ച്ചുഴന്ന്— പിന്നെയും നോക്കി, —നിർഭരമായ വിദ്വേഷാതിരേകം കൊണ്ടു വിറച്ച്, ഓരോന്നു പുലമ്പി. സൽഗുണസമ്പന്നന്മാരുടെ ഹസ്തങ്ങളിൽ സർവദാ വശീകരണവിദ്യുത്പ്രവാഹം ഉണ്ടായിക്കൊണ്ടിരിക്കുമെന്നു തെളിയിക്കുമാറ്, മീനാക്ഷിയെ ഗ്രഹിച്ചിരിക്കുന്ന ഹസ്തങ്ങൾ അവൾക്കു ശാശ്വതനർമ്മദയായ ഒരു ബന്ധുവിന്റെ ലബ്ധി ഉണ്ടായിരിക്കുന്നു എന്നുള്ള ജ്ഞാനത്തെ ആത്മോപദേശംപോലെ നൽകി. ഗംഭീരവദനനായി, ആരോഗ്യസൗഭാഗ്യങ്ങളുടെ അവതാരരൂപമായി നിൽക്കുന്ന പ്രഭുവിന്റെ മുഖത്തു മീനാക്ഷി ബന്ധവാസനാപ്രയുക്തമായ കൗമാരസൗഹാർദ്ദത്തോടുകൂടി നോക്കി. തങ്ങളുടെ തൽക്കാലാവസ്ഥയ്ക്കു സർവഥാ ശരണ്യനെന്നുള്ള ദൃഢവിശ്വാസത്തെ ജനിപ്പിക്കുന്നവനായ ആ അതിഥിയെ തന്റെ മാതാമഹി സൽക്കരിക്കാത്തതിനെക്കുറിച്ച് ആശ്ചര്യപ്പെട്ടു.
വൃദ്ധയുടെ ഈർഷ്യാകോപങ്ങൾ വർദ്ധിച്ച് അവരുടെ വാർദ്ധക്യക്ഷീണത്തിനു ദുസ്സഹമായിത്തീർന്നു. മീനാക്ഷിയുടെ പിടി വിടാതെ പടത്തലവർ ശയ്യയുടെ സമീപത്തു നീങ്ങി വൃദ്ധയോട് അടുത്ത്, അവരുടെ മുഖത്തെ പരിശോധിച്ചപ്പോൾ, അദ്ദേഹത്തിന്റെ മനസ്സിൽ മറഞ്ഞുകിടന്നിരുന്ന ഒരു ആകൃതിയുടെ സ്ഫുടതരമായ സ്മരണ ഉണ്ടായി. പ്രൗഢയായ ഗൃഹനായികയായി വർത്തിച്ചിരുന്ന കാലങ്ങളിലും ഉപയോഗിച്ചിരുന്ന സർപ്പരാജവിഗ്രഹം കൊത്തീട്ടുള്ള താലി അക്കാലത്തെന്നപോലെതന്നെ വർണ്ണവിപര്യയംകൊണ്ട് അധികം ശോഭിക്കുമാറ്, കറുത്ത ചരടിൽ കോർത്ത് ഇപ്പോഴും ധരിച്ചിരുന്നു. വലതുനേത്രത്തിനടുത്തുള്ള ഗണ്ഡസ്ഥലത്ത്, അദ്ദേഹത്തിന്റെ ബാല്യ വികൃതിത്വത്തിനിടയിൽ ചുരണ്ടിയും കഴുകിയും മായ്ക്കാൻ നോക്കിയിട്ടുള്ള ഒരു ലാഞ്ഛനവും ശ്രീവത്സമെന്നപോലെ കാണുന്നുണ്ട്. പ്രഭുവിന്റെ സംശയങ്ങൾ തീരെ നീങ്ങി. കേശവപിള്ളയുടെ അനുമാനത്തിൽ പ്രദർശിതമായ ബുദ്ധിവൈശിഷ്ട്യത്തെ അദ്ദേഹവും അത്യന്തം അഭിമാനിച്ചു. മാമാവെങ്കിടനെപ്പോലെതന്നെ അദ്ദേഹവും ‘വിട്ടുപോവാനും വിരോധിപ്പതിന്നുമങ്ങൊട്ടും സമർത്ഥനല്ലാതെ’ കുഴങ്ങി, വ്യാകുലനായി, കുറച്ചുനേരം നിന്നു; എങ്കിലും സകലതും ഈശ്വരേച്ഛയും മഹാരാജാവിന്റെ കൽപനയും അനുസരിച്ച് നടക്കട്ടെ എന്നും, എന്നാൽ ഈ ഭവനക്കാർക്കുവേണ്ടി അഭയം യാചിച്ച് തന്റെ ഹസ്തത്തിൽ ആനന്ദപരവശയായി ലസിക്കുന്ന കന്യകയുടെ ജീവിതത്തെ സുഖമായി കഴിക്കുന്നതിനുള്ള മാർഗ്ഗം താൻ ഉണ്ടാക്കിക്കൊടുക്കുന്നതാണെന്നും നിശ്ചയിച്ചു.
ത്രിപുരസുന്ദരി വലിയകുഞ്ഞമ്മയുടെ മുപ്പതു വയസ്സോളം അവരോടടുത്തു പരിചയമുണ്ടായിരുന്ന പടത്തലവർ ആ പ്രഭ്വിയുടെ ദയനീയമായ അപ്പോഴത്തെ സ്ഥിതി കണ്ട് അനുകമ്പാപരവശനായി, അത്യന്തം വിനയത്തോടും ഭക്തിയോടും കുശലാന്വേഷണം തുടങ്ങി. അദ്ദേഹത്തിന്റെ കരുണാസൂചകമായുള്ള വാക്കുകൾ കേട്ടപ്പോൾ രാജനിയോഗാനുസാരം തങ്ങളെ ബന്ധനത്തിലാക്കുന്നതിനുള്ള ദൗത്യത്തോടുകൂടി അദ്ദേഹം ചെന്നിരിക്കുന്നതല്ലെന്ന് വൃദ്ധ അനുമാനിച്ചു. എങ്കിലും പൂർവ്വകഥകളെ ഓർത്തപ്പോൾ തന്റെ മാതുലജാമാതാവായ ഇദ്ദേഹം തന്റെ വംശനാശത്തിന് അനുകൂലനായി നിന്നു എന്നുള്ള അക്ഷന്തവ്യകൃത്യം അവരുടെ മനസ്സിന് മഹാവൈകല്യത്തെ ഉണ്ടാക്കി. ബാല്യത്തിലെ സ്വർണ്ണവിഗ്രഹപ്രഭയും, ലോഹയഷ്ടിക്കൊത്ത കായദാർഢ്യവും, ‘ലീലാഗോപകുമാര’ന്റെ വദനപ്രസന്നതയും, പ്രഭുവിൽ അന്നും പ്രകാശിച്ചു. ജ്യേഷ്ഠസഹോദരീസ്ഥാനികമായുള്ള വൃദ്ധയിൽ സ്ത്രീസഹജമായവിധത്തിൽ സ്നേഹത്തെ ഉദ്ധരിച്ച്, “തിരുമുഖത്തെ അപ്പനല്ലയോ?” എന്നു ചോദ്യംചെയ്യിപ്പിച്ചു. “അതേ” എന്നും, ഈ ഉത്തരത്തെ കുറച്ചുകൂടി സ്ഫുടമാക്കുന്നതിന് “ചെമ്പകശ്ശേരിയിൽനിന്നും വരുന്നു” എന്നും പടത്തലവർ മറുപടി പറഞ്ഞപ്പോൾ, വൃദ്ധ വളരെ വൈഷമ്യത്തോടുകൂടി എഴുന്നേറ്റ് ശയ്യയിൽ ഇരിക്കുകയും, മാതാമഹിയുടെ അപ്രസന്നതയിൽ അതുവരെ കുണ്ഠിതത്തോടുകൂടി നിന്നിരുന്ന മീനാക്ഷി ഇത്രത്തോളമെങ്കിലുമുണ്ടായ ആദരത്തെക്കണ്ട്, തന്റെ പാർശ്വസ്ഥമായ കനകസാലത്തിന്റെ ശിരോദേശത്തെ ലക്ഷ്യമാക്കി ചില പുഞ്ചിരിച്ചെറുപ്രാക്കളെ പറപ്പിക്കയും ചെയ്തു. തന്റെ ശയ്യയിൽത്തന്നെ അദ്ദേഹത്തെ ഇരുത്തി വൃദ്ധ പരുഷസംഭാഷണം തുടങ്ങി: “കഴിഞ്ഞ കഥ പറഞ്ഞു വ്യസനിക്കേണ്ട. എനിക്കെല്ലൊം മനസ്സിലായി. കോന്തിജ്യേഷ്ഠന്റെ അന്നത്തെ മിടുക്കുകൊണ്ട് നിങ്ങൾ അപ്പോൾ രക്ഷപ്പെട്ടു. അമ്മാളുക്കുട്ടി സാവിത്രിഅമ്മയുടെ മകളാണ്. നിങ്ങൾ രണ്ടുപേരുമേ ശേഷിച്ചിട്ടുള്ളു. ഈ