Jump to content

താൾ:Dharmaraja.djvu/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യോഗീശ്വരൻ: “അതിലൊന്നുമില്ല. ക്ഷണംകൊണ്ട് അങ്ങോട്ടും എത്തിക്കഴിയും. തമ്പി മറിച്ചുപറയൂല്ല എന്നു നമുക്കു വിശ്വാസമുണ്ടായിരുന്നു. കാര്യം മഹാകാര്യവും അടിയന്ത്രവുമാകകൊണ്ടാണ് നാം തന്നെ പുറപ്പെട്ടത്. ആവോ! വിഷമം! വല്യ ആപത്തു വന്നടുക്കുന്നു. നാടൊട്ടൊക്കു നമുക്ക് അനുകൂലമുണ്ട്. എങ്കിലും നീതന്നെയാണ് നമുക്ക് വലംകൈയായി നില്ക്കേണ്ടത്.” (യോഗീശ്വരൻ ഒരു മഹാമന്ത്രകീർത്തനം ചെയ്തു) “സത്യലോകസുഖവും മായാലോകസുഖവും രണ്ടുതന്നെയാണ്. അനുഭവിച്ചേ അറിയാവൂ.” (തമ്പി തല വളരെ താഴ്ത്തി ഈ അഭിപ്രായത്തെ സമ്മതിച്ചു) “നീ ശരിക്കു നിന്നാൽ എല്ലാം ശുഭം. ധ്യാനങ്ങളെല്ലാം ശരിയായി നടക്കുന്നില്ലേ?”

തമ്പി: “ഒരു മുറയും പടിയും തെറ്റാതെ എല്ലാം തിരുവടിച്ചെൽവംകൊണ്ടു നടക്കുണു.”

യോഗീശ്വരൻ: “ഐശ്വര്യം വർദ്ധിക്കും. എന്നാൽ പറഞ്ഞതൊക്കെ ശട്ടംചെയ്തേക്കണം —കേട്ടോ?”

തമ്പി: “അടിയൻ! അടിയൻ! തിരുവരുളിന് ഇമ്മി കുറവുവരാതെല്ലാം വിടകൊണ്ടു തൃപ്പാദം ചേർത്തുകൊള്ളാം.”

യോഗീശ്വരൻ: “ഒന്നറിഞ്ഞിരിക്കട്ടെ. ചില ഭേഷജങ്ങളും ഭീഷണങ്ങളും ഇതിനിടയിൽ ഇളകിയേക്കും." ഈ ഉപദേശത്തിലെ ‘ഭ’കാരം ചേർന്നുള്ള പദങ്ങളുടെ അർത്ഥം തമ്പിയുടെ ബുദ്ധിക്ക് എത്താൻ അധികം ദൂരത്തായിരുന്നെങ്കിലും, താനും കേട്ടിരുന്ന ചില ശ്രുതികളുടെ ഓർമ്മയാൽ കാര്യം ഒരുവിധം മനസ്സിലായി. അദ്ദേഹത്തിന്റെ മുഖകാർഷ്ണ്യം ഒന്നു വർദ്ധിച്ചു. യോഗീശ്വരൻ പാമ്പിനെ ആടിക്കുംവണ്ണം കൈയുയർത്തി വിടുർത്തി സാവധാനത്തിൽ ആകാശത്തെ തലോടി. അദ്ദേഹത്തിന്റെ കരുണാപ്രചുരിമ പരമലോലമനസ്കനായ തമ്പിയുടെ ആത്മസത്വത്തെ വർദ്ധിപ്പിച്ചു. (തമ്പിയെ അടുത്തുവിളിച്ച് അദ്ദേഹത്തിന്റെ കരത്തെ അമർത്തിക്കൊണ്ട്) “ഒന്നു കൊണ്ടും ഇളകി ജാള്യം കാട്ടിപ്പോകരുത്! ഒട്ടൊരു കഷ്ടത വന്നാൽ വരട്ടെ! അതു പിന്നത്തെ ശ്രയസ്സിനെ ഇരട്ടിയാക്കും. നമ്മെ നന്നെവിശ്വസിച്ചുകൊള്ളു. അലസരുത്!”

മഹാഗോപുരാന്തസ്ഥമായ കൂപഗർഭത്തിൽനിന്ന് പ്രതിധ്വനി മുഴക്കത്തോടുകൂടി പുറപ്പെടുന്ന ശബ്ദത്തിലുണ്ടായ യോഗീശ്വരന്റെ അരുളപ്പാടിന്, ‘അടിയൻ അടിയൻ’ എന്ന് ആവർത്തിച്ചു മറുപടി പറവാൻമാത്രം തമ്പി ശക്തനായിരുന്നു. കാഷായവസ്ത്രഗ്രസിതമായിരുന്ന ഹസ്തദണ്ഡത്തെ യോഗീശ്വരൻ പുറത്തുനീട്ടി, കനകപ്രഭമായുള്ള അദ്ദേഹത്തിന്റെ കരത്തിൽ നീലമരതകവർണ്ണമായുള്ള ഒരു ചെറിയ സർപ്പം കടകമായി ബന്ധിക്കപ്പെട്ടിരുന്നതിനെ കാട്ടി നേത്രാഞ്ചലംകൊണ്ട് ഒരു കല്പനകൊടുത്തു. ഫണത്തെ ഉയർത്തി വിടുർത്തി, കൃഷ്ണമണികളെ സ്ഫുരിപ്പിച്ച്, ജിഹ്വദ്വന്ദ്വത്തെ ചലിപ്പിച്ച്, യോഗീശ്വരരഹിതത്തിനെ അനുകരിച്ചു സ്ഥിതിചെയ്തിരുന്ന സർപ്പത്തിന്റെ തലയിൽ ഞരമ്പിളക്കലേശംകൂടാതെ തമ്പി കരംകൊണ്ട് തലോടി സത്യദാനം ചെയ്തു. സാക്ഷാൽ വൈഷ്ണവമായ ശാന്തതാപൂരത്താൽ രക്ഷാധർമ്മം സ്ഫുരിച്ചുകൊണ്ടിരുന്ന മുഖത്തിൽ ഏതാനുംഭാഗം ആച്ഛാദനംചെയ്തിരുന്ന ഭസ്മത്തെ രണ്ടു കൈകളാലും തുടച്ച്, യോഗീശ്വരൻ തമ്പിയെ അനുഗ്രഹിച്ച്, ആലിംഗനംചെയ്തു. കരുണാസ്ത്രംകൊണ്ട് ക്ഷിപ്രം പരാജിതനാക്കപ്പെടാവുന്ന തമ്പി ആനന്ദബാഷ്പം ചൊരിഞ്ഞു. അദ്ദേഹത്തിന്റെ ശരീരം വിറച്ച് ആനന്ദാബ്ധിയിൽ മുങ്ങി ഒട്ടൊന്നു മയങ്ങി. അതിൽനിന്നുണർന്നപ്പോൾ യോഗീശ്വരൻ അപ്രത്യക്ഷനായിരുന്നു. തമ്പി യോഗീശ്വരൻ ഇരുന്നിരുന്ന പുലിത്തോലിനെ തൊട്ടു കണ്ണുകളിൽവച്ചുതാണുതൊഴുതു. തമ്പിയുടെ ചില ആക്രോശനങ്ങൾ കേട്ട് ഭാര്യയും ഭൃത്യരും എത്തി. അവിടെ നടന്നതിൽ ഗോപനീയമല്ലെന്നു തമ്പിക്കു തോന്നി പുറത്തു പറയപ്പെട്ട കഥകളെക്കേട്ട്, എല്ലാവരും വിസ്മയിച്ചു. പരംജ്യോതിസ്സിന്റെ ലീലാഭേദമെന്നു മറ്റുള്ളവരും, സ്വർഗ്ഗവാസം കൊണ്ടു സിദ്ധിച്ച ശക്തിയുടെ പ്രദർശനമെന്നു തമ്പിയും മനസ്സുകൊണ്ടു തീർച്ചപ്പെടുത്തി. അങ്ങനെയുള്ള ആശ്ചര്യസംഭവത്തിന്റെ സാക്ഷിയാവാൻ സഹ്യപർവതത്തിന്റെ മകുടാലങ്കാരമായി ബാലഭാസ്കരബിംബം പ്രകാശിച്ചുതുടങ്ങി.

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/53&oldid=158549" എന്ന താളിൽനിന്ന് ശേഖരിച്ചത്