താൾ:Dharmaraja.djvu/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ഹരിപഞ്ചാനനൻ: “അതിനുടയ പൂർവ ഉടമസ്ഥൻ യാരയ്യാ?”

സമ്പ്രതി: “കഴക്കൂട്ടത്തുപിള്ള എന്ന എട്ടുവീട്ടിൽപ്പിള്ളമാരിൽ ഒരു നീചരാജദ്രോഹി.”

ഹരിപഞ്ചാനനൻ: (സതീദഹനവൃത്താന്തത്തെ കേട്ടപ്പോൾ ശ്രീപരമേശ്വരന്റെ മൂന്നാം തൃക്കണ്ണിൽനിന്നു പ്രവഹിച്ചതുപോലെ യോഗീശ്വരന്റെ നേത്രങ്ങളിൽനിന്നു ചില കനൽക്കട്ടകൾ രാമയ്യന്റെ നേർക്കു പുറപ്പെട്ടു എന്ന് കേശവപിള്ളയുടെ സൂക്ഷ്മദൃഷ്ടിക്കു കാണപ്പെട്ടു.) “ആം! ആം! അവരെങ്കേ? അവരുടെ കുടുംബമെങ്കേ? അവരുടെ സ്വത്തുക്കളെങ്കെ?”

സമ്പ്രതി: “യാവതും രാജശിക്ഷയ്ക്കു ഭക്ഷ്യമായ് വിട്ടാർ. സ്വത്തെല്ലാം പണ്ടാരവകയിലെ എടുത്തുമാച്ച്”.

ഹരിപഞ്ചാനനൻ: (ചിരിച്ചുകൊണ്ട്) “അപ്പടിയാനാൽ, അംഗുലീയം രാജഭണ്ഡാരത്തിലിരുന്തുതാനെ വന്തിരുവേണും? എന്നാ? അപ്പടിയല്ലവാ, കേശവപിള്ളേ? രാജഭൃത്യാൾതാൻ ഇതുക്കെല്ലാം ജവാബ് ശൊല്ലവേണ്ടിയത്. അന്ത രാജശത്രുവംശം ശേഷിക്കറുതുണ്ടാ?

കേശവപിള്ള: “ആ വംശശക്തി ഇന്നും തിരുവിതാംകോട്ട് മുളച്ചുതഴച്ചുവരുന്നു.”

ഹരിപഞ്ചാനനൻ: (ഈ ഉത്തരം ഉദ്ദേശിക്കാത്ത ഒരു മുസലതാഡനമായി ഫലിച്ചു എങ്കിലും, യോഗീശ്വരന്റെ മുഖശാന്തതയ്ക്ക് രേഖാമാത്രത്തോളം ഭേദമുണ്ടായില്ല.) “അരേ! അതെന്ന? അതെപ്പടിയപ്പാ? ശൊല്ലു, കേൾക്കട്ടും. എന്ന ശക്തി? ”

കേശവപിള്ള: “ആ കഥകളെല്ലാം സമ്പ്രതി അണ്ണാവികൾക്കേ വിവരമായി അറിയാവൂ. ആ കാലം കഴിഞ്ഞാണ് എന്റെ ജനനം.”

ഹരിപഞ്ചാനനൻ: “ശൊല്ലുമയ്യാ സമ്പ്രതിഅയ്യരെ! അന്തരാജദ്രോഹത്തുടെ ഉത്ഭവതീർത്ഥം എങ്കെ?”

സമ്പ്രതി: “എട്ടുവീട്ടിൽപ്പിള്ളമാർതാൻ അതുക്കെല്ലാം കാര്യകാരണകർത്താക്കൾ”

കേശവപിള്ള: “അതിൽ ഒരു തെറ്റുണ്ട്. ധ്വംസനംചെയ്യപ്പെട്ട കൂട്ടത്തിൽ ബ്രാഹ്മണരും ഉൾപ്പെട്ടിരുന്നു. വൈദികരും അവൈദികന്മാരും യോജിച്ചു നടത്തുന്ന കാര്യങ്ങളിൽ, വൈദികശക്തിയാണ് ബുദ്ധി–മറ്റുള്ളവർ അവയവങ്ങളും ആയുധങ്ങളും മാത്രമേ ആകൂ. ഇന്നും നായന്മാർ രാജദ്രോഹത്തിനു ശ്രമിക്കുന്നെങ്കിൽ അതിന്റെ ഉല്‌പത്തി സ്വാമിയുടെ സിദ്ധികൊണ്ടു കാണാവുന്നതായിരിക്കണം. നാടുനീങ്ങിയ തിരുമനസ്സിലെ കാലത്ത് വീരനയംകൊണ്ടും ഇപ്പഴത്തെ പൊന്നുതമ്പുരാൻ തിരുമനസ്സിലെ കാലത്തു കരുണാനയംകൊണ്ടും സങ്കടത്തിനും ശണ്ഠയ്ക്കും ഉള്ള വഴികളടഞ്ഞു. ഇപ്പോൾ ദ്രോഹമുണ്ടാകണമെങ്കിൽ പൊന്നുതമ്പുരാൻതിരുമേനിയുടെ അധികാരത്തോടു മത്സരമുള്ള ഒരധികാരമോ ശക്തിയോ പണിചെയ്തുതുടങ്ങിയിരിക്കണം. സ്വാമിക്കു ദിവ്യചക്ഷുസ്സുണ്ടെന്ന് ജനങ്ങൾ പറയുന്നു. പൊന്നുതമ്പുരാനുവേണ്ടി ഒന്നു മനസ്സിരുത്തി നോക്കി തിരുമനസ്സിലെ പ്രശ്നത്തിന് ഉത്തരമുണ്ടാകണം. തിരുമനസ്സിലെ ചുറ്റുപാട്ടുകാരാണ് ദ്രോഹത്തിനു ശ്രമിക്കുന്നതെന്നു മാത്രം ഞങ്ങൾ ചെന്നറിവിക്കുന്നതെങ്ങനെ? മോതിരത്തെ വാങ്ങിയ ബ്രാഹ്മണനെ കാൺമാനില്ല. ഉരുപ്പടിയെ അയാളുടെ ഭവനത്തിൽനിന്ന് എടുത്തുമിരിക്കുന്നു.” (ഹരിപഞ്ചാനനൻ പ്രയോഗിക്കുന്ന സമ്പ്രദായത്തിലുള്ള ഒരു നോട്ടത്തെ പ്രത്യസ്ത്രമായി ഉപയോഗിച്ച്) “അണ്ണാവയ്യൻ പോയ മാർഗ്ഗം അറിവാൻ ഇവിടത്തേക്കു സാധിക്കുമെന്ന് അറിവു കിട്ടിയുമിരിക്കുന്നു. അണ്ണാവയ്യൻ ഹാജരാകട്ടെ—രാജസേവകന്മാരാണ് ദ്രോഹികളെങ്കിൽ അവരുടെ പേരുകളെ അയാൾ വിളിച്ചുപറയട്ടെ. അതു വേണ്ട, അവിടുത്തെ ഉപാസനകൊണ്ട് കൃത്രിമക്കാരെ പ്രത്യക്ഷമാക്കാമെങ്കിൽ അങ്ങനെ ചെയ്യണം. അല്ലെങ്കിൽ രാജസേവകന്മാരെ ചേർത്തുനിർത്തി, അവിടുന്നു ചൂണ്ടിക്കാണിക്കണം. അസ്പഷ്ടമായുള്ള ഉപദേശങ്ങൾ ചെയ്ത് പരിശുദ്ധാത്മാവായ തിരുമനസ്സിലെക്കൊണ്ട് അപനയം പ്രവർത്തിപ്പിക്കരുത്. എന്തു മറുപടിയാണ് ഞങ്ങൾ ഉണർത്തിക്കേണ്ടതെന്ന് ഒന്നുകൂടി ആലോചിച്ചു പറയണം.”

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/30&oldid=158524" എന്ന താളിൽനിന്ന് ശേഖരിച്ചത്