താൾ:Dharmaraja.djvu/168

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അക്കുടുംബത്തിന്റെ പുരാതനങ്ങൾ നിനക്കറിഞ്ഞുകൂടല്ലോ—അതുകൊണ്ട്, നീ സമർത്ഥൻ! നടന്നൂട്—അധികം പുറത്തു കാണണ്ട, കേട്ടോ— നിന്റെ പക്കീർസായുടെ ഉപദേശം വിലപിടിച്ചത്—ഹരിപഞ്ചാനനൻ കുടുക്കിലാകട്ടെ. പിന്നീടേ നീ പുറത്തു ചാടേണ്ടു.”

പടത്തലവർ ഉടനേതന്നെ മുഖം കാണിച്ച് അറിയിക്കാവുന്ന വസ്തുതകൾ തിരുമനസ്സറിയിച്ച്, ആവശ്യമുള്ള കൽപനകൾ വാങ്ങി വീട്ടിൽ പോന്ന്, വേണ്ട ആജ്ഞകൾ കൊടുക്കുകയും ചെയ്തു. പടത്തലവരുടെ ഒന്നാമത്തെ ആജ്ഞ സേനാനായകനായ കുമാരൻതമ്പിക്കും, രണ്ടാമത്തേതു ഭഗവതിഅമ്മയ്ക്കും ആയിരുന്നു. ശ്രീവരാഹക്ഷത്രത്തിൽനിന്ന് ആ സ്ത്രീയെ വരുത്തി, പടത്തലവർ പല കാര്യങ്ങളും പറഞ്ഞതിന് പതിന്മടങ്ങു കാരണങ്ങളും പറയേണ്ടിവന്നു. തന്നെ ഏൽപിക്കുന്നതുപോലുള്ള ഒരു പണിക്കാണ് തന്നെ ആവശ്യപ്പെട്ടതെന്നു ഭഗവതിഅമ്മ ആദ്യമേ മനസ്സിലാക്കി. പടത്തലവർ തന്നെ ഏൽപിച്ച പണിയിൽ അന്തർഭൂതമായുള്ള വിശ്വാസത്തെ അവർ വലിയൊരു സർട്ടിഫിക്കേറ്റായി കൈക്കൊണ്ടു. അവസാനത്തിൽ “കേയൂന്റെ തലപോണ കാര്യമാണ്. അതുകൊണ്ട്—” എന്നു പറഞ്ഞു പടത്തലവർ ഭഗവതിഅമ്മയുടെ ഉത്സാഹത്തെ ഊർജ്ജിതപ്പെടുത്തിയപ്പോൾ ആ സ്ത്രീ “തലയും മൊലയും ഒന്നും പോവൂല്ലങ്ങുന്നേ, അങ്ങുന്നിരിക്കുമ്പം. പിന്നെ അങ്ങുന്നല്യോ ചൊല്ലിവിടുണത്? കളപ്രാക്കോട്ടയെ പുത്തൻകോട്ടയാക്കി, പുള്ളിയെ റാഞ്ചിക്കൊണ്ടു വന്നൂടൂല്യൊ പവതി” എന്ന് ആ പ്രഭുവര്യനോടും തന്റെ വീരവാദനിയമത്തിനു കുറവു വരുത്താതെ ഉത്തരം പറഞ്ഞു. ഭഗവതിഅമ്മയുടെ നാവിൽനിന്നു പുറപ്പെട്ടതും ഈ കഥാരംഭത്തിലെ ബാലന്റേതുപോലെ ഒരു അറമായിത്തന്നെ ഇരുന്നില്ലേ?


അദ്ധ്യായം ഇരുപത്തിരണ്ട്


“നല്ലതു നിനക്കു ഞാൻ ചൊല്ലുവാൻ കേൾക്കുന്നാകിൽ,
നല്ലതല്ലേതും നിനക്കിത്തൊഴിലറിക നീ.”


പടത്തലവരുടെ ആഗമനത്തെ മഹാരാജാവ് ക്രിയാകാണ്ഡപ്രവേശനം ചെയ്യുന്നതിന്റെ ഗണപതിസ്തവമായിട്ടാണ് ഹരിപഞ്ചാനനൻ വ്യാഖ്യാനിച്ചത്. എന്നാൽ പാദബന്ധംചെയ്ത് തന്റെ ഇംഗിതഗംഗയിൽ ഇട്ടിട്ടുള്ള അസംഖ്യം പ്രഭുക്കളോടുകൂടി, കേശവൻകുഞ്ഞിന്റെ ഹസ്തലിഖിതമായ ഒരു ‘യന്ത്രം’ തനിക്കു സിദ്ധമായിരിക്കുന്നതിനെ പ്രയോഗിച്ച്, ഉണ്ണിത്താൻ പ്രഭുവിനേയും തള്ളിവിടുമ്പോൾ, പടത്തലവരായ ഒറ്റക്കൊമ്പൻ തകർത്താലും സ്വസങ്കൽപനിർമ്മിതമായുള്ള പ്രമദാവനം ഭഞ്ജിക്കപ്പെടുകയില്ലെന്നു യോഗിമാന്ത്രികൻ സമാശ്വസിച്ചു. മഹാരാജാവ് ഭദ്രദീക്ഷാനുവൃത്തനായി അടുത്ത ദിവസം മുതൽ കാപ്പുകെട്ടി ശുദ്ധവാസം അനുഷ്ഠിക്കുന്നതിനിടയിൽ പടത്തലവർക്ക് മഹാരാജസന്ദർശനത്തിന് അവസരലബ്ധിയുണ്ടാകുന്നതല്ലെന്നും, താൻ ഹൈദർമഹാരാജാവിനയച്ചിട്ടുള്ള ലേഖനം ആ ദീക്ഷാവസാനമായ ദക്ഷിണായനാരംഭത്തിനുമുമ്പിൽ ഫലപ്രാപ്തിയായി തന്റെ യജ്ഞത്തിന്റെ യൂപസ്ഥാപനത്തിനു സൗകര്യപ്പെടുത്തുമെന്നും അദ്ദേഹം ധൈര്യപ്പെട്ടു. തന്റെ മനസ്സിനെ ഇങ്ങനെ പൂർവസ്ഥിതിയിൽ ഉത്സാഹപൂരിതമാക്കിക്കൊണ്ട് ഹരിപഞ്ചാനന ‘ബഹദൂർഷാ’ തന്റെ ‘വസീർ’പ്രധാനനായ കളപ്രാക്കോട്ടത്തമ്പിയെ സൽക്കരിക്കുന്നതിനു വട്ടംകൂട്ടി.

ഹരിപഞ്ചാനനഭരദ്വാജന്റെ ഭാവനാവൈഭവത്താലായിരിക്കട്ടെ, അല്ലെങ്കിൽ ഹരിപഞ്ചാനനമാരീചന്റെ മായാപ്രയോഗംകൊണ്ടെന്നുവയ്ക്കുക, ആ യോഗീശ്വരവസതിയുടെ അന്തർഭാഗം ‘സ്വർണ്ണരത്നവ്രാതനിർമ്മിത’മായുള്ള ഒരു രാജഗേഹംപോലെ വിരാജമാനമായി. ഹരിപഞ്ചാനനപെരുന്തച്ചപ്രാഗത്ഭ്യധൈര്യത്താൽ വിശ്വസ്വരൂപിണിയുടെ പ്രത്യക്ഷബിംബമായി, അനവധിസഹസ്രം ഭക്തിപൂർണ്ണാത്മാക്കളാൽ വന്ദിക്കപ്പെടുന്ന ശ്യാമളാംബികാവിഗ്രഹത്തിന്റെ വിചിത്രശിൽപനിദാനമായുള്ള കനകമണിവാഹനം ആ സന്ദർഭത്തിലേക്ക് ഒരു രാജസിംഹാസനമാക്കി പരിവർത്തനംചെയ്തിരിക്കുന്നു. ഖേടകഖഡ്ഗചാപബാണതൂണീരശൂല

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/168&oldid=158436" എന്ന താളിൽനിന്ന് ശേഖരിച്ചത്