Jump to content

താൾ:Dharmaraja.djvu/213

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വിഭ്രമംകൊണ്ടുണ്ടായതെന്ന് അവിടെക്കൂടിയിരുന്നവർക്കു തോന്നി എങ്കിലും, പരമാർത്ഥം അങ്ങനെ അല്ലായിരുന്നു. വൃദ്ധയുടെ ഭയാനകമായ സ്വപ്നം ചില ദർശനങ്ങളെ നൽകി, ആ മഹതിയുടെ ജീവിതപാഠാഭ്യസനങ്ങൾക്കിടയിൽ സിദ്ധിച്ചിട്ടുള്ള ജ്ഞാനവൈരാഗ്യത്തെ ദൈവയോഗംകൊണ്ടെന്നപോലെ നവീകരിച്ചു. കുട്ടിക്കോന്തിശ്ശന്റെ ഉഗ്രനിഷ്ഠകളേയും സിദ്ധാന്തങ്ങളേയും അനുവർത്തിച്ചും, വലുതായ ദുഃഖങ്ങളേയും ആപത്തുകളേയും സഹിച്ച് ധർമ്മപത്നീവ്രതത്തെ നിർവഹിച്ചും, അദ്ദേഹത്തിനാൽ ഉപദിഷ്ഠങ്ങളായ മന്ത്രാദികളുടെ ധ്യാനപാരായണങ്ങളെ യഥാവിധി അനുഷ്ഠിച്ചും—ഇങ്ങനെയുള്ള മഹൽസംസ്കരണങ്ങളാൽ ധർമ്മദാർഢ്യം സിദ്ധിച്ചിട്ടുള്ള ആ മഹാമനസ്വിനിയുടെ മനസ്സിൽ തന്റെ ദർശനങ്ങൾ എന്തായിരുന്നു എന്ന് സ്ഫുടമായിരുന്നു എങ്കിലും, അവർ അതുകളെ ദൈവാനുകൂലസിദ്ധമായുള്ള ഒരു ഗുരൂപദേശത്തെപോലെ ഗോപനംചെയ്തു. അവരുടെ കർമ്മകാഠിന്യാനുഭവമായുണ്ടായ ദർശനത്താൽ സിദ്ധിച്ച ശുദ്ധിയിൽ, ആ മഹതിയുടെ അന്തർന്നേത്രം ഒരു ശുഭാഗമനത്തേയും എങ്ങനെയോ അതു സംഭവിക്കുന്നതിനുമുമ്പിൽ സന്ദർശനംചെയ്തു. രണ്ടുമിന്നിട്ടു കഴിഞ്ഞപ്പോൾ, കേശവൻകുഞ്ഞ് പടിക്കൽ മുട്ടി. ഹേ! പ്രാർത്ഥിതസൗഭാഗ്യമേ! കരസംഘടനത്തെ ഒന്നുകൂടി കേൾക്കുന്നതു ജന്മമോക്ഷമെന്നുള്ള ധ്യാനത്തിൽ സദാ ദത്തധീയായിരുന്ന കുപ്പശ്ശാർ ഈ തപഃഫലത്തെ കാണുന്നില്ല. ബ്രഹ്മാണ്ഡയന്ത്രം മുൻപോലെ ക്രമപ്രവർത്തനം ചെയ്‌വാൻ ശക്തമല്ലാതെ അതിന്റെ കേന്ദ്രസ്ഥമായ ഒരു ചക്രദന്തം ശകലിതമായിരിക്കുന്നു. ആ കരസംഘടനത്തിന് ഉത്തരക്ഷണമുണ്ടാകേണ്ട കുപ്പശ്ശാരുടെ ദ്വാരഭേദനം, ഭ്രൂ ചില്ലിനർത്തനം, നാസികാമുരളനം, വിവിദപരിരംഭണം, എന്നു വേണ്ട മുല്ലബാണസാരഥ്യസൂക്തികളും, ഉണ്ടാകേണ്ടതിന്—രാജഭടത്തകൃതിയിൽ പൊളിഞ്ഞ വാതൽ പുനശ്ച യഥാപൂർവം നിലകൊള്ളുന്നു. കാലരാജ്യപ്രാന്തത്തെ ദർശനംചെയ്ത യുവകന്ദർപ്പൻ മടങ്ങിവന്നിരിക്കുന്നു; കാലസമരംചെയ്ത വൃദ്ധ അനുഭോക്താക്കളും അകത്തു നിൽക്കുന്നു—ആ പരമാനന്ദത്തെ സ്വർഗ്ഗാനുഭൂതിപോലെ ആത്മതുഷ്ടിപൂർവം ആസ്വദിക്കുമായിരുന്ന ദ്വാരപാലൻ മാത്രം തന്റെ സ്വാമിനിയുടെ പ്രവേശനത്തിന് സ്വർഗ്ഗകവാടത്തെ തുറപ്പാൻ സ്വധർമ്മത്തെ തുടർന്നെന്നപോലെ ദിവംഗതനായിത്തീർന്നിരിക്കുന്നു. അതിനാൽ ആ സ്നേഹപൂർണ്ണകുംഭവാഹകന്റെ ആനന്ദാശ്രുവായ ഹിമജലപ്രോക്ഷണംകൊണ്ട് ആ യുവാവിന്റെ പുനസ്സമാഗമത്തെ ആഘോഷിപ്പാൻ ആ കൃത്യനിഷ്ഠന്റെ സാന്നിദ്ധ്യഭാഗ്യം കേശവൻകുഞ്ഞിനു ലബ്ധമാകുന്നില്ല.


അദ്ധ്യായം ഇരുപത്തിയേഴ്


“. . . ഈവണ്ണമോരോ—ഘോരതരദുരിതോരു
ജലനിധിതാരണേ ഗതി ആരയേ തവ—ചേരുവതല്ലി–
വയൊന്നുമഹോ ബഹുപാപം—അരുതിനി ജനതാപം.”


മാമാവെങ്കിടനാൽ പ്രേരിതനായ കേശവപിള്ള, മറ്റൊന്നും ആലോചിക്കാതെ, തന്റെ താമസസ്ഥലത്തു പറന്നെത്തി, ആവശ്യോചിതങ്ങളായ ആയുധങ്ങളും ഹരിപഞ്ചാനനശിഷ്യവർഗ്ഗത്തിന്റെ വസ്ത്രങ്ങളും ധരിച്ച്, വഴിയിൽ ചില ഗാഢപരിചിതരെ കണ്ടുമുട്ടി എങ്കിലും, അവരോടു വേണ്ട ഉപചാരങ്ങൾക്കു നിൽക്കാതെ ആ യോഗിവാടത്തിന്റെ പ്രാഗ്ഭാഗപ്രാകാരത്തെ ചാടി, ജീവഭയം കൂടാതെ അകത്തു കടന്ന്, ശിഷ്യസംഘാതത്തിരക്കിനിടയിൽ പ്രവേശിച്ചു. അവിടെ ഉണ്ടായിരുന്ന ഭൃത്യന്മാർ ഗഞ്ജാദിധൂമസേവകൊണ്ട് പ്രമത്തരായി, ചിലർ ഉറങ്ങുകയും ചിലർ ഹരിപഞ്ചാനനാജ്ഞാദീക്ഷിതന്മാരായി കാത്തിരിക്കയും ചെയ്യുന്നു. ഹിന്ദുസ്ഥാനി സംഭാഷകരായ ചില സരസപ്രധാനന്മാരെ ആ ഭാഷയിൽ തന്റെ ചാടുവചനപ്രയുക്തികൾകൊണ്ടു വശീകരിച്ചും, അടുത്തദിവസം ഒരു ഘോഷയാത്രയുണ്ടെന്നറിഞ്ഞ് അതിന് മഹൽദർബാറുകളെ ദർശനംചെയ്തുള്ള ദേശസഞ്ചാരിയുടെ നിലയിൽ പ്രവർത്തനക്രമങ്ങളെ ഉപദേശിച്ചും കേശവപിള്ള ഓരോ മുറികളിലായി ഉലാത്തിത്തുടങ്ങി. നടപ്പുരകൾകൊണ്ട് ശൃംഖലിതമാക്കീട്ടുള്ള ചതുശ്ശാലകളും, ആ ശാലകൾ കണക്കില്ലാത്ത മുറികളായും ഓരോ

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/213&oldid=158487" എന്ന താളിൽനിന്ന് ശേഖരിച്ചത്