Jump to content

താൾ:Dharmaraja.djvu/210

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പ്രവേശിച്ച്, ബൃഹൽപിണ്ഡാസനസ്ഥനായി, സമാധിനിഷ്ഠനായി സ്ഥിതിചെയ്തു. തന്റെ മനസ്സിനും ചക്ഷുസ്സിനും ഗോചരമാകുന്ന അന്ധകാരവസ്തു തന്റെ അവസ്ഥകളെ ഗുഹനം ചെയ്യുന്ന സന്തുഷ്ടികൊണ്ട്, അയാളുടെ ആസുരബുദ്ധി ഏകാഗ്രതയോട് അതിനെ സർവാന്തര്യാമിയായി സാക്ഷാൽകരിച്ച് ആരാധിച്ചു. ആ ഉഗ്രസമാധിയാൽ ഉപസ്യമായ മൂർത്തി ക്ഷിപ്രപ്രസാദിയായി അയാളുടെ മൂർത്തിയിൽ പൂർണ്ണാനുഗ്രഹത്തോട് അധിവാസം ചെയ്തു. തന്നിൽ വ്യാപരിച്ചിരിക്കുന്ന ദേവന് നിവേദ്യമായോ, ഭവനത്തിൽ ഘാതർമം നടന്നു എന്ന് തെളുവുണ്ടാക്കാനോ, കേവലം ദുർദ്ദശാചകിതതയാലുള്ള ചിത്താന്ധതയാലോ ആ തമഃപൂർണ്ണൻ തന്റെ വിരലുകളുടെ അഗ്രങ്ങളെ കടിച്ചുമുറിച്ച് ആ തളിമത്തെ ചില രക്തമണികൾകൊണ്ടു മണ്ഡിതമാക്കി. ദർശനസന്ദർഭം ഉണ്ടായെങ്കിൽ, കാലൻതന്നെ വിറകൊള്ളുമായിരുന്ന അപ്രാകൃതരൂപനായി, ആ പിണ്ഡാകാരൻ എഴുന്നേറ്റു നിൽക്കുന്നു. അംഗുലികളിൽനിന്നും ദ്രവിക്കുന്ന രക്തസ്രാവത്തെ അറിയാതെ അയാൾ തന്റെ കൈകളെ നീട്ടി, നിവർന്ന്, വക്ഷസ്സിനെ വിസ്തൃതമാക്കി, മനസ്സിൽ ശാപോദയത്തോടുകൂടി ഒരു ഗർജ്ജനംചെയ്യുന്നു. ശവഭുക്തിസന്തുഷ്ടികൊണ്ട് യുദ്ധഭൂമിയിൽ നൃത്തംചെയ്യുന്ന പൈശാചകൂളിയെപ്പോലെ അയാൾ പൊട്ടിച്ചിരിക്കുന്നു. “എടാ ഇരുളാ! വിഴുങ്ങ് വാതുറന്ന്, ഈ മൊണ്ണയനെ. നീയല്ലാണ്ട്, കാലമേത്, ഖലിയേത്? ഉശിരുടയാൻ കാലനും നീ തന്നെടാ പടച്ചപൊരുളേ! നീയല്ലാണ്ട് പൂലവത്ത് ആരെടാ നെടുനെലകൊള്ളുന്ന പെരുമ്പൊലിമ? തായെന്നു ചൊല്ലിയവടെ കൊടലിരുട്ടിൽ തോറ്റി, മനുക്ഷ്യവരെ പെരട്ടിരുട്ടിൽ ഇരുട്ടവെടിയ പെലന്ന്, തിരുമ്പാപാംകുഴിയിരുട്ടിൽ ഥൊലയണ ഇക്കൊണംകെട്ട, ഈ ഈരിരുളന്, കരുംകൂരിരുളേ, നീയേ നെടുഘെതി!” എന്നും മറ്റും അതിവിശിഷ്ടങ്ങളായ ചില അദ്വൈതപ്രമാണങ്ങളെ ഉദ്വമിച്ചുകൊണ്ട്, മുറ്റത്തിറങ്ങി, പുറകോട്ടു നടന്ന്, ഇഷ്ടദേവതയായ ആദിയും അന്തവും ഇല്ലാത്ത അന്ധകാരബ്രഹ്മാണ്ഡത്തിൽ, കാളിയുടയാനായി ജന്മമെടുത്ത്, ഈ വിധമെല്ലം നിവർത്തിച്ചവന്റെ ഉടൽ പാഞ്ഞു.

“കദംബവനവാസിനീം മുനികദംബകാദംബിനീം. . .
ത്രിലോചനകുടുംബിനീം ത്രിപുരസുന്ദരീമാശ്രയേ.”

ഈ സ്തോത്രഗീതത്തിന്റെ അമൃതധാരാമാധുരിയെ വഹിച്ചുള്ള പ്രശാന്തപവനൻ മന്ത്രക്കൂടത്തു ഭവനത്തിൽ വ്യാപരിക്കുന്ന ശബ്ദബഹുത്വത്തേയും ഭേദിച്ച്, പിശുനസമ്പർക്കം കൊണ്ടു ദൂഷിതമായ ചിലമ്പിനഴിയത്തു വായുമണ്ഡലത്തെ, അതിന്റെ യുവനാഥന്റെ സുഖസഞ്ചാരണത്തിനായി ശുദ്ധീകരിക്കുന്നു. ആ സംഗീതവാഹിനി അത്യന്താധിജന്യങ്ങളായുള്ള പരമദുഃഖാശ്മങ്ങളിൽ തടഞ്ഞ്, തിങ്ങിപ്പെരുകി, കവിഞ്ഞ്, ഝരികയായി ആലാപസമേതം പ്രപാതം ചെയ്ത്, പ്രാന്തങ്ങളേയും ദൈന്യശിശിരിതമാക്കുമാറ്, വിലപനകല്ലോലങ്ങളായി തടതരണം ചെയ്യുന്നു. ‘ത്രിപുരസുന്ദരി’ എന്ന സങ്കൽപത്തിൽ, ശിവശക്തിസ്വരൂപിണിയുടെ കരുണാമൃതത്തെ അഭിവാഞ്ഛിച്ചുണ്ടായ പ്രാർത്ഥനാഗാനം മന്ത്രക്കൂടത്തു നടക്കുന്ന മൃത്യുക്രീഡയിലെ രണ്ടാംകളത്തിൽ ‘മൃത്യുഞ്ജയ’മായി കഥനീയമായ ഒരു ‘ചതുഷ്പാദം’ ആയിരുന്നു. രക്താഭിഷിക്തമായ ചന്ത്രക്കാറന്റെ ശരീരവസ്ത്രങ്ങളെ തന്റെ ഭൃത്യന്റെ ദുർഗതിയെ ഊഹിച്ചു വീണ സ്വാമിനിയെ, ഭാഗ്യവശാൽ ആ ഘാതകന്റെ ഉന്മാദഗതികളെ പതുങ്ങി നോക്കി സഞ്ചരിച്ചിരുന്ന ചില കരനാഥന്മാർ, ഉടനേ നേരിടുമായിരുന്ന മൃതിയിൽനിന്നു രക്ഷപ്പെടുത്തി. വൃദ്ധയും മീനാക്ഷിയും ആ ക്ഷണംമുതൽ കഴക്കൂട്ടംദേശവാസികളുടെ ഹൃദയംഗമമായ സ്നേഹോപചാരശുശ്രൂഷണങ്ങൾക്കു പാത്രങ്ങളായി ഭവിച്ചു. ആയുർവേദവിദഗ്ദ്ധന്മാരായ വൈദ്യന്മാരും ആയുർവേദനകളിൽ പരിചരണവിദഗ്ദ്ധകളായ വൃദ്ധകളുംകൂടി വൃദ്ധയേയും മീനാക്ഷിയേയും കൈയേറ്റ്, വേണ്ടപോലെ കാര്യാന്വേഷണങ്ങൾ നടത്തി. ഭാഷാകവീന്ദ്രനായ കണിശപ്പണിക്കർപോലും, പിശുനനായ തന്റെ ദേശനാഥനെ തൃണീകരിച്ച് മന്ത്രക്കൂടത്തെത്തി, പ്രമാണികളുടെ തുരുതുരേയുള്ള വരവിനിടയിൽ ‘നിലം പൊത്താൻ’ ഇടകിട്ടിയില്ലെങ്കിലും, ആയുർദ്ദായപരീക്ഷകൾ നടത്തി, അൽപപ്രായശ്ചിത്തങ്ങൾ നിശ്ചയിച്ച്, ചില അനുകൂലങ്ങളെ കവടിസ്സഞ്ചിയിൽ കണ്ടു. പൊടുന്നനവെ നേരിട്ട അത്യാപത്തിൽ ബുദ്ധിക്ഷയം സംഭവിച്ചിരുന്ന മീനാക്ഷി ഉച്ചയായപ്പോഴെയ്ക്കും ഒരുവിധം മനസ്സ്വാസ്ഥ്യത്തെ

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/210&oldid=158484" എന്ന താളിൽനിന്ന് ശേഖരിച്ചത്