താൾ:Dharmaraja.djvu/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

തമ്പി ദന്തധാവനാദി ശരീരശുദ്ധിക്രിയകൾ ചെയ്ത്, ഭസ്മവും രുദ്രാക്ഷമാലയും ധരിച്ച്, വസ്ത്രവും മാറി പൂമുഖത്ത് എത്തി ദൂരെ മാറിനിന്ന് തല നിലത്തു മുട്ടുമാറ് അനേകം കുറുന്തൊഴലുകൾ ഇടകലർന്നുള്ള നെടുംതൊഴലുകൾ മൂന്നും ഹൃദയപുരസ്സരം കഴിച്ചു. ഭൃത്യന്മാരുടെ ഉത്സാഹൗദാര്യങ്ങളാൽ അവിടെ കൊണ്ടുവയ്ക്കപ്പെട്ടിരുന്ന ദീപങ്ങളുടെ പ്രഭയ്ക്കിടയിൽ ഹരിപഞ്ചാനനയോഗീശ്വരൻ പ്രാണായാമക്രിയാമദ്ധ്യസ്ഥനായി, സംവിന്മയസുവർണ്ണവിഗ്രഹനായി സ്ഥിതിചെയ്യുന്നതു കാണപ്പെട്ടു. അതികായനായ തമ്പിയുടെ പ്രണാമസാഹസങ്ങൾ സ്വാമികളുടെ സമാധിബന്ധത്തെ ധ്വംസിച്ചു. സമൃദ്ധമായ ചന്ദനലേപനത്താൽ ജടിലമാക്കപ്പെട്ട മീശയെ തലോടിക്കൊണ്ട്, വൈഷ്ണവദ്യുതിമാനായ യോഗീശ്വരൻ, വിശ്വാകൃതി ദർശനത്തെ നല്കുവാനെന്നവണ്ണം ഉത്ഥാനംചെയ്തു. ഭവബന്ധമോചകമായ ആ പുണ്യലബ്ധിക്കായി തമ്പി അതിദൂരത്തു മാറി വാ പൊത്തി ഓച്ഛാനഭാവത്തിൽ തന്റെ ശരീരപുഷ്ടിക്ക് അതിവിഷമമായ മുന്നോട്ടുള്ള അവനമനത്തെ അവലംഘിച്ചുനിന്നു. യോഗീശ്വരൻ സഹജമായുള്ള കരുണാവീക്ഷണംകൊണ്ടല്ല, മഹാപ്രഭുക്കൾക്ക് ഉചിതവും ഗംഭീരവുമായ ശിരഃകമ്പനത്താൽ തമ്പിയെ ആദരിച്ചു. ചന്ത്രക്കാറന്റെ ഭവനത്തിലെ സാമാന്യസ്ഥിതിപോലെ യോഗീന്ദ്രാവിർഭാവം കൊണ്ട് കുഞ്ചുത്തമ്പിയുടെ ഭവനവും ഭൃത്യസഞ്ചാരവിഹീനമാക്കപ്പെട്ടു. ഏഴെട്ടുചുവടു പുറകിൽ കുഞ്ചുത്തമ്പിയാൽ പരിസേവിതനായി യോഗിരാജൻ അറപ്പുരയ്ക്കകത്തുകടന്ന് ശാർദ്ദൂലചർമ്മത്തിന്മേൽ ഒരു യോഗാസനത്തെ കൈക്കൊണ്ടിരുന്നു. താഴത്തു തിണ്ണയിൽ തെക്കുകിഴക്കു മാറി പൂർവവൽ അത്യാദരഭാവത്തോടുകൂടി തമ്പി നിലയും ഉറപ്പിച്ചു. രാജസകാന്തിയും ശാന്തതേജസ്സും ഇടകലർന്നുള്ള യോഗീശ്വരമുഖം തമ്പിയുടെ സന്നിധിയിൽ ആനക്കഴുത്തിൽ എഴുന്നള്ളിപ്പാൻ ഒരുക്കപ്പെട്ട പ്രഭാമധ്യസ്ഥമായ ബിംബംപോലെ ശോഭിച്ചു. അദ്ദേഹത്തിന്റെ ശബ്ദധാടിയിലും ശരീരപുഷ്ടിപ്രഭകളിലും ഉദയവേളയിൽ ഇതരജീവജാലങ്ങൾക്കു നിശാവിശ്രമത്താൽ സിദ്ധിച്ചിട്ടുള്ള അഭിനവചൈതന്യം പ്രത്യക്ഷമായിരുന്നു. എന്നാൽ ഹരിപഞ്ചാനനന്റെ സാക്ഷാൽ പ്രകൃതമായുള്ള പഞ്ചാനനത്വം ആ സന്ദർഭത്തിൽ ദൃശ്യമായിരുന്നില്ല.

ബഹുപരിവാരസമേതനായി എഴുന്നള്ളുന്ന ഗുരുരാജതീർത്ഥപാദർ അന്നേദിവസം സ്വസേവ്യനായിത്തന്നെ എഴുന്നള്ളിയിരിക്കുന്നതിനെ വിചാരിച്ച്, ആ ആഗമനത്തിന് എന്തോ ഗൗരവമേറിയ കാരണമുണ്ടായിരിക്കുമെന്ന് തമ്പി ശങ്കിച്ചു. യോഗീശ്വരൻ തമ്പിയേയും കുടുംബത്തേയും ഗൃഹത്തേയും മിത്രങ്ങളേയും രാജനാമത്തെ സംഘടിപ്പിക്കാതെ രാജ്യത്തേയും യഥാവിധി അനുഗ്രഹിച്ചു. ഭാര്യാസന്താനങ്ങളുടെ കുശലങ്ങളെപ്പറ്റി കൃപാർദ്രമനസ്കനായി അനേകം പ്രശ്നങ്ങൾ ചെയ്തു. അനന്തരം തമ്പിയുടെ മുഖത്തു നോക്കിക്കൊണ്ട് പ്രശാന്തനിശ്ശബ്ദതയോട് സ്ഥിതിചെയ്തു. തമ്പി കൈകൂപ്പി കുറച്ച് അടുത്തണഞ്ഞ് മനസ്സങ്കോചത്തോടുകൂടി ഇങ്ങനെ ഗൃഹഹനായകന്റെ നിലയിൽ സംഭാഷണഭാരത്തെ വഹിച്ചു: “ഇന്ന് എഴുന്നള്ളിയിരിക്കണത് തിരുമനസ്സിൽ എന്തോ വെമ്പലുകൊണ്ടിട്ടാണെന്ന് അടിയന്റെ പഴമനസ്സിൽ തോന്നുന്നു. കല്പന എന്തായാലും കൈക്കുറ്റപ്പാടു ചെയ്‌വാൻ അടിയൻ കാത്തിരിക്കുണു. കുപ്പപ്പാട്, കിടാത്തങ്ങളടക്കം തൃപ്പാദം ചേർന്നത്. തിരുവടികളുടെ തിരുവുള്ളം അരുളിച്ചെയ്യണം.”

യോഗീശ്വരൻ: “നീ തമ്പി മാത്രമല്ല, നമുക്കും രാജ്യത്തിനും പെരിയ നമ്പിയാണ്. അപ്പന്മാർ കഥയില്ലാത്ത ഉണ്ണികൾ, ഈ തറവാട്ടിന്റെ മഹിമയെ അറിഞ്ഞില്ല. ആട്ടെ, നാംതന്നെ എല്ലാം ശരിയാക്കാം. നമ്മുടെ ആൾ ഒന്നുവരും. അന്നു നീ തിരുവനന്തപുരത്തേക്കു തിരിക്കണം. നിന്റെ ആൾക്കാരെയെല്ലാം ശരിയേ തയ്യാറാക്കിക്കൊള്ളണം. ഒരു രണ്ടായിരപ്പറ നെല്ല് കുത്തിച്ചു തിരുവനന്തപുരത്ത് അളവും തരണം. മൂവായിരം രാശിയും മുമ്പേറെടുക്കണം. കടമായിട്ടേ വേണ്ടു. സമ്മാനമായി ഒന്നും വേണ്ട. കണക്കിനു പലിശയോടുകൂടി മടക്കിത്തരാം. അല്ലെങ്കിൽ തക്കഗുണവും അനുഭവവും കാട്ടിത്തരാം. എന്താ—തമ്പി ആലോചിക്കുന്നത്?”

തമ്പി: “പൊന്നുതിരുവടികളുടെ കല്‌പനയുണ്ടായാൽ അടിയത്തുങ്ങൾക്ക് പഴമനസ്സിൽ ആലോചന എന്ത്? ഇതിന് ഇങ്ങനെ പാടുപെട്ട് എഴുന്നള്ളിയത് പോരായ്മക്കേടായി എന്നു പഴമനസ്സുറവുകൊണ്ടതാണ്.”

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/52&oldid=158548" എന്ന താളിൽനിന്ന് ശേഖരിച്ചത്