താൾ:Dharmaraja.djvu/175

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ചന്ത്രക്കാറൻ: (താൻ കാംക്ഷിക്കുന്ന നിധി അവിടത്തെ ആകാശത്തും സഞ്ചരണംചെയ്യുന്നുവോ എന്നു നോക്കുന്നപോലെ അമ്പരന്ന്, ഘോരാട്ടഹാസസ്വരത്തിൽ) “ഹേതു ഛെമ്പകശ്ശേരി? ഹേതു രാമവർമ്മം? ഏതെവൻ കഴുത്തുപോവാൻ കഴക്കൂട്ടത്തു കാലു വയ്ക്കണു? സാമീടെ ശാഴിച്ചൂഴിവിധ്യകൊണ്ട് കണ്ടതാണോ അതും?”

ഹരിപഞ്ചാനനൻ: “ചോദ്യമൊന്നും ചെയ്യണ്ട—പോയി അന്വേഷിച്ചറിയൂ. ചന്ത്രക്കാറന്റെ പരാക്രമം ഇപ്പോൾ വഴിപോലെ കാട്ടിയില്ലെങ്കിൽ ആ അനന്തപത്മനാഭസഹസ്രകവചൻ ചിലമ്പിനേത്തു ഭവനത്തെ ചാമ്പലാക്കും. നാം, തനിക്കു ദൃഷ്ടിഗോചരമാക്കിയ നിധിയെ കരസ്ഥവുമാക്കും.”

ചന്ത്രക്കാറൻ വായുസ്തംഭനവിദ്യയ്ക്കും സാധിക്കാത്തവിധം ഭൂമിയിൽനിന്നുയർന്ന് പൂർവസ്ഥിതിയിൽ നിലകൊണ്ടു. ഇങ്ങനെ പരാക്രമത്തിനുചിതമായ ഒരു ഞെട്ടൽ കഴിഞ്ഞപ്പോൾ അയാൾ പൂർവഘോരാട്ടഹാസസ്വരത്തിൽ വിട നൽകുന്നതിന് യോഗീശ്വരഗുരുവര്യനോട് അപേക്ഷിച്ചു. ചന്ത്രക്കാറന്റെ കൈയ്ക്കുപിടിച്ചുകൊണ്ട് ഹരിപഞ്ചാനനൻ തന്റെ സ്വകാര്യമുറിക്കകത്തു കടന്ന് ഒരു പെട്ടി തുറന്ന്, വിരലോളം നീളമുള്ളതും, വ്യാഘ്രദംഷ്ട്രത്തിൽ നീലവർണ്ണമായുള്ള ഇരുമ്പുശലാക ഇറക്കി ഉണ്ടാക്കീട്ടുള്ളതും ആയ ഒരു കഠാരയെ ഒരു തുകലുറയിൽനിന്നെടുത്തു കാണിച്ചിട്ട് പൂർവസ്ഥിതിയിൽ ഉറയ്ക്കകത്താക്കി അതിനെ ചന്ത്രക്കാറനു നീട്ടി.

ചന്ത്രക്കാറൻ: (കഠാരിയെ വാങ്ങിക്കാതെ) “ഞങ്ങൾക്ക് അത്തൊഴിലില്ല സാമി. നേർകത്തി, കുറുന്തടി, കവണ്ണക്കല്ല്, അവനോങ്കയ്യ്ജ്ഞ്—ഇവ്വകകൊണ്ട് വെല്ലാക്കാര്യം വേണ്ടേവേണ്ടെന്നു വച്ചേയ്ക്കാം. അവനോന്റുള്ളം അവനോന്. ഉമ്മിണിയെക്കൊന്ന കത്തി ചന്ത്രക്കാറൻ കയ്യേക്കണമെന്നോ? അത് നടവാനടവാ—പട്ടരെ കടുക്കനെ പിടിച്ചേപ്പിച്ചപ്പോ പറ്റിയതുപറ്റി. രണ്ടാംപറ്റിനു ചുമ്മാടു കെട്ടാനക്കൊണ്ട് മറൊള്ളവൻ കണ്ണും ചത്തു നടക്കുണൂന്നു സാമിനെനയ്ക്കരുത്. ആ ചവത്തിനെന്നു തടവിയപ്പം ഉമ്മിണിയട കയ്യെഴുത്തോലകൊണ്ടിട്ടത് എവൻ കണ്ടില്ലെന്നോ സാമീ? പൊല്ലാപ്പിനു പൊല്ലാപ്പ്, കോളിനു കോള്, പോരിനു പോര്—ചന്ത്രക്കാറൻ എല്ലാത്തിനു ആളുതന്നെ. അവനോന്റെ വഴിമാത്തറം അവനോന്. പൊരുളു ചന്ത്രക്കാറൻ കൊണ്ടരും. പിടിപ്പത് ഈടു കണ്ടാൽ അതിന്റെ അളവും തരും. ഇല്ലെങ്കില്—അന്നും ഇന്നും ചൊല്ലുണത്, ചിലമ്പിനേത്തു ചന്ത്രക്കാറൻ കാളി ഉടയാൻ, പേർ ഒന്ന്—രണ്ടല്ല!”

ചന്ത്രക്കാറൻ, ഉമ്മിണിപ്പിള്ള വിഷസൂചിപ്രയോഗംകൊണ്ടു നിഗ്രഹിക്കപ്പെട്ടു എന്നു ധരിക്കയും കേശവപിള്ളയുടെമേൽ അപരാധത്തെ ചുമത്തുന്നതിന് ഉമ്മിണിപ്പിള്ള എഴുതിയ സങ്കടഹർജിയെ താൻ ശവശരീരത്തിനടിയിൽ നിക്ഷേപിച്ചതിനെ കാണുകയും ചെയ്തിരിക്കുന്നു എന്ന് ഹരിപഞ്ചാനനയതീശൻ ഗ്രഹിച്ചു. തക്കംപോലെ ഉണ്ണിത്താന്റെയും, പടത്തലവന്റെയും നേർക്കു ചന്ദ്രക്കാറൻ പ്രയോഗിക്കുന്നതിനായ ഹരിപഞ്ചാനനനാൽ കൊടുക്കപ്പെട്ട കഠാരയെക്കണ്ടപ്പോൾ, തന്റെ സംബന്ധിയുടെ വധകർത്താവ് ആ യോഗീശ്വരൻതന്നെ എന്നു നിശ്ചയിച്ച്, അദ്ദേഹത്തെ തൊഴുകപോലും ചെയ്യാതെ, തന്റെ പ്രതിജ്ഞാനിർവഹണത്തിനായി അയാൾ യാത്രതുടങ്ങി. ഹരിപഞ്ചാനനുതന്നെ ബോദ്ധ്യമുണ്ടായതായ പ്രഥമ ബുദ്ധിമോശത്തെ വിചാരിച്ച് അദ്ദേഹം നിരുദ്ധവീര്യനായി നിന്നു.

യോഗിവാടത്തിൽനിന്നു പുറത്തിറങ്ങിയ ചന്ത്രക്കാറൻ, പടത്തലവനല്ല, മുമ്മൂർത്തികളും അവരുടെ പത്നിമാർ ഐവരും ചേർന്നുതന്നെ തന്നെ തടുത്താലും, കഴക്കൂട്ടംവക നിധിയെ അന്നു രാത്രി കൈക്കലാക്കുന്നുണ്ടെന്നും ‘പാലം കടന്നാൽ കൂരായണ’ എന്നു ജപിച്ചേക്കാവുന്ന യോഗീശ്വരന്റെ സഖ്യത്തെ മേൽ കാണുന്ന തക്കംപോലെ പുലർത്താനും നിശ്ചയിച്ചു. നിധി കൈയിലാകുമ്പോൾ, പോക്കുകെട്ട പുലിയെപ്പോലെ പുല്ലും തിന്മാൻ സന്നദ്ധനായിരിക്കുന്ന യോഗീശ്വരനും തന്റെ കമ്പിക്കമർന്ന് അനുകൂലനൃത്തം തുള്ളുകയില്ലേ? മഹാരാജാവിന്റെ പുള്ളിപ്പട്ടാളത്തെത്തന്നെ അട്ടിപ്പേർകൊൾവാൻ ആ നിധികൊണ്ടു പോരുന്നതല്ലേ? ചന്ത്രക്കാറൻ കൈവീശി, കാൽ നീട്ടി, തവളച്ചാട്ടമല്ലെങ്കിലും, ദളവപ്പടി കയറുംപോലെ പുതിയൊരു

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/175&oldid=158444" എന്ന താളിൽനിന്ന് ശേഖരിച്ചത്