Jump to content

താൾ:Dharmaraja.djvu/206

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ചെയ്യപ്പെട്ടിരുന്ന കൃമികൾ, ജിഹ്വയുടെ സംഖ്യയിലും പ്രചാരവിസ്തൃതിയിലും പ്രയോഗോർജ്ജിതത്തിലും, നാഗരാജതുല്യന്മാരായി. ഹരിപഞ്ചാനനന്റെ മന്ത്രചര്യകളെ ക്രമാഭ്യസനം കൂടാതെ അനുവർത്തിക്കയാൽ, ചന്ത്രക്കാറദുർമ്മതി ഉന്മാദവാനായിത്തീർന്നിരിക്കുന്നു എന്നൊരു ശ്രുതി കഴക്കൂട്ടംപ്രദേശത്തു പരന്നു. ആ ഘട്ടത്തിൽ ചന്ത്രക്കാറാനുകൂലികളായി വർത്തിക്കുന്നവർ രാജ്യാധികാരത്താൽ ദണ്ഡ്യരോ ബദ്ധ്യരോ ആകുമെന്ന് ഒരു ഭീഷണിവാദവും സർവത്ര വ്യാപരിച്ച്, ചന്ത്രക്കാറന്റെ മേൽ പതിച്ച സാമുദായികശിക്ഷയെ പൂരിപ്പിച്ചു. സാമൂഹ്യോർജ്ജസ്വലതയുടെ ഈ വിജൃംഭണത്തിന്റെ ഫലമായി ചിലമ്പിനേത്തു ദശാസ്യൻ ദേശനായകത്വത്തിൽനിന്നും സമുദായാംഗതയിൽനിന്നും ഏകയാമംകൊണ്ടു ബഹിഷ്കരിക്കപ്പെട്ടു. അനവരതമായുള്ള ഉപേക്ഷാതപത്താൽ പ്രണയഞെട്ടു ശുഷ്കമാക്കപ്പെട്ടിരുന്ന ചന്ത്രക്കാറിണി (പുത്രീസമേതം) ജനപ്രവാദവാത്യയുടെ പ്രഥമക്ഷോഭത്തിൽത്തന്നെ ഭർത്തൃതരുവിൽനിന്നു വേർപെട്ടു.

ആ ഖലകുലസമ്രാട്ടിന്റെ പരപീഡനൗത്സുക്യം ഇപ്രകാരം സ്വജനദ്വേഷത്തിൽ പര്യവസാനിച്ച ദിവസവും, സകലലോകങ്ങൾക്കും തപനനായ ദേവൻ അയാളോടു സഹതാപം ഭാവിക്കാതെ ഉദയവും അസ്തമയവും ചെയ്തു. എന്നാൽ, ‘സൗജന്യം’ എന്നുള്ള ധർമ്മം കൊണ്ട്, മറ്റു ജീവതതിയിൽനിന്നു മനുഷ്യജാതി വ്യത്യസ്തപ്പെടുന്ന പ്രമാണത്തേയും തൃണീകരിക്കുന്ന ചന്ത്രക്കാറൻ സഹതാപസാന്ത്വനാദിക്രിയകളെ ‘ഊട്ടാത്ത’ ഗോഷ്ഠിവർഗ്ഗത്തിൽ ഗണിച്ചിരുന്നു. ഉദയാസ്തമയങ്ങൾ ബ്രഹ്മാണ്ഡപരിചാരകനായ സൂര്യന്റെ ഒഴിച്ചുകൂടാത്ത ദൈനംദിനകർത്തവ്യങ്ങളായിരുന്നു. അന്യഗോളകാര്യങ്ങൾ അവരവരെ ബന്ധിക്കുന്ന നിയമങ്ങൾ അനുസരിച്ചു നടക്കട്ടെ. തന്റെ മഹൽഗോളപ്രവർത്തനത്തെ തന്റെ സുഖഹിതസൗകര്യാനുസാരമായി—അതായത്, തന്റെ സ്വകാര്യജ്യൗതിഷികപ്രമാണങ്ങളാൽ നിർദ്ഷ്ടമാകുന്ന ‘കാലവും കർമ്മവും’ ഒപ്പിച്ച്—താൻതന്നെ യഥാവശ്യം നിയമനവും പരിരക്ഷണവും ചെയ്തുകൊള്ളും, ദൃഷ്ടാന്തം ആഗോളസ്ഥമായുള്ള ഉദരഘടികാരത്തിലെ ബോധിനിയന്ത്രം അസ്തമയത്തിനുശേഷം ദ്രുതത്രുടനം തുടങ്ങി. അപ്പോൾ ചന്ത്രക്കാറപ്രഭുതന്നെ പാചകവൃത്തിയെ അനുഷ്ഠിച്ച്, മൃഷ്ടമായി ഭക്ഷണവും കഴിച്ച്, ഉഷപൂജയ്ക്കു പഴഞ്ചോറു വച്ചടച്ച്, തന്റെ സുധർമ്മാസ്തരണത്തിൽ ദക്ഷിണാസനനായി ശരശയനംചെയ്ത്, കാളക്കൂർക്കംകൊണ്ടു കൊതുകോട്ടിച്ച് ചൈതന്യത്തിന്റെ അഭാവപുഷ്ടിയെ അനുഭവിച്ചു. അനന്തരം, പറമ്പുകളിൽ വീഴുന്ന ഫലങ്ങളെ പെറുക്കാനായി അയാൾ പക്ഷികൾക്കുമുമ്പ് ഉണർന്നു.

ദുർദ്ദശാസഹ്യതയിലുള്ള തിതിക്ഷ മനുഷ്യരുടെ ധീരോദാത്തതയ്ക്ക് ഒരു മാനദണ്ഡമാണെങ്കിൽ, ചന്ത്രക്കാറൻ വീര്യപൗരുഷങ്ങളിൽ ലങ്കാധിപദശാസ്യനേയും ജയിച്ചു. കേവലം മദമൂർച്ഛയാലോ, ആന്ധതയാലോ അല്ല, ആത്മപ്രമാണങ്ങളുടെ സ്ഫുടത, വീര്യം, ദാർഢ്യം എന്നിവകൾകൊണ്ടുതന്നെ, ചന്ത്രക്കാറൻ തന്റെ ആപന്നതയെ തൃണീകരിച്ചു. അതിന്റെ ഹേതുഭൂതന്മാരെന്ന് തന്റെ ബുദ്ധിയിൽ തോന്നിയവർക്ക് തന്റെ ശകാരനിഘണ്ടുവിൽനിന്ന് തിരഞ്ഞെടുത്ത ചില മുക്താപ്രവാളങ്ങളെ അയാൾ സമ്മാനിക്കുകയും ചെയ്തു. മുഖം രക്തകാളിമയോടു പ്രജ്വലിപ്പിച്ചും, മുഖച്ചാണകൊണ്ടുതന്നെ ആകാശത്തിൽ ചന്ദനമരച്ചും, താൻ ലോകഗതിയെ അനുകൂലിക്കേണ്ട ഒരു അംഗമല്ലെന്നു ഞെളിഞ്ഞ്, കൈവീശി നടന്നും, അധഃപതനകളങ്കം സ്വബിംബത്തെ തലോടുകപോലും ചെയ്തിട്ടില്ലെന്ന് ചന്ത്രക്കാരൻ തന്റെ മണിമന്ദിരത്തിനു ബോദ്ധ്യമാക്കി.

തന്റെ വൃത്താന്തത്തെക്കുറിച്ച് ഇതേവരെയും അന്വേഷണം ചെയ്യാത്ത ഹരിപഞ്ചാനനനതീർത്ഥപാദരേയും ചന്ത്രക്കാറൻ സ്വരചിതമായ നിഘണ്ടുവിലെ ചില നാമങ്ങളുടെ പര്യായമാക്കി. താൻ നടത്തിയ വധാപരാധത്താൽ രാജാധികാരപ്രവേശനമുണ്ടാക്കാത്തത്, തന്റെ പരാക്രമത്തെ ഭയന്നാണെന്ന് അയാൾ മദിച്ചു. എന്നാൽ ആ ഭവനത്തിന്റെ കോട്ടച്ചുവരുകളുടെ മുകളിൽക്കൂടി ഒരു തിരനോട്ടം കഴിച്ചപ്പോൾ, അദ്ദേഹത്തിന്റെ നേത്രങ്ങൾക്കു പരിചയമില്ലാത്ത ചില നാഗരികജനങ്ങളെ അദ്ദേഹം ദർശനംചെയ്തു. ചന്ത്രക്കാറസരസന്റെ പുരികങ്ങൾ ഒന്നിളകി; നേത്രങ്ങൾ അപഹാസപ്രസരംകൊണ്ടു പ്രചലിച്ചു; ഋഷഭാധരങ്ങൾ സുഷിരാകൃതിയായി സമുച്ചയിച്ച് ഒരു മുരളീഗീതത്തെ വിസർജ്ജിച്ചു.“ഇങ്ങു വരുവിൻ—ഒടയാൻ

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/206&oldid=158479" എന്ന താളിൽനിന്ന് ശേഖരിച്ചത്