താൾ:Dharmaraja.djvu/207

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ചെറുക്കന്റെ നെട്ടോട്ടം പിടിപ്പാൻ കരുത്തൊള്ളവര്—തള്ളമാരെത്തൊഴുതു വായ്ക്കരീമിട്ടേച്ച് ഇങ്ങു വരുവിന്” എന്നു ദർപ്പനിർഘോഷത്തോടുകൂടി ഭവനത്തളത്തിൽ കടന്ന് മുട്ടുകൾ തമ്മിൽ മുട്ടിച്ച്, മുമ്പിലത്തെ വേണുവാദനത്തിൽ വിട്ടുപോയിരുന്ന താളത്തെ ആ വീരവരിഷ്ഠൻ മേളിച്ചു. എന്തായാലും കാഴ്ചയ്ക്കു വമ്പുള്ള ഒരു ബന്ധുവിന്റെ സാഹചര്യം പരിസരാവസ്ഥകൾക്ക് അപേക്ഷിതമെന്നു വിചാരിച്ച്, പൂർവാനുചാരിയായ പിശ്ശാത്തിയെ വാരിയിൽതിരുകി, ഒരു വെട്ടുകത്തിയെ അദ്ദേഹം ജന്യായുധമായി വരിച്ചു. കോട്ട ബന്ധിച്ചുള്ള തന്റെ ഏകാന്തവാസം എത്രകാലത്തോളം നിവർത്തിക്കാമെന്നു കണക്കുവരുത്താൻ ചന്ത്രക്കാറൻ കലവറയും ഖജാനയും ഒന്നു വഴിയേ പരിശോധിച്ചു. ഈ യുദ്ധസന്നാഹത്തിനിടയിൽ ചന്ത്രക്കാറവെട്ടുകത്തിധരൻ, ഔചിത്യങ്ങളുടെ അത്യഭിജ്ഞതകൊണ്ടെന്നപോലെ, ഒരു തുലായ്പ് (തളപ്പു) അരയിൽ ബന്ധിച്ചു. ചന്ത്രക്കാറവൈശ്രവണൻ തന്റെ കുടവയറ്റിന്റെ താഴ്വര ചുറ്റി രക്ഷാകടിസൂത്രമായി അണിഞ്ഞ്, വസ്ത്രവിതാനംകൊണ്ട് അന്യചക്ഷുർഗോചരമാകാതെ ഗോപനംചെയ്ത പടിയരഞ്ഞാണം അതിൽ അടക്കംചെയ്തിരുന്ന വജ്രാദിമണികളുടെ വിശിഷ്ടതകൊണ്ട് ഇക്കാലത്തെ രത്നവ്യാപാരപ്രദർശനശാലകളെ ലജ്ജിപ്പിക്കുമായിരുന്ന ഒരു ‘അരമടിശീല’യായിരുന്നു. ആയുധസജ്ജീകരണംതന്നെ കാമകാമവൈരികൾക്കു സമാനനാക്കിയിരിക്കുന്നു എന്നു ചന്ത്രക്കാറൻ പരിതുഷ്ടനായി. “ഇനി ഏതു തിരുവന്ഥരത്തോ—തൃച്ചൂലോ—ത്രീരങ്കപട്ടത്തോ (ശ്രീരംഗപട്ടണത്തോ) ചെന്നൂടാ? ധൗസങ്ങള് (സൗധങ്ങൾ) തൊറപ്പാൻ മണിമംഖകളുതന്നെ മുന്തുല്യോ?” എന്ന് ആവൃതരായ നാളികേരവിദ്വൽസമാജത്തിന്റെ സമക്ഷത്തിൽ, ധനസാമൂഹ്യനിരൂപണങ്ങളെ സംബന്ധിച്ചുള്ള ഒരു വിഷമപ്രശ്നത്തെ അർപ്പിച്ചു. ജണ്ട്റാളോ കാലനോ കബന്ധനോ, മുടക്കോ കാവലോ ഇട്ടാലും, തന്റെ ‘ഒറ്റപ്പെരുങ്കൈയെ’ നിവർത്തിച്ച്, ‘പുല്ലുകൂട്ടങ്ങളുകൂടി മറയത്തു ചപ്പീരിക്കണ’ ചിലമ്പിനേത്തു ചന്ത്രക്കാറൻ നാമത്തെ ശാശ്വതസ്മരണീയമാക്കിയല്ലാതെ താൻ വിടുന്നതല്ലെന്ന് ആ ധീരപാഷണ്ഡൻ നിശ്ചയിച്ചു. എന്നാൽ, ഈ മഹോത്ഥാനത്തിനും ഒരു ഉത്തരായണസമാഗമത്തെ പ്രതീക്ഷിക്കണ്ടേതായുണ്ട്. “വരട്ടേ ചെറുക്കൻ വരട്ടെ—അപ്പം കാമ്പിച്ചുകൊടുക്കാം. പയുപോലും മേയാപ്പുല്ലുകൾക്കു ചന്ത്രക്കാറന്റെ തനിക്കൊണം” എന്നു കേശവൻകുഞ്ഞിന്റെ തിരിച്ചുവരവിലേക്കു മാത്രമായി ചന്ത്രക്കാറദയാലു തന്റെ ‘പെരുങ്കൈ’പ്രയോഗത്തെ നീക്കിവച്ചു.

ആ ഏകാന്തവാസവും തന്നെ വലയംചെയ്യുന്ന ആപത്തിന്റെ അനിവൃത്തതയും കൂടിച്ചേർന്ന്, രണ്ടു ദിവസം കഴിഞ്ഞപ്പോൾ, ആ വജ്രശിലാഹൃദയനെ കഷായിപ്പിച്ചുതുടങ്ങി. “ആടിയ കാലും പാടിയ വായും” പോലെ ചന്ത്രകാറവികൃതികളും അനമ്യായസ്വസ്ഥതയെ അവലംബിക്കുന്നവയല്ലായിരുന്നു. ചന്ത്രക്കാറൻ പ്രമത്തനും, ഹനനഭീഷണിപ്രവാദകനും ആയിരുന്നെങ്കിലും, ആ ഗോളനിർമ്മിതി നിധനകർമ്മത്തിനും നിധനധർമ്മത്തിനും വിരുദ്ധപ്രകൃതിയിൽ ആയിരുന്നതിനാൽ കുപ്പശ്ശാരുടെ വധജാള്യത്തിന് കാര്യൈകദൃക്കായ താൻ എങ്ങനെ പ്രചോദിതനായി എന്നൊരു ശങ്കാശല്യവും അയാളുടെ കഷായത്വത്തെ കുഴമ്പിച്ചു. “അപ്പൊല്ലാത്ത ചാവുണ്ണിത്തേവടിയാടെ മായാമയക്ക്!” എന്ന് ആ ബുദ്ധിക്കുറ്റപ്പാടിനും ചന്ത്രക്കാറഭക്തൻ സമാധാനം കണ്ടുപിടിച്ചു. എന്നിട്ടും, ബഹുസഹസ്ര ജനസേവനവും ക്ഷണംപ്രതിയുള്ള സംഭാരാഗമനവും രാപ്പകൽ ഭേദം കൂടാതുള്ള ഉന്മത്തസഞ്ചരണവും ആ ബന്ധനത്താൽ തളയ്ക്കപ്പെട്ടപ്പോൾ ചന്ത്രക്കാറമഹാനുഭാവന്റെ മദമൂർച്ഛിതമായുള്ള അന്തഃസൂത്രം ഒന്നു പിടിയുകതന്നെ ചെയ്തു. ഹിമവൽപാർശ്വം പോലെ വിസ്തൃതവും കഠിനവുമായുള്ള തന്റെ വക്ഷോനിരപ്പിൽ തട്ടി, തടവി, കൈ മലർത്തി, നിവൃത്തിമാർഗ്ഗങ്ങളെ പുനശ്ച ആലോചിച്ചു; അത്യന്തം ശാന്തചിത്തനായിരുന്ന്, ശിരോദേശത്തിരുമലിനിടയിൽ, അവിടത്തെ സഞ്ചാരികളിൽ അനവധി തിലമാത്രഗാത്രന്മാരെ ഹനനം ചെയ്ത് ”അതേ—അങ്ങനെ തൊല്ല ഒതുക്ക്യാലോ?” എന്ന് ആത്മഹത്യയായുള്ള നിർവൃതിപഥത്തിന്റെ മനോഹരസൗകര്യത്തെകുറിച്ചു ചിന്തനംചെയ്ത്, തന്നാൽ പ്രതിഷ്ഠിതമായി, സംരക്ഷിതമായി, മഹദൈശ്വര്യക്ഷേത്രമാക്കപ്പെട്ടിരിക്കുന്ന ചിലമ്പിനേത്തു സൗധാദിസമ്പത്തെ “കണ്ട, എങ്ങാനൂന്നം ചാടിക്കടക്കണ എരപ്പക്കോമാളിത്താൻ” അപഹരിച്ചടക്കി, ഭാഗ്യാനുഭൂതിയോടു വാണാലോ,

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/207&oldid=158480" എന്ന താളിൽനിന്ന് ശേഖരിച്ചത്