താൾ:Dharmaraja.djvu/171

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കാത്ത് അനുഗ്രഹത്തെ പ്രാർത്ഥിക്കണം. ഇത് അമ്മാവനോ അച്ഛനോ ബോധിപ്പാൻ തീർത്ഥപാദർതിരുമുമ്പിലെ സമർത്ഥനായ ഒരു ഭൃത്യൻമുഖേന അയച്ചുകൊള്ളുന്നു. ശ്രീഭഗവതി രക്ഷിക്കട്ടെ. ശുഭം.” എഴുത്തു വായിച്ചതിന്റെശേഷം “ഇതിൽ വിശേഷവിധിയായ ഒന്നുമില്ലല്ലോ” എന്ന് ഉണ്ണിത്താൻ പറഞ്ഞു.

ഹരിപഞ്ചാനനൻ: “മകന്റെ കൈപ്പടതന്നല്ലേ അത്?” ഇതിനുത്തരമുണ്ടായത് മരം വെട്ടുന്നതിന് അതിന്റെ കൊമ്പ്, തായ്ത്തടി, നീളം വണ്ണം എന്നിതുകളുടെ ഗുണദോഷത്തെ വിവേചനംചെയ്‌വാൻ പ്രയോഗിക്കപ്പെടുന്നതുപോലുള്ള ഒരു നോട്ടമായിരുന്നു. നവനീതപ്രകൃതനായുള്ള ആ പ്രഭു ആപൽശൃംഖലിതനായുള്ള പുത്രന്റെ ഹസ്തലിഖിതമായുള്ള അപേക്ഷാദർശനത്തിലും കുലുങ്ങാത്ത സ്ഥിരധീയാണെന്നു കണ്ടപ്പോൾ, ഹരിപഞ്ചാനനന്റെ യോഗനാളം ഒന്ന് ഉൽത്രസ്തമായി എങ്കിലും, ആ പ്രഭുവിന്റെ മുഖത്തു പ്രസരിച്ചതു കോപമോ, ഹാസ്യമോ അല്ലെന്നും ഭക്തിവിനയാദരങ്ങളാണെന്നും കാണുകയാൽ യോഗീശ്വരൻ വിസ്മയത്താൽ ഉപഹതനായി. ഉണ്ണിത്താൻപ്രഭു എന്തോ പറയുന്നതിന് ഉദ്ദേശിച്ചു എങ്കിലും, നിശ്വാസവേഗത്തോടെ നിൽക്കുന്നതല്ലാതെ അന്തർഗ്ഗതത്തെ വചനമാർഗ്ഗമായി ബഹിഷ്കരിക്കുന്നില്ല. അന്തർമേദസ്സിനെ വിസർജ്ജനം ചെയ്യിക്കാനെന്നപോലെ ഒരു പ്രശ്നക്ഷാരത്തെ യോഗീശ്വരൻ, ഭിഷഗ്ദക്ഷന്റെ പടുതയോടുകൂടി പ്രയോഗിച്ചു: “ഇപ്പോൾ ബോദ്ധ്യപ്പെട്ടില്ലേ, നാം മുമ്പ് ചന്ത്രക്കാറനോടും മറ്റും പറഞ്ഞയച്ചത്? കേശവപിള്ളയുടെ കൂട്ടും ബന്ധുത്വവും നല്ല പന്തിയിലല്ലാ എന്നു പറഞ്ഞത് നിങ്ങളുടെ പരിഭവത്തെ വർദ്ധിപ്പിച്ചു. രാജ്യത്തിലെ ധർമ്മഗതിയും സ്ഥിതികളും ഇപ്പോൾ മനസ്സിലായില്ലേ?”

ഇങ്ങനെയുള്ള പ്രസ്താവന കേട്ടപ്പോൾ ഉണ്ണിത്താൻ സ്വഹസ്തങ്ങളെക്കൊണ്ട് കർണ്ണങ്ങൾ പൊത്തി, ഭഗവൽപ്രാർത്ഥന ചെയ്യുന്നനിലയിൽ ചിന്തയോടുകൂടി തന്റെ പാദങ്ങളെ നോക്കി നിന്നു. ഉണ്ണിത്താന്റെ ചിന്താപഥം ഹരിപഞ്ചാനനനും ഊഹ്യമായി.

ഉണ്ണിത്താൻ: “എന്നെ ഈ പെരുവഴക്കിൽക്കൊണ്ടു ചാടിക്കാൻ അവിടേക്കു തോന്നുന്നല്ലോ. കഷ്ടം! ഞങ്ങൾക്കൊക്കെ ഗുരുസ്ഥാനമല്ലേ അവിടത്തേക്ക്? ഉണ്ണി അവിടത്തെ രക്ഷയിൽ ആണെന്നു കുറച്ചുമുമ്പുതന്നെ എനിക്കു മനസ്സിലായി ആശ്വസിച്ചിരിക്കയാണ്. ഈ അന്തർഗ്ഗതം ഞാനാരോടും പറഞ്ഞിട്ടില്ല. അവിടന്ന് എന്തു വ്യാപാരത്തിലേക്കാണു പുറപ്പെട്ടിരിക്കുന്നത്?”

ഉണ്ണിത്താന്റെ ചോദ്യം യോഗീശ്വരന്റെ രാജദ്രാഹശ്രമങ്ങളെ സംബന്ധിച്ചായിരുന്നു. അങ്ങനെ ഒരു ചോദ്യമേ ഉണ്ടായില്ലെന്നുള്ള ഭാവത്തിലും, തന്റെ പ്രവൃത്തികളെ നീതീകരിക്കുമാറും ഇങ്ങനെ പറഞ്ഞു: “അണ്ണാവയ്യൻ, ഉമ്മിണിപ്പിള്ള എന്നിവരുടെ കൊലകൾക്ക് എന്തു ചോദ്യമുണ്ടായി? രാജ്യം നശിച്ചുപോകുന്നതു കാണുന്നില്ലേ? ഈ സ്ഥിതിയിൽ പ്രജകൾക്ക് എന്തു രക്ഷ? നാലുനാൾക്കുള്ളിൽ ഭദ്രദീപപ്രതിഷ്ഠ ഇളകി ഒരു നവകൃതവീര്യജൻ വേറൊരു ദീപത്തെ സ്ഥാപിച്ചേക്കാം.”

ഉണ്ണിത്താൻ: “ജനങ്ങൾ പ്രജാധർമ്മമനുസരിച്ച് രാജഭക്തിയെ അനുവർത്തിച്ചാൽ ഭദ്രദീപം വാടാതെരിയും. അങ്ങനെ ഏകമനസ്കതയോടു തടുത്താലും അതിനെ അണയ്ക്കുന്നതിന് ഒരു വീരനുണ്ടെങ്കിൽ നമ്മുടെ ആളുകൾ മല കേറട്ടെ. അല്ലെങ്കിൽ കടലാടട്ടെ. ശത്രുക്കൾ കല്ലും മണ്ണുമെടുത്തു വാഴുകയും ചെയ്യട്ടെ. എന്തായാലും അവിടത്തേക്ക് ഇക്കാര്യങ്ങളിൽ എന്തു ബന്ധം? യോഗിയെങ്കിൽ ധ്യാനസമാധിയിലിരിക്കണം. ഭക്തനെങ്കിൽ ഭഗവൽസേവചെയ്യണം. ഋഷിയെങ്കിൽ വനവാസമാചരിക്കണം. അദ്വൈതാവധൂതനെങ്കിൽ പ്രാസംഗികസഞ്ചരണം ചെയ്യണം. രാജ്യവും രാജ്യകാര്യവും അധികൃതന്മാർക്കു വിട്ടേക്കണം. അതിനു മനസ്സില്ലെങ്കിൽ, പണ്ടു കാട്ടേണ്ടിയിരുന്നപ്പോൾ മറന്നിരുന്ന വൈരം ഇപ്പോൾ എവിടന്നു വന്നു എന്നു ചോദിക്കുന്നതിന് ഉത്തരം പറയണം.”

മൃദുശീലനെന്നു വിചാരിക്കപ്പെട്ടിരുന്ന ഉണ്ണിത്താൻ ഇങ്ങനെ മുട്ടുചോദ്യം തുടങ്ങിയപ്പോൾ, അദ്ദേഹം അടുത്തുകൂടാത്ത ഒരു പ്രതിബന്ധകൻതന്നെ എന്ന് യോഗീശ്വരൻ കണ്ടു.

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/171&oldid=158440" എന്ന താളിൽനിന്ന് ശേഖരിച്ചത്