താൾ:Dharmaraja.djvu/194

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ചെന്നു. ഉടുചേലയുടെ മുന്തികൊണ്ടു മുഖത്തെ മൂടുപടമായി മറച്ച് കരിണിയുടെ ഗർവ്വോട് തങ്കച്ചി അരത്തമപ്പിള്ളയും സഹകാരിണിയായി ഭർത്തൃപദങ്ങളെ തുടർന്നുചെന്ന്, അദ്ദേഹത്തിനെ കൈതാങ്ങി നിന്നു. സർവാധികാര്യക്കാർ ഈ കാഴ്ചകണ്ട് ആകാശവും ഭൂമിയും നോക്കി, താടിക്കു കൈകൊടുത്തു. തലവർകുളത്തിലെ കാരണവപ്പാടായ തമ്പി സർവാധിപസ്ഥാനികനെ കുറച്ചു ദൂരെ മാറ്റി ഒരു സംഭാഷണം നടത്തീട്ട്, ആ ദമ്പതിമാരോടു ചിലതു ഗുണദോഷിച്ചു. “ഞങ്ങടെ വഴി ഞങ്ങൾക്ക്” എന്നു തമ്പി ബഹുവചനത്തിൽ മറുപടി പറഞ്ഞു. അതിന്റെശേഷം ദളവാ സുബ്ബയ്യൻ കൈയൊപ്പിട്ട്, കളപ്രാക്കോട്ട വീട്ടിൽ പാർക്കും തലവർകുളത്തിൽ തങ്കച്ചി ഉമയമപ്പിള്ള അരത്തമപ്പിള്ളയുടെ വകയും മേൽപ്പേർ വകയ്ക്ക് വിശ്വനാഥൻ കുഞ്ചുപിരാട്ടിത്തമ്പിവഴി അടങ്ങീട്ടുള്ളതായുമുള്ള മുട്ടുമുടു പൊന്നുവെള്ളി വെങ്കലപാത്രം പെട്ടികട്ടിൽകന്നുകാള ഉരുവെപ്പേരും നീക്കി, മേൽപടി വീടും ചേരുമാനങ്ങളൂം പൊളിച്ചിറക്കി മേൽപ്പുരനിരപടികൽക്കെട്ടറവേ മാറ്റി, നടക്കല്ലുമിളക്കി, കുളംകോരിയും, മേൽപടി തറവാട്ടുപേർ കൊണ്ട വസ്തുവകകളെപ്പേർപ്പെട്ടവയും പണ്ടാരവകയ്ക്കു കണ്ടുകെട്ടി അടക്കിയും, തമ്പിയെ വീടിറക്കിയും ചെയ്യുമ്പടിക്ക് ഉണ്ടായിട്ടുള്ള ഉത്തരവിനെ കൂടിയ ഉടമസ്ഥരും ഊർപ്പേർകളും കേൾക്കെ സർവ്വാധിപന്റെ ആജ്ഞാനുസാരം മുഖത്തു കണക്കനായ പിള്ള വായിച്ചു. തമ്പിയും ഭാര്യയും തലവർകുളത്തിലെ കാരണവരെ തൊഴുതുകൊണ്ട്, കോട്ടയിൽ കാൽപൊടിതട്ടി പുറത്തിറങ്ങി. ശകുനം തങ്ങളെപ്പോലുള്ള ഗജദ്വന്ദ്വം തന്നെ ആയിരുന്നു. തങ്കച്ചിയുടെ സ്വന്തമായ ഏതാനും മുതലുകൾ ചുമന്നുകൊണ്ട് കോട്ടവകയും തലവർകുളംവകയും ആയുള്ള ചില ഭൃത്യന്മാർ ആ ദമ്പതിമാരെ ഭക്തിപൂർവം തുടർന്നു. തലവർകുളത്തിലെ കാരണവപ്പാട് തങ്കച്ചിയുടെ ശേഷിച്ച മുതലുകൾക്ക് പറ്റുചീട്ടി കൊടുത്ത് ഏറ്റ് അവയുംകൊണ്ടു വാവിട്ടുകരഞ്ഞ്, കോട്ടഭവനത്തെ കുഞ്ചുത്തമ്പിയുടെ പ്രതിനിധിയായി, രാജകൽപനയ്ക്കു വണങ്ങി, കൈയുപേക്ഷിച്ചു പിരിഞ്ഞു. സർവ്വാധിപപ്രധാനൻ രാജോർജ്ജിതയോഗ്യമായ ഗുഹാന്തർഭാഗപ്രതിധ്വനിസ്വരത്തിൽ ഒന്നു മൂളി. ഭടജനങ്ങളുടെ മദ്ധ്യത്തിൽനിന്ന് ഒരു പരശുധരൻ മുമ്പോട്ടു കടന്ന്, കളപ്രാക്കോട്ട ഭവനത്തിന്റെ പൂട്ടുപുരപ്പടിയിൽ തന്റെ ആയുധവായിറക്കി, തൊട്ടു കണ്ണിൽവച്ച്, വിഘ്നേശ്വരഗുരുസ്തവങ്ങൾ കഴിച്ചു. ആ ഉദയത്തിനുമുമ്പ് കളപ്രാക്കോട്ടയെ കണ്ട് അസ്തമിച്ചുള്ള ദിവാകരകോടികൾക്ക് ശുദ്ധീകരണാക്ഷതമായി കിഴക്കേ ഭവനദ്വാരത്തെ ഹസ്തിവരന്മാർ പൊടിച്ച് പടിഞ്ഞാറോട്ട് അർപ്പണംചെയ്തു. യോഗീശ്വരന്റെ പൃഷ്ഠസമ്പർക്കത്താൽ പരിപൂതമാക്കപ്പെട്ടുള്ള പൂമുഖം ഉഗ്രബലന്മാരായ ആ താപ്പാനകളുടെ ഒരു ഞെരുക്കിൽ വടക്കോട്ടു ചാഞ്ഞ്, “അജ്ഞാത്വാ തേ മഹത്വം” എന്ന് ധർമ്മദേവപ്രാർത്ഥനയിൽ ഭൂമിയിൽ നമനംചെയ്തു. ദക്ഷിണവേണാടടക്കമുള്ള കരകൗശലകുശലന്മാർ കളപ്രാക്കോട്ട ഭവനകാളിയന്റെ ഫണനിരകളിൽ സഹസ്രകൃഷ്ണഗാത്രരായി നിരന്ന് മർദ്ദനനൃത്തം തുടങ്ങി. ഭവനത്തിന്റെ മേച്ചിൽ ശലിതമായി, ഭയാക്രാന്തമായ കാകവൃന്ദംപോലെ നാലുപാടും പറന്നു. അതിന്റെ ധൂളീഗന്ധം പൈശാചപൂതിയോട് ആകാശമെങ്ങും പരന്നു. കുഞ്ചുത്തമ്പിയുടെ ഭടജനഗണങ്ങളുടെ അണിവെടിച്ചടചടിതംപോലെ മേൽക്കൂട്ടും തകർന്നു പൊടിഞ്ഞു. ആ പടുവൃദ്ധഗൃഹത്തിന്റെ തട്ടുവിതാനങ്ങൾ ദീനസ്വരവിലപനങ്ങളോടുകൂടി പൊളിഞ്ഞിളകിക്കീറി നിലത്തു പതിച്ചു. ഗജവരപുരോഹിതന്മാർ അവരവരുടെ ശംഖങ്ങളെ മുഴക്കി, ഉത്തരസ്ഥായികളെ ഭഞ്ജനംചെയ്തു. നിരപ്പലകപ്പന്തികൾ ഭിന്നബന്ധനങ്ങളായി തുരുതുരനെ വിതിർന്നു ചവറിനിടയിൽ പുതഞ്ഞു. കളപ്രാക്കോട്ടയുടെ അസ്ഥിശേഷങ്ങളായ സ്ഥൂണശതകങ്ങളെ ഗജവരന്മാർ ഇളക്കി, അരക്ഷണനേരത്തേക്കു ദ്രാഹശിക്ഷാദണ്ഡങ്ങളായി നാട്ടി, നിലത്തു ത്യജിച്ചു. ആ ഭവനാസ്തിവാരത്തെ ഭൂശേഷമാക്കിത്തീർപ്പാൻ ഭിത്തികാരകന്മാർ ഭ്രംശനംചെയ്ത് കിണറുകളെ തൂർത്തു. കുലോത്തുംഗാദിപ്രഭാവങ്ങൾ ശകലശേഷംകൂടാതെ ദക്ഷിണഗംഗാതടത്തെ പ്രാപിച്ചു. കളപ്രാക്കോട്ടക്കല്ലറകൾ ക്ഷാരചികിത്സയാൽ നികരാത്ത വിദ്രധിരന്ധ്രങ്ങൾപോലെ ശേഷിച്ചു.

മായാശക്തികൊണ്ടെന്നപോലെ സകലതും സന്ധ്യാഗമനത്തിനുമുമ്പ് അവിടെനിന്നും മാറ്റപ്പെട്ട്, വിശ്രുതമായ കളപ്രാക്കോട്ടഗൃഹം പരിശുദ്ധമായ സ്ഥലമാത്രമായി. ഈ ക്രിയകളുടെ

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/194&oldid=158465" എന്ന താളിൽനിന്ന് ശേഖരിച്ചത്