Jump to content

താൾ:Dharmaraja.djvu/201

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലോകതത്വജ്ഞാനത്തേയും ഉൽഖനനം ചെയ്തതായ ഒരു വൃത്താന്തംകൂടി അടങ്ങിയിരുന്നു. ഹരിപഞ്ചാനനയോഗീശ്വരൻ സൂക്ഷ്മത്തിൽ ഇന്ദ്രിയനിവൃത്തനായി, ആത്മമാത്രകനായി, വ്യോമചരത്വം സാധിച്ചിട്ടുള്ള ബ്രഹ്മർഷിതന്നെയോ എന്നു പടത്തലവർ ശങ്കിച്ചു. ആ യോഗീശ്വരൻ, തന്റെ ഭവനത്തിനടുത്തുള്ള പാന്ഥവാടത്തിൽ സമഗ്രപ്രതാപനായി, മഹോത്സവാരംഭംചെയ്ത് ബഹുജനവന്ദനത്തെ സമ്പാദിക്കുന്നു എന്ന് അദ്ദേഹം ചാരന്മാർമുഖേന ക്ഷണംപ്രതി അറിയുന്നു. മിത്ഥ്യാവാദങ്ങളും അന്ധഭ്രമങ്ങളുംകൊണ്ട് വഞ്ചിക്കപ്പെടുന്നവനല്ലാതെ തന്നെപ്പോലെതന്നെ സൂക്ഷ്മഗ്രഹണസമർഥനായിരിക്കുന്ന കേശവപിള്ള മറ്റൊരു ഹരിപഞ്ചാനനന്റെ പ്രവർത്തനത്തെ അയാൾ സഞ്ചരിക്കുന്ന ദേശങ്ങളിൽ കാണുന്നുപോലും. എന്താശ്ചര്യം! യോഗീശ്വരൻ ഏതദ്വിധമായുള്ള പരമഹംസതയെ സമ്പാദിച്ചിട്ടുണ്ടെങ്കിൽ, രാജകുടുംബത്തിനും രാജ്യത്തിനും ഭീഷണമായ പ്രളയദുരന്തം ഉപപന്നമാകുന്നു. പരമാർത്ഥപരമഹംസതയും ഹരിപഞ്ചാനനന്റെ തൃഷ്ണാജന്യമായുള്ള കൗടില്യനിഷ്ഠൂരതകളും സംയോജിക്കുന്ന അവസ്ഥ അസംഭാവ്യമെന്നു ശാസ്ത്രങ്ങളും സൂക്ഷ്മബുദ്ധിയും അവിതർക്കിതമായി ദർശിപ്പിക്കുന്നു. എന്നാൽ ഹരിപഞ്ചാനനൻ രണ്ടുസ്ഥലത്ത് ഏകകാലത്തു വ്യാപരിച്ചിട്ടുണ്ടെന്ന് താനും ചില കഥകൾ കേട്ടിട്ടുണ്ടല്ലോ. തന്റെ സംശയനിവൃത്തിക്കുള്ള ഭൂതക്കണ്ണാടി സ്വാധീനമായിരിക്കുമ്പോൾ, ഊഹാപോഹശ്രമങ്ങളിൽ വിഷമപ്പെടുന്നതെന്തിന്? കേശവൻകുഞ്ഞ് അപഹരിക്കപ്പെട്ട രാത്രിയിൽ അയാളെ സൂക്ഷിച്ചിരുന്ന ഭടന്മാരെ ഉടനെ വരുത്തി. ഹരിപഞ്ചാനനൻ പട്ടാംബരങ്ങളും ആഭരണങ്ങളും ചന്ദനകുങ്കുമാദിലേപനങ്ങളൂം അണിഞ്ഞ്, സ്വർണ്ണപ്രഭയോടുകൂടി തങ്ങളുടെ മുമ്പിൽ പ്രത്യക്ഷമായി എല്ലാവരേയും ബോധംക്ഷയിപ്പിച്ചു എന്നും, ഭ്രാമകങ്ങളായ ഭക്ഷണങ്ങൾക്കോ നിദ്രാക്ഷീണത്തിനോ വശപ്പെട്ടു വഞ്ചിക്കപ്പെട്ടതല്ലെന്നും അവർ പരിഭ്രമം കൂടാതെ പടത്തലവരുടെ വിനോദചോദ്യങ്ങൾക്ക് ഉത്തരമായി ധരിപ്പിച്ചു. അവഞ്ചകരും നിർവ്യാജഭക്തന്മാരും ആയ ഭടന്മാരെ യാത്രയാക്കീട്ട്, പടത്തലവർ മീശയെ തടകിത്തിരുകി, ചിലതിന്റെ വേരിളക്കി നാസികയെ കശക്കിച്ചുവപ്പിച്ചു. നെറ്റിത്തടത്തെ മർദ്ദനംചെയ്ത് കപോലങ്ങളിലെ ഞരമ്പുകളെ ജൃംഭമാണങ്ങളാക്കി. ഒടുവിൽ കണ്ണടച്ചിരുന്ന് അത്യാഗാധമായ മാനസികസമാധിയിൽ ലയിച്ചു. അദ്ദേഹത്തിന്റെ മനോനേത്രം ഭൂതസംഭവപടലങ്ങളെ ഭേദനംചെയ്ത് തന്റെ ദാമ്പത്യകാലാരംഭത്തിലെ പ്രഥമസന്താനലാഭദശയിൽ കടന്നു. അക്കാലത്ത് സ്വപത്നീക്ഷേമത്തെ അന്വേഷിക്കുന്നതിനായി വന്ന ത്രിപുരസുന്ദരിക്കുഞ്ഞമ്മ ഗർഭധാരണത്താൽ അസാമാന്യവ്യാകുലയായിരുന്നതിനെ സന്ദർശനം ചെയ്തു. ആ ഗർഭത്തിന്റെ ഫലം—! കൈകൊട്ടി, ഉറക്കെ പൊട്ടിച്ചിരിച്ചുകൊണ്ട്, പടത്തലവർ ഉണർന്നു. “പടച്ചതമ്പുരാരേ! പിത്തിയൊണ്ണൊണ്ടെങ്കി മനിയരു ചാമെണ്ണാ?”[1] എന്നു തന്റെ യുവകാല പരിചയങ്ങളുടെ സ്മൃതിയിൽ നാവിലുദിച്ച ഭാഷകൊണ്ടും മനുഷ്യരുടെ ക്ലിപ്തപരിമാണകമായ ബുദ്ധിയെ അപഹസിച്ചു. എന്നാൽ ഈ അപഹസനം കഴിഞ്ഞതിന്റെശേഷം, രാജ്യത്തെ രക്ഷണംചെയ്ത് പരമവിജയിയായി ശ്രമനിവൃത്തനായതുവരെ അദ്ദേഹത്തിന്റെ മുഖത്ത് ഒരു പുഞ്ചിരിപോലും ഉദയംചെയ്തില്ല. ഈ മുഖസ്ഥിതി കണ്ടതുമുതൽ പാർവതിയമ്മ ബാലവർഗ്ഗങ്ങളുടെ ലീലാബഹളങ്ങളേയും അറപ്പുരയിലേക്കുള്ള ബഹുജനഗമനങ്ങളേയും മാമാവെങ്കിടന്റെ വിനോദസ്വാതന്ത്ര്യങ്ങളേയും നിരോധിച്ചു.

ഹരിപഞ്ചാനനന്റെ സത്രമഹോത്സവം വളരെ അടുത്തു. അടുത്തദിവസത്തെ മാധ്യന്ദിനത്തിനുശേഷം തന്റെ യജ്ഞശാലാപ്രവേശനത്തിനുള്ള ഘോഷയാത്ര നടത്താൻ ആ യോഗീശ്വരനും, യജ്ഞധ്വംസനത്തിനുള്ള തന്റെ യാത്രാഘോഷം കോട്ടയ്ക്കകത്തുള്ള യോഗിവാടമുഖമായി നടത്താൻ പടത്തലവരും നിശ്ചയിച്ചു. കേശവപിള്ളയുടേയും ഭഗവതിയമ്മയുടേയും പ്രത്യാഗമനമുണ്ടാകാത്തതിനാൽ അദ്ദേഹം അസ്വസ്ഥനായെങ്കിലും രാജദർശനംകഴിച്ച് ചെമ്പകശ്ശേരിയിലേക്കു മടങ്ങി, കുമാരൻതമ്പിയെ വരുത്തി, തന്റെ അന്തർഗതങ്ങളേയും മഹാരാജാവിന്റെ അഭിമതങ്ങളേയും ധരിപ്പിച്ചു. പടത്തലവർ അനുഷ്ഠിപ്പാൻ നിശ്ചയിച്ചിരിക്കുന്നതിനായി ധരിപ്പിച്ച ഉദ്യമം സാഹസമാണെന്നു സ്ഥാപിക്കുന്നതിന് കുമാരൻതമ്പി ആലോചിച്ചു എങ്കിലും, ഒന്നും മിണ്ടാതെ തന്റെ ഗുരുബന്ധുവേക്കുറിച്ച് അദ്ദേഹം പ്രവൃദ്ധാ


  1. ബുദ്ധിയുണ്ടെങ്കിൽ മനുഷ്യർ ചാകുമോ?
"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/201&oldid=158474" എന്ന താളിൽനിന്ന് ശേഖരിച്ചത്