താൾ:Dharmaraja.djvu/238

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

തങ്കച്ചി: “എന്റപ്പീ! പടുവിനെ ചൂൾന്ന എവൾ വെളമ്പിത്തന്നാല് എന്റപ്പീടെ പൗഞ്ചിയും കെട്ടുപോവും.”

കേശവപിള്ള: “വിളമ്പണം—ഗുണമേ വരൂ. വർത്തമാനങ്ങളെല്ലാം പിന്നീടു പറയാം. നിങ്ങൾ ഈ സമയത്ത്, ഇവിടെ വന്നു ചേരാൻ സംഗതിയായത് ഈശ്വരനും പ്രസാദിച്ചതുകൊണ്ടാണ്. വിളമ്പിത്തരണം,” കേശവപിള്ളയുടെ വാക്കുകൾ കേട്ടപ്പോൾ ഭഗവതിയമ്മയുടെ ഉപദേശം ബുദ്ധിപൂർവ്വമായി നൽകപ്പെട്ടതെന്നു തോന്നി. “അന്നു വെപ്രാളപ്പെടുമ്പം ഈ പവതിക്കൊച്ചച്ചി എന്റടുത്തു പറഞ്ഞു അപ്പി—അപ്പീടടുത്തു വന്നാല് എല്ലാം ചൊവ്വാക്കുമെന്ന്. അടുത്തിരിക്കണ ആദ്യത്തിനെ ഒരു പഞ്ചപാവിസ്സാമി ചൂതും ചുരയും വച്ചു വെളക്കി, രണ്ടു കണ്ണും പൊടിയിട്ടു മയക്കി. കുടിയിരുന്ന വീടും കൊളംകോരിച്ച്, കുടിപാർപ്പും മുട്ടിച്ച്, അപ്പാപനെത്തേടി മുള്ളും പടപ്പും ചൗട്ടി കാലും വെളുത്തു. എന്റപ്പീടടുത്തു വരാൻ വരുമ്പം, വീട്ടി വരുന്നൂന്നു കേട്ട്, ഞങ്ങളും ഇങ്ങു വന്നേ. ഇനി എന്റെ അപ്പൻതന്നെ ചൊല്ലുവിൻ, സാമി പോയപോക്ക് എങ്ങോട്ട്? ഞങ്ങൾക്കു വഴിയെന്തര്? അല്ലാണ്ട്; ഇദ്യം—ഇരിക്കക്കുടിയൊള്ളടമൊണ്ട്; വേണ്ടവരും വേണ്ട്വോളമുണ്ട്; അങ്ങു കേറൂമില്ലാ; അവരെ വേണ്ടേ വേണ്ടാന്നുംവച്ചു, ഒരുപിടിയേ പിടിച്ചിരിക്കണാ. അല്ലും പകലും അറുപതുനാഴികയും പ്നാറ്റീറ്റും, അപ്പടിയേ സാമീ! സാമീന്നു നിക്കണാ—എന്റപ്പി, ദൈവമറിയപ്പെറന്നു പെരുംപെരുമയ്ക്കു വഴികൊണ്ടിരിക്കണാനല്ലൊ, നല്ലരുളൊന്നു ചൊല്ലിന്.” ഈ കഥനവും അപേക്ഷയും കേട്ടു തന്റെ ഭാര്യയുടെ നിർബന്ധത്താൽ ആ സ്ഥലത്തേക്കു പോന്ന തന്റെ ജാള്യത്തെക്കുറിച്ചു കോപിച്ചുകൊണ്ടു കുഞ്ചുതമ്പി കുനിഞ്ഞിരുന്നു. കേശവൻ കുഞ്ഞ് യോഗീശ്വരനാൽ തന്നെപ്പോലെയും, അധികവും പരിഭൂതനാക്കപ്പെട്ട കുഞ്ചുത്തമ്പിയെക്കണ്ടു സഹതപിച്ചു. കേശവപിള്ള പിന്നെയും അരത്തമപ്പിള്ളത്തങ്കച്ചി വിളമ്പിക്കൊടുക്കേണ്ട കാര്യത്തിൽ നിർബന്ധമായി ഞെരുക്കിത്തുടങ്ങി. എന്നിട്ടു; തങ്കച്ചി വൈമനസ്യംകാട്ടിയപ്പോൾ ഭഗവതിയമ്മയുടെ രസനാഗ്രച്ചമ്മട്ടിയെ അവർ പ്രയോഗിച്ചു. “അയ്യേ! ഇതെന്തരു മേമയും കൊണ്ടാട്ടവും? കാര്യം കാണാൻ വന്നവര് കഴുതക്കാലും പിടിക്കെണ്ടയോ? പൊന്നുതമ്പുരാൻപോലും കൊണ്ടാടുണ എന്റെ പിള്ളയ്ക്കു വെളമ്പിയാല്, കൈമുടുവ് ഊര്യൂടുമോ? ശയിയഃ! പിന്നെ മതീന്താനും! കൊച്ചോ കുരുന്തോ ആണോ. ഈക്കൊഴഞ്ച്യാട്ടം ആടാൻ?” ഈ അപഹാസപ്രലോഭനത്തെ തുടർന്ന്, ബലാൽക്കാരത്തെക്കൂടി ആ പ്രിയംവദ ഉപയോഗിച്ചപ്പോൾ, പ്രഭാവതിയായ തങ്കച്ചി കേശവപിള്ളയുടെ മുമ്പിൽ നമ്രാസ്യയായി നിലകൊള്ളിക്കപ്പെട്ടു. ഐശ്വരമായുള്ള ഒരു പ്രബോധനത്തിന്റെ പ്രേരണയാൽ ഓദനപാത്രത്തെ വഹിച്ചു എങ്കിലും, കുലീനയായ ആ മഹതി ഭർത്രാജ്ഞകൂടാതെ പരപുരുഷപരിചരണത്തിന്, വിശേഷിച്ചും അന്യഭവനത്തിൽ വച്ച് സന്നദ്ധയായില്ല. തന്റെ ഗൃഹദാസ്യദശയിലെ സ്വാമിനിയുടെ ഉപാന്തസംസ്ഥിതി കണ്ട്, രക്തപ്ലാവിതമായ മുഖത്തോടുകൂടി കേശവപിള്ള എഴുന്നേറ്റു. ദൈവഗതികൊണ്ടുണ്ടാകുന്ന അവസ്ഥാഭേദങ്ങളെക്കുറിച്ച്, ആത്മനാ തത്വവിമർശനങ്ങൾ ചെയ്തുകൊണ്ടു നമ്രശിരസ്കനായി നിന്ന്, തന്റെ തലമുടിയെ വകന്ന്, മൂർദ്ധാവിൽ ചന്ദ്രക്കലാരൂപമായി വടുകെട്ടീട്ടുള്ള ഒരു തഴമ്പിനെ തങ്കച്ചിയെ കാണിച്ചു. താൻ അന്യനല്ലെന്നും അതിനുമുമ്പും തനിക്കു വിളമ്പീട്ടുണ്ടെന്നും തങ്കച്ചിയെ ബോദ്ധ്യപ്പെടുത്തുവാനായി, കേശവപിള്ളയാൽ അനുഷ്ഠിക്കപ്പെട്ട ഈ ക്രിയയിൽ, ആ മഹതി ഭൂചക്രഭ്രമണം സംഭവിപ്പിച്ചിട്ടുള്ള വിപരീതാവസ്ഥയെക്കാളും തന്റെ ദുഷ്കൃത്യത്തിനു പരമാവധിയായുള്ള ദണ്ഡനത്തെ ദർശനം ചെയ്തു. തന്റെ ദുഷ്കൃത്യത്തിനു മതിയായ അന്തസ്താപസഹനമാകുന്ന പ്രായശ്ചിത്തത്താൽ പാപശാന്തി വരുത്തീട്ടുണ്ടെന്നും, തന്നാൽ അവമാനിതനും പരിപീഡിതനും ആയ ബാലന്റെ ദർശനം നൽകി അനുഗ്രഹിക്കുന്നതിന് അദൃശ്യനായ ദൈവത്തിന്റെ സമക്ഷത്തിൽ തന്റെ ഹൃദയാശ്രുധാരകളെ പ്രവർഷിച്ചിട്ടുള്ളതിനാൽ അന്നത്തെ സംഘടനം തന്റെ പ്രാർത്ഥനയുടെ ഫലമായിരിക്കാമെന്നും, ചിന്തിച്ച് തങ്കച്ചി ധൈര്യത്തെ അവലംബിച്ചു. ഇതിനിടയിൽ “അന്നു തന്നതും കൊണ്ടതും നല്ലവാഴ്ചത്തെന്നു. . .” എന്നു കേശവപിള്ള തങ്കച്ചിയെ ആശ്വസിപ്പിപ്പാൻ തുടങ്ങി. “തന്നതിനും കൊണ്ടതിനും, തന്നടവും കൊണ്ടടവും ഒത്തപോലെ കൊണ്ടു. മകനേ! ഇനി എല്ലാം പൊറുപ്പിൻ” എന്നു ഗൽഗദ

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/238&oldid=158514" എന്ന താളിൽനിന്ന് ശേഖരിച്ചത്