താൾ:Dharmaraja.djvu/208

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

എന്നുള്ള അഭ്യസൂയ ആ ആലോചനയെ സമൂലം വിച്ഛേദിച്ചു. തന്റെ ആപന്നതയിൽ തന്നാൽ നിർമ്മിതമായുള്ള ഭവനം മനോഹരത്വത്തെ അവലംബിച്ചുനില്ക്കുന്നതിനെ ഒന്നു ലേഹനം ചെയ്തു ഭസ്മീകരിപ്പാനും, ആ പ്രകൃതിഭേദ്യന്റെ അകത്തു കത്തുന്ന കോപവിഷാഗ്നി ഒന്നു പ്രജ്വലിച്ച് ആഞ്ഞു. തന്നെ ഭ്രാന്തനെന്നു ജനങ്ങൾ ഭവിച്ചേക്കുമെന്നുള്ള അഭിമാനപവമാനൻ ആ തീയെ കെടുത്തു. കൊട്ടാരക്കരത്താമസിക്കുന്ന സ്വജനങ്ങളോടുചേർന്ന് തൽക്കാലം ഗൂഢവാസംചെയ്കയോ എന്ന് ആലോചിച്ച്, ഒരു ചീറ്റംകൊണ്ട് അതിനെ അവസാനിപ്പിച്ച് ഹരിപഞ്ചാനനപാദങ്ങളിൽ ദണ്ഡനമസ്കാരംചെയ്ത്, ആജ്ഞാലംഘനാപരാധപാപത്തിനു നിവൃത്തി പ്രാർത്ഥിക്കേ, എന്നും ചിന്തിച്ചു. ദന്തങ്ങളാൽ അഖാദ്യവും ബുദ്ധിയാൽ ദുർഗ്രാഹ്യവുമായുള്ള മന്ത്രതന്ത്രവേദാന്തോക്തികളുടെ വ്യാപാരകനായ ആ വഴിപിണക്കിഭൂതത്താന്റെ ഗുരുപാദർ താൻ ആയി, ആ ‘ചെപ്പടിപ്പേച്ചനേ’ അഞ്ചാലിൽ തൂക്കി, ഗാന്ധാരിമുളകിട്ടു പുകച്ചു കണ്ണുംകെടുത്ത്, മേൽത്തൊലി ‘വാർവാറെന്ന്’ വാങ്ങി കൊലവിളി വിളിപ്പിച്ചു കുമ്പിടീച്ചില്ലെങ്കിൽ ‘ഹന്നു—’ ഈ ചിന്താവാചകത്തെ, അതിലെ ക്രിയാപദത്തിനു പകരം മുഖത്തെ കീഴ്മേൽ തെരുതെരെ ആട്ടി, ചെറുവിരൽകൊണ്ട് ആകാശത്തിൽ ഒരു അനുസ്വാരചിഹ്നവും വാലും വരച്ച് ആ സാഹിത്യസംബന്ധി അവസാനിപ്പിച്ചു. തന്റെ ദ്രാഹാലോചനകൾക്കു മതിയായ പ്രായശ്ചിത്തംചെയ്ത് മഹാരാജപാദങ്ങളെ ശരണംപ്രാപിച്ചാലോ? ഈ ആലോചനയ്ക്കു സമാധാനമായി പുറപ്പെടുന്നത്, “പെരുങ്കൈനോക്കന്മാരെ മെനക്കെടുക്കാൻ കുരുത്തംകെട്ട തന്തയ്ക്കു പിറന്ന ചെറുക്കൻ” എന്നൊരു ക്ലേശോച്ചാരണമായിരുന്നു.

ചന്ത്രക്കാറന്റെ ദുഷ്കാലശകുനമായ ജെണ്ട്റാൾ കുമാരൻതമ്പി, ആ ഖലപ്രമത്തന്റെ ഗുരുവും സത്യബന്ധത്താൽ മിത്രവും ആയ ഹരിപഞ്ചാനന‘തിമിംഗല’നെ തന്റെ സേനാവലയത്തിനകത്തു ബന്ധിപ്പാൻ വ്യൂഹസജ്ജീകരണം ചെയ്തു. ഈ ഒരുക്കത്തെ പൂരിപ്പിക്കാനുള്ള കരുതലോടുകൂടി ആ സമയത്തുതന്നെ ചിലമ്പിനേത്തു ഗൃഹമാകുന്ന വ്യൂഹവും അന്ധകാരവ്യൂഹവും തന്റെ പാപകർമ്മവ്യൂഹവും വളഞ്ഞിരിക്കുന്ന ചന്ത്രക്കാറനേയും ഒരു ചെറുതായ സേനാവ്യൂഹംകൊണ്ടുകൂടി ആ സേനാനായകൻ ആവരണംചെയ്തു. ഭക്ഷണാദി ദിനചര്യകളിലും നിദ്രയിലും ആസ്ഥ കുറഞ്ഞ്, തന്റെ ആപൽഗൗരവകേന്ദ്രത്തിൽ സമസ്തകരണങ്ങളേയും സമാഹരിച്ചു സ്ഥിതിചെയ്യുന്ന ചന്ത്രക്കാറൻ ഈ വസ്തുതയും ധരിക്കുന്നു. തന്റെ ഭവനത്തിലെ മുപ്പത്തിയാറു കെട്ടുകളുടേയും വാതലുകൾക്കുള്ള ഈരണ്ടു സാക്ഷകളേയും ദൃഢമായി ഉറപ്പിച്ച്, വാതലുകളെ ബന്ധിച്ച്, ഗൃഹപ്രവേശസാഹസത്തിനു തുനിയുന്ന രാജഭടന്മാരെ തന്റെ ഗൃഹസമേതം വെണ്ണീറാക്കുന്നതിന്, ഗൃഹമദ്ധ്യസ്ഥമായുള്ള അങ്കണത്തിൽ ഒരു ഹോമം ആരംഭിച്ച്, അഗ്നിജ്വാലകളെ പോഷണംചെയ്യുന്നു. അദ്ദേഹം തന്റെ നവചന്ദ്രഹാസത്തെ ധരിച്ച്, ശ്രവണങ്ങളെ സൂക്ഷ്മപ്രവർത്തകങ്ങളാക്കി ഇരിക്കുന്നതിനിടയിൽ ചന്ദ്രഹാസത്തിന്റെ വായ്ത്തലയും കിളിച്ചുണ്ടും ഹോമപ്രഭതട്ടി, രജതപ്രഭയോടുകൂടിയ ഉഗ്രരശ്മികളെ ഉദ്വമിക്കുന്നു. എന്നാൽ, ആ ചന്ദ്രഹാസത്തിന്റെ ഉടമസ്ഥൻ വെള്ളകിലിന്റെ വർണ്ണവും ഗോളാകൃതിയും പകർന്ന് മിശ്രവർണ്ണനായി ലംബമാംസനായി, പിംഗളദന്തനായി, ജൃംഭിതസടാകേശനായി, ജരാക്രാന്തനായി, പ്രാണായാമസ്ഥനായി കാണപ്പെടുന്നു. തന്റെ ഭരണസൗഭാഗ്യം അനുഭവിക്കാതെ ദുർദ്ദശാവിലത്തിൽ പതിക്കാൻ പോകുന്ന സ്വരാജ്യത്തിന്റെ ഭാഗധേയവൈകൃതത്തെ തന്റെ മദാത്യവിഭ്രാന്തികൾക്കിടയിൽ, ആ ധൂർത്തൻ ശപിച്ച് അപഹസിക്കുന്നു. അശമഹൃദയനായി, പരോപദ്രവവ്രതനായി, നീതിനിഗമാദി സകല ധർമ്മാധാരങ്ങളുടേയും വിദ്വേഷകനായി, ഐശ്വരമായുള്ള സർവ്വഭൂതികളേയും ഹതംചെയ്യുന്ന നഗ്നപാഷണ്ഡനായുള്ള ആ കലികാലവേനന്റെ ശാപം ആ കുടിലബുദ്ധിയുടെനേർക്കുതന്നെ പ്രതിപതനം ചെയ്യുന്നു. എങ്ങാണ്ടൊരു കെട്ടിന്റെ പുരപ്പുറത്ത് ആൾ സഞ്ചാരത്തിന്റെ ശബ്ദം കേട്ടതുപോലെ ആത്മരക്ഷാസമഗ്രചിത്തനായ ചന്ത്രക്കാറനു തോന്നുന്നു. ചന്ത്രക്കാറൻ ശ്രവണശക്തിയെ സമഗ്രജാഗരൂകമാക്കി പരിശോധിച്ചപ്പോൾ തനിക്കു കേട്ടതായി തോന്നിയ ശബ്ദം തന്റെ സംശയബുദ്ധിയുടെ ഫലമാണെന്നു തീർച്ചയാക്കി എങ്കിലും, ദളവാപദകാംക്ഷിയായ അയാൾ സന്നാഹോപേക്ഷകൊണ്ടു ഹതനായിപ്പോകാതെ സൂക്ഷിക്കുന്നതിനായി ഹോമത്തെ ഒന്നുകൂടി വളർത്തി പുഷ്ടിയാക്കി. തന്റെ ഏകാഗ്രചിന്തകളുടെ ഫലമല്ലെന്നു

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/208&oldid=158481" എന്ന താളിൽനിന്ന് ശേഖരിച്ചത്