താൾ:Dharmaraja.djvu/209

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

തീർച്ചയാകുമാറ്, ഒരു ശബ്ദം പരമാർത്ഥമായി താൻ ഇരിക്കുന്ന കെട്ടിനകത്തു ചന്ത്രക്കാറൻ കേൾക്കുന്നു. വാതലുകൾ ബന്ധിക്കുന്നതിനിടയിൽ ശത്രുക്കളും തന്നെ മുന്നിട്ട് ഓരോ കെട്ടുകളിൽ പ്രവേശിച്ചിട്ടുണ്ടെന്നു ചിന്തിച്ചുകൊണ്ട്, ഹോമകുണ്ഡത്തിന്റെ സമീപത്തുചാടി കത്തിയെരിയുന്ന ഒരു കൊള്ളിയെടുത്ത ബഹുസഹസ്രംജനങ്ങളുടെ ഞരമ്പറുതികൊണ്ടു നിർമ്മിതമായുള്ള ആ മഹാമന്ദിരത്തെത്തന്നെ സംഹാരവഹ്നിയിൽ ഹോമിക്കുന്നതിന്, ചന്ത്രകാറപുരോചനൻ കൊള്ളിയെ ഉയർത്തി മിന്നുന്നു. ആ പ്രഭാവിസരണത്തിൽ, അതിദൂരത്തല്ലാതെ അതികൃഷ്ണവർണ്ണനായി, ജൃംഭിതശരീരനായി, അവ്യൽരൂപനായുള്ള ഒരു ഭൂതം ചന്ത്രക്കാറനു പ്രത്യക്ഷപ്പെടുന്നു. അത്ര പെരുമ്പടപ്പിലുള്ള ഭവനത്തിലെ ഏകാന്തതയിലും, ഹോമത്തിന്റെ അനവസ്ഥിതമായ പ്രകാശത്തിലും, തന്റെ വിചാരകാളിമയ്ക്കിടയിലും, അങ്ങനെയുള്ള ഒരു ദർശനം ഉണ്ടായപ്പോൾ തന്റെ മർദ്ദനത്താൽ വക്രിതശരീരനായ കുപ്പശ്ശാരുടെ പ്രേതം, തന്നെ ബാധിപ്പാൻ ശവഗർത്തം ഭേദിച്ചു പുറപ്പെട്ടിരിക്കുന്നതാണെന്നു ചന്ത്രക്കാറൻ വിചാരിച്ചു. അങ്ങനെ ഒരു അഭൗമദർശനത്തിനെങ്കിലും ആ ഘട്ടത്തിൽ സന്ദർഭമുണ്ടാക്കിയ ഭൂതത്തെ അഭിനന്ദിച്ച് ആ ഭൂതഗ്രസ്തൻ എഴുന്നേറ്റ്, “വാ അമ്മിണാ വാ വാ—കൂട്ടില്ലാണ്ട് ചന്ത്രക്കാറന്റെ കൂത്താട്ടങ്ങള് മോടിയാവണില്ല” (മേഷയുദ്ധസമർത്ഥന്മാർ പലകപിടിക്കും പോലെ വെട്ടുകത്തിയെക്കാട്ടി) “ബാഹാ! ചന്ത്രക്കാറന്റെ കരളിലെ ഉപ്പൊന്നു നക്കാൻ ഹങ്ങങ്ങു വാ!” എന്ന് കാളിഉടയനായ ചന്ത്രക്കാറൻ തന്റെ നാമാർത്ഥത്തെ യഥാർത്ഥീകരിച്ച് അന്ധാളിപ്പിന്റെ ഛായപോലും കൂടാതെ ഒരു നിമന്ത്രണം നൽകി, മേഷശിരസ്സിൽ തച്ച് അതിനെ പുറംപായിപ്പിക്കുന്ന ചോടിൽ മൂന്നാഞ്ഞു കുതംകൊണ്ടു നിന്നു. ഭൂതം ചന്ത്രക്കാറന്റെ നാന്ദകത്തിന്റെ ധാരാപ്രകാശം കണ്ട് അതിന്റെ ലേഹനാനുഗ്രഹത്തിൽ കൗതുകിയാകാതെ വാതൽ തുറന്ന് അടുത്ത കെട്ടിൽ ചാടി. “പെയ്യച്ചു വാ നല്ലനേരംപറ്റി” എന്ന് ചന്ത്രക്കാറൻ പറഞ്ഞു എങ്കിലും, ആദ്യത്തെ ശങ്കോദ്വേഗം ആ ഭൂതത്തിന്റെ മടക്കം കണ്ടു നീങ്ങുകയാൽ, ആ സത്വത്തെ തുടർന്നു. അത്രത്തോളം ഹിംസാശ്രമത്തിനു സംഗതിയുണ്ടായത് ചന്ത്രക്കാറന്റെ ഋഷഭോന്മത്തതയ്ക്കു മാധ്വീകമായി. ഭൂതത്താൻ ആ ഭവനത്തിലെ മുപ്പത്തിയാറു കെട്ടുകളിലും നൃത്തംചെയ്തുക്ഷീണിച്ച്, അവസാനത്തിൽ എന്തോ ഭീഷണഗർജ്ജനം ചെയ്യുന്നു. ചന്ത്രക്കാറൻ നിലയിൽനിന്ന് ഭൂതത്താന്റെ ആകാശവാണികൾക്കു ചെവി നൽകുന്നു. തന്റെ ഭാഗിനേയന്റെ മൃതികഥയേയാണ് ഭൂതം വർണ്ണിക്കുന്നത്. ഒരു കല്ലറയിൽ ബന്ധിക്കപ്പെട്ട്, ആ മനോഹരകുമാരൻ, കുപ്പനായ വൃദ്ധവിരൂപൻ മണ്ണകുഴിയിലെന്നപോലെ ദ്രവിച്ച് കീടഭക്ഷ്യമായിത്തീരുന്നു എന്ന് ഭൂതം പ്രഹസിക്കുന്നു. ചന്ത്രക്കാറനാൽ വധിക്കപ്പെട്ട ആ വികൃതഭൃത്യധാമനും സർവവന്ദ്യനായ തന്റെ ഭാഗിനേയപാരിജാതത്തിനും, വിധിവശാൽ ഏകഗതിതന്നെ സംഭവിച്ചിരിക്കുന്നു എന്നു ഭൂതത്താൽ കൂക്കുവിളിച്ചുകൊണ്ട്, ആ ഭവനത്തിലെ നവാങ്കണങ്ങളിലും ചന്ത്രക്കാറന്റെ വ്യാകുലത കാൺമാനുള്ള ഉത്സാഹഭ്രമത്തോടു തുള്ളിക്കളിയാടി. “ഏതു മഹാപാപി അക്കൊടുമയ്ക്കൊടവരുത്തി?” എന്ന് അമ്പുകൊണ്ട ഗജത്തിന്റെ ഘനരോദനധ്വനിയിൽ ചന്ത്രക്കാറൻ ചോദ്യംചെയ്തതിന്, ഭൂതത്താൻ ഹരിപഞ്ചാനനനാമത്തെ സമസ്തബിരുദസമേതം ഉച്ചരിച്ചു. യോഗിവാടത്തിൽവച്ചുണ്ടായ ബ്രഹ്മസാക്ഷാൽ രണഭാവനയിലെ ഉക്തികളേയും തന്നെക്കാണിച്ച ലേഖനത്തേയും ഓർത്ത്, ആ യുവാവിന്റെ സംഗതിയിൽ ആദി മുതൽ അന്തംവരെ ആ യോഗീശ്വരൻ പരമപാതകത്വത്തെ അനുഷ്ഠിച്ചിരിക്കുന്നു എന്ന് ക്ഷണവ്യാഖ്യാനംചെയ്ത്, ഉള്ളിൽ എരിഞ്ഞ തീയോടുകൂടി, “എരിഞ്ഞു കരിഞ്ചാമ്പലടിച്ച്, നഹിച്ചു പറന്നു പോട്ടേ പഞ്ചപാഥകൻ” എന്നു ചന്ത്രക്കാറൻ ശപിച്ചു. ഭൂതത്താൻ ആ പുരയ്ക്കും പറമ്പിനും പുറത്തുചാടി കുമാരൻതമ്പിയുടെ ഭടജനവലയത്തിൽ അകപ്പെട്ടു.

കേശവൻകുഞ്ഞിന്റെ മൃതിവൃത്തശ്രവണം ചന്ത്രക്കാറനിൽ ശേഷിച്ചിരുന്ന നരത്വത്തേയും പൈശാചീകരിച്ചു. തന്നെ ആ സ്ഥലത്തോടു ബന്ധിച്ചിരുന്ന ഏകതന്തുവും ഖണ്ഡിക്കപ്പെട്ടപ്പോൾ ചന്ത്രക്കാറൻ ഹരിപഞ്ചാനനോപദേശങ്ങളുടെ സഹായം കൂടാതേയും, തന്റെ രൂക്ഷതാമാത്രത്താൽ ശാസ്യനായും ധൂമപ്രായമായ തന്റെ ബുദ്ധിയെ സ്വഹൃദയവർത്തിയായ തമോബ്രഹ്മത്തിൽ ലയിപ്പിച്ചു. ഗൃഹത്തിന്റെ മധ്യാങ്കണത്തിൽ കത്തിക്കൊണ്ടിരുന്ന അഗ്നികുണ്ഡത്തെ പാദപ്രപാതംകൊണ്ടണച്ച്, പശ്ചിമപ്രാകാരമുഖമായുള്ള ശീതളതളിമത്തിൽ

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/209&oldid=158482" എന്ന താളിൽനിന്ന് ശേഖരിച്ചത്