ഇന്നു കുരുത്ത തകരയ്ക്കു പച്ച കൂടും. കണ്ടും ഉണ്ടും നിറയാത്ത ഏക്കറക്കൂട്ടം! ഥ്സൂ!" തമ്പി ഒന്നു തുപ്പുകയും ചെയ്തു.
തമ്പിയുടെ സ്വകാര്യകുണ്ഠിതകോപംകൊണ്ടു തങ്കച്ചിയുടെ മഹിമയുള്ള തറവാട് ഇങ്ങനെ ഹീനമായി അധിക്ഷേപിക്കപ്പെട്ടപ്പോൾ, ആ പ്രഭ്വി തുള്ളിച്ചാടി തന്റെ പ്രത്യേക അരമനയിലേക്കു പുറപ്പെട്ട്, ആ ഭവനം മുഴുവൻ കുലുങ്ങുംപടി അവർക്കു പ്രത്യേക പാടവം സിദ്ധിച്ചിട്ടുള്ള ഇളകിയാട്ടം തുടങ്ങി: എങ്ങാണ്ടോനിന്നുവന്ന്, ആരും തൊട്ടുതിന്നാതെ കഴിഞ്ഞ് അവസ്ഥ നടിച്ച്, കുത്തിക്കവർന്നും കൊലചെയ്തും ധനം പെരുക്കി, പ്രതാപംകൊണ്ടിരിക്കുന്ന ആ വീട്ടിലെ പൊറുതി നിറുത്തി, സ്വന്തഭവനത്തിലേക്കു മടങ്ങാൻ താൻ തയ്യാറാകുന്നു എന്ന് ആദ്യമായിത്തകർത്തു. യോഗീശ്വരന്റെ ചരിത്രവും അദ്ദേഹത്താൽ ആ ഗൃഹത്തിനുണ്ടായതും ഉണ്ടാകുന്നതും ആയ അനർത്ഥങ്ങളും തമ്പി തുടരുന്ന അനർത്ഥപഥങ്ങളും ആയിരുന്നു ആ കോപപ്രസംഗത്തിലെ രണ്ടാംഘട്ടം. അവനോന്റെ ഭാര്യയെ ഒളിച്ചു വേണ്ടാസനങ്ങൾ തുടങ്ങുന്ന ഭർത്താക്കന്മാർ പതിവ്രതകളുടെ പ്രണയത്തിന് അവകാശികളല്ലെന്നും, ആയിടെ അതിഗൂഢമായി എന്തോ ചില സംഗതികൾ പടക്കളപ്പുരകളിൽ നടത്തിവന്നതിനെ താൻ നിരോധിച്ചതുകൊണ്ട് അനന്തരക്രിയകളെല്ലാം തന്നിൽനിന്ന് ഒളിക്കുന്നു എന്നും പടശേഖരം ചെയ്യുന്നത് തിരുവനനതപുരത്തും മരുത്വാമലയിലും കാലത്തും വയ്യിട്ടും ദർശനംകൊടുക്കുന്ന സ്വാമിക്കുവേണ്ടിയല്ലാതെ തമ്പുരാൻതിരുവടിക്കുവേണ്ടി അല്ലെന്നും, ഇതുകൾക്കല്ലൊം മേലിൽ താൻകൂടി ഇല്ലെന്നും, മൂന്നാംഭാഗമായി ഉച്ചത്തിൽ വെളിപാടുകൊണ്ടിട്ട് തങ്കച്ചി തന്റെ ചെറുകുട്ടിയേയും വിളിച്ചു. ഭാണ്ഡവും മുറുക്കി. ഈ ചൊല്ലിയാട്ടത്തിന്റെ മൂന്നാം ചരണം കേട്ടപ്പോൾ, മുളക് പുളി മുതലായ രസങ്ങൾ കണക്കിനു ചേർന്ന ഒരു പുളിയിഞ്ചിയെ ആസ്വദിക്കുമ്പോലെ ഭഗവതിയമ്മ രസിച്ചുനുണച്ച്, ഒരു സീൽക്കാരവും പുറപ്പെടുവിച്ചു. ഇക്കഥകൾ അറിഞ്ഞിട്ടും, തമ്പിയുടെ ഗൗരവം ഭാര്യാസാന്ത്വനത്തിനു പുറപ്പെടാൻ മൃദുലമാകാതെ രൗദ്രകഠിനമായി പ്രഭാവപ്പെട്ടു. തമ്പിയുടെ പടയാളികൾ ഹരിപഞ്ചാനനദൂതൻ വഹിച്ചിരുന്ന ദൗത്യമെന്തെന്നു ഗൃഹംചുറ്റി തിരക്കിത്തുടങ്ങി.
ഈ കലാപങ്ങളെ പരിപുഷ്ടീകരിപ്പാൻ തങ്കച്ചിയുടെ കാരണവരും ഒന്നു രണ്ടു മേനാവും അനവധി ബന്ധുജനങ്ങളൂം ഭൃത്യന്മാരും കളപ്രാക്കോട്ടയിലെത്തി. കാരണവപ്പാട് തന്റെ ഉൾഖേദംകൊണ്ട് അന്തർഗൃഹപ്രവേശം ചെയ്യാതെ, പുറമുറ്റത്ത് അന്യഥാഭാവത്തെ കൈക്കൊണ്ടു നടതുടങ്ങി. ഈ ആഗമനവൃത്താന്തമറിഞ്ഞിട്ടും തന്റെ കെട്ടിനകംവിട്ടു ഭാര്യാമാതുലനെ സൽക്കരിപ്പാൻ പുറപ്പെട്ടില്ല. ആവശ്യക്കാരനായ കാരണവപ്പാട്, തന്റെ തറവാട്ടവസ്ഥയേയും അഭിമാനത്തേയും അടക്കി അകത്തു കടന്ന്, ഒരു തൂണുചാരി മിണ്ടാതെ ഇരിപ്പായി. വൃദ്ധന്മാരുടെ ശുദ്ധഗതികൊണ്ടു പൊറുതിയില്ലാതെതീർന്ന നാട്യത്തിൽ, തമ്പി പുറത്തോട്ടുള്ള വാതലിന്റെ മേൽപടിയിൽ കൈകൾ ഉറപ്പിച്ചു നിലകൊണ്ടു. തങ്കച്ചി അടുത്തുള്ള മുറിയിൽ എത്തി, കാരണവരെ തൊഴുതുകൊണ്ട്, ദേശാചാരമനുസരിച്ചുമറഞ്ഞു നിന്നു. തലവർക്കുളത്തിലെ കാരണവപ്പാട്ടീന്നു തമ്പിയോട് സംസാരിക്കാതെ, അനന്തരവളോട് ഇങ്ങനെ കാര്യം പറഞ്ഞു തുടങ്ങി: “ഒളിച്ചുകളിപ്പാനല്ല ഇപ്പം നേരം. പടത്തലവത്തി ചമഞ്ഞ് ഇങ്ങിരുന്നാലക്കൊണ്ട്, മാനംകെട്ടുപോവും. മേനാവുകൾ കൊണ്ടു വന്നിട്ടുണ്ട്. പിള്ളരെ പിറക്കിയിട്ടോണ്ട് മുമ്പേ നട. ഞാൻ പുറവേ വരാം.” ഭ്രാന്തചിത്തനായ കുഞ്ചുത്തമ്പി തിരിഞ്ഞു കാരണവപ്പാടോടു കാര്യമെടുത്തു. “മൂത്തോരെന്നും മറ്റും വച്ച്, അത്ര കേറി അപ്രപ്പെടണ്ട. എവനിവിടെ തടിപോലിരിക്കുമ്പം, എവന്റെകൂടിപ്പൊറുക്കണ പെണ്ണുംപിള്ളയെ എറങ്ങെന്നു കുറിപ്പാൻ എങ്ങേർക്കു കാര്യം? ഇതെവിടെക്കോട്ട ഞായം? ഏതു ജാതിക്കടുത്ത മൊറ?”
കാരണവർ: (ശാന്തമായി) “തലപ്പടവന്മാരെയടുത്തു മല്ലിടാൻ നാമാളല്ലാ. ചേഷകാറിപ്പെണ്ണിനെ മാനമായി കൊണ്ടുപോവാൻ നമുക്കു കാര്യമൊണ്ട്. അതു പൊല്ലാപ്പെങ്കിൽ നാലുപേർ പറയട്ട്. തന്റെ കൂടിപ്പൊറുത്തതും, കോരിവാരിക്കിട്ടിയതും മതി. കൊച്ചുതമ്പി എഴുതി അയച്ചപ്പോൾ കൊറവായിപ്പോയി. അവൻ അശു. അവന്റടുത്തെടുത്ത മൊറയൊന്നും നമ്മുടെ അടുത്തെടുത്താലൊണ്ടല്ലൊ”—(അനന്തരവളോട് ) “പെണ്ണേ! ഈ കോട്ട നാളെ പൊഴുതിന്—ശിവനേ! കൊളം—കൊളം കോരിപ്പോവും! കൽപന, കൽപന—അയ്യരുളിന്