താൾ:Dharmaraja.djvu/170

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


കാപ്പുകെട്ടുന്ന മഹാരാജാവായ ‘മൂത്ത അപ്പനോട്’ തമ്പിയെ ആ സന്ദർഭത്തിൽ മുഖപരിചിതനാക്കാൻ സൗകര്യപ്പെടാത്തതിനെക്കുറിച്ച്, യോഗീന്ദ്രൻ വളരെ ക്ലേശിച്ചു. പരിഷ്കൃതരീതിയിലുള്ള ആയുധങ്ങൾ സഹിതം യോഗീശ്വരന്റെ തൃച്ചേവടിയുഗളം സേവിച്ച് അവിടത്തെ പരിശുദ്ധപതാകാനുഗാമികളായി പടക്കളത്തിൽ ജീവത്യാഗം ചെയ്യുന്നതിന് ആയിരത്തിൽപ്പരം രക്ഷോവരസമന്മാരായ ഭടജനങ്ങൾ സഞ്ചയിക്കപ്പെട്ടിട്ടുണ്ടെന്നു ധരിപ്പിച്ച്, തമ്പി സ്വാമികളുടെ തിരുവുള്ളപൂർത്തിയേയും സമ്മാനമായി ഒരു പാരസീക ഖഡ്ഗത്തേയും സമ്പാദിച്ചു. യോഗിരാജനാൽ നൽകപ്പെട്ട ആശിസ്സ് വിശ്വനാഥൻ കുഞ്ചുപിരാട്ടിപ്പടക്കപ്പലിനെ ആനന്ദാംബുധിയിൽ ഇറക്കി, സന്തോഷക്കാറ്റിന്റെ തക്കത്തിൽ ഓടിച്ച്, കളപ്രാക്കോട്ടത്തുറമുഖത്ത് ഭദ്രമായി നങ്കൂരമിടീച്ചു.

ഭദ്രദീപസംബന്ധമായി മഹാരാജാവ് ആശ്രമവാസമാരംഭിച്ചു. ഹൈദർമഹാരാജാവായ ബകന് വാർഷികോദനമായി ഒരു വലിയ കപ്പം നൽകാൻ തിരുവിതാംകൂർ ഉടമ്പെട്ടില്ലെങ്കിൽ, ആ ഏകചക്രഗ്രാമത്തെ ഒരു ദിവസത്തെ ഉഞ്ഛവൃത്തിയിലെ ഉപദാനമാക്കി അശനംചെയ്തുകളയുമെന്ന് മഹാരാജാവിനെ ധരിപ്പിച്ചിരുന്നത്, മുറുകിയിരിക്കുന്നതായി ഒരു ഭീഷണിശ്രുതി പരന്നു. ദക്ഷിണതിരുവിതാംകൂറിൽ മറവരുടേയും, ഹരിപഞ്ചാനനബന്ധുക്കളായ പല ഗൃഹസ്ഥന്മാരുടെ ഭവനങ്ങളിൽ മായപ്പൊടിമലുക്കുവിന്റെയും ശല്യങ്ങൾ ആവർത്തനംചെയ്തിരിക്കുന്നു എന്ന് ഒരു ശ്രുതിയും പ്രബലമായിത്തീർന്നു. തിരുവിതാംകൂർസംസ്ഥാനദിവാകരൻ അണഞ്ഞതുപോലെ ഒരിരുൾ രാജ്യത്തിൽ എങ്ങും അടഞ്ഞു. അങ്ങനെ സംഭവിച്ചിരിക്കുന്നത് അധർമ്മഫലമെന്നു പൗരജനങ്ങൾ ശോചിച്ചു. സംസ്ഥാനത്തിന്റെ രാജാധികാരം ദ്വന്ദ്വീഭവിച്ചതുപോലെ, മഹാരാജാവിന്റെയും ഹരിപഞ്ചാനനന്റെയും എന്നുള്ള കക്ഷിവ്യത്യയം അഷ്ടഗൃഹവിക്രമികളുടെ കാലത്തുണ്ടായിരുന്നതിലും അധികം ഗൗരവമായി സ്ഫുടീകരിച്ചു. രാജസൈന്യത്തിനിടയിൽ അനൽപമായ അസന്തുഷ്ടിയും ആജ്ഞാലംഘനവുംകൊണ്ട് ആ ശക്തിയിലും ചില ഛിദ്രങ്ങൾ സംഭവിച്ചു. ഹരിപഞ്ചാനനഭജനസംഘത്തലവന്മാർ പ്രത്യക്ഷമായി ഹരിപഞ്ചാനനനെ രാജ്യകാര്യനേതാവായും ഉപദേഷ്ടാവായും സ്വീകരിച്ച് അവരുടെ ജീവജീവിതവൃത്തികളെ അദ്ദേഹത്തിനു പണയമാക്കി. ഇങ്ങനെ സർവാഭീഷ്ടസിദ്ധിയാകുന്ന ശയ്യ ഹരിപഞ്ചാനന‘സംസ്ഥാന’ന് സിദ്ധിച്ചു എങ്കിലും, അദ്ദേഹത്തിന്റെ തിരുമെയ്യിലും തിരുവുള്ളത്തിലും ത്രിശൂലതുല്യം കുത്തിത്തറയ്ക്കുന്ന ഒരു കണ്ടകം ആ ശയ്യയുടെ കാർപ്പാസധൂളിക്കകത്തു കടന്നുകൂടി. അനന്തപത്മനാഭൻ പടത്തലവർ മന്ത്രക്കൂടഭവനത്തിലെ അതിഥിയായി അവിടെ താമസിച്ച സംഭവം ഹരിപഞ്ചാനനസിദ്ധന്റെ ശ്രവണങ്ങളിൽ പതിച്ചു. ധർമ്മദൃഷ്ട്യാ പൂജ്യനെങ്കിലും, ജയാപജയവിഷയത്തിൽ പരശത്രുവായ ആ പ്രഭുവിന്റെ കഴക്കൂട്ടദർശനം യോഗിനാഗരാജന്റെ വിഷവഹ്നിയെ ഉജ്ജ്വലിപ്പിച്ചു. ഇന്ദ്രകുലിശം പോലെ സംഹാരപ്രകോപംകൊണ്ട് അദ്ദേഹത്തിന്റെ ശരീരം ആതപപ്രഭമായി. സ്വഹസ്തഗതമായുള്ള ലേഖനവൈഷ്ണവചാപംകൊണ്ട് ഉണ്ണിത്താൻ പരശുരാമനെ ശമിതമദനാക്കി പടത്തലവരെ ‘കൂട്ടംപിരിച്ച്’ ഏകനാക്കാൻ നിശ്ചയിച്ചു. പ്രഭുവെ ഉടനെ വരുത്തി, ആ എഴുത്ത് അദ്ദേഹത്തിന്റെ കൈയിൽ കൊടുത്ത്, “ഇതൊന്നു വായിക്കണം” എന്ന് അരുളിച്ചെയ്തു. ഉണ്ണിത്താൻ അതിലെ കൈയക്ഷരം കണ്ട്, തന്റെ പുത്രന്റേതാണെന്നു മനസ്സിലാക്കി എങ്കിലും സ്തോഭഭേദമൊന്നും ബാഹ്യമായി പ്രദർശിപ്പിക്കാതെ കണ്ണട എടുത്തു മൂക്കിൽ ഉറപ്പിച്ചുകൊണ്ട് ഇങ്ങനെ വായിച്ചു:

“ഞാൻ ബന്ധനത്തിൽ കിടന്നു ബുദ്ധിമുട്ടുന്നു. അച്ഛനമ്മമാരേയും അമ്മാവനേയും കാണാഞ്ഞുള്ള വേദന ഇത്രയെന്നു പറവാനില്ല. ആ മഹാപാപി നീട്ടെഴുത്തു കേശവപിള്ള എന്നെ വഞ്ചിച്ചു. എന്നെ ശിക്ഷിച്ചാലും ശിക്ഷിക്കാഞ്ഞാലും അപകടമുണ്ടെന്നു ഭയന്ന് ഈ വിദ്യയെ അനുഷ്ഠിച്ചുകൊള്ളുവാൻ തമ്പുരാനും നമ്മുടെ ദുഷ്കാലംകൊണ്ട് അനുവദിച്ചു എന്നു തോന്നുന്നു. അമ്മാവനോ അച്ഛനോ എന്നെ ഉടനെ രക്ഷിച്ചുകൊണ്ടു പോകണം. പരബ്രഹ്മശ്രീ ഹരിപഞ്ചാനനതീർത്ഥപാദപരമഹംസർ തിരുമുമ്പീന്ന് അമ്മാവന്റെ ഗുരുവായി ഭവിച്ചിട്ടുണ്ടല്ലോ. അച്ഛനു വലിയ പഥ്യവുമാണല്ലോ. ആ സന്നിധികൾ കടാക്ഷിച്ചാൽ എന്റെ മോചനം ഏറ്റവും ലഘുവായി സാധിക്കും. അതിലേക്ക് എന്തു ചെയ്തും ആ തൃപ്പാദത്തെ

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/170&oldid=158439" എന്ന താളിൽനിന്ന് ശേഖരിച്ചത്