താൾ:Dharmaraja.djvu/166

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മായുള്ള ഏകാഗ്രചിത്തയോടുകൂടി അനുഷ്ഠിക്കപ്പെട്ട ഈ ക്ഷമാപണനമസ്കാരത്തിൽനിന്ന് അദ്ദേഹം എഴുന്നേറ്റു തിരിഞ്ഞുനോക്കിയപ്പോൾ കാണപ്പെട്ടത്, ആ ചിത്രത്തിലെ രൂപത്തോട് വർണ്ണം, ഗാംഭീര്യം, ആകാരം, പ്രായം എന്നിവകൊണ്ട് സാമ്യം വഹിക്കുന്നതായ ഒരു മഹാനുഭാവവിഗ്രഹമായിരുന്നു. ചിത്രത്തിലെ ഛായ ഒരു അവധൂതവരവൃദ്ധന്റേതായിരുന്നു എങ്കിൽ തന്റെ മുമ്പിൽ കാണപ്പെട്ടത് ഒരു വൃദ്ധവരയോമാവിന്റേതായിരുന്നു. ബുദ്ധിശക്തിയിൽ ബൃഹസ്പതിയേയും ജയിച്ചിരുന്ന ഹരിപഞ്ചാനനൻ തന്റെ ഗൂഢമായുള്ള തേവാരമുറിയിൽ അനുമതികൂടാതെ പ്രവേശിച്ച ഗംഭീരൻ ആരാണെന്നു മനസ്സിലാക്കി, ചിത്രത്തിൽ പ്രാർത്ഥിക്കപ്പെട്ട ഉഗ്രഗുരുവരന്റെ മുമ്പിലെന്നപോലെതന്നെ ഒരു സങ്കോചത്താൽ കൃശഗാത്രനാക്കപ്പെട്ടു. തന്റെ സന്ന്യാസാശ്രമസ്ഥിതിക്കിടയിൽ ആർക്കുംതന്നെ അനുവദിച്ചിട്ടില്ലാത്തതായ ഒരു പീഠത്തെ യോഗീശ്വരൻതന്നെ അനന്തപത്മനാഭൻ പടത്തലവർക്കു നീക്കിക്കൊടുത്തു. ഇരുട്ടിലും കാൺമാൻ ശക്തിസിദ്ധിച്ചിട്ടുള്ള പടത്തലവരുടെ നേത്രങ്ങൾ ഭഗവതീവിഗ്രഹത്തിന്റെ പാദത്തോടു ചേർന്നിരിക്കുന്ന ചിത്രത്തെ ദർശിച്ചു. യോഗീശ്വരനെ സംബന്ധിച്ച് അദ്ദേഹത്തിന്റെ മനസ്സിൽ അങ്കുരിച്ച സന്ദേഹമെല്ലാം അസ്തമിക്കയാൽ അദ്ദേഹം ഹരിപഞ്ചാനനനേയും ഇരുത്തി സംഭാഷണം തുടങ്ങി. കൗരവവ്യൂഹത്തിൽ കുടുങ്ങി തന്നെ ആവരണംചെയ്ത ചതുരംഗസേനാനിരയെ ഭേദിച്ചു പുറത്തു ചാടുവാൻ മാർഗ്ഗമില്ലാതെ കുഴങ്ങിനിന്ന അഭിമന്യുവിന്റെ അവസ്ഥ വായനക്കാർക്ക് ഊഹ്യമാണല്ലോ. ആ സ്ഥിതിയിൽത്തന്നെ, അശരണനായി, യശോജീവഹാനിക്ക് ഉന്മുഖനായിത്തീർന്നു എങ്കിലും, ഹരിപഞ്ചാനനശൂരൻ തന്റെ അച്ഛന്റേയോ മാതുലന്റേയോ നാമമന്ത്രങ്ങളെ വചിച്ചു പരിപന്ഥിഹനനത്തിന് ഉദ്യമിച്ചില്ല. സമുദ്രത്തിനും വേട്ടക്കാർക്കും മദ്ധ്യസ്ഥനായ വ്യാഘ്രത്തിന്റെ കഥയും വായനക്കാർ കേട്ടിരിക്കുമല്ലോ. പ്രാണഭീതനായ ആ ഹിംസ്രമൃഗത്തിന്റെ ക്രൂരസാഹസത്തേയും ഹരിപഞ്ചാനയജ്ഞൻ അനുകരിച്ചില്ല. സൂര്യചന്ദ്രവംശ്യന്മാരായ ചക്രവർത്തികളുടെ അനുഗാമികളായി ഭാരതവർഷത്തെ ഭരിച്ച ചന്ദ്രകലാമുദ്രാങ്കിതന്മാരായ സാർവഭൗമന്മാരുടെ പ്രഭാവനാട്യത്തോടുകൂടി അവരുടെ ഭാഷയിൽ പ്രശ്നോത്തരങ്ങൾ തുടങ്ങി. രണ്ടുപേരുടേയും സംവാദം നയവിഷയത്തിൽ ഭീമസേനദുര്യോധനന്മാരുടെ ഗദായുദ്ധംപോലെ വിദഗ്ദ്ധസമരമായി. രാജനീതിയേയും സമുദായനീതിയേയും സംബന്ധിച്ചു സരസവും സാരഗർഭവുമായ അഭിപ്രായങ്ങളെ അവർ പ്രയോഗിച്ചു പരസ്പരം സാമർത്ഥ്യ പരീക്ഷണംചെയ്തു. രണ്ടുപേരുടേയും ബുദ്ധിയിൽ ഉൽപാദിച്ച പരസ്പരാഭിമാനത്തോടുകൂടി, വിരുദ്ധഗതികന്മാരാകയാൽ പരസ്പരബന്ധുത്വത്തിനു മാർഗ്ഗമില്ലാത്തതിനെക്കുറിച്ച് രണ്ടുപേരുടേയും അന്തരംഗത്തിൽ അതിയായുള്ള ശോകം പ്രസരിച്ചു. ശ്യാമളാംബികാപാദസ്ഥമായ ആ ചിത്രത്തെ പ്രാപിച്ച ഹരിപഞ്ചാനനാപാംഗത്തിൽ വജ്രമണിപോലെ ഒരു അശ്രുബിന്ദു തിളങ്ങി എങ്കിൽ, പടത്തലവരുടെ രണ്ടു കണ്ണുകളിലും ഒരു ബാഷ്പച്ഛായ പ്രകാശിച്ചു. ഉണ്ണിത്താന്റെ സന്നിധിയിൽവെച്ച് തന്റെ മുഖത്തു സന്ധാനംചെയ്തതുപോലെയുള്ള ഭാവഭേദങ്ങൾ എന്നുമാത്രമല്ല; സ്വരഭേദങ്ങളും ചേഷ്ടാഭേദങ്ങളും ഹരിപഞ്ചാനനൻ പടത്തലവന്റെ മുമ്പിലും അഭിനയിച്ചു. ഈ വക പ്രയോഗങ്ങൾകൊണ്ടും അഭിനയവിദ്യയിൽ യോഗീശ്വരനെപ്പോലെ അഭ്യാസവിദഗ്ദ്ധനല്ലെങ്കിലും, അതിലും സാമാന്യപരിശീലനം ചെയ്തിട്ടുള്ള പടത്തലവരെ വഞ്ചിക്കാൻ സാധിച്ചില്ല. പരമബന്ധുക്കളെന്നുള്ള ഭാവത്തിൽ പരസ്പരദർശനത്തിന് ശ്രമാലുക്കളായി രണ്ടുപേരും പിരിഞ്ഞു. പടത്തലവർ പുറത്തിറങ്ങിയപ്പോൾ കണ്ടത് കളപ്രാക്കോട്ടത്തമ്പിയുടെ ചില ഭൃത്യന്മാരെ ആയിരുന്നു. വസ്ത്രധാരണക്രമവും മറ്റും കണ്ട് തെക്കൻനായന്മാരെന്നു മനസ്സിലാക്കി, അദ്ദേഹം അവരെ ചില ചോദ്യങ്ങൾകൊണ്ടു വട്ടംചുറ്റിച്ചിട്ട്, ചെമ്പകശ്ശേരിയിലേക്കു നടന്നു.

ഹരിപഞ്ചാനനവാടത്തിൽനിന്നു പുറത്തിറങ്ങിയപ്പോൾ പടത്തലവർ അഗ്നിജാതനായ സാക്ഷാൽ ദേവസേനാപതിതന്നെ ആയിരുന്നു. അദ്ദേഹത്തിന്റെ മുഖത്തിൽ സ്ഫുരിച്ച രക്തകാന്തി വസ്ത്രത്തിലും പ്രതിബിംബിച്ചു. അദ്ദേഹം ചെമ്പകശ്ശേരിയിൽ പ്രവേശിച്ചപ്പോൾ, ആ ഭവനവാസികൾ സകലരും ആഗ്നേയമായുള്ള ഒരു സത്വത്തിന്റെ ആഗമനമെന്നു ഭയന്ന് ഓരോ കോണുകളിൽ മറഞ്ഞു. യുവസിദ്ധവേഷധാരിയായ കേശവപിള്ളയും അദ്ദേഹത്തിന്റെ മുമ്പിൽ പ്രവേശിക്കുന്നതിനു ധൈര്യപ്പെട്ടില്ല. തന്റെ സാന്നിദ്ധ്യത്തെ ആവശ്യപ്പെടുന്നതായി ഒരു

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/166&oldid=158434" എന്ന താളിൽനിന്ന് ശേഖരിച്ചത്