താൾ:Dharmaraja.djvu/202

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ദരനായി തൊഴുതുകൊണ്ടു നടന്നു. അനന്തരം പടത്തലവർ അനുഷ്ഠിച്ച കൃത്യം തന്റെ ആയുധങ്ങളുടെ പരിശോധനയും ശുശ്രൂഷണവും ആയിരുന്നു. സന്ധ്യയോടുകൂടി ചിന്താവിവശനായി, തന്റെ നിയമസ്ഥാനത്ത് ഉപധാനാവലംബിയായി സ്ഥിതിചെയ്യുന്നതിനിടയിൽ, താൻ പാതിക്കു ദൈവാർദ്ധസ്ഫുടീകരണമായി, മന്ത്രക്കൂടത്തെ വൃദ്ധയ്ക്കു ദീനം അത്യാസന്നമാണെന്നും പടത്തലവരെ കാണുന്നതിന് ആഗ്രഹിക്കുന്നു എന്നും, ഉണ്ണിത്താന്റെ ഒരു ദൂതൻ എത്തി ധരിപ്പിച്ചു. “ശരി! തിരുമേനി മഹാഭാഗ്യവാൻ! അവിടത്തേക്കുവേണ്ടിയുള്ള പുറപ്പാടിലേക്ക് എന്തു ന്യായമായ കാരണം കിട്ടിയിരിക്കുന്നു” എന്നു വിചാരിക്കുന്നതിനിടയിൽ മാമവെങ്കിടൻ എത്തി. അസാധാരണമായുള്ള ഒരു ശുദ്ധഗതികൊണ്ട് “മന്ത്രക്കൂടത്തെ വലിയമ്മ മുട്ടിയ സ്ഥിതിയിലായി. ഹരിപഞ്ചാനനമൂസിനെ കൂട്ടിക്കൊണ്ടുപോകാൻ ഞാൻ അങ്ങോട്ടു പോകുന്നു” എന്ന് പടത്തലവർ മാമനെ ധരിപ്പിച്ചു.

മാമൻ: “എന്നാൽ കുട്ടിപ്പട്ടരായി മാമൻകൂടിയുണ്ട്.”

പടത്തലവർ: “വേണ്ട—ഞാൻ തനിച്ചു മതി.”

മാമൻ: “ആ പഞ്ചമഹാപാതകന്റവിടെ തനിച്ചു പൊയ്ക്കൂടാ.”

പടത്തലവർ: “പോയാൽ—?”

മാമൻ: “അയാളുടെ പേരുതന്നെ നാലുകാലന്മാരുടെ അരചൻ ഇരട്ടിച്ചതല്ലേ?”

പടത്തലവർ: “എപ്പോഴെങ്കിലും ഒന്നു മരിക്കണ്ടേ ഹേ?”

മാമൻ: “മരിപ്പാൻ നല്ല വാരാണസി നോക്കിച്ചെല്ലുണു. അയാളുടെ കൈയിൽ എട്ടടിവീരന്റെ വിഷമാണുള്ളത്. മാമനിതാ—ഓം! ഭുഃ! സ്വഹഃ ബ്രഹ്മസ്വം പിടിച്ചു സത്യംചെയ്യാം. ആ ഉമ്മിണിപ്പിള്ളേടെ ഉടല്—”

പടത്തലവർ: “നാശം! അക്കഥ കേട്ടു കാതു തഴമ്പിച്ചു—”

മാമൻ: “കൊണ്ടു തഴമ്പിക്കുന്നതിനേക്കാൾ സുഖമല്ലേ?”

പടത്തലവർ: “ഇന്നത്തെ എന്റെ യാത്ര തനിച്ചാണ്. നേരത്തെ കാലത്തെ പോയി ഉറങ്ങണം. ഒറ്റപ്പട്ടർ ശകുനത്തിന് ഇവിടെ നിൽക്കണ്ട.”

മാമൻ: (അർദ്ധനിർബന്ധമായി) “അങ്ങുന്നേ—”

പടത്തലവർ: “പോകൂ ഹേ!”

പടത്തലവരുടെ നിശ്ചയത്തിനു ബലമായി ഏതോ ഒരു പരോക്ഷവേരുണ്ടെന്നു മാമനു മനസ്സിലായി. അദ്ദേഹം എന്തെങ്കിലും കരുതീട്ടുണ്ടെങ്കിൽ, കണ്ടിട്ടാവട്ടെ, മാമനും ചിലതു കരുതുന്നു. സംശയം കൂടാതെ എഴുന്നേറ്റ്, മിണ്ടാതേയും അങ്ങോട്ടും ഇങ്ങോട്ടും കുരങ്ങനെപ്പോലെ നോക്കി ചൂണ്ടുവിരലുകളെ മറിച്ചും തിരിച്ചും മുട്ടി ചില നീശ്ശബ്ദതാളങ്ങൾ പിടിച്ചും മാമൻ പുറത്താകുന്നതുവരെ സാവധാനപ്രൗഢിയോടു നടന്ന്, മുറ്റത്തിറങ്ങി, പറന്നോ പറന്നില്ലയോ, ബ്രാഹ്മണൻ ഇതാ ജനറൽ കുമാരൻതമ്പിയുടെ ഭവനത്തിൽ എത്തി. അദ്ദേഹത്തിനെ അന്വേഷിക്കുന്നു. ആ സേനാനി കുറച്ചു മുമ്പ് തന്റെ ഉദ്യോഗസ്ഥലത്തേക്കു പുറപ്പെട്ടിരുന്നു എന്നു കേട്ട്, ദളവാമഠത്തിലെത്തി, ആ ബ്രാഹ്മണൻ ഉരുട്ടി ഉയർത്തിയ ചോറ്റിനെ തടഞ്ഞ്, ഒരു ‘പാർത്ഥവധം’ നാട്യപ്രബന്ധത്തെ കഥനംചെയ്യുന്നു. കഥാമധ്യമായപ്പോൾ, ആ മന്ത്രിപ്രവരന്റെ ക്ഷുത്കോപവും അക്ഷമതയും ചേർന്ന് “പോം പാട്ടാ!” എന്നു കൊടുത്ത ഒരാട്ട്, മാമനെ മഹാരാജാവിന്റെ മണിയറദ്വാരത്തിൽ എത്തിക്കുന്നു. അവിടത്തെ നിശ്ശബ്ദതയും താറുമാറും കണ്ടിട്ടും മാമൻ സങ്കോചപ്പെടാതെ ദ്വാസ്ഥന്മാരെ തകർത്തിട്ട് തിരുമുമ്പിൽ കടന്നു വീഴുന്നു. “നല്ലൊരു പ്രഭു—പ്രജൈ–ശാകപ്പോറാർ സ്വാമീ! നാങ്കളാരുശൊന്നാലും കേക്കമാട്ടാർ. ഹരിപഞ്ചവാനര—രാവണ—ചതുരാനന—” എന്നിങ്ങനെ തന്റെ സങ്കടത്തെ ഉണർത്തിക്കുന്നു. പടത്തലവരുടെ ഗൗരവതീവ്രതയെ പാർവണേന്ദുത്വമാക്കുന്ന നൈഷ്ഠൂര്യം

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/202&oldid=158475" എന്ന താളിൽനിന്ന് ശേഖരിച്ചത്