Jump to content

താൾ:Dharmaraja.djvu/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യോഗീശ്വരന്റെ പ്രാർത്ഥനാനുസാരമായുള്ള സംഭാരങ്ങളെ ശേഖരിക്കേണ്ടതിനെ സംബന്ധിച്ച് ഭാര്യയോടു തമ്പി ആലോചന തുടങ്ങിയപ്പോൾ ദാമ്പത്യപ്രണയത്തെ അതിക്രമിച്ചുള്ള ഒരു കലഹവാദം അവർ തമ്മിലുണ്ടായി. അതുകൊണ്ടും അന്നത്തെ അനർത്ഥം അവസാനിച്ചില്ല. ഹരിപഞ്ചാനനമഹാത്മാവിന്റെ ദൂരദർശനം ക്ഷിപ്രഫലപ്രാപ്തമായതുപോലെ, തന്റെ ഭാര്യാസഹോദരന്റെ ഒരു എഴുത്ത് ഏഴുനാഴിക പുലർന്നപ്പോൾ തമ്പിയുടെ കൈയിൽ കിട്ടി. ഭവനം വിട്ടുപോയ ബാലന്റെ സ്ഥാനംവഹിച്ചിരുന്ന പരപ്പൻ ചട്ടമ്പിയെ ഉടനെ വരുത്തി അയാളെക്കൊണ്ട് എഴുത്തിനെ വായിപ്പിച്ചു.

“തലവർകുളത്തിലിരിക്കും കണക്കു തമ്പി ചെമ്പകരാമൻ അയ്യപ്പൻ കാര്യം—മച്ചമ്പി ബോധിക്കുംപടിക്ക്” എന്നു തുടങ്ങി, “വലിയക്കാള് കുഞ്ഞുങ്ങൾക്ക് കൊടുപ്പാനുണ്ടാക്കിയ ചീടകലം ഒന്നും രാമയ്യൻ കയ്യാലയയ്ക്കണ” തായും “തിരുവനന്തപുരത്തൂന്ന് കുമാരൻതമ്പി ജെണ്ട്റാളമ്മാവന്റെ ഒരു എഴുത്തു വന്നു വായിച്ചു കേട്ടതിൽ കളപ്രാക്കോട്ടയിൽ കുശ്ശാണ്ടങ്ങളും പണ്ടത്തെ എട്ടുവീട്ടുക്കൂട്ടത്തിന്റെ കൊഴാമറിച്ചിലുകളും മച്ചമ്പി തുടങ്ങിയിരിക്കുന്നതായും അച്ചെയ്തികൾ തിരുമനസ്സറിയുമ്പം വലിയ പൊല്ലായ്മകൾ വന്നു ചേരും” എന്നും മറ്റുമുള്ള അവസ്ഥകളെപ്പേരും, “മേലങ്കോട്ടമ്മതുണ” ഉൾപ്പെടെ, രണ്ടാംമുണ്ടിനെ തലയിൽ കെട്ടി, നിവർന്ന് ഒട്ടുവളഞ്ഞുനിന്നുകൊണ്ട് ‘സാധനരാഗത്തിൽ’ ശ്വാസംവിടാതെ, പരപ്പൻപിള്ള കളപ്രാക്കോട്ട കച്ചേരിക്കു ചേർന്നതായ അന്തസ്സോടു കൂടി വായിച്ചുകേൾപ്പിച്ചുവയ്ക്കുകയും ചെയ്തു.

എഴുത്തുവായന അവസാനിച്ചപ്പോൾ തമ്പിയും അരത്തമപ്പിള്ളത്തങ്കച്ചിയും മുഖത്തോടുമുഖം നോക്കി. തന്റെ സഹോദരന്റെ എഴുത്തിൽ അന്തർഭവിച്ച ഗുണദോഷം സ്വീകാര്യമായുള്ളതെന്നും അതിനു വിപരീതമായുള്ള പ്രവൃത്തി നാശഹേതുകമെന്നും ആ ഗുണവതി ഗുണദോഷിച്ചു. “ഓഹോ! വരണതെല്ലാം വരട്ടെ. ഞാനറിഞ്ഞ കാര്യം തന്നെ ചെണ്ട്റാളമ്മാവ്വന്റെയും കിണ്ട്റാളപ്പൂപ്പന്റെയും കണ്ണുകടിക്കൊഴാമറിച്ചിലിന് ആടണമെങ്കിൽ കോട്ടയിത്തമ്പി കുലംമാറിപ്പുറക്കണം” എന്നു പറഞ്ഞ് ഉള്ളിലുണ്ടായ ചാഞ്ചല്യത്തെ മറച്ചുകൊണ്ട് തമ്പി ചിരിച്ചുകളഞ്ഞു.

അദ്ധ്യായം ഏഴ്


“പാരപ്പെട്ടമരത്തിലിരുന്തല്ലൊ
പല്ലി വന്ത് വലംതോളിലെ വീഴ–
തൊട്ടതൊട്ട കുറിപലം പൊല്ലാതെ
തോകയർതാനും മാഴ്കുതെ, . . . . . . ”


കൈലാസോദ്ധാരണമായ അഹങ്കാരക്രിയയ്ക്ക് ചന്ദ്രഹാസഖഡ്ഗം വിശ്രവസ്സിന്റെ ദ്വിതീയപുത്രനു സംഭാവനയായി കിട്ടി. ആ വീരാഗ്രഗണ്യന്റെ ആത്മഹത്യാശ്രമം അക്ഷയദശകണ്ഠത്വം കൊണ്ട് അനുഗ്രഹിക്കപ്പെട്ടു. ഇങ്ങനെ ക്രിയയ്ക്കും ഫലത്തിനും തമ്മിലുള്ള വിരുദ്ധതകൊണ്ട് ദൈവജ്ഞാധീനന്മാരല്ലാത്ത ഒരുകൂട്ടം പരാക്രമികൾ ലോകത്തിൽ വിജയിക്കുന്നുണ്ടെന്നു മനുഷ്യാനുഭവത്തിൽ കാണപ്പെടുന്നു. ഈ വക ജേതാക്കളുടെ മണ്ഡലത്തിൽ ഒരു സ്ഥാനത്തിനു നമ്മുടെ ചന്ത്രക്കാറനും അവകാശമുണ്ടായിരുന്നു. തന്റെ സങ്കല്പമാത്രം കൊണ്ടു സ്ഥലകാലദൂരതകളെ വിച്ഛേദിക്കാൻ മതിയാകുമായിരുന്ന അധികാരബലം അദ്ദേഹത്തിനും അധീനമായിരുന്നു. എങ്കിലും, ചില ഒരുക്കങ്ങൾ ചെയ്‌വാനും മഴയും മഞ്ഞും മാറിയുള്ള അവസരത്തെ പ്രതീക്ഷിച്ചും, ഹരിപഞ്ചാനനസൽക്കാര മഹോത്സവത്തെ ഫാൽഗുനമാസത്തേക്കു മാറ്റിവച്ചു. ആ യോഗീശ്വരനുമായുണ്ടായ സന്ദർശനം കഴിഞ്ഞു മടങ്ങിയതിന്റെശേഷം ചന്ത്രക്കാറന്റെ ഭാവത്തിനു വളരെ പകർച്ചയുണ്ടായി. ജീവലോകസഹജമായുള്ള

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/54&oldid=158550" എന്ന താളിൽനിന്ന് ശേഖരിച്ചത്