താൾ:Dharmaraja.djvu/173

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മൃദുബന്ധങ്ങൾക്കു വശനായി ക്ഷീണകാഠിന്യനാകുന്നതിനോ?” ഹരിപഞ്ചാനനന്റെ ജിഹ്വ തളർന്നു എങ്കിലും, ക്ഷമായാചകനായി ഇങ്ങനെ ബോധനംചെയ്തു: “സ്വാമിൻ! വിശ്വാമിത്രൻ മേനകയെ ശകുന്തളാസഹിതം പരിത്യജിച്ച ധൈര്യം അവിടത്തെ ശിഷ്യനുണ്ടാകുമോ? അടിയൻ ജന്മസുഖം രുചിച്ച് വിരക്തനായിട്ടില്ലല്ലോ. അനപേക്ഷമായി സംഭവിച്ച സംഘടനയിൽ ജന്മബന്ധോൽപാദിതമായുള്ള പ്രേമം ഉണർന്ന് ഇവനെ ബന്ധിച്ചുപോയി. അതു ക്ഷന്തവ്യമല്ലേ?” ആത്മീയശാസകൻ ഈ പ്രാർത്ഥനാവാദത്തെ കൈക്കൊണ്ടില്ല. “സന്ദർഭംപോലെ, നാം മന്ത്രശുദ്ധിചെയ്തു തന്നിട്ടുള്ള വിഷകഠാരയെ പ്രയോഗിക്ക. പ്രതിജ്ഞാതക്രിയന് പ്രതിബന്ധത്തിന്റെ ഗുരുലഘുത്വധർമ്മചിന്തനങ്ങൾ അനുവദനീയമല്ല. മൃതജീവന്മാർ കേണു പ്രാർത്ഥിക്കുന്നു. ശ്രവിക്ക! ദയനീയമായുള്ള അവരുടെ പ്രാർത്ഥനയെ നിരസിക്കാതെ നാം സംസ്കരിച്ചു നൽകിയ നാമത്തെ യഥാർത്ഥീകരിക്കൂ. അസ്തു ജയം!” ഘടികായന്ത്രം ക്ഷീണപ്രവർത്തനമായി നിലകൊള്ളുംപോലെ അന്തയാസകന്റെ പ്രചോദനങ്ങൾ നിലകൊണ്ടു. ഹരിപഞ്ചാനനന്റെ ഈ ചിന്തകൾക്കിടയിൽ പ്രത്യുത്തരത്തിനുണ്ടായ വിളംബനവും ആ യോഗിവര്യന്റെ മുഖപ്രശാന്തതയും നന്തിയത്തുണിത്താന്റെ സംശയത്തെ ഒന്നുകൂടി സ്ഥിരപ്പെടുത്തി. ഹരിപഞ്ചാനനൻ ശാന്തമാനസനായപ്പോൾ പുച്ഛകടുതയോടുകൂടി ഇങ്ങനെ മറുപടി പറഞ്ഞു: "അവിടന്ന് വൈദ്യനാണല്ലോ—രക്തശുദ്ധിക്ക് വല്ല ഗവ്യവും സേവിക്കണം. അപസ്മാരദോഷം ബലമായുണ്ട്. ”ഇങ്ങനെ പറഞ്ഞുകൊണ്ട് സംസ്കൃതത്തിൽ തന്റെ നർമ്മദാതീരോത്സവത്തേയും സിദ്ധിപ്രഭാവങ്ങളേയും ധാർമ്മികത്വം ഹേതുവാൽ ചെയ്യുന്ന ലോകസഞ്ചാരത്തേയും കുറിച്ച് ഊർജ്ജിതമായി ഒട്ടു പ്രസംഗിച്ച്, തന്റെ പൂജാമുറിയിലേക്കു തിരിച്ചു. നന്തിയത്തുണ്ണിത്താനും ആ ഭാഷയിൽത്തന്നെ ഹരിപഞ്ചാനനവൃത്തിയെ ഭത്സിച്ചുകൊണ്ടു പുറത്തിറങ്ങി നടകൊണ്ടു. ഹരിപഞ്ചാനനൻ തന്റെ ശയ്യയിൽ വീണുരുണ്ടു ചിന്തകൾ തുടങ്ങി. നന്തിയത്തേയും രാമവർമ്മത്തെയും പ്രഭുക്കൾ ചേർന്ന് മന്ത്രക്കൂടത്തെ ഭരണം കൈയേൽക്കുമ്പോൾ തന്റെ ശക്തിക്ഷയവും ശ്രമഭഞ്ജനവും ഉണ്ടാകുമെങ്കിലും, ഇദ്ദേഹം നിഷ്പക്ഷനായി പ്രവർത്തിക്കുകയല്ലാതെ തനിക്ക് പ്രത്യക്ഷശത്രുവായി സ്വമേധയാ പുറപ്പെടുകയില്ലെന്ന് അദ്ദേഹം സമാധാനപ്പെട്ടു. എങ്കിലും സന്ദിഗ്ദ്ധബന്ധുക്കളുടെ പ്രശ്രയാനുകൂല്യങ്ങളെ അവലംബിച്ചുകൂടാ എന്നും ആ രണ്ടു പ്രഭുക്കളോടും പടവെട്ടി അവരെ തോൽപിക്കുകയോ ഹനിക്കുകയോ ചെയ്യുന്ന കൃത്യം ചന്ത്രക്കാറമഹിഷാസുരനെക്കൊണ്ടു സാധിക്കുക എന്നും യോഗീശ്വരന്റെ ബുദ്ധി അദ്ദേഹത്തോടു ഗുണദോഷിച്ചു.

രണ്ടു നാഴികകൊണ്ട് ചന്ത്രക്കാറൻ ഹരിപഞ്ചാനനസമക്ഷത്തിൽ സേവതുള്ളിത്തുടങ്ങി. “എന്നാ ചന്ത്രക്കാറർ! പ്രദോഷനൃത്തം തുള്ളുറയേ? ഹൈദർഷാ വരലാച്ച്. നമതു ഭാവുകം ഉദയമാകുലാച്ച്. അടടാ! നമതു ഭഗവതിപൂജാർത്ഥം എന്നവാവതു മാലിഖാൻ തന്തു പോറ്റവേണ്ടാമ —ഇരുക്കട്ടും! ശേഷകാറ വത്സൻകാര്യത്തിലെ തൂങ്കുറയേ! പടിയും, ഇന്ത കടിതത്തെപ്പടിയും” എന്നു പറഞ്ഞ് കേശവൻകുഞ്ഞിന്റെ എഴുത്തിനെ ചന്ത്രക്കാറന്റെ കൈയിൽ കൊടുത്തു.

ചന്ത്രക്കാറൻ: “അത്തറ വിഛ്വാസമില്ലെന്നോ സാമീ? ഭരസ്വരം (പരസ്പരം) വിഛ്വാസമില്ലേല് ഫൂലോഹം ഒരു ധെവസംഹുദിച്ചണയുമോ? കയ്പിച്ച് വായിച്ചാ മതിയേ മതി.” എങ്കിലും പ്രകൃതാ ഉള്ള തന്റെ പരവഞ്ചനധർമ്മത്തെ സ്മരിച്ച്, ഉത്തമസാക്ഷിയായുള്ള സ്വന്തനേത്രങ്ങളെക്കൊണ്ട് എഴുത്തിലെ ലേഖാർത്ഥത്തെ ധരിക്കുവാനായി ചന്ത്രക്കാറൻ അതിനെ കൈയിൽ വാങ്ങി. സാഹിത്യപദത്തോടും ചാർച്ചയെ അവകാശപ്പെടുന്ന ആ സർവജ്ഞൻ ഏകദേശം ഒരു നാഴികകൊണ്ട് എഴുത്തിലെ ചില അക്ഷരങ്ങളെ വിഴുങ്ങിയും, ശേഷത്തെ എണ്ണിയും, വായിച്ച്, ഹരിപഞ്ചാനനനു മർമ്മത്താങ്ങായിട്ട് കൊള്ളും വണ്ണം “തേയ്തിയും വയ്ക്കൂല്ല—എടവും വയ്ക്കൂല്ല— ചെവിത്തകെട്ട കൊച്ചുങ്ങള്” എന്ന് അഭിപ്രായപ്പെട്ടു.

ഹരിപഞ്ചാനനൻ: “അതുകൾക്കെന്തു പ്രാധാന്യം? നാം പറഞ്ഞതിനെ നാം സ്ഥാപിച്ചു. ഇനി, പ്രബലന്മാരായ അച്ഛനും അമ്മാവനും ചേർന്ന്, മിടുക്കുണ്ടെങ്കിൽ കൊണ്ടുപോരിൻ. ആളുണ്ട്, മുതലുണ്ട്, സകല വൈഭവങ്ങളുമുണ്ട്.”

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/173&oldid=158442" എന്ന താളിൽനിന്ന് ശേഖരിച്ചത്