Jump to content

താൾ:Dharmaraja.djvu/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

കേശവപിള്ളയുടെ ഈ പ്രസംഗം എന്തോ യവനഭാഷയാണെന്നു രാമയ്യനു തോന്നി. എന്നാൽ, അതിന്റെ ഒടുവിലത്തെ ഭാഗം തന്റെ അന്തർഗ്ഗതങ്ങളേയും പ്രതിബിംബിച്ചതിനാൽ കേശവപിള്ളയെ മനസ്സുകൊണ്ട് അഭിനന്ദിച്ച് അയാളോടടുത്തു ചേർന്നുനിന്നു. ഹരിപഞ്ചാനനന്റെ മനസ്സ് അപ്പോൾ വിരുദ്ധക്ഷോഭങ്ങളുടെ ഒരു യുദ്ധാങ്കണമായിരുന്നു. കേശവപിള്ളയുടെ അഭിപ്രായത്തിലെ പൂർവ്വഭാഗം, അയാൾക്കു സമുദായങ്ങൾ തമ്മിലുള്ള മത്സരജീവിതത്തെക്കുറിച്ചുള്ള സൂക്ഷ്മഗ്രഹണത്തെ സ്ഫുടമാക്കിയതുകൊണ്ടായിരിക്കാം, യോഗീശ്വരന് ഏറ്റവും രുചിച്ചു. താനും കേശവപിള്ളയും ഒന്നുപോലെ യുവരാജാവിന്റെ ഇഷ്ടത്തെ സമ്പാദിക്കയും, ആ തിരുമ്പിൽവച്ചു പരസ്പരം സന്ദർശിക്കയും ചെയ്തിട്ടുണ്ടെങ്കിലും അവർ തമ്മിൽ മത്സരികളെന്ന പോലെ വർത്തിച്ചുവന്നിരുന്നു. ബഹുകലാപാണ്ഡിത്യം കൊണ്ടു ഹരിപഞ്ചാനനൻ അനൽപപൗരുഷനായിരുന്നു. കേശവപിള്ള ദൈവദത്തമായുള്ള ബുദ്ധിമാത്രംകൊണ്ടു രാജസേവനംചെയ്ത് ഉപജീവിക്കുന്നവനുമായിരുന്നു എങ്കിലും, രണ്ടുപേരും പരസ്പരമഹിമകളെ ധരിച്ചിരുന്നു. കേശവപിള്ളയെ സ്വശിഷ്യവർഗ്ഗത്തിൽ ചേർത്താൽ തന്റെ ശ്രമങ്ങൾ ലഘൂകരിക്കപ്പെടുമെന്നു വിചാരിച്ച് അതിലേക്കായി ഹരിപഞ്ചാനനൻ പല വിദ്യകളും പ്രയോഗിച്ചു. അവയെല്ലാം ആ യുവാവിന്റെ പ്രപഞ്ചാനുസാരിത്വംകൊണ്ടു നിഷ്ഫലമായി ഭവിച്ചു. അന്നത്തെ ദിവസത്തിലുണ്ടായ കൂടിക്കാഴ്ചയിൽ ആ യുവാവിന്റെ ആഗമനം ഒരു അനുകൂലസന്ദർഭമെന്നു ഹരിപഞ്ചാനനൻ കരുതി, അസാധാരണമായ ലൗകികത്തോടുകൂടി അയാൾക്ക് അദ്ദേഹം വിഭൂതി ദാനം ചെയ്തു. അതു ഫലപ്പെട്ടില്ല എന്നു മാത്രമല്ല, തന്റെ സിദ്ധിയുടെ ഫലമായും മറ്റും ഉണ്ടായ പ്രസ്താവനകളെ കേശവപിള്ളയുടെ പ്രസംഗം ഖണ്ഡിക്കുകയും ചെയ്തു. ഹരിപഞ്ചാനനന് അതു ശല്യസമാനമായി അന്തർമർമ്മങ്ങളിൽ തറച്ചു. അണ്ണാവയ്യന്റെ നാമപ്രസ്താവനത്തിൽ അഭിനയിച്ച നാട്യത്തിന്റെ അർത്ഥത്തേയും ഹരിപഞ്ചാനനൻ സൂക്ഷ്മമായി ഗ്രഹിച്ചു. ഇങ്ങനെ മധുരവിഷരസങ്ങളുടെ സങ്കലനാനുഭവമുണ്ടായപ്പോൾ കേശവപിള്ള തനിക്കൊരു നീങ്ങാശത്രുവും തന്നോടു തുല്യമായ ഒരു മഹച്ഛക്തിയും ആണെന്നു ഹരിപഞ്ചാനനൻ അനുമാനിച്ചു. തന്റെ അന്തർവികാരങ്ങളെ നിയമപ്രകാരമുള്ള ശാന്തശീതളമന്ദഹാസങ്ങളാൽ മറച്ചുകൊണ്ട് അദ്ദേഹം സമ്പ്രതിഅയ്യനോട് ഇങ്ങനെ പറഞ്ഞു: "ദേവീവദനപ്രോക്തത്തെ നാൻ ശൊന്നേൻ. അതൈ മഹാരാജസന്നിധിയിലെ ധരിപ്പിക്കവേണ്ടിയത്. മേലും പൂജാവേളയിലെ ജഗദാംഗികാപ്രസാദത്തെ പ്രാർത്ഥിച്ചുകൊള്ളുകിറേൻ. രാജ്യത്തിലെ എവ്വളവു സമാധാനമിരുന്താലും അരമനയ്ക്കുള്ളൈ രാജക്കള്ളന്മാരിരുക്ക്." ആ സംവാദത്തിൽ യോഗീശ്വരന്റെ അഭിപ്രായങ്ങൾ മിക്കവാറും തന്റെ നേർക്കു രാജകോപത്തെ ഉണ്ടാക്കുവാൻ രാമയ്യൻ വഹിച്ചു. രാജകർണങ്ങളിൽ യഥാവസരം ചേർക്കുന്നതിനുള്ള അസ്ത്രങ്ങളാണെന്നു മനസ്സിലായി, കേശവപിള്ളയുടെ രക്തത്തിന് അല്പമായ ചൂടു തട്ടി, അടക്കാൻ ശ്രമിച്ചിട്ടും അടങ്ങാത്ത യുവരക്തത്തിളപ്പിൽനിന്ന് ഇങ്ങനെ ഒരു മറുപടി പൊട്ടിപ്പുറപ്പെട്ടുപോയി: "ലോകത്തിൽ ബ്രഹ്മാണ്ഡക്കള്ളന്മാരുള്ളതുപോലെ."

ഹരിപഞ്ചാനനൻ: (ശാന്തതകൊണ്ടു പദങ്ങളെ ദീർഘമായി ഉച്ചരിച്ച്) "ആമ—ഇന്തക്കാലം കലികാലംതാനേ?"

കേശവപിള്ള: (നയകോവിദനായ രാമയ്യനാൽ പ്രത്യക്ഷമായി തടുക്കപ്പെട്ടിട്ടും)"ദശാനനൻകാലമായ ത്രേതായുഗവുമായിരിക്കാം."

ശകലംപോലും മേഘം കൂടാതെയിരിക്കുന്ന ആകാശത്തിൽനിന്നു സൂര്യകിരണങ്ങളെ ഭേദിച്ചു വിദ്യുച്ഛലാക ഭൂമിയിൽ പതിക്കുന്നതു വായനക്കാർ കണ്ടിരിക്കുമല്ലോ. അതിന്മണ്ണംതന്നെ കേശവപിള്ളയുടെ ശാന്തപ്രസന്നമായുള്ള മുഖത്തുനിന്നും ഗൂഢാർത്ഥോദ്ദേശ്യം കൂടാതെ പുറപ്പെട്ട ഒടുവിലത്തെ ജല്പനം ബ്രഹ്മജ്യോതിസ്ഫൂർത്തി പരിലസിക്കുന്ന ആ സാന്നിദ്ധ്യത്തിന്റെ മഹിമാവിനെ ലംഘിച്ച് ഹരിപഞ്ചാനനന്റെ സ്വതത്വസംഗ്രാഹിയായ ഹൃദയക്ഷമാവെ ഭേദനം ചെയ്തു. അരനിമിഷത്തേക്കു കാളുന്ന തീപോലെ ഹരിപഞ്ചാനനന്റെ ശരീരം തീക്ഷ്ണപ്രകാശമായി. അദ്ദേഹം പെട്ടെന്നു സ്വസ്ഥാനത്തെ ഉപേക്ഷിച്ച് രാമയ്യനു യാത്രാനുഗ്രഹവും നല്കി പൂജാമുറിയിലേക്കു തിരിച്ചു. ആ ബ്രാഹ്മണന്റെ ബുദ്ധിക്കു ഹരിപഞ്ചാനനന്റെ സംഭ്രമണത്തിനു മതിയായ കാരണമൊന്നും കാണപ്പെടാത്തതിനാൽ അയാ

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/31&oldid=158525" എന്ന താളിൽനിന്ന് ശേഖരിച്ചത്