Jump to content

താൾ:Dharmaraja.djvu/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ചില അമർത്തിയ ഊളികളോടും കിതപ്പോടും ഉമ്മിണിപ്പിള്ള മീനാക്ഷിഅമ്മയെ പരിരംഭണം ചെയ്‌വാൻ ഉന്മാദോദ്വേഗവാനായി മുമ്പോട്ടു കുതിച്ചു. ഉമ്മിണിപ്പിള്ളയുടെ അഭീഷ്ടവിഘാതം ഉണ്ടായി എന്നു മാത്രമല്ലാ, അയാൾ തന്നെ ഒരു പരിരംഭണത്തിൽ അകപ്പെട്ടു. കുപ്പനായ അരക്കന്റെ മുഷ്ടികൾക്കിടയിൽ അയാളുടെ മുഴംകാലുകൾ തളയ്ക്കപ്പെട്ട്, വൃക്ഷാസനഭ്യസനം ചെയ്യുംവണ്ണം തലകീഴായ് തൂങ്ങുന്നതിനിടയിൽ ഉമ്മിണിപ്പിള്ള മത്സ്യംകണക്കു പിടഞ്ഞു. കുപ്പന്റെ ഏകനേത്രം തുറിച്ച് ഇളകിയാട്ടം തുടങ്ങി. അയാളുടെ നാസാരന്ധ്രങ്ങൾക്കിടയിൽക്കൂടി അനേകം അനുനാസികങ്ങൾ ഒന്നിച്ചുചേർന്നുള്ള ചില ഘനശബ്ദങ്ങൾ പുറപ്പെട്ടു. ജപിച്ചുംകൊണ്ടിരുന്ന വൃദ്ധ പ്രവേശിച്ച് ക്ഷീണസ്വരത്തിൽ കുപ്പന്റെ സാഹസത്തെ ശാസിച്ചപ്പോൾ ഉമ്മിണിപ്പിള്ള പൂർവസ്ഥിതിയിൽ പാദങ്ങളിന്മേൽ നിർത്തപ്പെട്ടു. വൃദ്ധയുടെ ചോദ്യങ്ങൾക്ക് മീനാക്ഷി ഉത്തരമൊന്നും പറയാതെ നില്ക്കയാലും, കോപത്തിടുക്കത്തിനിടയിൽ പുറപ്പെട്ട കുപ്പന്റെ സമാധാനങ്ങൾ ദുർഗ്രഹമായിരുന്നതിനാലും, വൃദ്ധ ഉമ്മിണിപ്പിള്ളയോട് താൻ കണ്ട കഥയ്ക്ക് കാരണമെന്തെന്നു ചോദ്യംചെയ്തു. ഉമ്മിണിപ്പിള്ള ജനിച്ചതിൽപ്പിന്നെ അതുവരെ പ്രദർശിപ്പിച്ചിട്ടില്ലാത്തതായ കോപപാരുഷ്യകാലുഷ്യങ്ങളോടുകൂടി തുള്ളി, നിലയിൽനില്ക്കാതെ, ശ്വാസംമുട്ടി ഇങ്ങനെ പറഞ്ഞു: “കഥയും പുരാണവുമെല്ലാം ഞാൻ പറഞ്ഞുതരാം. ഹിത്ര മൂത്തില്ലയൊ? തെണ്ടിപ്പരിഷകള്! നാളത്തേടം—ഒരു ദിവസം കഴിഞ്ഞോട്ട്. തൊറകേറ്റല്ല നിങ്ങൾക്ക്. പെണ്ണെന്നും കിഴട്ടുവങ്കടമെന്നും—കൂട്ടാക്കാതെ കഴുകേറ്റിച്ചില്ലെങ്കിൽ, ഛീ! രാജ്യം വെള്ളരിക്കാപ്പട്ടണമായിപ്പോയിട്ടില്ലാ.”

വൃദ്ധയുടെ മുഖം ഹാസ്യരസംകൊണ്ട് ഒരു വലിയ തളികയോളം വിസ്താരമാർന്നു. ഉമ്മിണിപ്പിള്ളയുടെ ആയിടയ്ക്കുള്ള പരിചയഗതിയാൽ ഹരിപഞ്ചാനനനേത്രങ്ങളിലെ ഉഗ്രരശ്മികൾ ആ വൃദ്ധയുടെ നരച്ച പുരികക്കൊടികൾക്കു കീഴുള്ള കണ്ണുകളിൽനിന്നും പുറപ്പെട്ടതായും, രക്തപ്രസരംകൊണ്ട് പുഷ്ടമായ വൃദ്ധയുടെ മുഖം ഹരിപഞ്ചാനനയോഗീശ്വരന്റെ അംബികാവിഗ്രഹമുഖത്തോടു തുല്യ തേജസ്സുള്ളതായും അയാൾക്ക് ഒരു ഛായാഭ്രമമുണ്ടായി. ആ സ്ത്രീയുടെ പൗരുഷത്തോടുകൂടിയ പരുഷവാക്കുകൾ ഹരിപഞ്ചാനനന്റെ വാക്പടുതയേയും അതിശയിച്ച്, അയാളുടെ അന്തരാധാരങ്ങളെ ഭിന്നമാക്കി. “ഫ്! എന്തു പറഞ്ഞു നീ? ആരെന്നു വിചാരിച്ചു പറഞ്ഞു? വാടാക്കരൾകൊണ്ട കുലമെന്ന് നീ കേട്ടിട്ടില്ലയോ? അക്കുലം പെറ്റമങ്കമാരോ തെണ്ടിപ്പരിഷകൾ? ഞങ്ങളെപ്പഠിപ്പിക്കാൻ ആശായ്മയുള്ളവനെ ഒന്നു കാണട്ടെ! തൊറകേറ്റും കഴുകേറ്റുംകൊണ്ട് ഇക്കുലത്തിന് എന്തു കുറ വന്നെടാ? മഹിമപെറ്റ മാറാപ്പേര് കുലത്തിനും കൂട്ടത്തിനും ചേർത്തു! അല്ലാതെന്തടാ? ഞങ്ങളും നീയുമായി ഇന്നുമുതൽ സ്വന്തവും ബന്ധവും അറ്റു. പോ, പോ! മറയത്തു പോ!”

വെടിതീർന്നതുപോലുള്ള 'ഫ്' എന്ന ആട്ടുകൊണ്ട് ഉമ്മിണിപ്പിള്ള മുക്കാൽഭാഗവും, ഒടുവിലത്തെ ഊർജ്ജിതമായുള്ള വാക്കുകൾ കൊണ്ടു മുഴുവനും, മുറ്റത്തായി എങ്കിലും അവിടം വിട്ടു പോകുന്നതിനിടയിൽ ഇത്രയും വീരവാദം പറഞ്ഞു: “എന്റെ ഗുരുനാഥതൃപ്പാദങ്ങൾ ഇവിടെ എഴുന്നള്ളട്ടെ—നിങ്ങളെക്കൊണ്ടു നായ്ക്കളെപ്പോലെ എന്റെ പുറകെ വാലാട്ടിച്ചേക്കാം. അതിനു നാഴിക നാല്പതും മറ്റും വേണ്ട.” ഇതിനുത്തരമായി കുപ്പശാര് ഉമ്മിണിപ്പിള്ളയെ തുടർന്നു ചെന്ന്, “ണിന്റെ ഷാമീണെ തലമണ്ഹ!” എന്ന് അയാളുടെ ബുദ്ധിക്കെത്തിയതായ ഒരു ഭത്സനചെയ്ത്, പുറത്താക്കി വാതിലടച്ച്, ചാണകം തളിച്ചു ശുദ്ധിയാക്കുന്ന ഭാവവും കാണിച്ച് ‘ഹണിശ്ശിണി!’ (ഹരിഃ ശ്രീ) പഠിപ്പിക്കാൻ വന്നവൻ! എന്നും മറ്റും, മലയാള അക്ഷരമാലകൊണ്ടു ധരിപ്പിക്കാൻ ശക്യമല്ലാത്ത ഭാഷയിൽ ചില ആക്ഷേപങ്ങളും വീരവാദങ്ങളും ചെയ്തുകൊണ്ട്, സ്ത്രീകളുടെ സന്നിധിയിലേക്കു മടങ്ങി. മീനാക്ഷിഅമ്മയുടെ രണ്ടാമത്തെ കാമുകഖലന്റെ ഭീഷണിയേയും ശപഥത്തേയും കുറിച്ച് ഊണിനിടയിൽ വൃദ്ധയും ദൗഹിത്രിയും ഒട്ടേറെ സംഭാഷണംചെയ്തു എങ്കിലും മനക്കരുത്തുള്ള ആ രണ്ടു സ്ത്രീകൾക്കും ഭക്ഷണത്തിന് ഒട്ടുംതന്നെ രുചിക്കുറവുണ്ടായില്ല. അവരുടെ ക്ഷേമഭാരവാഹിയായ കുപ്പശ്ശാർ വീരവാദിയായി, ധീരോദ്ധതനായി ഊണിനിരുന്നിട്ടും, ഒരു മണി അരിപോലും ആസ്വദിപ്പാൻ അയാൾക്ക് ആകാംക്ഷയുണ്ടാകാഞ്ഞതിനാൽ, തന്റെ പാചകവൈഭവത്തെ അധിക്ഷേപിച്ചുകൊണ്ട് എണീറ്റു കൈകഴുകി; അഞ്ചാറുകൈ വെള്ളം ശാപങ്ങളോടുകൂടി സൂര്യന്റെ

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/44&oldid=158539" എന്ന താളിൽനിന്ന് ശേഖരിച്ചത്