താൾ:Dharmaraja.djvu/214

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നെടുമുറിയും ചിറ്ററകളായും വിഭാഗിക്കപ്പെട്ടിരിക്കുന്നതും, കോണികൾ സംഘടിച്ചുള്ള മച്ചിൻപുറങ്ങളും, കല്ലറകളും, പരിചയരഹിതന്മാരെ കുഴക്കുന്നതായ വാതലുകളുടെ സംഖ്യയും കണ്ട്, ആ മന്ദിരം ദ്രോഹാലോചനകളുടെ സുഖപ്രസവത്തിനുള്ള സൂതികാലയംതന്നെ എന്നു കേശവപിള്ള സമർത്ഥിച്ചു. പാണ്ഡവനാശത്തിനായി നിർമ്മിക്കപ്പെട്ട അരക്കില്ലത്തിലെ കൂരിരുട്ടിന്റെ ആനുകൂല്യത്തിൽ കേശവപിള്ള ഹരിപഞ്ചാനന്റെ ശയനമണിയറയും, വിശ്രമതളിമവും, മന്ത്രമണ്ഡപവും, ഭണ്ഡാഗാരവും, പൂജാരംഗങ്ങളും, സമാധിവേദിയും ഒഴികെ ശേഷമുള്ള എല്ലാ മുറികളേയും പരിശോധിച്ചു. അനേകം കച്ചവടപ്പാണ്ടികശാലകളിൽ വ്യാപാരകനായിരുന്ന കേശവപിള്ളയുടെ നേത്രങ്ങൾകൊണ്ട് ഇരുട്ടുമുറികളിൽ അധികം പ്രയോജനപ്പെട്ടില്ലെങ്കിലും അയാളുടെ ഘ്രാണത്വഗിന്ദ്രിയശക്തികൾ ആശ്രമയോജ്യമായ സമിൽകുശാദികൾക്കു പകരം സംഗ്രാമോപയുക്തിളായ ഖഡ്ഗപട്ടസാദ്യങ്ങളാണ് ആ സ്ഥലത്തു സംഭൃതമായിരിക്കുന്നതെന്ന് അനുഭവപ്പെടുത്തി. അടുത്ത വാതൽ കടന്ന്, വായുപ്രചാരശൂന്യമായ ഒരു മുറിയിൽ പ്രവേശിച്ച്, ഒന്നുരണ്ടടി മുന്നോട്ടു നടന്നപ്പോൾ തുളസി മാടംപോലെ കെട്ടപ്പെട്ടിട്ടുള്ള ഒരു ചെറിയ ഉയർന്ന അറ കാണപ്പെട്ടു. യജ്ഞസംഭാരമായ ആജ്യത്തിന്റെ കുടീരമെന്നു ശങ്കിച്ച് പരിശോധനയെ ഒന്നു സൂക്ഷ്മതരമാക്കി. എന്തൊരു ഗന്ധമാണ് ആ മണ്ഡപകുഡ്യത്തെ ഭേദിച്ചു പുറപ്പെടുന്നത്? ആ ഗന്ധം കേശവപിള്ളയുടെ മനസ്സിൽ എന്തു വികാരങ്ങളെ ഉദിപ്പിക്കുന്നു? അയാളുടെ അവയവസന്ധികൾ ക്ഷീണിക്കുന്നതെന്ത്? കൈയിൽ തടഞ്ഞ ഒരു താക്കോൽക്കൂട്ടത്തെ അയാൾ സാഹസപ്പെട്ടു ഗോപനംചെയ്യുന്നതു മഹാപൽപ്രതീക്ഷണംകൊണ്ടല്ലേ? സേനാരക്ഷിതമായുള്ള നഗരപ്രാകാരങ്ങളെ കടന്ന് അതിശുദ്ധസങ്കേതമായ ഈ സ്ഥലത്ത് ഇത്രയും സന്നാഹം കൂട്ടിയിരിക്കുന്ന സ്ഥിതിക്ക്, പാളയസ്ഥലമായ ആര്യശാലയിലും നഗരത്തിന്റെ ദക്ഷിണഭാഗസ്ഥമായുള്ള യജ്ഞശാലയിലും കോപ്പുകൾ എന്തായിരിക്കും? ഈ ചിന്തയെക്കാൾ പ്രധാനമായുള്ള ഒന്നാണ് ആ യുവാവിനെ ആ സന്ദർഭത്തിൽ പരിഭ്രമിപ്പിച്ചത്. ധൃഷ്ടത കൈവിട്ട്, വഴിയറിയാൻപാടില്ലാതെ കുഴങ്ങി. അങ്ങുമിങ്ങും തടഞ്ഞു മുട്ടിയും, കാൽ ഇടറി മടങ്ങി മുടന്തുകൾ ഏറ്റും, എങ്കിലും വലിയ അപായങ്ങൾ കൂടാതെയും കേശവപിള്ള മറ്റു ഭൃത്യരോടു ചേർന്ന്, അതിശയമായി അനസ്വാസ്ഥ്യത്തെ അഭിനയിച്ചു, ഒരുവന്റേയും സംശയത്തിനും നോട്ടത്തിനും ഇടവരുത്താതെ ഝടിതിയിൽ യോഗിവാടത്തിന്റെ പറമ്പിലേക്കു കടക്കുന്നു. ആ ദൃഷ്ടയുവാവിന്റെ ദൃഢശരീരം ആപാദമസ്തകം വിറയ്ക്കുന്നു. പടത്തലവരുടെ രക്ഷയ്ക്കു വേണ്ട മാർഗ്ഗത്തെ കരുതുന്നതിനു മുമ്പിൽ, പ്രധാനമായി അനുഷ്ടേയമായിട്ടുള്ള കർമ്മം തന്റെ യാത്രാമദ്ധ്യത്തിൽ ദൃഷ്ടനായ ഒരു പുരുഷന്റെ ജീവരക്ഷണമാണെന്നു നിശ്ചയിച്ചു. ഭാഗ്യയോഗംകൊണ്ട് കെട്ടിടത്തിന്റെ അടയ്ക്കപ്പെട്ട ഒരു ജാലകപ്പൊളിവിൽക്കൂടി നോക്കി അകത്തു നടക്കുന്ന സംഭാഷണശ്രവണത്തിനു കർണ്ണദാനം ചെയ്തു നിന്ന ഒരു ആളെക്കണ്ട് സ്വപാർശ്വക്കാരനെന്നു കരുതി അദ്ദേഹത്തിന്റെ സമീപത്തു ചെന്നു. അദ്ദേഹം ‘തേടിയ വള്ളി’ തന്നെ ആയിരുന്നു. തന്റെ അന്തർഗതത്തെ ധരിപ്പിക്കേണ്ടതിനുള്ള മനസ്സാന്നിദ്ധ്യം കേശവപിള്ളയെ കൈവെടിഞ്ഞു. ഗൂഢശോധനംചെയ്തു നിന്നിരുന്ന പുരുഷൻ കേശവപിള്ളയുടെ ആഗമനം കണ്ട്, എന്താണു സംഗതി എന്നു ചോദ്യംചെയ്യുന്ന ഭാവത്തിൽ നിലകൊണ്ടു. ‘നടക്കണം’ എന്നുള്ള ആംഗ്യത്തെ കേശവപിള്ള ആദരവോടുകൂടി കാണിച്ചു. ആജ്ഞാദാനപാത്രങ്ങൾ ആജ്ഞാനുസാരണദൃഷ്ടാന്തങ്ങളായി വർത്തിക്കണമെന്നുള്ള പാഠത്തിനു ദാർഷ്ടാന്തികനായി ആ സ്ഥലത്തു നിന്നിരുന്ന ക്ഷണഗ്രാഹിയായ ഇതരൻ ചോദ്യംകൂടാതെ ആ യുവാവിനെ അനുഗമിച്ചു. അവർ രണ്ടുപേരും പറമ്പിനു പുറത്തു ചാടുന്നതു കണ്ട് അതിനകത്ത് അവിടവിടെ നിന്നിരുന്ന മറ്റു ചിലരും ആ വഴിയെത്തുടർന്നു നിർഗ്ഗമിച്ചു. കേശവപിള്ള പടിഞ്ഞാറെത്തെരുവിലേക്കു നടന്നപ്പോൾ മറ്റുള്ളവരും ആ സ്ഥലത്തേക്കു യാത്രയായി. അവിടത്തെ ജനബഹളത്തിനിടയിൽവച്ച് ശ്രീഘ്രമായി ഒരു ചെറിയ ആലോചന നടന്നു. വേഷപ്രച്ഛന്നരിൽ പ്രധാനി കേശവപിള്ള ധരിപ്പിച്ച വർത്തമാനത്തെ കേട്ട് “എന്നാൽ അതിനകത്ത് ഒരു കച്ചവടവും വേണ്ട പടത്തലവനും ജെണ്ട്റാളൂം അവിടെ എങ്ങാണ്ടോ ഉണ്ട്. അവരും നീയും അവിടന്നു വേഗം പോരണം. ദളവായും ജെണ്ട്റാളുമായി നാളെ വേണ്ടതു നടത്തട്ടെ” എന്നു ഹിന്ദുസ്ഥാനിയിൽ പറഞ്ഞതിന് “ആപത്തുകൂടാതെ അവിടത്തെ ദാസന്മാരായ അടിയങ്ങൾ പോരാം എന്ന് ആ ഭാഷയിൽത്തന്നെ

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/214&oldid=158488" എന്ന താളിൽനിന്ന് ശേഖരിച്ചത്