താൾ:Dharmaraja.djvu/165

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രിയോടുകൂടി വിദേശഭാഷയിൽ എന്തോ പറഞ്ഞ്, വേഷപ്രച്ഛന്നനായ യുവാവിനെ അയച്ചിട്ട്, “എന്റെ കുഞ്ഞിന്റെ കേശവൻകുഞ്ഞിനെ തിരിച്ചു തരാനും ഞാൻ ഏറ്റു” എന്നുള്ള ഒരു പ്രതിജ്ഞാമൃതത്തെ സമ്മാനിച്ച്, അദ്ദേഹം മീനാക്ഷിയെ ചിരംജീവിനിയാക്കുകയും ചെയ്തു.

പടത്തലവർ അന്നുരാത്രി അവിടെത്താമസിച്ച്, കുട്ടിക്കോന്തിശ്ശന്റെ ദേശാന്തരപ്രയാണാരംഭംമുതൽക്കുള്ള കഥകൾ അറിഞ്ഞ്, അടുത്തദിവസം ചെമ്പകശ്ശേരിയിലേക്കു മടങ്ങി. തിരിച്ചുപോകുന്ന മാർഗ്ഗത്തിൽ, വേഷപ്രച്ഛന്നനായി തന്നോടുകൂടിയുണ്ടായിരുന്ന കേശവപിള്ളയോടും മിണ്ടാതെ ഗൗരവമായുള്ള ചിന്തകളോടുകൂടിയാണ് അദ്ദേഹം യാത്രചെയ്തത്. ചെമ്പകശ്ശേരിയിൽ എത്തിയപ്പോൾ അദ്ദേഹത്തിന്റെ തിരിച്ചുവരവു കാത്ത് നന്തിയത്തുണ്ണിത്താനും മാമാവെങ്കിടനും ആ ഭവനത്തിൽ ഇരുന്നിരുന്നു. പടത്തലവരുടെ മുഖഭാവംകണ്ട് അവർ രണ്ടുപേരും തങ്ങൾ അറിഞ്ഞിരുന്ന പരമാർത്ഥത്തെ അദ്ദേഹവും ധരിച്ചു എന്ന് ഊഹിച്ചു. ഉണ്ണിത്താനും പടത്തലവരും മാത്രം ചേർന്ന് പ്രത്യേകമായി കുറച്ചുനേരത്തെ സംഭാഷണമുണ്ടായി. അതിൽ, തന്റെ ഒരു സംശയത്തെ ആസ്പദമാക്കി ചിലർക്കുവേണ്ടി ക്ഷമാപ്രാർത്ഥകനായി തിരുമുമ്പിൽ എത്തേണ്ടിവരുമെന്നു തിരുമനസ്സറിയിച്ചിട്ടുള്ള സംഗതിയേയും ഉണ്ണിത്താൻ പടത്തലവരെ ധരിപ്പിച്ചു. ഉണ്ണിത്താൻ ഒരു സ്വപ്നകഥ പറയുകയാണെന്ന് പടത്തലവർ വിചാരിച്ചു. അദ്ദേഹത്തിന്റെ സംശയഭാവം മനസ്സിലാവുകയാൽ “അങ്ങനെ വരാം. അബദ്ധമെന്നു വിചാരിക്കേണ്ട. ശാസ്ത്രങ്ങൾ അനുകൂലമാണ്. കല്പം സേവിച്ച് സഹസ്രമണ്ഡലജീവിതവും സമ്പാദിക്കാം. അതെല്ലാം അവിടെയും അറിഞ്ഞുകൂടേ? ഈ സംശയമൊന്നും മന്ത്രക്കൂടത്തില്ല. കുപ്പൻ പരമാർത്ഥമറിഞ്ഞിട്ടുണ്ട്” എന്ന് ഉണ്ണിത്താൻ പറഞ്ഞു. ഈ വിധമുള്ള വിഷമസംഗതികളാൽ സ്വന്തനേത്രങ്ങളോളം വിശ്വസനീയന്മാരായ ഉപദേഷ്ടാക്കൾ മറ്റ് ആരുമില്ലെന്നു പടത്തലവർ വിചാരിച്ചു. മഹാരാജാവിന്റെയും രാജ്യത്തിന്റെയും രക്ഷയ്ക്കു തന്റെ ശ്രമങ്ങൾ ആവശ്യപ്പെട്ട സന്ദർഭങ്ങളിൽ അദ്ദേഹം ഭക്ഷണനിദ്രാദികളെ വർജ്ജിക്കുക നിയമമായിരുന്നതിനാൽ, ആ സംഭാഷണത്തെ ആ ഘട്ടത്തിൽ അവസാനിപ്പിച്ച്, മറ്റൊന്നും പറയാതേയും ഭക്ഷണത്തിനും മറ്റും താമസിക്കാതേയും പടത്തലവർ ഹരിപഞ്ചാനനവാടത്തിലേക്കു തിരിച്ചു.

ഹരിപഞ്ചാനനയോഗീശ്വരൻ സത്രസന്നാഹശ്രാന്തനായി യോഗാനുഷ്ഠാനങ്ങളേയും പൂജാദ്യാഘോഷങ്ങളേയും ഭൃത്യരെ ഭരമേല്പിച്ച് അടിയന്തരക്കാരനായി ഉഴലുന്നു. തിരുവനന്തപുരത്തെത്തിയിരിക്കുന്ന കളപ്രാക്കോട്ടത്തമ്പി തന്റെ വാഗ്ദത്തെ നിറവേറ്റീട്ട് ഭൃത്യർ മുഖേന ഗുരുരാജസന്ദർശനത്തിന് അവസരത്തെ കാത്തിരിക്കുന്നു. തിരിവിതാംകൂർകിരീടത്തിന്റെ വലയം തന്റെ ശിരോവൃത്തത്തിനുചേരുമോ എന്നുള്ള ഏകാഗ്രചിന്തയ്ക്കിടയിൽ, സ്വഭക്തദർശനത്തിന് അനുകൂലമായി സമയനിശ്ചയംചെയ്‌വാൻ യോഗീശ്വരതീർത്ഥപാദർക്ക് അവസരമുണ്ടാകുന്നില്ല. തന്റെ സത്രശ്രമങ്ങൾ മുറുക്കത്തിലാകുംതോറും മന്ത്രക്കൂടനിവാസികളെ അസാങ്കൽപികമായി സന്ദർശനം ചെയ്തുപോയ ഒരു ആജ്ഞാലംഘനാപരാധം അദ്ദേഹത്തിന്റെ ഉത്സാഹഗതിയെ മന്ദീഭവിപ്പിച്ചു. ചന്ത്രക്കാറനാദി ഗോവൃന്ദത്തെ തന്റെ തന്ത്രനൈപുണ്യപൂർണ്ണമായ അംഗുലികൾകൊണ്ടു ദോഹനംചെയ്യുമ്പോൾ, തന്റെ മറ്റൊരു ക്ലേശഹേതുവായ ദ്രവ്യശൂന്യത പരിഹരിക്കപ്പെടുമെന്ന് അദ്ദേഹം ആഹ്ലാദിച്ചു. എന്നാൽ ഗുരുനിദേശത്തെ ധിക്കരിച്ചതിന് ഉമിത്തീയിൽ നിലകൊണ്ടു ജഡത്തെ ഭസ്മീകരിക്കുക എന്നല്ലാതെ അനിഷ്ടവൃത്തിക്കു പ്രായശ്ചിത്തമെന്തുള്ളു? അദ്വൈതസിദ്ധാന്തകുശലനായ താൻ ഇങ്ങനെ ക്ലേശിക്കുന്നതിന് അവകാശമില്ലല്ലോ. അപരാധകൃത്തായ ആത്മാവിനെ ആ അപരാധംകൊണ്ടുപരിഭൂതനായ ആത്മാവോട് ഏകീകരിക്കുമ്പോൾ, ക്ഷമാപ്രാർത്ഥകനും ക്ഷമാദാനാധികാരിയും എന്നുള്ള വ്യത്യാസോപാധി നഷ്ടമാവുകയില്ലേ? ഇങ്ങനെ കണ്ടുപിടിച്ച പ്രായശ്ചിത്തവിധിയെ അനുവർത്തിപ്പാൻ തന്റെ പൂജാവിഗ്രഹത്തിനു പുറകിൽ സൂര്യപടസഞ്ചിക്കകത്തു സൂക്ഷിക്കപ്പെട്ടിരുന്ന ഒരു ഛായാപടത്തെ എടുത്ത്, ഭഗവതിവിഗ്രഹത്തിന്റെ മുമ്പിൽ വച്ചുകൊണ്ട്, യോഗീശ്വരൻ സർവാന്തഃകരണങ്ങളേയും ആ രൂപത്തിൽ അദ്ധ്യാരോപം ചെയ്തു നമസ്കരിച്ചു. തന്റെ വൈരാഗ്യശക്തിയെ പാടേ ഹനിച്ചതായ പ്രലോഭനത്തെ യദൃർച്ഛയാ ആദരിച്ചുപോയതിനു പ്രായശ്ചിത്തമായി യോഗീശ്വരന്റെ നിയാമകശക്തിക്കുമാത്രം സാദ്ധ്യ

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/165&oldid=158433" എന്ന താളിൽനിന്ന് ശേഖരിച്ചത്