താൾ:Dharmaraja.djvu/167

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


സിംഹഗർജ്ജനം കേട്ട്, ആ യുവാവ് അറപ്പുരയ്ക്കകത്തു പ്രവേശിച്ചു. ചുറ്റുമുള്ള സകലരേയും അകലത്താക്കീട്ട് പടത്തലവർ സ്നേഹത്തേയും ആദരത്തേയും മറന്ന് കേശവപിള്ളയെ ഇങ്ങനെ ഭത്സിച്ചു: “നീ എന്തു കണ്ടു, എന്തറിഞ്ഞു? മലകൾ മറിച്ച മറിപ്പുകൾ എവിടെ? ഹരിപഞ്ചാനനൻ ആര്, എവിടന്ന്, എന്തിനു വന്നു? ആ ചിലമ്പിനേത്തെ ഉടയാൻ അവിടെ എന്തിനു ചേർന്നു? എറുമ്പുകടിച്ച് ഈച്ച ചത്തു, ഈച്ച നൊച്ചി പൂച്ച പെറ്റ്, അതൊക്കെ എന്തു കഥകൾ? തമ്പുരാനെ സേവിക്കുന്നവർ ഇത്ര മണ്ണുതിന്നുന്ന കൂട്ടമായോ? നീ ബ്രഹ്മാണ്ഡബുദ്ധിമാൻ; കാണാക്കാര്യമെല്ലാം കാണുന്ന നെടുങ്കണ്ണൻ! എന്നിട്ടെന്തു കണ്ടു നീ? നിന്റെ കണ്ണിൽ വിളയുന്നതു മരമോ മണ്ണോ? ഛായ്! ”കേശവപിള്ളയുടെ ബുദ്ധി ജൃംഭിച്ചു; പാദങ്ങൾ ശക്തിയോടു നിവർന്നു; ഇമകൾ വിടർന്നു; അധരങ്ങൾ അമർന്നു. ആ പ്രഭുവിൽനിന്നുണ്ടായിട്ടുള്ള സഹായങ്ങളെ സ്മരിച്ചുള്ള കൃതജ്ഞതാബന്ധം ഫഥമായി, അയാളുടെ ദ്രുതകോപം പുറത്തോട്ടു വഴിയുമെന്നുള്ള നിലയിൽ കരകവിഞ്ഞു.

പടത്തലവർ: (തുടരുന്നു) “ഹരിപഞ്ചാനനനെ നീ കണ്ടില്ലേ? ആ അമ്മാളുക്കുട്ടിയേയും നിന്റെ കണ്ണല്ലേ കണ്ടത്? എന്നിട്ട്?”

കേശവപിള്ള: (പരുഷഹാസസ്വരത്തിൽ) “അയാൾ അവളെ വേട്ടുകൊണ്ടു പോകട്ടെ. ചേരും. എനിക്കെന്തു ചേതം?” പടത്തലവരുടെ ഗാത്രം എന്തോ ചിന്താവേഗംകൊണ്ടു വിറച്ചു “കഷ്ടം! കഷ്ടം! കൊണ്ടും കൊടുത്തും പോകുന്ന കാര്യം ആരു പറഞ്ഞിവിടെ?” (ശാന്തസ്വരത്തിൽ) “നിനക്കു പ്രായം കുറഞ്ഞുപോയി അപ്പനേ. അതു നിന്റെ കുറ്റമല്ല. ഒന്നും ഒന്നും രണ്ടെന്നു പറവാൻ വളരെ എളുപ്പം. എന്നാൽ അതിനും വയസ്സ് മൂന്നു നാലെങ്കിലും ചെല്ലണം. നാക്കു പല്ലിനിടയിൽ അകപ്പെട്ടപോലാണ് എന്റെ സ്ഥിതി. നീ അമ്മ എന്നു വിളിക്കുന്ന എന്റെ ഭാര്യ ഉഗ്രൻ കഴക്കൂട്ടത്തുപിള്ളയുടെ മകളാണെന്ന് നീ അറിഞ്ഞിട്ടില്ലയോ? ഞാനൊന്നും പറകയില്ല. രാജ്യത്തിൽ ആണുങ്ങളില്ലെങ്കിൽ അത് കാടുകേറട്ടെ. നീ നിന്റെ ബുദ്ധിചെലുത്തി, അറിഞ്ഞു പറഞ്ഞാൽ, ഞാൻ ആ വസ്തുത തിരുമനസ്സറിയിക്കാം. അല്ലെങ്കിൽ ശ്രീപത്മനാഭൻ എല്ലാം വെളിപ്പെടുത്തട്ടെ. പരമാർത്ഥം പറയാതെ ഉണ്ണിത്താൻ ഒഴിയുന്നു. ഞാനും അങ്ങനെ ഒഴിഞ്ഞക്കോം.” (ഗൗരവം ആവർത്തിച്ച്) “ബോധമില്ലാത്തപോലെ നീ അവിടെ നിൽക്കുന്നതെന്ത്? ആ പെണ്ണ് ആര്? അതു പറവാൻ കഴിഞ്ഞില്ലെങ്കിൽ അണ്ണാവയ്യനെ കൊന്നതും നീ, കേശവൻകുട്ടിയെ മോഷ്ടിച്ചതും നീ, ആ ഉമ്മിണിയെ കൊന്നതും നീ—ഏറു കഴക്—എരട്ടക്കഴക്—ഞാൻ വിട്ടു.” പടത്തലവരുടെ വാക്കുകൾ കേശവപിള്ളയുടെ ക്രോധത്തെ സ്തംഭിപ്പിച്ച്, ബുദ്ധിയെ വെളിവാക്കി പ്രവർത്തിച്ചു. ആ യുവാവ്, അദ്ദേഹത്തിൽനിന്ന് അഭ്യസിച്ചിട്ടുള്ള ആജ്ഞാനുസാരിത്വത്തെത്തുടർന്ന് അമ്മാളുക്കുട്ടിയുടെ രൂപത്തെ സങ്കൽപംകൊണ്ട് തന്റെ മുമ്പിൽ ആകർഷിച്ചു. ആ രൂപത്തിന്റെ പാർശ്വത്തിൽ ഹരിപഞ്ചാനനരൂപത്തേയും നിലകൊള്ളിച്ചു; ശ്വാസഹീനനായി നിന്ന്, മനശ്ചക്ഷുസ്സിന്റെ സമഗ്രമായുള്ള പ്രവർത്തനംകൊണ്ട് ആ രൂപങ്ങൾ തമ്മിലുള്ള സാമ്യത്തെ അവലോകനംചെയ്തു. അഭ്യസനംകൂടാതെ, അവമാനദുഃഖാധിക്യംകൊണ്ടു സാധിച്ച ഈ ത്രാടകകർമ്മത്തിൽ രണ്ടു രൂപത്തിലേയും കേശസമൃദ്ധിയും, അതിന്റെ വിശേഷനീലിമയും, ഫാലദേശത്തിന്റെ ആകൃതിയും, ഭ്രൂക്കളുടെ ദൈർഘ്യവക്രതകളും, നേത്രങ്ങളുടെ വടിവും തേജസ്സും—എന്നിങ്ങനെ മുഖത്തിന്റെ നാനാംഗങ്ങളുടെ വിശേഷലക്ഷണങ്ങൾക്കും, രണ്ടുപേരുടെയും സ്വരവൈശിഷ്ട്യത്തിനും തമ്മിൽ പ്രത്യക്ഷമായ തുല്യത ആ യുവാവിന്റെ മനസ്സിൽ ഒരു ദീപോദയം പോലെ ഉജ്ജ്വലിച്ചു. കേശവപിള്ളയുടെ മുഖം അതിപ്രസന്നമായി. തന്റെ സർവ്വാഹങ്കാരങ്ങളും ശമിച്ച്, ആ യുവാവ് മാർത്താണ്ഡവർമ്മമഹാരാജാവിന്റെ പരിപൂർണ്ണാഭിമാനത്തെ സമ്പാദിച്ച മഹാശക്തന്റെ മുമ്പിൽ ലജ്ജയോടും സങ്കോചത്തോടും നിന്നു. അപ്പോൾ ആ ഗുരുവരനിൽനിന്ന് “ആരപ്പനേ ഹരിപഞ്ചാനനൻ?” എന്നു മൃദുവായി ഉണ്ടായ ചോദ്യത്തിന് “അമ്മാളുക്കുട്ടിയുടെ അച്ഛൻ” എന്ന് ആ യുവാവ് രണ്ടുപക്ഷത്തിനു വഴിയില്ലെന്നുള്ള തീർച്ചസ്വരത്തിൽ ഉത്തരം പറഞ്ഞു.

പടത്തലവർ: “വെച്ചോ—പുറത്തു പറയണ്ടാ, അത്. അമ്മയാകാത്തതു ഭാഗ്യം. എങ്കിലും ‘അപ്പൂപ്പൻ’ എന്നു പറയുന്ന ഉണ്ണിത്താനെക്കാളും നീ ഭേദം; എന്നല്ല വളരെ ഭേദം.

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/167&oldid=158435" എന്ന താളിൽനിന്ന് ശേഖരിച്ചത്