താൾ:Dharmaraja.djvu/192

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

എതിരരുളേത്? മാനമ്മര്യാദയ്ക്കു നങ്കമൊറപോറ്റേണ്ട പെണ്ണകുലം കണ്ട പരിഷേടെ ഉന്തുമടിയും കൊള്ളുണത് ഈ ഏറാങ്കടക്കാലത്തു കണ്ടു പൊറുക്കാൻ നമുക്കെന്തു വിധിച്ച വിധി!”

കുഞ്ചുത്തമ്പി: “എവന്റെ കോട്ട കുളംകോരിയാൽ, നിങ്ങടെ മനപ്പടി തുറന്ന് ഒരു ചേക്കതരണ്ട; ഇക്കോട്ടയകത്തുവച്ചു തൻകുലം വാഴ്ത്തണത് ഇവിടം ചേർന്ന നിലയ്ക്കു പേച്ചും പിനാറ്റും അടക്കിക്കൊണ്ടു വേണം.”

കാരണവർ: (തമ്പിയോട്) “അടടാ! കിഴട്ടുപ്പിച്ചനെ പൊറുത്തോ അപ്പാ.” തങ്കച്ചിയോട് “നീ എറങ്ങുന്നോ—അതേ നായരെപ്പോലെ കുടികെട്ടും കൊടുമ കാണാൻ നിയ്ക്കണോ? കൽപന കല്ലെപ്പിളർക്കും പെണ്ണേ, കല്ലെപ്പിളർക്കും. കൊടുത്ത കൈ എടുത്താലക്കൊണ്ട് മൊറതറ ചെലുത്തിയാൽ ചെല്ലൂല്ല. അതു നീ കേട്ടിട്ടില്യോ? ഇയാളിവിടെ മാണിക്യമന്തിരമായി മറിച്ച ചൂതെല്ലാം ഉരുതപ്പാണ്ട് അങ്ങടഞ്ഞു. നാളെ വെടിയക്കാലം കാണാം, തായ്ച്ചൊല്ലു കേളാത്ത വവ്വാലെപ്പോലെ ഇയ്യാളു തലകീഴുമേലായ് തൂങ്ങണത്.” (ദീർഘശ്വാസത്തോടുകൂടി) “അയാളെറങ്ങട്ട്, തോന്നിയവഴി പെരുവഴിയില്. ആൺപെറന്ന മുന്നോരെ മുഖം നോക്കി അന്നു കൊടുത്തു പോയി. ഇനി നിനക്കിവിടെ കിടപ്പാനും നാപെടാപ്പാടു പെടാനും പിടിച്ച വിനയെന്ത്? കൊണ്ടിറങ്ങു വെളിയില്! നില്ല്—അയ്യാടെ കൊച്ചുങ്ങളേയും താങ്ങ്—തൻപിറവിക്കും മുന്ന് അവരെ ഇറക്ക്. അതു നമുക്കടുത്ത മുറ.”

കുഞ്ചുത്തമ്പി ഒന്നു കുലുങ്ങിയതിനെ പുറത്തുവിടാതെ കോപഗാംഭീര്യത്തോടുകൂടി തന്റെ ഭാര്യാമാതുലന്റെനേർക്കടുത്ത്, “ഈ കോട്ടയ്ക്കകത്തു കേറി ഉന്താനും തള്ളാനും വരുന്ന പേരാര്? ഇവനരുളീട്ടുള്ള കല്പനയ്ക്കുമേൽ കല്പനയേത്? പടക്കോപ്പിട്ടെങ്കിൽ, അതിനു തക്കനെ പിടിവാടും കാണും. കൊക്കിപ്പതപ്പൊള്ള പ്രാണി ഒന്ന് ഇതിനകത്തേശുമോ? കാണാം.”

കാരണവർ ഇതിനു നൽകിയ ഉത്തരം “ഇങ്ങനെ ഒരു കാലവും വന്നാനല്ലോ, എന്റെ മണ്ടയ്ക്കാട്ടു ദേവീ!” എന്നു വാവിട്ടുള്ള ഒരു ക്രന്ദനമായിരുന്നു. അത് കുഞ്ചുത്തമ്പിയെ തോൽപിച്ചു. തലവർകുളത്തിൽ മൂത്തകാരണവരായ തമ്പിയെക്കൊണ്ട് കണ്ണീർ ചൊരിയിക്കുന്ന സംഗതി ഗൗരവമേറിയതായിത്തന്നെയിരിക്കണം. ഹരിപഞ്ചാനനന്റെ ദൗത്യം തന്റെ ഭവനാദികളുടെ നേർക്കുണ്ടായിട്ടുള്ള രാജവിധിയെ സൂചിപ്പിച്ചാണെന്നും തന്റെ ഗുരുരാജർഷിയും തന്നെ തൽക്കാലത്തേക്കു കൈവെടിഞ്ഞിരിക്കുന്നു എന്നും തമ്പിയുടെ കരൾ വരണ്ടു തുടങ്ങി. എങ്കിലും യോഗീശ്വരനിലുള്ള വിശ്വാസബലം അദ്ദേഹത്തിന്റെ പരിഭ്രമത്തെ ശമിപ്പിച്ചു. തമ്പി വരുന്നതു വരട്ടെ എന്നു ധൈര്യപ്പെട്ടും മറ്റുള്ളവരെക്കൂടി അനർത്ഥത്തിൽ ചാടിക്കണ്ട എന്നു വിചാരിച്ചും ഭാര്യയോടിങ്ങനെ പറഞ്ഞു: “നീ തന്നെ കേള്! ഇനി ഇങ്ങൾ മാമനാരായി, മരുമകളായി; എന്റെകൂടിയൊള്ള പൊറുതി മുഖിച്ചായല്ലൊ.”

തങ്കച്ചി: (ഗൽഗദത്തോട് ) “പെരുവെന വന്ന് മാനവും പൊരുളും കെടുണു! ഏഴരാണ്ടൻ മുടിയാമുടിവും വരത്തുണു!” എന്നു സ്ഥിതിദോഷത്തെ വിശദപ്പെടുത്തിയും, “നോയ്മ്പുനോറ്റു മുടിവു വരുത്തിയത് ഇന്ത മുടിവോ താണുമാലയനേ!” എന്നു കേണും, “കേട്ടോ–ഇങ്ങൊന്നു വരണേ” എന്നു ഭർത്താവോടു പ്രാർത്ഥിച്ചു. അരത്തമപ്പിള്ളത്തങ്കച്ചിയുടെ വിളി കേട്ടിട്ടും തമ്പി അറപ്പുരയ്ക്കകത്തു കടക്കാതെ, ഭൃത്യരെ വിളിച്ച് തന്റെ സ്വന്തമായ മേനാവുകൾ ഇറക്കി, ഭാര്യയെയും കുഞ്ഞുങ്ങളേയും കയറ്റി, ഉടനെ തലവർകുളത്തിലേക്ക് ആൺപെൺപരിവാരസഹിതം ദീപയഷ്ടി, പന്തക്കുറ്റി എന്നിവയോടുകൂടി കൊണ്ടാക്കുന്നതിനു കൽപനകൊടുത്തിട്ട് “ഉശിരൊന്നു പെയ്യാൽ പെയ്യ്” എന്നു പറഞ്ഞുകൊണ്ട്, നടവിലങ്ങിയ മദഗജംപോലെ നിലകൊള്ളാതെ കുടഞ്ഞു. അതുവരെ ഭർത്താവിനെക്കാൾ പ്രാധാന്യം തനിക്കാണെന്നു നടിച്ചുവന്ന തങ്കച്ചി, പശുസ്വഭാവയായി, ഭർത്താവിനെ നോക്കി തൊഴുതുനിന്ന് “പിള്ളരുകൂടിപ്പോട്ട്. നന്മയ്ക്കും തിന്മയ്ക്കും വേൾച്ച കൂറിവന്നപോലെ വലിമയ്ക്കും എളിമയ്ക്കും ഇവളേ കൂട്ടു” എന്നു കരഞ്ഞ് അദ്ദേഹത്തോടും, “അമ്മാവൻ പിള്ളരെയുംകൊണ്ടു പോണം. ഞാൻ എടുത്ത കുടം മാനമായ് കൊണ്ടിറക്കട്ട്” എന്നു കാരണവരോടും പറഞ്ഞ്,

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/192&oldid=158463" എന്ന താളിൽനിന്ന് ശേഖരിച്ചത്