Jump to content

താൾ:Dharmaraja.djvu/237

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വദനീയമല്ലാത്ത പ്രതിവീക്ഷണത്തെ അന്നും സ്വാന്തക്ഷോഭംകൊണ്ട് കേശവപിള്ള അനുഷ്ഠിച്ചുപോയി. സമഗ്രധർമ്മഗാംഭീര്യത്തിന്റെ നിലയനമായുള്ള മഹാരാജാവിന്റെ വദനപ്രതീക്ഷണത്തിൽ കേശവപിള്ളയുടെ അന്തർബന്ധമായുള്ള പ്രേമസ്ഥിതിയെക്കുറിച്ചുണ്ടായിരുന്ന സംശയം സ്ഥിരപ്പെട്ടു. കേശവപിള്ളയുടെ ഈ മനഃസ്ഥിതികൊണ്ടുണ്ടായ ജീവിതഗതിഭേദങ്ങൾ ഭാവികഥാഭാഗങ്ങളാകയാൽ ആ വിഷയങ്ങളിൽ ആക്രമിക്കുന്നത് ഈ സന്ദർഭത്തിൽ ഉചിതമായിരിക്കുന്നതല്ല. അതിനാൽ പ്രസ്തുത കാര്യസംബന്ധമായുള്ള ശേഷം കഥയെ മാത്രം വിസ്തരിച്ചുകൊള്ളട്ടെ. കേശവപിള്ളയുടെ ദൈന്യാവസ്ഥ കണ്ട് ദീനദയാലുവായ മഹാരാജാവ് മുന്നോട്ടു നീങ്ങി, തന്റെ ഭക്തനോട് ഇങ്ങനെ കൽപിച്ചു: “കേശവന് ഏതു പ്രഭുകുടുംബം ബോധിച്ചുവോ അതിൽനിന്ന് ഒരു കുട്ടിയെ നിശ്ചയിക്കൂ. ശേഷം നാം ഏറ്റു—എന്നാൽ അതിനുമുമ്പായി ഒരു ക്രിയകൂടി അനുഷ്ഠിക്കേണ്ടതുണ്ട്. 38–ൽ ദേവികോട്ടു വീട്ടുവക അന്യച്ഛേദസംഗതി നാം തീർച്ചയാക്കില്ലേ? അന്ന് നമ്മുടെ മുമ്പിൽ വന്ന സങ്കടം കേശവന്റെ കൈയക്ഷരത്തിലാണെന്ന് നമുക്കു മനസ്സിലായി. ശേഷം ഊഹിച്ചും അന്വേഷിച്ചും അറികയും ചെയ്തു. ഈശ്വരകൃപകൊണ്ട് നിന്റെ അമ്മയും സഹോദരജനങ്ങളും അവിടെ സുഖമായിത്താമസിക്കുന്നു ഇനിപ്പോയി കാണുക. ‘ചെലവിനു വേണ്ട മുതലും കൊണ്ടു ചെല്ലാം’ എന്നൊരു വാതുണ്ട്—ഇല്ലേ? അവിടെ ചെല്ലുമ്പോൾ അതും നിറവേറിയിരിക്കും.”

അധികം താമസം കൂടാതെ കേശവപിള്ള വലിയകൊട്ടാരം സമ്പ്രതിയായി നിയമിക്കപ്പെട്ടു. ബാല്യത്തിൽ വേർപെട്ട മാതാവിനെ പുനർദർശനംചെയ്‌വാനായി രാജപ്രസാദപൂർണ്ണതയുടെ ലക്ഷ്യങ്ങളായ പരിവാരങ്ങളോടും സാമഗ്രികളോടും ധൂർത്തനായ ഒരു മാതുലനാൽ അപഹരിക്കപ്പെട്ടിരുന്ന തന്റെ തറവാട്ടുഗൃഹത്തിലേക്കു പുറപ്പെട്ടു. ഗൃഹപ്രാന്തമടുത്തപ്പോൾ ഏറ്റവും വലഞ്ഞുക്ഷീണിച്ചു നടകൊള്ളുന്ന ഗജവിഗ്രഹരായ ദമ്പതിമാരെക്കണ്ട് കേശവപിള്ള തരളമനസ്കനായി, ആ ഭാര്യാഭർത്താക്കന്മാരെ തന്റെ ഗൃഹത്തിലേക്കു ക്ഷണിച്ച് സ്നാനം കഴിപ്പിച്ചും മറ്റും യഥായോഗ്യം സൽക്കരിക്കുന്നതിന് ആജ്ഞകൾ നൽകീട്ട് തന്റെ ഭവനദ്വാരം കടന്ന് അകത്തു പ്രവേശിച്ചു. ആ ദമ്പതിമാരുടെ ദർശനാനന്തരമായുണ്ടായ ഗൃഹപ്രവേശനം, ആ ദർശനത്തിലുദിച്ച സ്മരണകളും രാജപ്രസാദംകൊണ്ട് ഉടനെ സിദ്ധിച്ച അനുഗ്രഹവും സംയോജിച്ച് സന്ദിഗ്ദ്ധമംഗളമാകുന്നു. തന്റെ നീട്ടെഴുത്തുദ്യോഗത്തിലേക്കു നിയമിക്കപ്പെട്ടിരുന്ന കേശവൻകുഞ്ഞ് കേശവപിള്ളയെ എതിരേൽക്കുന്നു. തന്റെ സ്നേഹിതന്റെ ദർശനത്തിൽ സന്തോഷത്തേക്കാൾ ആശ്ചര്യം മുന്നിട്ട്, കേശവപിള്ള നിൽക്കുന്നതിനിടയിൽ, കേശവൻകുഞ്ഞ് താൻ വഹിച്ചിരുന്ന ഒരു രാജശാസനത്തെ, കേശവപിള്ളയുടെ കൈയിൽ കൊടുത്ത്, ആ ഭാവുകത്തിന്റെ ദീർഘാനുഭൂതിയെ ആശംസിക്കുന്നു. കേശവപിള്ള തന്റെ സ്നേഹിതൻ വഹിച്ചിരുന്ന നീട്ടിനെ അത്യാദരത്തോടു വാങ്ങി, നേത്രങ്ങളിൽ അണച്ച് അഭിവന്ദനംചെയ്തതിന്റെ ശേഷം വായിച്ചുനോക്കിയതിൽ കളപ്രാക്കോട്ടെ വകയായി പണ്ടാരവകയ്ക്കു കണ്ടുകെട്ടപ്പെട്ടിട്ടുള്ള വസ്തുവകകൾ സകലതും തനിക്കു നൽകി, തന്നെ പ്രതിജ്ഞാനിർവഹകനാക്കിയ, തിരുവുള്ളപ്രമാണമാണെന്നു കണ്ട് ആനന്ദാശ്രുപൂർണ്ണങ്ങളായ നേത്രങ്ങളോടുകൂടി മഹാരാജകൃപാധോരിണിയെ അനുസ്മരിച്ചുനിന്നു.

കേശവപിള്ള കുളികഴിഞ്ഞപ്പോൾ “ഊണിനു മൂന്നുപേർക്ക് ഇല ഇടട്ടെ” എന്ന് ആജ്ഞ കൊടുത്ത്, ഗജവിഗ്രഹനായ ഭർത്താവിനെ അറപ്പുരയ്ക്കകത്തു പ്രവേശിച്ച്, അദ്ദേഹത്തെ തൊഴുതു. ഗജവിഗ്രഹൻ തന്റെ മുമ്പിൽ മഹമ്മദീയസമ്പ്രദായത്തിൽ കേശവും മീശയും വളർത്തി ഒതുക്കി നിൽക്കുന്ന യുവപുരുഷകേസരിയെക്കണ്ട്, വല്ലാതെ സങ്കോചപ്പെട്ടു. കേശവപിള്ള ഗജവിഗ്രഹനെ രണ്ടു കൈകളാലും പിടിച്ച്, ഭക്ഷണപ്പന്തിയിൽ മധ്യസ്ഥാനത്തു ബലാൽക്കാരേണ ഇരുത്തി, താനും സ്നേഹിതനും ഓരോ വശത്തായി ഇരുന്നു. അന്നാദിവിഭവങ്ങളും എടുത്തുകൊണ്ട് പരിചരണത്തിനു പുറപ്പെട്ട ജനനിമാതാവിനേയും രണ്ടാം മാതാവായ ഭഗവതിയമ്മയേയും തടഞ്ഞ്, കേശവപിള്ള കണ്ണുകൊണ്ട് തന്റെ അന്തർഗതത്തെ ഭഗവതിയമ്മയെ ധരിപ്പിച്ചു. ക്ഷണംകൊണ്ട് ഭഗവതിയമ്മ ഗജവിഗ്രഹിണിയായ അരത്തമപ്പിള്ളത്തങ്കച്ചിയെ ആ രംഗത്തു പ്രവേശിപ്പിച്ചു. അന്നത്തെ വിളമ്പുപണി ഏൽക്കുന്നതിന് തന്റെ സമീപവർത്തിയായ അതിഥിയുടെ ഭാര്യയോട് കേശവപിള്ള അപേക്ഷിച്ചു .

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/237&oldid=158513" എന്ന താളിൽനിന്ന് ശേഖരിച്ചത്