താൾ:Dharmaraja.djvu/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ഈ അവസരത്തിൽ കേശവപിള്ളയെ ഒന്നു വർണ്ണിക്കാം: ഇരുപത്തിനാലോളം വയസ്സുള്ള ഈ യുവാവ് മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ ഒരു രണ്ടാം പതിപ്പായി, വിസ്തീർണ്ണോന്നതലലാടനും ഉന്നതനാസനും സിംഹനേത്രനും പുഷ്കലസ്കന്ധനും ദീർഘബാഹുവും ആയിരുന്നു എന്നു കേട്ടിടുണ്ട്. സ്വമാതുലനായ രാജകേസരിയുടെ സ്മാരകമായ രൂപസാമ്യത്തെ വിചാരിച്ച് രാമവർമ്മമഹാരാജാവിന് ഈ യുവാവിൽ അഭേദ്യമായുള്ള വാത്സല്യവും വിശ്വാസവും ജനിച്ചു. ചന്ത്രക്കാരനെപ്പോലെ ഈ യുവാവും മന്ത്രിപദപ്രാപ്തിവരെ ഒരു നാടകത്തെ മനോരചനംചെയ്തിട്ടുള്ളവനായിരുന്നു. എന്നാൽ സ്വർണ്ണവെഞ്ചാമരാദിസ്വാധികാരപ്രമത്തതാംഗങ്ങളും, കൂടിയാട്ടത്തകൃതികളും ഈ കവിയുടെ അവസാനാങ്കളിൽ സംബന്ധിച്ചിട്ടില്ലായിരുന്നു. ചന്ത്രക്കാറനാകുന്ന കവിക്ക് പ്രമാണം ഏകനായ താൻ; ഈ കവിക്ക് ജനകോടിപൂർണ്ണമായുള്ള ലോകം, ചന്ത്രക്കാറപുരുഷനു കാമ്യം സ്വസുഖം; കേശവയുവാവിന് സ്വരാജ്യങ്ങളുടെ ഐശ്വര്യം; ചന്ത്രക്കാറനെ സ്വനിയന്ത്രണാധീനമായുള്ള ഇഹലോകമല്ലാതെ മറ്റൊന്നില്ലെന്നുള്ള തത്വം സ്വപ്രവൃത്തികളിൽ പരമധൈര്യവാനാക്കിത്തീർത്തിരുന്നു; കേശവപിള്ള സകലം ദൈവാധീനമെന്നുള്ള വിശ്വാസത്താൽ കർത്തവ്യാകർത്തവ്യങ്ങളിൽ സ്വാതന്ത്ര്യചാരിയല്ലായിരുന്നു; ചന്ത്രക്കാറൻ സർവദാ വൃകശീലനായിരുന്നു; ഈ യുവാവ് യുദ്ധത്തിൽ മാത്രം ശാർദ്ധൂലവിക്രമനും രാജസമുദായഗൃഹകാര്യങ്ങളിൽ പരമകാരുണികനും ആയിരുന്നു. ചന്ത്രക്കാറൻ ധൂമകേതുപോലെ സ്വല്‌പകാലത്തേക്ക് അത്യാശ്ചര്യത്തേയും ഭയത്തേയും വ്യാപരിപ്പിച്ച് അസ്തമിച്ച ഒരു ഹാലാഹലപ്രഭയായിരുന്നു; ഈ യുവാവ് ബഹുജനൈശ്വര്യത്തിനുവേണ്ടി സ്വജീവനെത്തന്നെയും നിശ്ചലമനസ്സോടെ ത്യജിപ്പാൻ സന്നദ്ധമായിരുന്ന നായർവർഗ്ഗത്തിലെ ഒരു രത്നസ്തംഭമായിരുന്നുവെന്ന് ഈ കഥയ്ക്കു പുറമേ അനേകം സാക്ഷ്യങ്ങളുണ്ട്.

ഹരിപഞ്ചാനനൻ ആരംഭിച്ച സമാധി ഏകദേശം അരനാഴികകൊണ്ട് അവസാനിക്കകയും അപ്പോൾ സ്വാമിയുടെ ഉപാസനാഫലമായി ഇങ്ങനെ അർത്ഥമാക്കുന്ന ഒരു അരുളപ്പാട്, അദ്ദേഹം സന്ദർഭം പോലെ ഉപയോഗിച്ചുവന്ന മിശ്രഭാഷയിൽ, ഉണ്ടാവുകയും ചെയ്തു "ഓം നമോ! —” (അസ്പഷ്ടം) “രാജാ ധർമ്മകവചത്താലേ സുരക്ഷിതർ! കുടിലകൃത്രിമക്കാർ സമീപവർത്തികളാക പരിസേവിക്കിറാർ! തല്ക്കാലഭയാദി മുച്ചൂടും ഏതൽസ്ഥിതികളുടയഫലങ്കലാള്ളമേൽ വേറന്ന്! അന്ത:ഛിദ്രക്ഷോഭങ്കൾ ബഹളമാക ഭാവിയിലെ കാണപ്പെടുകിറത്. രക്തവർഷജീവനാശ ജനസന്താപ അഗ്നിഭയ മഹായുധ സ്ഥാനഭ്രംശ അനീതിവിജയ– ആഹാ! രംഗാ രംഗാ!—എന്നവയെല്ലാം ദൃശ്യമാകിറത്? യാവതുക്കും സൂത്രധാരനാക, മോഹപ്രരിതനാക, സർവരംഗപാത്രനാക, കാണുകിറത്. അനന്തശായി, കരുണാരാശി രക്ഷിക്കട്ടും. ഹൊം നമോനമഃ! അന്തരൂപം യാരുടേതംബാ?” ഈ ചോദ്യത്തോടുകൂടി ഒരു ബോധക്ഷയത്തിൽനിന്നുണർന്ന് തന്റെ തല്ക്കാലസ്ഥിതികൾക്കു ജാഗരൂകനായതുപോലെ കേശവപിള്ളയെ നോക്കി യോഗീശ്വരൻ കരുണാസ്മേരത്തേയും കടാക്ഷകാരുണ്യത്തേയും പൊഴിച്ചു.

രാജഭൃത്യന്മാരുടെ ആഗമനം, മോതിരവിക്രയത്തിന്റെ മൂലം വ്യാപ്തി പര്യവസാനം ഇതുകളെപ്പറ്റി പ്രശ്നംചെയ്ത് ഹരിപഞ്ചാനനന്റെ മറുപടി അറിഞ്ഞുവരുവാൻ മഹാരാജാവിന്റെ കല്പനയുണ്ടായതുകൊണ്ടായിരുന്നു. എന്നാൽ ആ സിദ്ധൻ ചാരലക്ഷണമാത്രത്താൽ ആഗമനോദ്ദേശത്തെ ധരിച്ചതായും ഭഗവതീപ്രസാദത്താൽ പ്രശ്നങ്ങൾക്ക് ഉത്തരം അരുളിച്ചെയ്തതായും കാണിച്ചപ്പോൾ, സമ്പ്രതി അയ്യൻ അത്യാശ്ച്ചര്യസമ്മതഭാവങ്ങളോടുകൂടി കേശവപിള്ളയുടെ മുഖത്തു നോക്കി. കേശവപിള്ളയുടെ മുഖഭാവം കേവലം അർത്ഥശൂന്യമായിരുന്നതിനാൽ ആ യുവാവിനോട്, സഹോദരസൗഹാർദ്ദവാനായിരുന്ന സമ്പ്രതി അയ്യൻ യോഗീശ്വരന്റെ വെളിപാടുകൊണ്ട് തൃപ്തിയെ പ്രാപിക്കാതെ ഇങ്ങനെ ചോദ്യം തുടങ്ങി: “അവിടത്തെ ശക്തി അതിദിവ്യം! ഞങ്ങൾ കല്‌പനപ്രകാരം വരികയായിരുന്നു. ഉത്തരം കിട്ടിയ വിഷയത്തെക്കുറിച്ചു പ്രശ്നം അറിവാൻതന്നെ വന്നതും. എന്നാൽ ആ മോതിരം എവിടെനിന്നും വന്നു? ആരാൽ, എന്തിനു വില്ക്കപ്പെട്ടു എന്നാണ് തിരുമനസ്സിലേക്കു വ്യക്തമായി അറിവാൻ ആഗ്രഹമുള്ളത്.”

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/29&oldid=158522" എന്ന താളിൽനിന്ന് ശേഖരിച്ചത്