മറ്റും ഫലശ്രുതികൾ ഓരോ ഋഷീശ്വരന്മാരാൽ കീർത്തിക്കപ്പെട്ടിട്ടുള്ളവ തന്റെ സംഗതിയിൽ വിഫലങ്ങളായി ഭവിച്ചതിനാൽ, “ആരൊരുവൻ മേലിൽ സേവിപ്പതും” എന്നുള്ള നളമഹാരാജാവിന്റെ ചോദ്യം ആ കന്യകയുടെ ഹൃദയത്തിലും ഉദിച്ചു. തന്റെ മാതാമഹിയോടും തന്റെ മനസ്സിന് ‘ആനന്ദകന്ദള’മായ കാമുകനോടും ചേർന്നിരുന്ന നിശയിൽ, തന്നെ ശീതളകരങ്ങൾകൊണ്ടു തലോടിയ പൂർണ്ണചന്ദ്രന്റെ ആകാശസഞ്ചാരശ്രമത്തെ താൻ പ്രാർത്ഥനാഗീതങ്ങൾകൊണ്ട് ആശ്വസിപ്പിച്ച ആ സ്വപ്നസദൃശമായ അൽപകാലത്തിന്റെ ആവർത്തനത്തെ അവൾ കാംക്ഷിച്ചു. ആ രാത്രിയുടെ മനോഹരാരംഭവും അതിഭയങ്കരമായ അവസാനവും ഓർത്തപ്പോൾ മീനാക്ഷി പാണ്ഡരവദനയായി, രാജഭടാദിജനങ്ങളുടെ പ്രവേശനംകൊണ്ടു തന്റെ ഭവനദ്വാരം പുനശ്ച വിപാടനംചെയ്യപ്പെടുന്നു എന്നു വിഭ്രമിച്ചു. സ്ത്രീകളുടെ കൗമാരകാലം മുതൽ രക്ഷിപ്പാനുള്ള പുരുഷന്റെ പ്രണയസമ്പാദനം തന്റെ സംഗതിയിൽ പ്രാണഭേദകമായി പരിണമിച്ചിരിക്കുന്നതും, എല്ലാം ദൈവവിരോധത്തിന്റെ ലക്ഷ്യങ്ങളെന്നു സ്മരിച്ച്, ‘സമസ്താപരാധ’ പ്രാർത്ഥനയോടുകൂടി, തന്നെ വലയംചെയ്ത ദുഃഖതരളതാവാഹിനിയിലെ യോഗാനന്ദതരംഗത്തിൽ നിമഗ്നയായി.
ഇങ്ങനെയുള്ള അശരണ്യതകൊണ്ട് ദിവസംപ്രതി ഉത്തരോത്തരംക്ഷീണിച്ച മീനാക്ഷിയെ മാതാമഹിയും കുപ്പശ്ശാരും കഴിയുന്നത്ര സാന്ത്വനംചെയ്‌വാൻ ശ്രമിച്ചു. മാതാമഹിയുടെ ശയ്യാർദ്ധഭാഗിനിയായി ശയിക്കുക, അനുക്ഷണം എഴുന്നേറ്റ് ഗൃഹദ്വാരത്തോട് കാമുകസമാഗമത്തെ ഇച്ഛിച്ചു നോക്കുക, വഴിപോകുന്ന ജനങ്ങളുടെ സ്വജനങ്ങളിൽ പ്രിയതമസംഭാഷണം കേട്ടതായി ഭ്രമിക്കുക, മനശ്ശൂന്യയായി ഗൃഹത്തിന്റെ നാനാഭാഗങ്ങളിലും സഞ്ചരണം ചെയ്യുക, ദിനകൃത്യങ്ങളെ വിദ്വേഷിച്ച് സ്വരക്ഷകരോട് മൗനത്തെ അവലംബിക്കുക ഇത്യാദി വിരഹജ്വരചേഷ്ടകളോടുകൂടി ആ കന്യക സാക്ഷാൽ മീനാക്ഷിയുടെ പ്രേതമെന്നപോലെ ചമഞ്ഞ്, പ്രേക്ഷകജനത്തിന് അനുകമ്പാവിഷയമായി ഭവിച്ചു. ഇങ്ങനെ കഴിയുന്ന കാലത്ത് ഒരു ദിവസം വൈകുന്നതിനു മൂന്നുനാലു നാഴികയുള്ളപ്പോൾ തന്റെ ഹൃദയാപഹാരിയുടെ സ്വരസംഘടനം തന്നെ എന്നു തോന്നുംവണ്ണം ഒരു ശബ്ദം പടിക്കൽ കേട്ടു. അപാരമായ ആശാനിവേശത്തോടുകൂടി മീനാക്ഷി എഴുന്നേറ്റു നോക്കുന്നതിനിടയിൽ, യോഗീശ്വരന്റെ ഗതികളെക്കുറിച്ച് ഏകാഗ്രചിന്തനംചെയ്തും, മറ്റുള്ളവരുടെ സഹതാപംപോലും ലഭിക്കാൻ പാടില്ലാത്തവിധം അതുകളെ ഗോപനംചെയ്തും ഉഴലുന്ന കുപ്പശ്ശാർ വാതൽ തുറന്നു. മീനാക്ഷിയുടെ ഹൃദയം മുകുളീകൃതമായി. അരുത്! ബുദ്ധിഹീനമായ മനസ്സേ , വികസിക്ക്! കേശവൻകുഞ്ഞിനെക്കൊണ്ട് തന്നെ വിവാഹംചെയ്യിപ്പാൻ നിശ്ചയിച്ച് അനുഗ്രഹിച്ച, പരമബന്ധുവായ വൃദ്ധബ്രാഹ്മണനല്ലേ വരുന്നത്?—അല്ലാ! ബ്രാഹ്മണ്യമായുള്ള ശാന്തത ആഗതനിൽ കാണപ്പെടുന്നില്ലാ!—ക്ഷമിക്ക, ഹൃദയമേ! അനുഗ്രഹദാനഹസ്തത്തിന്റെ സമാഗമത്തിൽ കൂമ്പുക എന്നുള്ളത് പുഷ്പജാതിക്കും മര്യാദയല്ല. നിന്നാൽ അഭിലഷിതമായുള്ള വിവാഹത്തെ പ്രസാദപൂർണ്ണതയോടനുവദിച്ച പ്രഭുവര്യൻ പുത്രസമേതം നിന്നെ ആനന്ദസരണിയിലാക്കാൻ ആഗമനംചെയ്യുമ്പോൾ അദ്ദേഹത്തിന്റെ പാദങ്ങളിൽ നമസ്കരിക്ക—ആഹാ! അങ്ങനെയുമല്ല! ശോകാവേഷ്ടിതമായ ഹൃദയം വ്യർത്ഥങ്ങളായ ആശകൾകൊണ്ടു വഞ്ചിക്കപ്പെടുന്നല്ലോ! അയ്യോ! ഭൂസ്വർഗ്ഗഭേദങ്ങൾ നഷ്ടമായി, നിര്യാണഗതനായ മാതാമഹന്റെ പ്രാപഞ്ചികമായുള്ള കായത്തെയല്ലേ ദർശനംചെയ്യുന്നത്. ഭഗവാനേ! മീനാക്ഷിയുടെ വാടാക്കരൾ ഭിന്നമാകുന്നു. സഹ്യനിരയുടെ തരണത്തിലും ക്ഷീണിക്കാത്ത പാദങ്ങൾ തളരുന്നു. മാതൃകാമുകവിയോഗങ്ങളിലും ഊർദ്ധ്വശിഖമായി നിലകൊണ്ട ബോധദീപം അണയുന്നു. കനകകേതകീസദൃശമായുള്ള ആ ശരീരത്തിന് ഭൂപതനമാകുന്ന അപഹതികൂടി സംഭവിക്കാതെ സാന്ദ്രശരണാവബോധത്തെ നൽകുന്ന രണ്ടു ഹസ്തങ്ങൾ രക്ഷിക്കുന്നു. സൽക്കരിക്കാൻ വിമനസ്സായ കുപ്പശ്ശാരുടെ നയശ്രമങ്ങളെ പരുഷപ്രകോപത്തോടെ നിരാകരിച്ച് നാലുകെട്ടിൽ പ്രവേശിച്ച പടത്തലവർ പ്രായംകൊണ്ട് ബാലികയും ചാർച്ചമുറകൊണ്ട് ഭാഗിനേയിയും എന്നുള്ള നിലകളിൽ മീനാക്ഷിയെ ഹസ്തഗ്രഹണംചെയ്ത് ശിരസ്സിൽ മുകർന്ന്, ശയ്യാവലംബിനിയായ വൃദ്ധയെ ബഹുമാനസ്നേഹാദരപൂർവ്വം കടാക്ഷിച്ചു. ഈ അത്യാശ്ചര്യസംഭവം കണ്ട് വൃദ്ധ പരിഭ്രമിച്ച്—ആൾ മനസ്സിലാകാതെ സൂക്ഷിച്ചുനോക്കി—സ്വപ്നവിഭ്രമമോ എന്നു സംശയി