അതുവരെ നിർമ്മലനീലിമയോടു പ്രകാശിച്ചിരുന്ന ആകാശപ്പന്തൽ പശ്ചിമസമുദ്രത്തിൽനിന്ന് ഉത്ഥിതങ്ങളായ മേഘപീതാംബരഖണ്ഡങ്ങൾക്കൊണ്ട് സവിശേഷം വിതാനിക്കപ്പെടുന്നു. തങ്ങളുടെ അധോഭൂവിൽ നടക്കുന്ന വിക്രിയകളുടെ പ്രകൃതത്തേയും പരിണാമത്തേയും അറിവാനായി നക്ഷത്രവൃന്ദത്താൽ നിയോഗിക്കപ്പെട്ട ചാരന്മരെന്നപോലെ ചില രൂക്ഷവിദ്യുത്തുകൾ ആ മേഘങ്ങൾക്കിടയിൽക്കൂടി ഇടയ്ക്കിടെ എത്തിനോക്കി മറയുന്നു. ‘നക്ഷത്ര’ പ്രമാണന്മാരായ കഴക്കൂട്ടവാസികളാൽ ആരാധിതനായ ഒരു മഹാന്റെ ആഗമനസന്ദർഭത്തിൽ നക്ഷത്രേശനായ താൻകൂടി ആകാശമദ്ധ്യത്തിൽ നിലകൊള്ളുന്നത് അനുചിതമെന്നു കരുതിയോ, മദ്ധ്യാകാശഗതനായ ചന്ദ്രൻ പടിഞ്ഞാറോട്ടുമാറി മേഘമേൽക്കട്ടിക്കിടയിൽ മറയുന്നു. മേഘശകലങ്ങളിൽ ചിലത് കാർഷ്ണ്യത്തെ അവലംബിച്ചു. ചന്ദ്രികാപ്രകാശം ക്ഷയിച്ചപ്പോൾ, നിശാചാരിത്രധ്വംസകന്മാരായ കാകന്മാർ കർണ്ണാരുന്തുദങ്ങളായ സംക്രന്ദനങ്ങൾകൊണ്ട് തങ്ങളുടെ പ്രേമഗീതത്തെ വിസ്തരിച്ചു തുടങ്ങി. ഈ അധർമ്മവൃത്തിയെ ശാസിക്കുന്നതിനെന്നപോലെ കിഴക്കുള്ള കുന്നുകളുടെ മുകളിൽ ധർമ്മസംരക്ഷകനായ പാകാരിയുടെ ഖഡ്ഗം ഇളകി പ്രകാശിച്ചു. ആകാശമുഖത്തിന്റെ കറുത്ത ഭാവങ്ങളും അകാലകാകധ്വനിയും ഉമ്മിണിപ്പിള്ളപ്രഭൃതികളെ അപശകുനശങ്കാവേശംകൊണ്ട് വലയ്ക്കുന്നതിനിടയിൽ, ദൂരത്തുനിന്ന് മൃദുലമായ മേനാമൂളലുകൾ കേൾക്കുമാറായി. ചന്ത്രക്കാറന്റെ പരിചാരകന്മാർ ദീപയഷ്ടികളും കുറ്റിവിളക്കുകളും കൊടിവിളക്കുകളും ചൊക്കപ്പനകളും കത്തിച്ച് ആ സന്ദർഭത്തെ അമംഗളമാക്കാൻ ശ്രമിച്ച നക്ഷത്രചന്ദ്രാദികളുടെ ദർപ്പത്തെ വിച്ഛേദനംചെയ്തു. ഗജമായന്മാരായ പോണ്ടന്മാരുടെ ചുമലിൽ വഹിക്കപ്പെടുന്ന മേനാവിൽ ആരോഹണംചെയ്ത് ഹരിപഞ്ചാനനസ്വാമികൾ, പല്ലക്ക്, കുട, തഴ, വെഞ്ചാമരാദിസ്ഥാനസാമഗ്രികളോടുകൂടി അവതീർണ്ണനായി. ആ വൃത്താന്തത്തെ അടയാളവെടികളായ വാർത്താവാഹകന്മാർ ചിലമ്പിനേത്തറിയിച്ചു.
നാലാം യാമത്തിന്റെ ആരംഭത്തിൽ യോഗീശ്വരൻ ഗംഗയെ ഉണർത്തി, പള്ളിനീരാട്ടുകഴിച്ച് പള്ളിത്തേവാരത്തിനായി പൂജാമുറിയിൽ പ്രവേശിച്ചു. ആ മുറിക്കകത്തെ അതിനിശ്ശബ്ദത ഉമ്മിണിപ്പിള്ള മുതലായവരുടെ മനസ്സിൽ യോഗീശ്വരന്റെ ഉഭയസമാധിയെ ദർശനംചെയ്‌വാൻ ബലവത്തായ കൗതുകമുണ്ടാക്കി. അവർ വൃദ്ധസിദ്ധപ്രഭൃതികളായ ഗുരുപാദാനുചരന്മാരിൽനിന്ന് പ്രതിബന്ധമൊന്നുംകൂടാതെ പൂജാശാലയ്ക്കകത്തോട്ടു നോക്കാൻ തുനിഞ്ഞു. ചെറിയ ഭഗവതീവിഗ്രഹം വച്ചലങ്കരിക്കപ്പെട്ടിരുന്ന സിംഹാസനവും, അതിന്റെ പുറകിൽ ചില സാമാനങ്ങളും മുമ്പിൽ ചില വസ്ത്രങ്ങളും പൂജാപാത്രങ്ങളും അല്ലാതെ മറ്റൊന്നും അവിടെ കാൺമാനില്ലായിരുന്നു. യോഗീശ്വരന്റെ ജഡജീവങ്ങൾ അവിടെ ആകാശഗമനംചെയ്തിരുന്നതിനാലായിരിക്കാം, അദ്ദേഹത്തിന്റെ സാന്നിദ്ധ്യദർശനം അവർക്കു സാദ്ധ്യമായില്ല. ഉമ്മിണിപ്പിള്ള മുതലായവർ അവിവേകംമൂലം ചെയ്ത പരീക്ഷണത്തെപ്പറ്റി അത്യധികം അനുശോചിച്ചും; ആത്മനാ, അപരാധക്ഷമാപ്രാർത്ഥനകൾ ചെയ്തും, പുറത്തിറങ്ങി നിരുല്ലാസന്മാരായി ദ്വാരപാലവൃത്തിയെ അനുഷ്ഠിച്ചു.
മറ്റുകാലങ്ങളിൽ നിർജ്ജനമായുള്ള ആ പ്രദേശം ഒട്ടുകഴിഞ്ഞപ്പോൾ ജീവജാലനിബിഡമായും, സഞ്ചാരസ്ഥലമില്ലാതെ ശബ്ദഘോഷമുഖരിതമായും തീർന്നു. ചന്ത്രക്കാറന്റെ ഉത്സാഹവിലാസത്തോടുകൂടിയ ഗർജ്ജിതാജ്ഞകൾ സകല ചേഷ്ടകൾക്കും ധ്വനികൾക്കും ഉപരിയായി മുഴങ്ങിത്തുടങ്ങി. കളപ്രാക്കോട്ടയിൽ വൈഷ്ണവ ഹരിപഞ്ചാനനന്റെ തിരസ്കൃതിയെ സമാരാധനംചെയ്ത സൂര്യകിരണങ്ങൾ തന്നെ കഴക്കൂട്ടത്തെ ജലാശയതീരത്തിൽ കാഷായാംബരധരനായ ശൈവഹരിപഞ്ചാനനന്റെ ആവിർഭാവത്തേയും സമാരാധനം ചെയ്തു. തൃശ്ശിവപേരൂർ, ആറാട്ടുപുഴ എന്നീ സ്ഥലങ്ങളിലെ പൂരപ്പൊടിപൂരത്തേയും ജയിച്ച്, അണിവെടികൾ ഏകനിനാദമായിത്തീർന്ന്, പടിഞ്ഞാറ് സമുദ്രതരംഗനിരയിലും കിഴക്ക് പർവതശ്രേണിയിലും പ്രതിദ്ധ്വനിച്ചു. ബ്രഹ്മാണ്ഡകടാഹഭേദകമായുള്ള ആ ഭീഷണരവത്തേയും ജയിച്ച്, “ജയശങ്കര! ജയഗോവിന്ദ! ജയജഗദംബികേ!” എന്ന് മാമാവെങ്കിടന്റെ പുറപ്പാടുകൊണ്ട് പ്രേരിതന്മാരായി ഭക്ഷണപ്രതിഗ്രഹലോലുപന്മാരായി എത്തിയിരിക്കുന്ന ബ്രാഹ്മണർ കീർത്തിക്കുന്ന കോലാഹലവും, യോഗീശ്വരന്റെ സ്വന്തവും ചന്ത്രക്കാറനാൽ ഏർപ്പാടുചെയ്യപ്പെട്ടതുമായ നഗരാനാഗസ്വരാദിവാദ്യങ്ങളുടെ ഘോഷവും സാമാന്യജനങ്ങളുടെ ആർപ്പുവിളികളും പെണ്ണുങ്ങ