താൾ:Dharmaraja.djvu/174

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ചന്ത്രക്കാറൻ: “ആഹ! അത്തറയ്ക്കു ചീത്തവും ചൊണയുമൊണ്ടെങ്കി ഇതോ ഭൗക്ഷ്യം? ഞങ്ങള് തെങ്കടി പുളിയടി എന്നിട്ടടിച്ചിട്ട് ഒഴക്കോലളവെങ്കിലും നീങ്ങിയോ? ഉരുവറിഞ്ഞവന്റെ ഹൊരി കേട്ടപ്പം, ഝൽ! ഝൽ! എന്നല്യോ നട? കണ്ടുപിടിച്ചപോലെ ‘സാമിതന്നെ വരുത്തീം തരണം.”

ഹരിപഞ്ചാനനൻ: “ദേവനെ പുറത്തെഴുന്നള്ളിക്കണമെങ്കിൽ ശ്രീഭൂതബലി ആദ്യം കഴിക്കണം. അതിന് മുതലെവിടെ? നാം ഭിക്ഷു.”

ചന്ത്രക്കാറൻ: (ആത്മഗതം) “അച്ചാരം കിട്ടാൻ നാക്കു നൊണയുണൂ! എന്റെ ജാമി അതിലൊന്നിത്തിരി ചങ്കിച്ചിളിക്കും.” (പ്രകാശം) “അയ്യാവ്! ഇത്തടിയനെ ഇപ്പോം കമത്തീം മലത്തീമിട്ടടിച്ചാലും, കൂറപ്പേൻപോലും നുള്ളിയെടുപ്പാൻ കാണൂല്ല. വീടും കുടിയുമൊക്കെ വലിയ ഭൗട്ടൂതന്നെ. അഹം പൊള്ള സാമീ, വെറും പൊള്ള.”

ഹരിപഞ്ചാനനൻ: “അല്ലാ! ഇങ്ങനെയാണോ പറവച്ചളക്കാമെന്നു ചെയ്ത വാഗ്ദത്തിന്റെ നിറവേറ്റം?”

ചന്ത്രക്കാറൻ: (കിഴങ്ങൻ ലോഭിയുടെ സ്വരംമാറി ചന്ത്രക്കാറധനദനായി) “അതോ സാമി? അതു ചരക്കു വേറെ—കച്ചവടം വേറെ—കാര്യം വേറെ. ധുലുത്താന്റെ പട ആറാമ്മഴിക്കകത്തു ഒരടിവയ്ക്കട്ട്—ഹപ്പം, ആ മൊതല് ശരിവരെ തീരുനുമ്പിശ്ശൊരിയും. മൈസൂൽ തിരുവടി തിരുവുള്ളംകൊണ്ട നീട്ടിന്റെ വാർകണ ഇക്കണ്ണുകുളിരെ കാണട്ടെ. ഹപ്പം, രൊക്കപ്പടി—റൊക്കപടി. അല്ലെങ്കി ആണോന്നു കെട്ടോണ്ട് അന്നു പോടണം പത്തരമാറ്റുകൊണ്ട മൊങ്കാൻ കൊമ.”

ഹരിപഞ്ചാനനൻ: “സന്തോഷം! സ്ഥിതികൾ താൻ കാണുന്നില്ലേ? കേൾക്കുന്നില്ലേ? ഹൈദർമഹാരാജാവ് ശുശ്രോദയം ചെയ്യുന്ന ഈ കണ്ണുകളെ അഞ്ചിച്ചു തുടങ്ങില്ലേ? തുടങ്ങു തന്റെ സംഭാരമൊരുക്കൽ. അനന്തരവന്നുവേണ്ടി ഇവിടെ പാടുകിടന്നാൽ കേൾപ്പതേതു ദർബാർ?—ചന്ത്രക്കാറരേ താങ്കൾ സൗധത്തിലിരുന്ത്, അംബികവിളംഗും ദീപസന്നിധിയിലെ വയ്ത്ത്, ഉശിരുക്കുശിരാകദത്തമാകിന പ്രതിജ്ഞയെ നിറവേറ്റി ശെൽവം കാപ്പാത്തും.”

ചന്ത്രക്കാറൻ: ‘ആഹാ! അതിന് ഘീർവാണമെന്തിന്? മലയാംപാഴയ്ക്കു വഴങ്കാത്ത വലിയ കാര്യമോ അത്? ചന്ത്രക്കാറന്റെ സഥ്യത്തിനും വെഥ്യാസമൊണ്ടോ? ‘ഉരച്ചാൽ ഉരയും’ പിന്നെ—ചെയ്കചെയ്കയും ‘ആവണം’ ഇതാണ് ആണുങ്ങടുത്ത ‘സത്വം’, ഉടയാമ്പിള്ളക്കവിയുടെ നീതിശ്ലോകാർദ്ധത്തിന്റെ താൽപര്യം.” ഹരിപഞ്ചാനനപണ്ഡിതനു മനസ്സിലായി, ചിരിച്ചു. ഉടയാമ്പിള്ളക്ക് കാളിദാസപദവി കിട്ടിയതുപോലെ ചാരിതാർത്ഥസന്തോഷവും; തന്റെ മുതലിൽ തൊടാതെ ഹരിപഞ്ചാനനന്റെ ആവശ്യത്തിനുവേണ്ട ദ്രവ്യം വസൂലാക്കി അടയ്ക്കണ്ടേതിലേക്കുള്ള മാർഗ്ഗത്തിന് മനോധർമ്മോദയവും ഉണ്ടായി. ഗുരുപാദങ്ങളെ തൊഴുതുകൊണ്ട് അയാൾ യാത്രയാരംഭിച്ചപ്പോൾ, അയാളുടെ ഉത്സാഹത്തിന് മൂർച്ഛ കൂട്ടുന്നതിനായി താൻ വരുത്തിയ ഉദ്ദേശ്യത്തെത്തുടർന്നുള്ള സംവാദത്തെ ഹരിപഞ്ചാനനൻ ആരംഭിച്ചു: “നിൽക്കൂ! ഞാൻ പറഞ്ഞിട്ടില്ലേ? നിങ്ങൾക്ക് ആലോചനക്കുറവിന്റെ ദോഷം ചിലപ്പോളുണ്ട്. കഴക്കൂട്ടത്തേക്കല്ലേ ഇപ്പോൾ പോകുന്നത്?”

ചന്ത്രക്കാറൻ: “അതേ, അല്ലാണ്ട് ഈ വഹക്കാർക്ക് ഏതു തെങ്കരാഞ്ചികൊണ്ട്. സാമിയെപ്പോലെക്കൊള്ളവർക്ക് കണ്ടടമെല്ലാം കൈലാഷം! ചെന്നടമെല്ലാം വൃഷ്ണുലോഹം! അങ്ങനെയൊള്ള യോഹം ഈ എവൻകൂട്ടത്തിനൊണ്ടോ?”

ഹരിപഞ്ചാനനൻ: “അങ്ങോട്ടു പോയിട്ടിപ്പോൾ കാര്യമില്ല. തന്റെ പരമബന്ധു അനന്തപത്മനാഭൻ പടത്തലവർ അവിടെ ഈയിട കാലുവച്ചുപോയി.”

ചന്ത്രക്കാറൻ: “ഹാര്?”

ഹരിപഞ്ചാനനൻ: “പടത്തലവർ—ചെമ്പകശ്ശേരിയിലെ, അല്ലെങ്കിൽ രാമവർമ്മത്തെ.”

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/174&oldid=158443" എന്ന താളിൽനിന്ന് ശേഖരിച്ചത്