കാഷായവസ്ത്രപ്രചുരിമ രാത്രിയുടെ ശ്യാമതയെ പിശംഗതയും ശാന്തതയെ ഉത്സവകോലാഹലവും ആക്കി, സ്ഥലകാല സ്ഥിതികളെ പാടെ അവസ്ഥാന്തരീകരിച്ചിരിക്കുന്നു. ഹരിപഞ്ചാനനജയപ്രണാദങ്ങൾ മാർഗ്ഗസന്ധികളിൽ മുഴങ്ങുന്നു. ഭക്ഷ്യതാംബൂലാദി വാണിജ്യസങ്കേതങ്ങൾ രാജ്യസമൃദ്ധിയെ ബഹുധാ ലക്ഷീകരിക്കുന്നു. എന്നാൽ രാജ്യലക്ഷ്മീകാന്തൻ മുഖത്തെ വിവർണ്ണപ്പെടുത്തി, പടത്തലവരുടെ തച്ഛായയിൽ വേഷം ധരിച്ച്, ‘കല്ലുമണ്ഡപം’ എന്ന (ഇപ്പോൾ നഷ്ടമായിരിക്കുന്ന) രാജനിലയത്തിൽ അവസ്ഥിതനായി, അവിടെയുള്ള ഒരു കൃഷ്ണവിഗ്രഹത്തെ നോക്കി ആത്മഗതം ചെയ്യുന്നു. “പാർത്ഥസാരഥിയായി അവിടന്നു പോർക്കളത്തിൽ പരിക്ലേശിച്ചില്ലേ? സത്യത്തെ ലംഘിച്ചും ആശ്രിതരക്ഷണത്തിനായി ഭീഷ്മനിധനത്തിന് ആയുധമെടുത്തില്ലേ? കഷ്ടം! ഞാൻ ഇവിടെ സുഖമായി ഉറങ്ങുകയും, ആ ഭക്തശിരോമണിയായ യോദ്ധാവ് അവിടെ—കൊല്ലുമെന്നല്ലേ മാമൻ പറഞ്ഞത്? ആ വൃദ്ധബ്രാഹ്മണന്റെ സ്നേഹമഹത്വം എന്റെ കർത്തവ്യമെന്തെന്നുള്ള പാഠത്തെത്തരുന്നു. എന്നിട്ടും ഇങ്ങനെ ചഞ്ചലമനസ്സോടെ നിൽക്കുകേ? ഭഗവത്പ്രസാദം പോലെ വരട്ടെ.” രണ്ടുമൂന്നു യുദ്ധവിദഗ്ദ്ധന്മാരായ സേവകരോടൊന്നിച്ച് മഹാരാജാവും നടതുടങ്ങി. രാജമന്ദിരത്തിലെ ഗാട്ടുകൾ ഇരട്ടിയും മൂവിരട്ടിയുമായി ഉറപ്പിക്കപ്പെട്ടിരിക്കുന്നു. ഇളയരാജാവ് തന്റെ മണിയറയിൽ രാജാജ്ഞയാൽ ആ രാത്രികാലത്തോളം ബന്ധിക്കപ്പെടുകകൊണ്ട്, അവിടെ അസ്വസ്ഥനായി ഉഴന്ന് നിദ്രകൂടാതെ സഞ്ചരിക്കുന്നു. ശ്രീപാദനിലയനവാസിനിയായ അമ്മതമ്പുരാട്ടി എന്തോ സംരംഭമുണ്ടെന്നു ശങ്കിച്ച്, ശ്രീപത്മനാഭസേവിനിയായിത്തന്നെ രാത്രി കഴിക്കുന്നു. രാജനിലയനങ്ങളിലെ പരിചാരകജനങ്ങൾ അന്നു രാജസേവനമൗനത്തേയും സങ്കോചത്തേയും സശ്രമം അനുഷ്ഠിക്കുന്നു. മതിലകത്തെ ഗോപുരദ്വാരപാലന്മാർ അന്നത്തെ രാത്രിയിൽ നിന്നുറങ്ങാതെ, ദ്വാരരക്ഷണത്തെ അത്യുജാറായി അനുവർത്തിക്കുന്നു. അടുത്തദിവസത്തെ ഘോഷയാത്രാഡംബരത്തെക്കുറിച്ച് ‘ഹരിപഞ്ചാനനിക’ന്മാരിൽ കവികളായുള്ളവർ അഡ്വാൻസ് (മുമ്പേറ്) കവനങ്ങൾ ഉണ്ടാക്കാൻ ഘോഷിക്കുന്നു. ഇതിനിടയിൽ, ഹരിപഞ്ചാനനവാടത്തിന്റെ അന്തർഭാഗം പുറത്തെന്നപോലെ അസാധാരണമായുള്ള ജീവജാലപ്രചുരിമകൊണ്ടു നിബിഡമായിരിക്കുന്നെങ്കിലും, നിശ്ശബ്ദതയാൽ ആ സാങ്കേതാധിപന്റെ സമാധിസമഗ്രതയെ സ്ഫുടീകരിക്കുന്നു. രാജപഥസഞ്ചരന്മാരായ കാഷായവസ്ത്രക്കാരുടെ സംഖ്യ പെട്ടെന്നു പെരുകുന്നു. തിക്കിത്തിരക്കിക്കൂടുന്ന നവസംഘക്കാരിൽ ചിലർ മൃദുപദന്മാരായും ശീമക്കന്നക്കുഴലുകളെ വസ്ത്രങ്ങൾക്കിടയിൽ മിടുക്കോടു മറച്ചും അവരവരുടെ സാന്നിദ്ധ്യത്തെത്തന്നെ ശങ്കിക്കുന്ന ചോരന്മാരെപ്പോലെ അങ്ങോട്ടും ഇങ്ങോട്ടും നോക്കിയും, ഒന്നൊന്നായി ഹരിപഞ്ചാനനവാടത്തിനു ചുറ്റുമുള്ള പറമ്പുകളിലെ മരച്ചുവടുകളിലും കെട്ടിടങ്ങളുടെ മറവുകളിലും ചുവരുകളുടെ പുറകിലും ചേർന്നൊതുങ്ങുന്നു. ഈ മഹാതിമിരേച്ഛൂക്കളായ ഗണം ഹരിപഞ്ചാനനമഹാഹുതിക്കു ശ്രീപത്മനാഭസങ്കേതത്തിൽത്തന്നെ ഹോമഗർത്തനിർമ്മാണം ചെയ്‌വാൻ നിയുക്തന്മാരായുള്ള നന്ദിഭൃംഗിപ്രമുഖന്മാരായ ഭൂതങ്ങളോ—വൈഷ്ണവകിങ്കരന്മാരോ, അല്ല, ധർമ്മരാജഭടന്മാരോ?
- “ഇങ്ങിനിവരാതവണ്ണം പോയാർ തെക്കോട്ടവർ”
കുപ്പശ്ശാരുടെ രക്തത്തിൽ അഭ്യംഗസ്നാനം കഴിച്ചതോടുകൂടി ചന്ത്രക്കാറന്റെ പൂർവ്വവിശ്രുതിയിൽ നാരകീയമായ ഒരു അസുരത്വം കൂടി സംഘടിച്ചു. എന്നാൽ, അതു ചന്ത്രക്കാറന്റെ ഹൃദയകുട്ടിമത്തെത്തന്നെ പ്രഥമമായി ഭൂകമ്പസംഭ്രമണം ചെയ്യിച്ചു. വിക്രമികൾ സന്ദർഭങ്ങളാൽ സൃഷ്ടങ്ങളായി വിച്ഛേദ്യരാകുന്നു. അവരുടെ പരാക്രമശക്തികൾക്ക് ദുർദ്ദശാവൈരുദ്ധ്യം ഉണ്ടാകുമ്പോൾ, അവരാൽ വിക്ഷതന്മാരാക്കപ്പെട്ട സത്വങ്ങളും ക്ഷതദാനത്തിനു ബലിഷ്ഠന്മാരാകുന്നു. ചന്ത്രക്കാറാനുകൂല്യം ആ ധന്യനെ കൈവെടിഞ്ഞ മാത്രയിൽ, തന്നാൽ പാദക്ഷതം