താൾ:Dharmaraja.djvu/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മീനാക്ഷി വൃദ്ധയുടെ സമീപത്തേക്കു തിരിച്ചു. “ഇതാ ഈ കന്യകാരത്നമാണ് ഞങ്ങടെ വലിയ ഭാരം” എന്നു ഏകനേത്രവും കരങ്ങളുംകൊണ്ടു കുപ്പശ്ശാർ ഉപന്യസിച്ചു.

മാമാവെങ്കിടൻ: “എന്നെടായിത്! തായാർ രെണ്ടാവതും കുഴന്തയായി, ലക്ഷ്മീരൂപമായി വന്തുട്ടിതാ? ആശ്ചര്യം! ‘വിണ്ണിലുമില്ലനൂനം—അന്യലോകത്തിങ്കലും’—സന്ദേഹമില്ലെ കുപ്പണ്ണാ—നല്ലാസൂക്ഷിച്ചുക്കൊ—കണ്ട പയാക്കൾകൊണ്ടു തൊങ്കിയുടെക്കൂടാത്.”

കുപ്പൻ:‘ശളുവാശ്ശാമി’ എന്ന് ആക്ഷേപിച്ചുകൊണ്ട് അയാളെ കാൽകഴുകിച്ച്, നാലുകെട്ടിനകത്താക്കി, ഇരുപ്പിന് ഒരു പായ് വിരിച്ചുകൊടുത്തു. അത്യാദരവോടുകൂടി കെട്ടിനകത്തു കടന്ന ബ്രാഹ്മണനെക്കണ്ടപ്പോൾ വൃദ്ധ സൂക്ഷിച്ചുനോക്കി, ഇതിനുമുമ്പിൽ കാളിഉടയാൻപിള്ളയെക്കണ്ടപ്പോൾ ഉണ്ടായതിലും അധികം പരവശതയോടുകൂടി കരഞ്ഞു. അതു കണ്ട് പതിവായി പൊന്നാനിപാടുന്ന മാമാവെങ്കിടൻ വൃദ്ധയുടെ ദുഃഖഘണ്ടാരത്തിനു ശങ്കിടിപാടാൻ ഇലത്താളം കൈയേറ്റു.

ഏകദേശം അഞ്ചുനാഴിക അസ്തമിച്ചപ്പോൾ എല്ലാവരും ചേർന്ന് നാലുകെട്ടിന്റെ കിഴക്കേത്തളത്തിൽ ഒരു സംഘം കൂടി. മടക്കു കസാലപോലെ മുട്ടുകെട്ടി തളത്തിന്റെ വടക്കുകിഴക്കുമൂലയിൽ കുപ്പശ്ശാർ കൈമടക്കിന്മേൽ തലചെരിച്ചുവച്ച്, സ്വനേത്രത്തെ മാത്രം വിളക്കത്തു തെളിയുമാറു കാട്ടിക്കൊണ്ട് അഗ്രാസനത്തെ വഹിച്ചു. മാമാവെങ്കിടൻ തന്റെ അത്താഴത്തിനു തയ്യാറാക്കി, മറ്റുള്ളവർക്കും കൊടുത്ത പദാർത്ഥങ്ങളെപ്പോലെ മധുരമായുള്ള പദാർത്ഥങ്ങൾ അടങ്ങിയ പ്രസംഗങ്ങളെക്കൊണ്ട് സദസ്യരെ രസിപ്പിക്കാൻ തയ്യാറാകുന്നു. എന്നാൽ ആ പ്രഗത്ഭവാഗീശ്വരന്റെ പ്രസംഗാരംഭത്തെ ചില ആത്മഗതങ്ങൾ കുറച്ചുനേരത്തേക്ക് ഏകദേശം ഇപ്രകാരം നിരോധനം ചെയ്തു: “നിധി എടുപ്പാൻ പുറപ്പെട്ടപ്പോൾ ഭൂതം പുറപ്പെട്ടതുപോലെ ആയി നമ്മുടെ കാര്യം. വലിയകൊട്ടാരം പലഹാരപ്പുര മൂത്തണ്ണാവിയും കഴക്കൂട്ടത്തെ കുട്ടിപ്പട്ടരും തമ്മിൽ ഇതാ ശണ്ഠയിലായി. രാമരാജകാര്യനിവൃത്തിക്കായി ഗൂഢസഞ്ചാരം ചെയ്യുന്നതിനിടയിൽ ഈ ബാലികയുമായി കേശവപിള്ള സംഘടിച്ചിട്ടുണ്ട്. ഇവളിൽ അയാൾക്ക് അനുരാഗവും ഉദിച്ചിട്ടുണ്ട്. നാളത്തെ ആൾത്തിരക്കിൽ ഇവളെ സംരക്ഷണം ചെയ്‌വാനാണ് വിശ്വസ്തനായ നമ്മെ നിയോഗിച്ചിരിക്കുന്നത്. സ്ത്രീകളുൾപ്പെടെയുള്ള സ്ഥിതികളെ അറിഞ്ഞുവരാനാണല്ലോ അയാൾ നിഷ്കർഷിച്ചത്. ശുദ്ധഗതികൊണ്ട് ഇതിൽ വന്നു ചാടി. ഇവരെ വിട്ടുകൊടുക്കാമോ? അന്നദാതാവായ സ്വാമിയെ വഞ്ചിക്കാമോ? നമ്മുടെ വത്സനായ കേശവപിള്ളയെ വട്ടത്തിലാക്കാമോ? ആയാളും ഈ കന്യകയും പാലും പഞ്ചസരയുമെന്നവണ്ണം ചേരുമല്ലൊ. പക്ഷെ, കേശവപിള്ളയുടെ ജാതി എന്തെന്നും, കുടുംബമേതെന്നും, നാം തന്നെ അറിഞ്ഞിട്ടില്ല. ആ സ്ഥിതിക്ക് വിവാഹാലോചനയ്ക്ക് ഉദ്യോഗിച്ചാൽ, വൃദ്ധ —അമ്പോ! നമ്മെ ശ്മശാനയാത്രയ്ക്കുതന്നെ കോപ്പിടുവിച്ചേക്കാം. കേശവപിള്ളയും ഇവളും തമ്മിൽ ദാമ്പത്യമുണ്ടായാൽ അയാളുടെ ഭാഗ്യമോ? തുലഞ്ഞു! മഹാരാജപ്രീതി പറന്നുപോവൂല്ലേ? നാശം! എങ്കിലും എന്തും വരട്ടെ. അപ്പപ്പോൾ കണ്ടതുപോലെ നടക്കാം. ഈശ്വരോ രക്ഷതു–ഇവരെ സഹായിക്കണം. ധൈര്യത്തെ അവലംബിച്ച് ഒരു പൊടിക്കെ പുറപ്പെടുവിക്കാം” — ഈ സ്വകാര്യനിശ്ചയത്തോടുകൂടി മാമൻ പ്രഥമനിശ്ചയത്തെ സദസ്സിൽ പ്രസിദ്ധമായി സമർപ്പണം ചെയ്തു: “വിളിച്ചുപറയാൻ പട്ടരാണല്ലൊ. അമ്മാളുക്കുട്ടിയെ ഇങ്ങനെ വച്ചൊണ്ടിരുന്നൂടാ. ‘അർത്ഥ ഹി കന്യാ പരകീയ ഏവ’. കുഞ്ഞമ്മ അനുവദിച്ചാൽ –”

വൃദ്ധ: “കുഞ്ഞമ്മയെന്നോ? അവസ്ഥയും യശസ്സും സ്ഥാനവുമെല്ലാം മണ്ണടിക്കു പോയി, വ്യാഴവട്ടം മൂന്നായില്ലയോ? കൊച്ചു എന്നു വിളിച്ചാൽ മതി.”

മാമാവെങ്കിടൻ: “നാക്കിൽ അതു വഴങ്ങണ്ടയൊ! അമ്മ എന്നു മാത്രം പറയാം. അത് ഇടറൂല്ല. കുഞ്ഞിന് തക്കതായ ഒരു ഭർത്താവിനെ വേഗത്തിൽ ഉണ്ടാക്കണം. ഈ ചായത്തുണികൾ ദൂരെക്കളയുകയും വേണം— നമ്മുടെ ഒരു ഇതിനെ — മഞ്ജുളശ്രീത്വത്തിനെ—അത് ‘ഹതേജഗൽപ്രാണസുതേ’ എന്ന മട്ടാക്കുന്നു.”


"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/46&oldid=158541" എന്ന താളിൽനിന്ന് ശേഖരിച്ചത്