അയാൾക്കും, അത്യാപത്തുണ്ടാക്കുമെന്ന് അദ്ദേഹം വാദിച്ച്, മീനാക്ഷിയെ ബോദ്ധ്യപ്പെടുത്തി. ആപത്തുകൾക്കല്ലൊം നിവൃത്തി പടത്തലവരായ ‘അമ്മാവൻ’ ഉണ്ടാക്കുമെന്ന് കന്യക ഉണ്ണിത്താനെ ധരിപ്പിച്ചു. ആ സംഗതിയിലെ അനന്തരവിധേയങ്ങൾ ആ സേനാനായകന്റെ വിധി അനുസരിച്ച് തുടരുകയാണു വിഹിതമെന്ന് പ്രഭുവും കന്യകയും സമ്മതിച്ച്, ഉടനെതന്നെ ചെമ്പകശ്ശേരിയിലേക്കു രണ്ടാമതും ഒരു ദൂതനെ നിയോഗിച്ചു.
ഇതിനിടയിൽ പടത്തലവരുടെ നിയോഗപ്രകാരമെന്നു പറഞ്ഞ് ചില രാജഭടന്മാർ ചന്ത്രക്കാറന്റെ ആക്രമങ്ങൾ കൂടാതെ രക്ഷിക്കുന്നതിന്, മന്ത്രക്കൂടത്തു താമസിച്ച്, ചുറ്റുമുള്ള സ്ഥലങ്ങളിൽ സഞ്ചരിച്ചുവന്നിരുന്നു. പടത്തലവരെ വരുത്തുന്നതിന് ദൂതനെ നിയോഗിച്ച ദിവസം അസ്തമിച്ച് എട്ടുപത്തു നാഴികയായപ്പോൾ ആ ഭടജനസംഖ്യ ബഹുഗുണമായി. വൃദ്ധയുടെ രോഗവും അതിമൂർച്ഛയെ പ്രാപിച്ചു. അർദ്ധരാത്രി കഴിഞ്ഞപ്പോൾ രോഗിണി പൂർണ്ണശക്തിയോടുണർന്ന്, യുവപ്രഭാവിനിയെപ്പോലെ ഉണ്ണിത്താനെ നോക്കി, തന്റെ ഭർത്താവാണെന്നു സങ്കൽപിച്ച്, ചില അപേക്ഷകളും ശാസനകളും സരസസംഭാഷണങ്ങളും തുടങ്ങി. മീനാക്ഷിയെ ആ കന്യകയുടെ മാതാവായ സാവിത്രിയാക്കി. നിസ്തേജോവേഷയായി നിൽക്കുന്നതിൽ കയർത്ത്, കഠിനഗർഹണംചെയ്തു. പുത്രരായ ഉഗ്രശാന്തന്മാരുടെ ലാളനശ്രമങ്ങളിൽ, ജ്യേഷ്ഠകുമാരന്റെ ഉഗ്രമായ വികൃതിത്വങ്ങൾകൊണ്ട്, സ്നേഹകോപങ്ങളുടെ വിരുദ്ധാവസ്ഥകൾക്കിടയിൽ അകപ്പെട്ട്, വൃദ്ധ അതിവിഹ്വലമനസ്കയായി. ഇതിന്റെ ഫലമായി, കണ്ടുനിന്നിരുന്നവരുടെ കണ്ണിൽനിന്നും രക്തം വർഷിപ്പിക്കുമാറ്, ആ രോഗിണി ഓരോ ചാപല്യങ്ങൾ കാട്ടി. ഉഗ്രബാലൻ ശാന്തനായ കനിഷ്ഠനെ ക്രീഡാമദ്ധ്യത്തിൽ അസ്തസ്നേഹനായി പീഡിപ്പിച്ചു എന്ന് ജ്വരഭ്രാന്തിക്കിടയിൽ തോന്നി. അനുജസന്താനത്തിൽ ദാക്ഷിണ്യശീലയായി “ശാന്താ! എന്റെ കുഞ്ഞ! നീ ഇങ്ങ് അമ്മേടടുത്ത് പോരെ. ഉഗ്രനോടു കളിക്കാൻ നീയാളല്ല. അവൻ വല്ല പുലിക്കുട്ടിയേയും കൂട്ടുപിടിച്ച് കളിക്കട്ടെ.” (ശാന്തനോടു പരിഭവിച്ച്) “അതതെ തരുന്നതു വാങ്ങാൻ സുഖമില്ലെങ്കിൽ കൊള്ള്. എന്റെ എല്ലല്ലാ ഞെരിയുന്നത്—അതാ, അമ്മ പറഞ്ഞില്ലേ നോവിക്കുമെന്ന്? കരയാതങ്ങങ്ങു പോരേ.” (കോപത്തോട്) “ഉഗ്രാ! ഏറെക്കളിക്കാതെ പോ. അച്ഛന്റടുത്തു പോ. നീ അവിടെയല്ലാതെ മനുഷ്യർക്ക് ചേരൂല്ലാ” എന്നിങ്ങനെ സ്ഫുടമായി മാതൃകാര്യക്ലേശങ്ങൾ ചെയ്യുന്നതിനെ കണ്ടും കേട്ടും നിന്നവർ വിശേഷിച്ച്, ആ കോമളാശ്വിനേയന്മാരുടെ ദർശനാനന്ദം അനുഭവിച്ചിട്ടുള്ളവർ—സകലരും ക്ലേശിച്ചു. കുറച്ചുകഴിഞ്ഞപ്പോൾ വൃദ്ധയുടെ നേത്രങ്ങൾ തുറിച്ച്, വായ് തുറന്ന്, നുര വിസർജ്ജിച്ചുകൊണ്ട്, ഒരു മഹാഭയസംരംഭം തുടങ്ങി: “തീയ്യ്! ഉഗ്രാ! അച്ഛനെ വിളിച്ച് പുടം പൊട്ടി എന്നു പറ. നീ തൊടാതെ: അങ്ങോട്ടു പോണ്ട ശാന്താ—അതാ! അച്ഛൻ വിളിക്കുന്നു. ഉഗ്രാ നീ അങ്ങോട്ടു ചെല്ല്, ശാന്തനേയും ഇഴുക്കാതെ. അയ്യോ! നിന്നെക്കൊണ്ടു പൊറുതിയില്ലേ—എന്റെ ഭഗവാനെ—കൊല്ലാതനുജനെ. തീയാണത്! അയ്യോ! ചതിച്ചു! ചാമുണ്ഡീ! ഇവളിത്ര മഹാപാപിയോ? എന്തു കാലകാലാഗ്നി!” (കണ്ണടച്ച് അവസാനശ്വാസം എന്നപോലെ) “നാരായണാ! നാരായണാ! അയ്യോ ശാന്താ! എവിടെ നീ? അയ്യോ മഹാപാപീ അമ്മയെ നീയും ചതിച്ചോ? ശാന്താ! ഉഗ്രാ! ശാന്താ! ഉഗ്രാ! ശാന്താ! ജനാർദ്ദനാ! ശാന്താ!” എന്നു മുറവിളിക്കൂട്ടിക്കൊണ്ട് വൃദ്ധ ബോധക്ഷയത്തിൽ ലയിച്ച്, ദ്രുതശ്വാസം തുടങ്ങി. ആ മഹാശ്വാസവേഗം കുറച്ചു കഴിഞ്ഞപ്പോൾ നിലച്ച്, രോഗിണി സുഖനിദ്രയിലെന്നപോലെ ഒട്ടുനേരം കിടന്നു. അനന്തരം ഉണർന്ന് പൂർണ്ണസുഖമായപോലെ “മീനാക്ഷീ—ആ സ്തോത്രമൊന്നു ചൊല്ലൂ” എന്ന് ആജ്ഞാപിച്ചു. ആ ബാലിക, ക്ഷീണസ്വരത്തിൽ ‘ത്രിപുരസുന്ദരീ സ്തോത്ര’ത്തെ ഗാനം ചെയ്‌വാൻ തുടങ്ങി. വൃദ്ധയ്ക്കു സ്വരവ്യക്തി പോരെന്നു തോന്നി, “സ്വർഗ്ഗത്തും കേൾക്കണം. ചാകാൻപോകുമ്പോൾ കേട്ടു ചാകട്ടെ” എന്നു നിർബ്ബന്ധിച്ചു. മീനാക്ഷി മാതാമഹിയുടെ അപേക്ഷാനുസാരമായി സ്വകണ്ഠസരളതയുടെ പരമാവധിക്കു ചേരുന്ന സ്ഥായിയിൽ സ്വരാരംഭം ചെയ്ത്, ചിലമ്പിനേത്തുഭവനത്തെ ശുദ്ധീകരിച്ച് ദിവ്യഗാനത്തെ ആരംഭിച്ചു. അഞ്ചാറു ശ്ലോകം ചൊല്ലിക്കഴിഞ്ഞപ്പോൾ, വൃദ്ധ ഒരു അത്യുക്കടതൃഷ്ണാവേഗത്തോട് “അവിടെ ആരു വന്നു?” എന്നു ചോദ്യംചെയ്തു. ഈ ചോദ്യവും മരണ