടാക്കുമാറ് ഭാര്യാപുത്രാദികളേയും പ്രഭുകുടുംബാംഗങ്ങളായി പെരുമാറുന്നതിന് അവരെ ഉചിതകളാക്കിത്തീർപ്പാൻ തക്കവണ്ണം പരിഷ്കൃതരീതിയിലുള്ള ദിനചര്യാപാഠപദ്ധതികളെ അദ്ധ്യയനം ചെയ്യിച്ചു. രാജ്യഭാരനായകത്വത്തെ വഹിക്കുന്നതിന് ഒരു ചൊല്ലിയാട്ടമായി സങ്കല്പിച്ച്, ഹരിപഞ്ചനാനസൽക്കാരത്തെ ആത്മജീവസർവ്വസ്വദാനത്താലും നിർവഹിപ്പാൻ ചന്ത്രക്കാറൻ ബദ്ധകങ്കണനും ആയി. മുതലെടുപ്പിനെ സർവ്വഥാ പോഷിപ്പിച്ചും ചെലവുഭാഗത്തെ പൂജ്യമായി ശോഷിപ്പിച്ചും നടത്തേണ്ട ജഗജ്ജയമനനത്തെ ഹൃദിസ്ഥിതമാക്കീട്ടുള്ള ചന്ത്രക്കാറമനീഷിക്ക്, ഈ പരീക്ഷ വൃഥാശ്രമമായിരുന്നു. ത്രിമൂർത്തികൾ തന്നെ പ്രത്യക്ഷരായി ശാശ്വതസായൂജ്യമോ അല്പകാലദളവാപദമോ വേണ്ടതെന്നു ചന്ത്രക്കാറനോടു ചോദ്യം ചെയ്തിരുന്നാൽ, ആ ഉദ്യോഗത്തിന്റെ മുദ്രാംഗുലീയവും ഖഡ്ഗവും ധരിപ്പാനുള്ള സൗഭാഗ്യം നൊടിയിടനേരത്തേക്കെങ്കിലും നല്കി അനുഗ്രഹിച്ചാൽ മതിയാകുമെന്ന് നിസ്സംശയമായി അദ്ദേഹം പ്രാർത്ഥിച്ചുപോകുമായിരുന്നു. ഈവിധം മന്ത്രിസ്ഥാനതൃഷ്ണയാൽ എരിപൊരിക്കൊള്ളുന്ന ചന്ത്രക്കാറൻ യോഗീശ്വരാഗനമഹോത്സവത്തെ, 'ഇരയിട്ടാലെ മീൻ പിടിക്കാവൂ' എന്നുള്ള ദാശപ്രമാണത്തെ ആസ്പദമാക്കി, അത്യാഡംബരത്തോടുകൂടിത്തന്നെ ആഘോഷിക്കാൻ സന്നദ്ധനായി.


യോഗീശ്വരന്റെ എതിരേല്പിന് ചിലമ്പിനേത്തുഭവനത്തിൽ നിന്ന് കാൽ കാതം അകലത്തുള്ള ഒരു ജലാശയത്തിന്റെ തീരത്തിൽ അദ്ദേഹത്തിന് രാത്രി പള്ളിയുറക്കത്തിനും തേവാരത്തിനും വേണ്ടപുരകൾ മുതലായതും, ആ സ്ഥലംമുതൽ ഭവനംവരെ അവിടവിടെ തോരണങ്ങൾകൊണ്ട് അലങ്കരിക്കപ്പെട്ട ഒരു വിസ്തൃതമായ നിരത്തും, ഭവനപ്പടിക്കൽ ഗംഭീരമായ മകരതോരണവും, ഭവനവിളപ്പിനകത്ത് സൽക്കാരത്തിനും സദ്യയ്ക്കും വിതാനിക്കപ്പെട്ട നെടുമ്പുരകളും ചന്ത്രക്കാറപ്രഭുവിന്റെ വട്ടക്കണ്ണുകൾ ഒന്നടച്ചുതുറന്നതുകൊണ്ടുമാത്രം പണിതീർന്നു. അലങ്കാരാവശ്യങ്ങൾക്കായി, വാഴക്കുല, കുരുത്തോല, കമുകിൻപൂക്കുല എന്നിവ ദാരിദ്ര്യംകൂടാതെ ശേഖരിക്കപ്പെട്ടിരുന്നതിന്റെ ഫലമായി സമീപവാസികളുടെ ഗൃഹങ്ങളിൽ കുറച്ചുകാലത്തേക്ക് ദാരിദ്ര്യേശ്വരീപ്രതിഷ്ഠാപനവും നിർവ്വഹിക്കപ്പെട്ടു — അതാരറിഞ്ഞു? — ചിലമ്പിനേത്തുഭവനത്തിൽ സംഭരിക്കപ്പെട്ട സസ്യാദിവിഭവങ്ങൾക്കും, ആ ഭവനത്തിലെ അറകളിൽനിന്നും പുറത്തിറക്കപ്പെട്ട പൊൻ, വെള്ളി, വെങ്കലപാത്രങ്ങൾക്കും, ചന്ത്രക്കാറനെ സഹായിപ്പാൻ കൂടിയ പുരുഷാരത്തിനും കണക്കില്ലായിരുന്നു. എന്നാൽ യോഗീശ്വരന്റെ ഭിക്ഷയ്ക്ക് അരിയും, കായ്കറിക്കോപ്പുകളും തൈരും വിറകും മുളകും മറ്റും ഇനത്തിമ്പടി ഇത്രവീതമെന്നും, ഇന്നതിന്നത് ഭരിപ്പാൻ ഇന്നാരിന്നാരെന്നും കാണിച്ചും, അടക്കിബ്ഭരിപ്പാൻ പേർ ചാർത്താതേയും വിവരമായും നിഷ്കർഷാവാചകങ്ങളോടുകൂടിയും ഒരു വരിയോല ഉമ്മിണിപ്പിള്ള തയാറാക്കിയത് "അടക്കിപരിപ്പും പഴവും നീതന്നളിയാ” എന്നുള്ള അഭിപ്രായസമന്വിതം ചന്ത്രക്കാറനാൽ അനുവദിക്കപ്പെട്ടു. മാമാവെങ്കിടൻ മന്ത്രക്കൂടത്തു സംഘത്തിൽവച്ചും മീനാക്ഷീപരിണയത്തിന് വരനിശ്ചയം ചെയ്തുകൊണ്ടിരുന്ന മുഹൂർത്തത്തിൽ, ചിലമ്പിനേത്തു ഭവനത്തിനകത്തു നടന്നുകൊണ്ടിരുന്ന കോലാഹലം അവർണ്ണനീയമായിരുന്നു. തൻകര, അയൽക്കരകളുൾപ്പെട്ട എല്ലാ കരകളിലെ നാഥന്മാരും, ആശാന്മാരും കുറുപ്പന്മാരും—എന്നല്ല, എളിമപ്പെട്ടവരും പലവക തൊഴിലന്മാരും —ഇങ്ങനെ പല പടിക്കാരായി കൂടിയ ശ്രമക്കാരിൽ “പാർത്ഥന്റെ അമ്പുകൊള്ളാതെയില്ലാരും കുരുക്കളിൽ” എന്നു പറയപ്പെട്ടതുപോലെ, ചന്ത്രക്കാറന്റെ ഹസ്തഗദാഗ്രപതനം ഏൽക്കാതെ ആരും തന്നെ ശേഷിച്ചില്ല.


അർദ്ധരാത്രി അടുത്തപ്പോൾ ചന്ത്രക്കാറന്റെ പ്രതിനിധിയായി ഉമ്മിണിപ്പിള്ളയും ഏതാനും കരക്കാരും യോഗീശ്വരനെ എതിരേല്പാനായി മുൻപറഞ്ഞ കുളക്കരയിൽ ഹാജരായി.

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/55&oldid=158551" എന്ന താളിൽനിന്ന് ശേഖരിച്ചത്