താൾ:Dharmaraja.djvu/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നേർക്ക് അർപ്പിക്കുകയും ചെയ്തു. ആ സംഘത്തിന്റെ പരമാർത്ഥസ്ഥിതിയെ ഉമ്മിണിപ്പിള്ള പരസ്യംചെയ്തേക്കാമെന്നുള്ള ശങ്കകൊണ്ട് അടുത്ത ദിവസത്തെ ആഘോഷങ്ങളിൽ അവർ ചേരുന്നില്ലെന്നും, തങ്ങളുടെ ഭവനപ്പടിക്കൽ നിന്ന് അനുഗ്രഹദാതാവായുള്ള മഹായോഗിയെ സന്ദർശനംചെയ്തുകൊള്ളാമെന്നും, ചന്ത്രക്കാറന്റെ അപേക്ഷപ്രകാരം വേഷംഭേദംചെയ്യാതെ ആ സന്ദർശനം നിർവ്വഹിക്കണമെന്നും അവർ തീർച്ചയാക്കി. മൂന്നാമത്തെ നിശ്ചയം ഏറ്റവും നിസ്സാരമെങ്കിലും ലോകത്തിൽ ചില നിസ്സാരസംഭവങ്ങൾ അതിന്റെ മഹാഗതിയെ നിയന്ത്രണംചെയ്യുന്നവണ്ണം, ആ നിശ്ചയം ഈ ചരിത്രത്തിന്റെ ഗതിയിൽ സാരമായവിധത്തിൽ പ്രവർത്തിച്ചു.

സന്ധ്യയോടടുക്കുന്നതുവരെയുള്ള അന്നത്തെ ദിവസശിഷ്ടം ആ ഭവനത്തിലുള്ളവർക്കു ചിന്താമേഘച്ഛന്നമായിത്തന്നെ കഴിഞ്ഞു. ആ സംഘത്തിന്റെ പൂർവ്വഗാമിയായി ആ ഭവനത്തിൽ താമസിച്ചിരുന്ന ഉഗ്രമന്ത്രോപാസകൻ ആരാധനചെയ്തതിൽ അവിടത്തെ ആകാശത്തിൽ പ്രസരംചെയ്ത ശേഷിക്കുന്ന ആത്മാരാധനാബിന്ദുക്കളും, അന്യനേത്രഗോചരമാകാതെ പടിഞ്ഞാറേക്കെട്ടിനകത്തു പൂർവ്വപൂജാവാഹനാദിക്രിയകൾകൊണ്ടു സാക്ഷാൽക്കരിക്കപ്പെട്ടു സ്ഥിതിചെയ്യുന്ന വിഗ്രഹങ്ങളും ദൗഹിത്രിയെ എങ്കിലും രക്ഷിക്കട്ടെ എന്നു വൃദ്ധ അവകാശബോധത്തോടുകൂടി അന്തരാത്മനാ പ്രാർത്ഥിച്ചു. ഹൃദയാന്തർന്നാളം തപിച്ചുണ്ടായ ആ പ്രാർത്ഥന ഉടൻതന്നെ ഫലോന്മുഖമായി കാണപ്പെടുകയും ചെയ്തു.

അന്നസ്തമയത്തിനു കുറച്ചുമുമ്പായി പരിചിതസ്വരത്തിലല്ലാതെ ഒരാൾ പടിവാതുക്കൽ വിളിച്ച്, വാതലിന്റെ ചുഴുകുറ്റി ഇളകുമാറു മുട്ടിത്തോറ്റിട്ട് ഉറക്കെ ആ ദിക്കിനെത്തന്നെ പഴിപറഞ്ഞു തുടങ്ങി. ആ സന്ദർഭത്തിൽ മുറ്റത്തു വ്യായാമത്തിനായി നടന്നുകൊണ്ടിരുന്ന വൃദ്ധ ആ കലുഷവാക്കുകളെ കേട്ടു ചെവി കൊടുത്തു സൂക്ഷിച്ചതിൽ, അതുകൾ ഒരു ബ്രാഹ്മണന്റെ കോപജല്പനങ്ങളാണെന്നു മനസ്സിലാക്കി, തന്റെ ഭൃത്യനെ വിളിച്ചു വാതിൽ തുറക്കാൻ ചട്ടം കെട്ടീട്ട് നാലുകെട്ടിലേക്കു തിരിച്ചു. വാതിൽ തുറന്നപ്പോൾ ഉണ്ടായ പ്രവേശനം വെങ്കിടേശ്വരഭീമസേനയ്യരുടേതായിരുന്നു. കുപ്പശ്ശാർ വാതിലിനെ പിന്നെയും ബന്ധിച്ചു. ചിലമ്പിനേത്തു നടക്കുന്ന കോലാഹലങ്ങൾക്കിടയിൽ സുഖനിദ്രയ്ക്കു സൗകര്യമില്ലെന്നുള്ള ആലോചനയാൽ അവിടെനിന്നു പോന്ന്, ഈ പറമ്പിനകത്തു കടന്ന മാമാവെങ്കിടനും ഭൃത്യനും പരസ്പരം ഒരു മുഖപരിശോധന കഴിച്ചു. ഭൃത്യന്റെ ആകൃതി ഒരിക്കൽ കണ്ടാൽ വിസ്മരിച്ചുപോകുന്നതല്ലാത്തതിനാൽ, മാമാവെങ്കിടൻ തന്റെ നിയമപ്രകാരമുള്ള സ്വാതന്ത്ര്യസംബോധനയിൽ തുടങ്ങി: “അടേ അഷ്ടവക്രാ! ” എന്നു പറഞ്ഞ് അർദ്ധോക്തിയിൽ വിരമിച്ച്, അല്പം കുഴങ്ങിനിന്നു എങ്കിലും, പിന്നേയും വിനോദത്തെത്തന്നെ തുടർന്നു: “ഉന്നെ അപഹസിച്ചാക്കാൽ കബന്ധനായിടുമോ? ശപിച്ചൂടാതുമണ്ണാ! വെങ്കിടിയെ മറന്തുട്ടിയാ? ശിന്നവെങ്കിടിയെ? ചുക്കുച്ചുക്കുക്കുവാറയാ?” അവസാനത്തിലെ ചോദ്യംകേട്ടു കുപ്പശ്ശാർക്കു മാമാവെങ്കിടനെ മനസ്സിലായി. ആ ഭൃത്യന്റെ ഏകനേത്രം വർഷിച്ച് അശ്രുപ്രവാഹം അയാളെ ഒരു സന്ധ്യാസ്നാനം കഴിപ്പിച്ചു. ബ്രാഹ്മണനെ പിടിച്ചുകൊണ്ടു സ്വല്പം തെക്കുമാറി അനുനാസികപ്രചുരമായ അയാളുടെ പ്രത്യേകഭാഷയിൽ സ്വാഗതം പറഞ്ഞു. പിന്നീടു രണ്ടുപേരുമായി ദീർഘമായ ഒരു സംഭാഷണവും കഴിഞ്ഞു. അതിന്റെ വിഷയം അവരുടെ വിയോഗാനന്തരമായ കാലത്തെ ചരിത്രത്തിന്റെ സംക്ഷേപമായിരിക്കണമെന്നു വായനക്കാർക്ക് ഊഹ്യമാണല്ലോ. സംഭാഷണത്തിന്റെ അവസാനത്തിൽ, കുപ്പശ്ശാർ “അമ്ലോംണീ! അമ്ലോംണീ!” എന്നു വിളിച്ചു. അമ്മാളുഅമ്മിണി എന്ന പദത്തെ സംബോധനാരൂപത്തിൽ മേൽപ്രകാരം പ്രയോഗിച്ചു കുപ്പശ്ശാർ വിളിച്ചപ്പോൾ, പടിഞ്ഞാറേവശത്തു നിന്നിരുന്ന മീനാക്ഷി പ്രത്യക്ഷമാവുകയും മാമൻ പ്രസ്താവനയൊന്നുംകൂടാതെ “മുഗ്ദ്ധപാംഗസ്മിതോദ്യൽസ്മരരസമധുരം പ്രാഹതം മോഹനാംഗി” എന്ന്, താൻ കണ്ട സൗന്ദര്യധാമത്തിനു സ്തോത്രമായി മൂളുകയും ചെയ്തു. തന്റെ പൂജാബിംബമായ കന്യകയെ സ്തുതിച്ചുള്ള ഗീതമാണെന്നു മനസ്സിലാക്കി കുപ്പശ്ശാർ രസക്കുണുങ്ങലുകൾകൊണ്ട് മാമന് ബലേ പറഞ്ഞു. മാമാവെങ്കിടനെക്കണ്ടപ്പോൾ അന്യനായ ഒരു പുരുഷന്റെ ആഗമനത്തിൽ ആശ്ചര്യത്തോടും, എന്നാൽ ബ്രാഹമണനാണെന്നു കാണപ്പെട്ടതുകൊണ്ടു പ്രത്യേകം ആദരവോടും സ്വല്പം നിന്നിട്ട്,

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/45&oldid=158540" എന്ന താളിൽനിന്ന് ശേഖരിച്ചത്