മുറിക്കകത്തു പായ്‌വിരിച്ചു കിടപ്പായി. തന്റെ ഭാഗിയേനി സ്വകുടുംബമഹത്വത്തെ രക്ഷിക്കുന്ന സ്ഥിരനിശ്ചയക്കാരി എന്നു ധരിച്ചിരുന്നതിനാലും, ആപത്തിൽ ഭർത്താവിനെ ഉപേക്ഷിപ്പാൻ നിർബ്ബന്ധിക്കുന്നതു ഗൃഹസ്ഥധർമ്മോചിതമല്ലെന്നു വിചാരിക്കുകയാലും തങ്കച്ചിയെ തന്റെ തറവാട്ടിലേക്കു പുറപ്പെടാൻ കാരണവപ്പാട്ടീന്ന് പിന്നീട് നിർബ്ബന്ധിച്ചില്ല. എന്നാൽ കുഞ്ചുത്തമ്പി ഭാര്യയുടെ അടുത്തണഞ്ഞ്, തൽക്കാലത്തേക്കു തലവർകുളത്തു പോയി താമസിക്കുന്നത് തന്റെയും ആജ്ഞയും അപേക്ഷയും നിർബ്ബന്ധവും ആണെന്ന് ഒരോ പടിയായി പറഞ്ഞ്, ഒടുവിൽ ശണ്ഠകൂടുകയും ചെയ്തു. തങ്കച്ചി തന്റെ നിഷ്കളങ്കനായ ഭർത്താവിനെ പ്രേമകാരുണ്യപൂർണ്ണയായി തലോടിയതല്ലാതെ, അദ്ദേഹത്തിന്റെ നിർബ്ബന്ധവാക്കുകളെ അനുവർത്തിപ്പാൻ ഒരുമ്പെട്ടില്ല. കാരണവര് കുട്ടികളേയും, ‘തമ്പിയാൽ തിരിച്ചുവെയ്ക്കപ്പെട്ട, ജംഗമസാധനങ്ങളേയും പെട്ടിപ്രമാണങ്ങളേയും കന്നുകാലിവകകളേയും തന്റെ ഭവനത്തിലേക്കു യാത്രയാക്കീട്ട്, താനും തന്നോടുകൂടി വന്നിട്ടുള്ള ഏതാനും ബന്ധുക്കളും ഭൃത്യരും അവിടെ താമസിച്ചു.
ആ രാത്രി ആ ഭവനത്തിനകത്ത് ആർക്കുംതന്നെ ഊണോ ഉറക്കമോ ഉണ്ടായില്ല. അരത്തമപ്പിള്ളത്തങ്കച്ചി വീണ പായിൽത്തന്നെ കിടക്കുന്നതിനിടയിൽ, “അപ്പീ! വല്ലപ്പഴും ഈ ആളുകളെ തേടിപ്പിടിച്ചാല്, വരണ വെനയ്ക്കൊ പൊറുപ്പുണ്ടാക്കാമോന്നു പാപ്പാൻ ആളൊണ്ട്. എന്റെ മോൻ, ആ പിള്ളയൊണ്ട്. ഇപ്പം നീട്ടെഴുത്ത്. കൊലചെയ്യണ കൊഠൂരനും മറ്റുമല്ല. എന്റടുത്ത് വരുവിന്! മാനവു ആകായവും പെരുമയും പ്രാതനവും ഒന്നും നിനയ്ക്കാതിൻ. ചുമ്മാവരുവിൻ. എല്ലാം ചൊവ്വാക്കാം. അവളിക്കാതിൻ—മോളിലിരിക്കണവൻ കണ്ണുംചത്തല്ല ഇരിക്കണത്.” എന്ന് ഭഗവതിയമ്മ ആ മുറിക്കകത്തുകിടന്ന് സ്വകാര്യമായി മന്ത്രിച്ചുകൊണ്ട്, തന്റെ പാട്ടിലാക്കപ്പെട്ടിരുന്ന രണ്ടുമൂന്നു ഭൃത്യന്മാരൊന്നിച്ച് ചില സാമാനങ്ങളൂം സംഭരിച്ച് ആ രാത്രിതന്നെ ഭൃത്യന്മാരൊന്നിച്ച് മാർഗ്ഗദുർഘടങ്ങളൊന്നും വിചാരിക്കാതെ യത്നനിർവഹണത്തിന് അതിത്വരയോട് ഹരിപഞ്ചാനനന്റെ രണ്ടാം സങ്കേതമായി തനിക്ക് അറിവു കിട്ടീട്ടുള്ള മരുത്വാൻഗിരിയിലേക്കു തിരിച്ചു. കുലീനതയെ ധനത്തിലും ജീവനിലും പ്രധാനമായി ഗണിച്ചുവന്നിരുന്ന കുഞ്ചുത്തമ്പി അവമാനലജ്ജാഗ്രസ്തനായി, കൂട്ടിലടച്ച പുലിയെപ്പോലെ വീട്ടിന്റെ ഓരോ ഭാഗത്തും ഉഴന്നു നടന്നു. അദ്ദേഹത്തിന്റെ പട്ടാളത്തിൽ പ്രമാണികളായുള്ളവരിൽ ചിലരെ അന്നു സന്ദർശനംചെയ്തതിൽ അവർ ഹരിപഞ്ചാനനയോഗികളെത്തുടർന്നു സേവിപ്പാനല്ലാതെ, രാജകല്പനയെ എതിർത്ത് കളപ്രാക്കോട്ടയെ രക്ഷിപ്പാൻ ഉടമ്പെട്ടിട്ടില്ലെന്നും മറ്റും പറഞ്ഞു പിരിഞ്ഞു. അടുത്തുള്ള ഓരോ പ്രമാണികൾ “ഇത്തിരിവിത്തെ—വിത്ത്—അതിനെ അതിനെള്ളോളം ഒണക്കുകൊറ തീർപ്പാനൊണ്ട്,” എന്നും മറ്റും സമാധാനങ്ങൾ പറഞ്ഞും പൊയ്ക്കളഞ്ഞു. തമ്പി “ഇപ്പഴത്തെ വിത്തിന്റെ സ്വഭാവത്തിന് വറട്ടുണക്കുണക്കണം,” എന്ന് ആപൽസ്ഖലിതമായ ബുദ്ധിപ്രഭാവംകൊണ്ടു ചിന്തിച്ചു:
അടുത്തദിവസം പുലർച്ചയ്ക്കുമുമ്പുതന്നെ കളപ്രാക്കോട്ടപ്പടനിലത്തിലെ കല്ലുമണ്ഡപവും പടവീടുകളും എല്ലാം പൂർവ്വപ്രകൃതിയായിരുന്ന ഭൂഗർഭത്തിൽത്തന്നെ ലയിപ്പിക്കപ്പെട്ടു. ഉദയമായപ്പോൾ ദുർദ്ദശാകാളിമ ആ ഭവനത്തിന്റെ പുരോഭാഗത്തു സ്വരൂപിച്ചതുപോലെ രണ്ട് ഉന്നതഗജവരന്മാർ ദ്വാരരക്ഷികളായി നിലകൊണ്ട്, ഘനഗർജ്ജനം ചെയ്തു. ദക്ഷിണമുഖസർവ്വാധികാര്യക്കാരും, ഏതാനും കാര്യക്കാരന്മാരും, രണ്ടുമൂന്ന് അണിപ്പുള്ളിപ്പട്ടാളക്കാരും ഭടജനങ്ങളൂം ശിൽപാദിസൃഷ്ടിസംഹാരവൃത്തിക്കാരും ആനകളുടെ മുമ്പിൽ സഞ്ചയിച്ചു. കളപ്രാക്കോട്ടയുടെ ‘ഈരാരായിര’ നായകചിഹ്നമായുള്ള പുറംപ്രാകാരം അരനിമിഷംകൊണ്ട് കിടങ്ങിന് ഭക്ഷ്യമായി, രണ്ടും സാധാരണനിലയെ ഒരുപോലെ അവലംബിച്ചു. അന്തിമാളമ്മൻകോവിൽ ഗജഗിരികളുടെ ശ്വാസസംഘടനത്താൽ അടുത്തുള്ള നീരൊഴിയിൽ നിക്ഷേപിക്കപ്പെട്ടു. അവിടത്തെ അംബികാശക്തിയെ പത്മനാഭപുരം കോട്ടയ്ക്കകത്ത് ഒരു നവക്ഷേത്രവാസിനിയാക്കി സ്ഥലംമാറ്റി. തമ്പിയെന്നു ‘തൻതനിയെ പേരെടുത്ത്, കൽപനയ്ക്കും നാട്ടുമുറയ്ക്കും അടങ്ങാതെ പുലരും’ വിശ്വനാഥൻ കുഞ്ചുപിരാട്ടിയെ, കാൺമാൻ രാജകൽപനയും വഹിച്ചു ചെന്നിരിക്കുന്ന സർവധികാര്യക്കാർ ആവശ്യപ്പെട്ടു. ശാന്തിശിരശ്ചലനങ്ങളോടുകൂടിത്തന്നെ പുരുഷഗജമായ തമ്പി വിശ്വനാഥൻ കുഞ്ചുപിരാട്ടി മുന്നോട്ടു