താൾ:Dharmaraja.djvu/172

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


താൻ മീനാക്ഷിയുടെ മാതാമഹനായ കുട്ടിക്കോന്തിശ്ശനാണെന്നു മനസ്സിലാക്കി പരിഭവിക്കുന്ന ഇദ്ദേഹത്തോട് രാജദുർന്നയത്തെ ആസ്പദമാക്കി വാദിക്കുന്നതു നിഷ്പ്രയോജകമെന്നു വിചാരിച്ചുകൊണ്ട് കേശവൻകുഞ്ഞിന്റെ സംഗതിയിൽ യോഗീശ്വരൻ വീണ്ടും പ്രവേശിച്ചു. “ഏഹേ! ശാന്തന്മാർ ഇങ്ങനെ ഊർജ്ജിതവാദം ചെയ്യരുത്. നാം നിങ്ങൾ വിചാരിക്കുംവണ്ണമുള്ള ആളല്ല. ശ്രീഭഗവതിയാണ സത്യം!” (സത്യത്തിന്റെ സ്വരവും നിർവ്യാജതയും കണ്ട് ഉണ്ണിത്താന്റെ വിശ്വാസം ഒന്നിളകി.) “നിങ്ങടെ ഈ സ്വർഗ്ഗസങ്കേതമായ രാജ്യം സംബന്ധിച്ച് നമുക്ക് ഒരു കാര്യവുമില്ല. ശ്രീപത്മനാഭൻ പള്ളികൊള്ളുന്ന പുണ്യസ്ഥലമെന്ന് അഭിമാനിച്ചാണ് നാം ഈ സംസ്ഥാനത്തു വന്നത്. ചന്ത്രക്കാറനെ ശിഷ്യനായി സ്വീകരിച്ചപ്പോൾ നീങ്ങളോടും, അതുകൊണ്ട് നിങ്ങളുടെ പുത്രനോടും ഒരു വാത്സല്യമുണ്ടായി, അയാളെ രക്ഷിച്ചുകൊണ്ടുപോരാൻ—”

ഉണ്ണിത്താൻ: (വീണ്ടും ഹരിപഞ്ചാനനന്റെ മുഖത്തേയും സ്വരത്തേയും നല്ലതിന്മണ്ണം പരിശോധിച്ചതിൽ തന്റെ വിശ്വാസത്തിന് കുറച്ചു മുമ്പിലുണ്ടായ ചലനം തീരുകയാൽ) “ശ്രീപത്മനാഭന്റെ കാര്യങ്ങൾ അവിടത്തെ ദാസനായി ഉടവാൾ ഏറ്റിട്ടുള്ള തിരുമേനി സൂക്ഷിക്കും. എന്റെ മകന്റെ ആപത്തിന്—അവരോർക്ക് ആപത്തുണ്ടായപ്പോൾ നേർത്തുനില്പാൻ കരളൂറ്റമില്ലാതെ—” (അതികോപസ്വരത്തിൽ) “എന്ത് ഭോഷ്ക്കുകളാണിത്? അവിടത്തെ ചാക്ഷുഷി, തിരസ്കരണി—ഈ വലിയ വിഷമപദങ്ങൾ വിളമ്പി ആളുകളെ പാട്ടിലാക്കിച്ചുറ്റിക്കാൻ, അവിടത്തെ പ്രായമെന്ത്? പഠിത്തമെന്ത്? സ്ഥിതി സകലതും മറന്ന് യുവത്തിളപ്പു കാട്ടേണ്ട ആളാണോ അവിടന്ന്? പ്രതിക്രിയയ്ക്കാണെങ്കിൽ ഈ സന്ധിയിലാണോ വേണ്ടിയിരുന്നത്? ഒരു ധൂർത്തപ്രഭുവിന്റെ ആക്രമം അനുകൂലിക്കുന്ന തക്കത്തെ നോക്കി പുറപ്പെട്ടിരിക്കുന്നതാണെങ്കിൽ അവിടത്തെ ധ്യാനങ്ങളും സിദ്ധിയും—ഹോ ഹൊ! കഷ്ടം! നാടുനീങ്ങിയ സിംഹമിരുന്നപ്പോൾ അവിടത്തെ വീര്യങ്ങൾ കെട്ടി പുകയത്തു വച്ചിരുന്നില്ലേ? ഇനിയും അതെല്ലാം അവിടിരിക്കട്ടെ, ആ കിഴവിയും കുട്ടിയുമെങ്കിലും ഒരു വീടുചേർന്നു സുഖമായി കഴിയട്ടെ. അവിടന്നും നന്തിയത്തേക്കു പോരണം—” ഹരിപഞ്ചാനനന് നിയമപ്രകാരമുള്ള ചിരിയും ചിരിപ്പാൻ ശക്യമായില്ല. ശമദമസിദ്ധികളും സമഭാവനകളും അനീഹതയും വസിക്കണ്ടേതായ ആ സിദ്ധന്റെ മാനസസരോജത്തിൽ വാൾ, വിഷം, കഠാര എന്നീ വിഹംഗമങ്ങളുടെ രൂപങ്ങൾ വിഹരിച്ചു. ആ ജീവന്തികകളുടെ ഭാരം യോഗീന്ദ്രന്റെ കണ്ഠകാണ്ഡത്തെ നമനംചെയ്യിച്ച്, അദ്ദേഹത്തെക്കൊണ്ട് ഭൂരേണുഗണനം ചെയ്യിച്ചു. “അതുപാടില്ല, മഹാപാതകം!” എന്ന് ഹരിപഞ്ചാനനന്റെ ഹൃദയത്തിലെ ധർമ്മചിന്ത അദ്ദേഹത്തോടു ഗുണദോഷിച്ചു. “പാതകമോ? അതിലേക്കല്ലേ നീ നിയോജ്യൻ? ശത്രുസംഹാരം പാതകമാകുന്നത് ഏത് അമരത്തിൽ? പ്രതിബന്ധമാർജ്ജനം പാതകമാകുമെങ്കിൽ, ഭഗവൽക്കഥകൾ നരകസംഹിതകളത്രേ. ചീരവസനനായ ശ്രീരാമൻ ബാലിയെ ഒളിയമ്പുകൊണ്ടു കൊന്ന ദൃഷ്ടാന്തത്തെ സ്മരിക്കുക” എന്ന് ആകാശസഞ്ചാരിയായ ഒരു ദേഹി ഹരിപഞ്ചാനനനെ ശാസിച്ചു. “ഇദ്ദേഹം പ്രതിബന്ധിയല്ലല്ലോ. ശത്രുസംഹാരമല്ലാതെ, ബന്ധുസംഹാരം നമുക്കു ധർമ്മമാകുമോ?” എന്ന് ഹരിപഞ്ചാനനൻ ആ ശാസകശക്തിയോടു ചോദ്യംചെയ്തു. “നമ്മുടെ ശത്രുപക്ഷനാഥന്റെ പരമഭക്തൻ ബന്ധുവല്ലല്ലോ! ചാരന്മാർ വധ്യഗണത്തിൽ ഉൾപ്പെടും” എന്ന് ദുഷ്പ്രേഷകസത്വം ഹരിപഞ്ചാനനനെ സ്മരിപ്പിച്ചു. “നമ്മുടെ പരമാർത്ഥത്തെ ഒരുവിധം ഗ്രഹിച്ചു എങ്കിലും, ഇദ്ദേഹം ശത്രുവായിത്തീരുന്ന ഖലനല്ലല്ലോ” എന്ന് ഹരിപഞ്ചാനനൻ തർക്കിച്ചു. “ശ്ശീ! ശ്ശീ! നിന്റെ ഇദംപ്രഥമമായുള്ള മനശ്ശുദ്ധത നമ്മുടെ ഉപദേശശക്തി പ്രവർത്തനത്തെ ഹനിക്കും” എന്ന് അശരീരഗുരു ധാർഷ്ട്യം വദിച്ചു. “ബാലികയായ മീനാക്ഷിയുടെ ക്ഷേമപ്രാർത്ഥിയാണ് ഇദ്ദേഹം” എന്ന സ്മർത്തവ്യത്തെ ഹരിപഞ്ചാനനൻ ഉണർത്തിച്ചു. ദോഷോപദേഷ്ടാവിന്റെ ഉപദേശസ്വരങ്ങൾ ഹരിപഞ്ചാനനന്റെ ആത്മശ്രവണകർണ്ണികയിൽ ധ്വനിച്ചുകൊണ്ടിരുന്നതു പെട്ടെന്നു നിലച്ചു. ഹരിപഞ്ചാനനന്റെ പൗരുഷം ശമിച്ചു. ഇല്ല—അഗ്നിഭയസന്ദർഭങ്ങളിൽ രാജധാനികളിൽ ഘണ്ടാഘോഷമുണ്ടാകുന്നതിന്മണ്ണം അത്യാരവത്തോടുകൂടി ഒരു രുഷ്ടഭർത്സനത്തെ ഹരിപഞ്ചാനനന്റെ അന്തഃകർണ്ണങ്ങൾ ശ്രവണം ചെയ്യുന്നു. “നിന്നെ അദ്വൈതപഠനം ചെയ്യിച്ച് അശ്മമനസ്കനാക്കിയത് ഇങ്ങനെ

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/172&oldid=158441" എന്ന താളിൽനിന്ന് ശേഖരിച്ചത്