താൾ:Dharmaraja.djvu/164

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


കൊച്ചുമിടുക്കിയെ ഞാൻ ദത്തെടുക്കാൻ നിശ്ചയിച്ചു” എന്നുള്ള ചുരുക്കമായ പ്രസ്താവനകൊണ്ടു പടത്തലവർ പൂർവകഥകളും വിരോധകാരണങ്ങളുമെല്ലാം മാർജ്ജനംചെയ്തു. ഉണ്ണിത്താൻ പ്രഭുവിൽനിന്നുണ്ടായതിലും തീർച്ചയും കാര്യപ്രയോജകവുമായ വാഗ്ദാനം ഇതാ ലബ്ധമായിരിക്കുന്നു. ദാതാവും നിസ്സാരമതിയോ വൃഥാപ്രതിജ്ഞനോ അല്ലതാനും. തങ്ങളുടെ വിശ്വാസത്തിന് പാത്രമായുള്ള ധർമ്മനിഷ്ഠനും തങ്ങളോടു കരുണാപൂർണ്ണനായി വർത്തിപ്പാൻ ബന്ധിതനും ആണ്. നാരായണ! സകല ദുഃഖങ്ങൾക്കും കരകണ്ടു, എന്ന് ത്രിപുരസുന്ദരിവലിയമ്മ ആശ്വസിച്ചുകൊണ്ട് “അമ്മാളുക്കുട്ടി എന്നല്ല പേര് മീനാക്ഷി എന്നാണ് അപ്പനേ!—ഞങ്ങൾ പെട്ട പാടുകൾ—”

ആദ്യമായി ആ നേത്രങ്ങളിൽനിന്ന് കുടുംബാപരാധങ്ങൾ സമസ്തത്തിനുംക്ഷമാപ്രാർത്ഥനയായി കണ്ണുനീർ പ്രവഹിച്ചു. ഇങ്ങനെയുള്ള സന്ദർഭത്തിൽ കുറയ്ക്കേണ്ടെന്നു വിചാരിച്ചും, സാംക്രമികശക്തിയാലും അഭൂതപൂർവ്വമായുള്ള തന്റെ മാതാമഹിയുടെ ദുഃഖപ്രദർശനാനുമതിയാൽ ധൈര്യപ്പെട്ടും, മീനാക്ഷി സ്വന്തമായ വിരഹദുഃഖത്തെ നിർബ്ബാധമായി, കണ്ണുനീർവഴി പ്രവർഷിച്ച്, പടത്തലവരുടെ ഹസ്തത്തിന് അർഘ്യദാനം ചെയ്തു.

ഇവരുടെ പരസ്പരസൗഹാർദ്ദത്തെ കണ്ടപ്പോൾ, പൂർവ്വചരിത്രസൂതിയും തൽക്കാലസ്ഥിതികളുടെ പരമാർത്ഥധാരണവുംകൊണ്ട് കുപ്പശ്ശാര് അസാമാന്യമായി പരുങ്ങി. അറിയേണ്ട പ്രധാനസംഗതികളെല്ലാം പടത്തലവർ അറിഞ്ഞു. കലാപങ്ങൾകൂടാതെ കാര്യങ്ങൾ നിർവ്വഹിക്കണമെന്നുള്ള മഹാരാജാവിന്റെ ഇംഗിതത്തെ ധരിച്ചിരുന്നതിനാൽ, തന്റെ സംബന്ധബന്ധധർമ്മത്തെ നിറവേറ്റി, ഇവരെ സുഖസ്ഥിതിയിലാക്കുവാൻ നിവൃത്തിയുണ്ടെന്നു തീർച്ചയാക്കുകയും ചെയ്തു. എന്നാൽ മഹാരാജാവിനും തനിക്കും ഉള്ള സംശയത്തിന് നിവൃത്തിവരുത്തി മീനാക്ഷിയുടെ ഭാവിവിധിയെ നിയമനംചെയ്യേണ്ട കൃത്യം ശേഷിച്ചിരുന്നു. അതിലേക്കായി മീനാക്ഷിയുടെ കൈയ്ക്കു ദൃഢമായി പിടികൂടിക്കൊണ്ട്, നാലുകെട്ടിന്റെ പുറകോട്ടുള്ള വാതിലിൽ ചെന്നുനിന്ന്, പടത്തലവർ ഹിന്ദുസ്ഥാനിയിൽ ഉറക്കെ ഒരു ആജ്ഞ പുറപ്പെടുവിച്ചു. കാഷായവസ്ത്രംകൊണ്ടുള്ള കുപ്പായവും തലക്കെട്ടൂം കൃത്രിമമീശയും കുറികളും ധരിച്ചു ദൃഢകായനായ ഒരു യുവാവ് അകത്തോട്ടു പ്രവേശിച്ചു. അയാളുടെ ദർശനത്താൽ മീനാക്ഷിക്ക് പ്രബലമായ എന്തെങ്കിലും ചേതോവികാരം ജനിച്ചു എങ്കിൽ, വൈദ്യശാസ്ത്രപടുവായ അനന്തപത്മനാഭൻ പ്രഭുവിന്റെ വിരലുകൾക്ക് നാഡീചലനഭേദത്താൽ അതു സുഗ്രഹമാകുമായിരുന്നു. ആ വേഷംകൊണ്ടും മീനാക്ഷിയുടെ കഴക്കൂട്ടത്തു വകയായുള്ള നേത്രങ്ങൾ വഞ്ചിക്കപ്പെട്ടില്ല. അന്തര്യാമിയായ ദിവ്യചൈതന്യത്തിന്റെ സാക്ഷ്യത്തോടുകൂടി ഗൂഢാർപ്പണംചെയ്യപ്പെടുന്ന പരസ്പരപ്രണയബന്ധം കൃത്രിമവേഷങ്ങൾകൊണ്ടും മറ്റും വഞ്ചിക്കപ്പെടാവുന്നതല്ലല്ലോ. യുവാവിന്റെ മുഖവും കന്യകയുടെ മുഖവും പടത്തലവരുടെ തത്വാന്വേഷികളായ നേത്രങ്ങളാൽ പ്രതിരേഖം പരിശോധിക്കപ്പെട്ടു. യുവാവിനും കന്യകയ്ക്കും ഒന്നുപോലെ പടത്തലവരുടെ അന്തർഗ്ഗതം മനസ്സിലായി. അവാച്യമായുള്ള ഒരു ബന്ധം അവർതമ്മിൽ ഉണ്ടായിട്ടുണ്ടെന്നുവരികിലും അത് സൗഭ്രാത്രത്തിന്റെ പരമകാഷ്ഠ എന്നല്ലാതെ പ്രണയബന്ധമായി ഭവിച്ചിട്ടില്ലെന്ന് പടത്തലവർക്കു ബോദ്ധ്യപ്പെട്ടു. രണ്ടു കക്ഷികളുടേയും നേത്രങ്ങളിൽ ബഹുമാനവും ആദരവും അഭിമാനവും സ്ഫുരിച്ചതിനെ ആത്മശാസ്ത്രജ്ഞന്റെ നിലയിൽ പടത്തലവർ മനസ്സിലാക്കി. ഒരു പ്രിയന്റെ വരണംകൊണ്ട് മീനാക്ഷി സന്തുഷ്ടയായിരുന്നു. രണ്ടാമതൊന്നിന് അവളുടെ ഹൃദയത്തിൽ സ്ഥലവും ഇല്ലായിരുന്നു. ആത്മസമന്വിതം സമർപ്പണംചെയ്യപ്പെടുന്ന പ്രണയത്തെ ഉപസംഹരിച്ചാൽ അതു സ്ഥാനശൂന്യമായി വ്യഭിചരണഗതിയെ പ്രാപിക്കാമെന്നുള്ള പതിവ്രതാധർമ്മത്തിന്റെ സ്ഥായിയായ സിദ്ധാന്തത്തെ മീനാക്ഷി ധരിച്ചിരുന്നു. അതുകൊണ്ട് ആ കന്യകയുടെ ജീവരക്തം അവളുടെ അന്തർഗ്ഗതത്തിന്റെ പരിശുദ്ധതയെത്തന്നെ സൂക്ഷ്മമായി അനുഗമിക്കയും ഈ പ്രൗഢമായുള്ള നാഡീത്രുടനത്തെ പടത്തലവരുടെ അംഗുലികൾ ഗ്രഹിക്കയും ചെയ്തു. അതേ; ഒരു സമുദായത്തിലേക്കു മുഴുവനുംകൂടിത്തന്നെയാകട്ടെ ഒരു യുഗത്തിൽ ഒരിക്കലെങ്കിലും ഇങ്ങനെ ചാരിത്രശുദ്ധിപൂർണ്ണതയോടുകൂടിയ ഏകസമ്പത്തെങ്കിലും ഉണ്ടാകുന്നെങ്കിൽ, ആ സമുദായഭൂമി എത്ര മഹത്തമമായുള്ളതെന്ന് അഭിമാനിക്കകൊണ്ടുണ്ടായ പരിതോഷപ്പുഞ്ചി

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/164&oldid=158432" എന്ന താളിൽനിന്ന് ശേഖരിച്ചത്